Friday, May 25, 2018 Last Updated 49 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jan 2017 01.37 AM

ആകാശത്തിലെ പറവകള്‍

uploads/news/2017/01/68445/re6.jpg

ഒരു കഥ വായിച്ചതോര്‍ക്കുന്നു. അമേരിക്കയില്‍ അടിമക്കച്ചവടം നടക്കുന്ന കാലം. ഒരു ചന്തയില്‍ അടിമകളെ വില്‍ക്കുകയായിരുന്നു. ഇംഗ്ലണ്ടില്‍നിന്നു വന്ന മനുഷ്യന്‍ ഒരു അടിമയെ വലിയ തുക കൊടുത്തു വാങ്ങി. വീട്ടിലേക്കു പോകുന്ന വഴിക്ക്‌ അടിമയോട്‌ ഉടമ പറഞ്ഞു. 'ഒരു വലിയ തുക കൊടുത്ത്‌ ഞാന്‍ നിന്നെ വാങ്ങിയിരിക്കുകയാണ്‌. നീ എന്റെ അടിമായി ജീവിക്കണ്ട. നിനക്ക്‌ ഞാന്‍ സ്വാതന്ത്ര്യം തരുന്നു. ഇന്നു മുതല്‍ നീ സ്വതന്ത്രനാണ്‌, പൊയ്‌ക്കൊള്ളുക. 'യജമാനനേ, അങ്ങ്‌ അനുവദിക്കുമെങ്കില്‍ അങ്ങയെ സേവിക്കുവാന്‍, ശുശ്രൂഷിക്കുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌' എന്ന്‌ നിറഞ്ഞ കണ്ണുകളോടെ അടിമ മറുപടി നല്‍കി.
വിശുദ്ധ ഗ്രന്ഥത്തില്‍ സെന്റ്‌ പോള്‍ പറയുന്നു: നിങ്ങള്‍ ഇനി താന്താങ്ങള്‍ക്കുള്ളവരല്ല. കര്‍ത്താവായ യേശുക്രിസ്‌തു തന്റെ രക്‌തം വിലയായി കൊടുത്തു നിങ്ങളെ വാങ്ങിയിരിക്കയാണ്‌. ഇക്കാരണത്താല്‍ നിങ്ങള്‍ മനുഷ്യരുടെയോ, പാപത്തിന്റെയോ അടിമയായിത്തീരരുത്‌. നിങ്ങളെ വാങ്ങിയ യജമാനനെ പ്രസാദിപ്പിക്കുവാന്‍ നിങ്ങള്‍ ജീവിക്കണം.
ഇതിന്റെ കൂടെത്തന്നെ നാം ഓര്‍ക്കേണ്ട വിഷയം, ഒരു യജമാനനെ നിങ്ങള്‍ സേവിക്കുമ്പോള്‍ നിങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും ആ യജമാനന്‍ ഏറ്റെടുക്കുകയാണ്‌. യേശുക്രിസ്‌തു പറയുന്നു: എന്നെ അനുഗമിക്കുന്ന, എന്നെ വിശ്വസിക്കുന്ന നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെപ്പറ്റിയോ, നാളയെപ്പറ്റിയോ വിചാരപ്പെടരുത്‌. എന്നില്‍ പൂര്‍ണമായി ആശ്രയിക്കുക.
ജോണ്‍ വെസ്ലിയെപ്പറ്റി ഞാന്‍ വായിച്ച ഒരു സംഭവം ഓര്‍ക്കുന്നു. 40 വര്‍ഷം എല്ലാ ദിവസവും ഏതാണ്ട്‌ 250 മൈല്‍ ദൂരം താന്‍ കുതിരപ്പുറത്ത്‌ യാത്ര ചെയ്‌തു. ആയിരക്കണക്കിനു സ്‌ഥലങ്ങളില്‍ താന്‍ പ്രസംഗിച്ചു. ഒരു ഗ്രാമത്തില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ അയാള്‍ കുതിരപ്പുറത്ത്‌ പോകുമ്പോള്‍ ഒരാള്‍ ഓടി വന്നു പറഞ്ഞു.
അയ്യോ വെസ്ലി, നിന്റെ വീടിന്‌ തീ പിടിച്ചിരിക്കുകയാണ്‌ ഓടി വാ. ജോണ്‍ വെസ്ലി ഇപ്രകാരം മറുപടി പറഞ്ഞു: എനിക്ക്‌ വീടില്ല. നിങ്ങള്‍ തീ പിടിച്ചു എന്നു പറയുന്ന ആ വീട്‌ കര്‍ത്താവിന്റേതാണ്‌. ആ വീട്‌ കരിക്കണമെങ്കില്‍ അതു കര്‍ത്താവിന്റെ കാര്യമാണ്‌. എനിക്കത്രയും ഉത്തരവാദിത്വം കുറഞ്ഞിരിക്കുമല്ലോ.
എന്തുകൊണ്ട്‌ നിങ്ങള്‍ വിചാരപ്പെടാന്‍ പാടില്ല? സ്വര്‍ഗസ്‌ഥനായ പിതാവ്‌ നിങ്ങളെപ്പറ്റി ചിന്തിക്കുന്നു, സ്‌നേഹിക്കുന്നു. ദൈവമകനായിത്തീരുക എന്നു പറയുമ്പോള്‍ ഓര്‍ക്കുക, സര്‍വശക്‌തനായ ദൈവം നമ്മുടെ പിതാവായിത്തീരുകയാണ്‌!
