Monday, April 23, 2018 Last Updated 34 Min 14 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 07 Jan 2017 05.41 PM

ചതുര്‍നക്ഷത്രഹോട്ടല്‍ വിപ്ലവവും മുണ്ടുരിയല്‍ തനിയാവര്‍ത്തനവും

കറന്‍സി ലഭിക്കാതെ ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാതെ ജനങ്ങള്‍ വലയുമ്പോള്‍ കോണ്‍ഗ്രസിനെ നയിക്കേണ്ട വ്യക്തി പുതുവത്സരം ആഘോഷിക്കാന്‍ ലോകം ചുറ്റുന്നു. അതിനെക്കാളും വിചിത്രമാണ് കേരളത്തിലെ സ്ഥിതി. ബി.ജെ.പിയെന്ന ശത്രുവില്‍ നിന്നും മുഖംരക്ഷിച്ച് ഒന്നുപിടിച്ചുനില്‍ക്കാന്‍ വെമ്പുന്ന പാര്‍ട്ടിയെ തെരുവില്‍ വസ്ത്രാക്ഷേപം നടത്തുകയാണ് അതിന്റെ മുന്നണിപോരാളികള്‍.
uploads/news/2017/01/68423/kodi.jpg

''രാഷ്ട്രീയം ഏതൊരു തെമ്മാടിയുടെയും അവസാന അഭയകേന്ദ്ര'' മെന്ന് ജോര്‍ജ് ബര്‍ണാഡ് ഷായുടെ വിഖ്യാതമായ ഒരു വാചകമുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയം കണ്ട മഹാന്മാരില്‍ ഒരാളായ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി, കാമരാജ് രാഷ്ട്രീയം അഴുക്ക് ചാലാണെന്ന് അസന്നിഗ്ദമായി പറഞ്ഞിട്ടുമുണ്ട്. എന്തുകൊണ്ട് രാഷ്ട്രീയം അഴുക്കുചാലോ ഒരു തെമ്മാടിയുടെ അഭയകേന്ദ്രമോ ആകുന്നുവെന്ന ചോദ്യത്തിന് ലളിതമായ ഉത്തരം അത് നല്‍കുന്ന അധികാരത്തിന്റെ അനന്തമായ സാദ്ധ്യതകളാണ്.

മൂല്യങ്ങള്‍ നശിച്ച് വെറും കച്ചവടത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രമായി രാഷ്ട്രീയം മാറുന്ന കാഴ്ചയാണ് നമ്മുടെ മുന്നലുള്ളത്. സമീപകാലത്ത് കേരളത്തില്‍ അരങ്ങേറിയ രണ്ടു സംഭവങ്ങള്‍ ഇക്കാര്യം വ്യക്തമാക്കും. ഒന്ന് ഇപ്പോള്‍ തിരുവനന്തപുരത്ത് നടക്കുന്ന സി.പി.എമ്മിന്റെ ദേശീയ യോഗങ്ങളും രണ്ട്, ഒരു പതിറ്റാണ്ടുമുന്നിലെ മുണ്ടുരിയല്‍ തനിയാവര്‍ത്തനവും.

മാറ്റങ്ങള്‍ക്കാണ് മാറ്റമില്ലാത്തതെന്ന മാര്‍ക്‌സിന്റെ അടിസ്ഥാന പ്രമാണത്തെ സി.പി.എം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുവെന്ന് നമുക്ക് മനസിലാക്കാം. കുടിലില്‍ നിന്നും കൊട്ടാരങ്ങളിലേക്ക് രാഷ്ട്രീയപ്രവര്‍ത്തനം മാറ്റി തൊഴിലാളിവര്‍ഗ്ഗത്തിന്റെ നിര്‍വചനം തന്നെ പൊളിച്ചെഴുതുകയാണ് ആധുനികകാലത്തില്‍ സി.പി.എം. എന്ന തൊഴിലാളി ബഹുജന വര്‍ഗ്ഗ സംഘടന.

കേരളത്തില്‍ പ്രത്യേകിച്ച് തിരുവനന്തപുരത്ത് അതും പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ നടത്തുന്ന യോഗങ്ങള്‍ക്ക് പ്രസക്തിയേറെയാണ്. എന്നാല്‍ ഈ യോഗങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്നത് ഇന്ന് സമൂഹം നേരിടുന്ന പ്രശ്‌നങ്ങളല്ല, മറിച്ച് വി.എസ്. അച്യുതാനന്ദന്റെ പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ടുള്ള തന്‍പോരിമയും ഇ.പി. ജയരാജന്‍മാരുടെ തോന്നിയവാസങ്ങളുമാണ് ചതുര്‍നക്ഷത്രഹോട്ടലില്‍ നടക്കുന്ന ഈ യോഗത്തിന്റെ മുഖ്യവിഷയം. സി.പി.എം എന്ന പാര്‍ട്ടിക്ക് ഒരു ചരിത്രമുണ്ട്. ആ നിയോഗമാണ് ഇന്ത്യയില്‍ സമ്പൂര്‍ണ്ണമായിട്ടല്ലെങ്കിലും ചില സംസ്ഥാനങ്ങളിലെങ്കിലും അവര്‍ക്ക് പ്രാധാന്യവും ശക്തിയും നേടിക്കൊടുത്തത്. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും തോളോടു തോളുരുമി നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ നേരിടാന്‍ സജ്ജരാക്കുകയെന്നതാണ് അത്. നല്ലൊരു അയല്‍പക്കക്കാരന്‍ എന്ന നിലയിലാണ് സി.പി.എം. വളര്‍ന്നതും. പക്ഷേ ഇന്ന് ആ പൊതുജനാടിത്തറയെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് നിയോലിബറലിസം തങ്ങളെയും ബാധിച്ചുവെന്ന് ഓരോദിവസവും സി.പി.എം. തെളിയിച്ചുകൊണ്ടിരിക്കുന്നത്. പാവപ്പെട്ടവനോടൊപ്പം നില്‍ക്കുന്നുവെന്നതിന്റെ പ്രതീകമായി പറഞ്ഞുവന്നിരുന്ന പരിപ്പുവടയും കട്ടന്‍ചായയും എന്ന പ്രയോഗത്തെതന്നെ അധിക്ഷേപിച്ചുകൊണ്ട് അവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അത് പ്രകടിപ്പിക്കുകയും ചെയ്തു.

ഇപ്പോഴത്തെ പ്രശ്‌നം സി.പി.എമ്മിന്റെ പരമോന്നത രാഷ്ടീയസമിതിയായ കേന്ദ്രകമ്മിറ്റിയുടെ യോഗം ഒരു ചതുര്‍നക്ഷത്ര ഹോട്ടലില്‍ നടക്കുവെന്നതാണ്. എന്താണ് സി.പി.എമ്മിന് അത്തരം ഒരു ഹോട്ടലില്‍ യോഗം നടത്താന്‍ പാടില്ലേ എന്ന ചോദ്യം പലകോണുകളില്‍ നിന്നുമുയരുന്നുണ്ട്. ആര്‍ക്കും എവിടെയും യോഗം നടത്താം, എന്നാല്‍ അതിന് മുമ്പ് അവര്‍ ചിന്തിക്കേണ്ടത്, നാം ആരെ പ്രതിനിധീകരിക്കുന്നുവെന്നതാണ്. അദ്ധ്വാനിക്കുന്നവനെയും ഭാരംചുമക്കുന്നവനേയും പാടത്തും പറമ്പിലും എല്ലുമുറിയെ പണിയെടുക്കുന്നവന്റെയും പ്രസ്ഥാനം എന്ന് വിശ്വസിക്കുന്ന ഒരു പാര്‍ട്ടി അത് നടത്തുമ്പോഴാണ് കല്ലുകടിക്കുക. പോരാത്തതിന് ഇന്ത്യയില്‍ ഒരിടത്തുമില്ലാത്തതരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പാര്‍ട്ടി ആസ്ഥാനം നിലവിലുള്ളപ്പോള്‍. അവിടെ നിന്നും പഞ്ചനക്ഷത്രഹോട്ടലുകളില്‍ എത്തുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ അടിസ്ഥാനവര്‍ഗ്ഗത്തെ ഉപേക്ഷിച്ച് മദ്ധ്യവര്‍ഗ്ഗത്തിന്റെയും അതില്‍ മുകളിലുള്ളവരുടെയും വക്താക്കളായി മാറുന്നുവെന്ന ചിന്ത ഉയരും. വിയര്‍പ്പൊഴുക്കുന്നവനോടൊപ്പം നിന്ന് അത് തുടച്ചുകൊടുക്കേണ്ടവര്‍ വിയര്‍ക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച ശീതീകരിച്ച മുറികളില്‍ സുഖിക്കുന്നതാണ് പ്രശ്‌നം. കേരളത്തിലെ പാര്‍ട്ടിതന്നെ ഒരു മുതലാളിയാണെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കേണ്ട വേദി ഈ യോഗങ്ങള്‍ സംഘടിപ്പിച്ചല്ല. അതാണ് ഇന്ന് വിപ്ലവപ്രസ്ഥാനങ്ങള്‍ നേരിടുന്ന പ്രശ്‌നവും. ജനങ്ങളുമായി ബന്ധമില്ലാത്ത ഒരു നേതൃനിരയാണ് പാര്‍ട്ടിക്കുള്ളതെന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ നമുക്ക് കുറ്റപ്പെടുത്താനാവില്ല. പിന്നെ ആരാണ് പാര്‍ട്ടി ഇന്ന് പ്രതിനിധീകരിക്കേണ്ട അടിസ്ഥാനവര്‍ഗ്ഗം എന്ന ഒരു പ്രശ്‌നവും സി.പി.എം അഭിമുഖീകരിക്കുന്നുണ്ട്. സംഘടിതമദ്ധ്യവര്‍ഗ്ഗമായ സര്‍ക്കാര്‍ ജീവനക്കാരും അസംഘടിത മദ്ധ്യവര്‍ഗ്ഗത്തിന് അല്‍പ്പം മുകളിലുള്ള ഐ.ടി. വിഗദ്ധരുമാണ് ഇന്ന് പാര്‍ട്ടിയുടെ അടിത്തറയെന്ന് വിശ്വസിക്കുന്നതാണ് പ്രശ്‌നം. ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും അകന്നുപോകുന്ന പാര്‍ട്ടി ഒടുവില്‍ ഫാസിസത്തിലേക്ക് ചെന്നുവീഴുമെന്ന് ഫ്രോയിഡിന്റെ ശിഷ്യനായ വില്യം റീഹ് എഴുതിയിട്ടുണ്ട്. ഇവിടെ ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ നമുക്ക് മറന്നാലും ഫാസിസത്തെ അതിന്റെ രൂക്ഷതയോടെ നേരിടാന്‍ കഴിയുന്നില്ലെന്നത് വസ്തുതയാണ്. ഫാസിസത്തിനെ നേരിടാന്‍ മറ്റൊരു പുതിയ വര്‍ഗ്ഗീയത സൃഷ്ടിക്കപ്പെടുകയാണ്. അതാണ് ചിന്തിക്കേണ്ടത്. അതുകൊണ്ട് സി.പി.എം ഉള്‍പ്പെടെയുള്ള വിപ്ലവപ്രസ്ഥാനങ്ങള്‍ പഞ്ചനക്ഷത്രഹോട്ടലുകളില്‍ നിന്ന് പഴയ പരിപ്പുവടയിലും കട്ടന്‍ചായയിലും എത്തുമ്പോഴാണ് അതിന്റെ മഹത്വം വീണ്ടും വര്‍ദ്ധിക്കുന്നതും അത് ജനകീയസംരംഭമാകുന്നതും.

