കൊച്ചി: പ്രേഷിതരംഗത്തു പ്രവര്‍ത്തിക്കുന്ന വൈദികരും സമര്‍പ്പിതരും മറ്റുള്ളവരും സഭയുടെ നെടുംതൂണുകളാണെന്നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ പ്രേഷിതകാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രേഷിതവാരാചരണത്തിന്റെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിനും സമൂഹത്തിനുമായി പ്രേഷിത ശുശ്രൂഷ ചെയ്യുന്നതിനിടെയാണ് മലയാളിയായ ഫാ. ടോം ഉഴുന്നാലില്‍ യെമനില്‍ ബന്ദിയാക്കപ്പെട്ടത്. അദ്ദേഹത്തെപ്പോലെയും യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനികളെപ്പോലെയും ജീവന് പണയംവച്ചു സമര്‍പ്പിതശുശ്രൂഷ ചെയ്യുന്നവര്‍ സഭയുടെ അഭിമാനങ്ങളാണ്-കര്‍ദിനാള്‍ പറഞ്ഞു.
ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, റവ.ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, ഫാ. മാത്യു പുളിമൂട്ടില്‍, ഫാ. ജോസഫ് പുലവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.