യേശുക്രിസ്‌തു പറയുകയാണ്‌, ഞാന്‍ നിന്റെ യജമാനനാകയാല്‍ നീ പൂര്‍ണമായി എന്നില്‍ ആശ്രയിക്കുക. ഞാന്‍ നിനക്കുവേണ്ടി കരുതുന്നു.
ആദ്യ നൂറ്റാണ്ടില്‍ അനേകം അടിമകള്‍ ഉണ്ടായിരുന്നു. ചുരുക്കം പറഞ്ഞാല്‍ റോമാസാമ്രാജ്യത്ത്‌ പകുതിയോളം ആളുകള്‍ അടിമകളായിരുന്നു. ഏതാണ്ട്‌ അറുപത്‌ കോടിയോളം അടിമകളാണ്‌ അന്നു ജീവിച്ചിരുന്നത്‌. ഒരു അടിമയുടെ പൂര്‍ണ അവകാശം അവന്റെ യജമാനന്റേതാണ്‌. അവന്‌ സ്വന്തമായി യാതൊരു അവകാശങ്ങളുമില്ല. യജമാനനെ സേവിക്കാന്‍ വേണ്ടി അവന്റെ ജീവനും സമയവും എല്ലാം സമര്‍പ്പിച്ചിരിക്കുകയാണ്‌.
അടിമയ്‌ക്ക് അവന്റേതായ യാതൊരു അവകാശവുമില്ല. അതുകൊണ്ട്‌ അവന്റേതായി അവനൊന്നും ചിന്തിച്ചു ഭാരപ്പെടേണ്ട ആവശ്യവുമില്ല. താമസസ്‌ഥലം, വസ്‌ത്രം, ആഹാരം, ഭാവി ഇവയെപ്പറ്റിയൊന്നും അവന്‍ ചിന്തിക്കേണ്ട ആവശ്യമില്ല. യജമാനന്‍ അവനു വേണ്ടി ചിന്തിക്കുന്നു.
യേശുക്രിസ്‌തു പറയുന്നു: ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടിവെക്കുന്നുമില്ല; എങ്കിലും സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവ്‌ അവയെ പുലര്‍ത്തുന്നു; അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ?
ഒരു സംഭവകഥ ഇങ്ങനെയുണ്ട്‌: വിമാനം ആദ്യമായി കണ്ടുപിടിച്ച കാലത്ത്‌ ഒരു പൈലറ്റ്‌ പറക്കുവാന്‍ തുടങ്ങി. രണ്ടു മണിക്കൂര്‍ ദൂരം പറന്നു കഴിഞ്ഞപ്പോഴാണു എന്‍ജിനകത്തു നിന്നു ഒരു പ്രത്യേക ശബ്‌ദം വരുന്നുണ്ടെന്ന്‌ അയാള്‍ക്ക്‌ മനസിലായത്‌. ഒന്നു കൂടി ശ്രദ്ധിച്ച്‌ പരിശോധിച്ചപ്പോള്‍ മനസിലായി, ഈ പ്ലെയിനകത്ത്‌ ഒരു എലി ഇരിപ്പുണ്ട്‌. അത്‌ വിമാനത്തിന്റെ പ്രധാനമായ ചില വയറുകളൊക്കെ കാര്‍ന്നു തിന്നുകയാണ്‌.
ഇദ്ദേഹത്തിനു ആകപ്പാടെ വെപ്രാളമായി. ഗ്രഹപ്പിഴയായല്ലോ തിരിച്ചു പോകുവാന്‍ നിവൃത്തിയില്ല. അടുത്ത വിമാനത്താവളത്തില്‍ ഇറക്കണമെങ്കില്‍ രണ്ടുമണിക്കൂര്‍ കൂടി യാത്ര ചെയ്യണം. എലി വയറുകള്‍ കാര്‍ന്നു തിന്നുന്നത്‌ തുടര്‍ന്നാല്‍, വിമാനം അപകടത്തിലാകും. എന്താണു ചെയ്യേണ്ടത്‌. കൂടുതല്‍ ഉയരത്തിലേക്കു വിമാനം പറത്തിയാല്‍ വായു ലഭിക്കാതെ എലി ചത്തുപോകുമെന്ന്‌ അയാള്‍ക്ക്‌ ഓര്‍മ വന്നു. ഇരുപതിനായിരം അടി ഉയരത്തിലേക്ക്‌ പ്ലെയിന്‍ ഉയര്‍ത്തി വിട്ടു എലിയുടെ ശബ്‌ദം നിലച്ചു. രണ്ടുമണിക്കൂര്‍ കഴിഞ്ഞു വിമാനം താഴ്‌ത്തിയപ്പോള്‍ മനസിലായി എലി ചത്തിരിക്കുകയാണ്‌.ഇതു പോലെ നമ്മുടെ ചിന്താകുലങ്ങളും ഭയങ്ങളും, നിരാശകളും കൊണ്ടു ദൈവസന്നിധിയിലേക്കു കടന്നു ചെല്ലുമ്പോള്‍ ദൈവസാന്നിധ്യത്താല്‍ ഇതെല്ലാം മാറിപ്പോകുന്നു.
ഈ ജീവിതയാത്രയില്‍ നമ്മെ ഭാരപ്പെടുത്തുന്ന സകല വിഷയങ്ങളും ദൈവത്തിന്റെ പാദത്തില്‍ സമര്‍പ്പിക്കാം. അവിടുന്ന്‌ നമ്മുടെ സകല ചിന്താകുലവും പൂര്‍ണമായി തീര്‍ത്തു തരുവാന്‍ ശക്‌തനാണ്‌.

Ads by Google
Sunday 08 Jan 2017 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW