Saturday, February 25, 2017 Last Updated 14 Min 37 Sec ago English Edition
Todays E paper
Sunday 08 Jan 2017 01.37 AM

അര്‍ത്തുങ്കല്‍ ദേവാലയ ആശീര്‍വാദവും ജൂബിലി വര്‍ഷ പ്രഖ്യാപനവും ഇന്ന്‌

ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ ബസിലിക്കയുടെ പുനര്‍നിര്‍മ്മാണ കനക ജൂബിലി വര്‍ഷ പ്രഖ്യാപനവും പുതുതായി നിര്‍മിച്ച മദ്‌ബഹയുടെയും ബലിപിഠത്തിന്റെയും പ്രതിഷ്‌ഠയും ഇന്നു നടക്കും. കരിങ്കല്ലില്‍ തീര്‍ത്ത നിലവിലെ ദേവാലയം 1967 ലാണ്‌ ആശീര്‍വദിക്കപ്പെട്ടത്‌. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ്‌ ഇന്നു തുടക്കമാകുന്നത്‌.
ഉച്ചയ്‌ക്ക് 3.30 നു നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ആലപ്പുഴ രൂപതാ ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഡോ.ടി.എം. തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യും. ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ അധ്യക്ഷത വഹിക്കും. സാമൂഹികനീതി വകുപ്പ്‌ സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തും. ഹൃദയതാലം സംഗീത ആല്‍ബത്തിന്റെ പ്രകാശനം ഗാനരചയിതാവ്‌ വയലാര്‍ ശരത്‌ചന്ദ്രവര്‍മ നിര്‍വഹിക്കും.
പുതുതായി പണികഴിപ്പിച്ച ബലിപീഠം പൂര്‍ണമായും തേക്കുതടിയില്‍ കടഞ്ഞെടുത്തിട്ടുള്ളതാണ്‌. ക്രിസ്‌തുവിന്റെ അന്ത്യഅത്താഴ വിരുന്നാണ്‌ ബലിപീഠത്തില്‍ കൊത്തിയിട്ടുള്ളത്‌. കഴിഞ്ഞ വര്‍ഷത്തെ തിരുനാളിനെത്തുടര്‍ന്നാണ്‌ പുനര്‍നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്‌. അള്‍ത്താരയുടെ മുകളില്‍ ക്രൂശിതനായ യേശുവിന്റെ രൂപവും കുരിശിന്റെ താഴെ മകന്റെ വേദന ഹൃദയത്തില്‍ ചേര്‍ത്തു കേഴുന്ന മാതാവിന്റെ രൂപവും അതിനുതാഴെയായി കാരുണ്യം ചൊരിയുന്ന യേശുവിന്റെ രൂപവും സ്വര്‍ഗീയസംഗീതം പൊഴിക്കുന്ന മാലാഖമാരുടെ രൂപങ്ങളും സ്‌ഥാപിച്ചിട്ടുണ്ട്‌.
അള്‍ത്താരയെ മുഖാഭിമുഖം ദര്‍ശിക്കുന്ന തരത്തില്‍ അന്ത്രയോസ്‌ പുണ്യവാളന്റെ രൂപം മാറ്റിസ്‌ഥാപിച്ചിട്ടുണ്ട്‌. അള്‍ത്താര പൂര്‍ണമായും വെണ്ണക്കല്ല്‌ പാകി മനോഹരമാക്കി.

Ads by Google
Sunday 08 Jan 2017 01.37 AM
YOU MAY BE INTERESTED
TRENDING NOW