സി.പി.എം ഒരു പ്രത്യയശാസ്ത്ര പ്രതിസന്ധിയിലാണെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന് മുണ്ടാണ് പ്രശ്‌നം. 2004 മുതല്‍ ഇന്നുവരെ മുണ്ടുരിയല്‍ രാഷ്ട്രീയത്തിനാണ് ഇവിടെ പ്രാധാന്യം ലഭിക്കുന്നത്. അതിന് മുമ്പും അതൊക്കെ സംഭവിച്ചിട്ടുണ്ട് ഇല്ലെന്നല്ല പറയുന്നത്. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയസദാചാരം എന്നത് തെരുവില്‍ നഗ്‌നയാക്കുന്ന ഒന്നായി മാറിയിരിക്കുന്നുു. കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസിനുളളില്‍ വിണ്ടും ഉടലെടുത്ത വാക്‌പോരും അത് തെരുവില്‍ ഏറ്റുമുട്ടിയതും തന്നെയാണ് പറയാന്‍ ഉദ്ദേശിക്കുന്നത്.

മഹത്തായ ഒരു ലക്ഷ്യത്തോടെയ കെട്ടിപ്പെടുത്തതാണ് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം. എന്നാല്‍ ആ ലക്ഷ്യം അടുത്തകാലത്ത് അവര്‍ തന്നെ മറന്നുപോകുന്ന സ്ഥിതിയാണ്. രാജ്യം കത്തുമ്പോള്‍ വീണവായിക്കുന്ന ലൂയിപതിനാലാമന്റെ അവസ്ഥയിലാണ് ആ പാര്‍ട്ടി ദേശീയതലത്തില്‍. കറന്‍സി ലഭിക്കാതെ ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാതെ ജനങ്ങള്‍ വലയുമ്പോള്‍ കോണ്‍ഗ്രസിനെ നയിക്കേണ്ട വ്യക്തി പുതുവത്സരം ആഘോഷിക്കാന്‍ ലോകം ചുറ്റുന്നു. അതിനെക്കാളും വിചിത്രമാണ് കേരളത്തിലെ സ്ഥിതി. ബി.ജെ.പിയെന്ന ശത്രുവില്‍ നിന്നും മുഖംരക്ഷിച്ച് ഒന്നുപിടിച്ചുനില്‍ക്കാന്‍ വെമ്പുന്ന പാര്‍ട്ടിയെ തെരുവില്‍ വസ്ത്രാക്ഷേപം നടത്തുകയാണ് അതിന്റെ മുന്നണിപോരാളികള്‍.

2004ലേതുപോലെ മുരളിയും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മിലുള്ള വാക്‌പോരാണ് ഒടുവില്‍ കൈയാംകളിയില്‍ എത്തിനില്‍ക്കുന്നത്. രാഷ്ട്രീയത്തില്‍ ആശയങ്ങള്‍ തമ്മില്‍ പോരുണ്ടാകുക സാധാരണം. എന്നാല്‍ അതില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്കുപോലും മാന്യതവേണമെന്ന് പഠിപ്പിച്ച പ്രസ്ഥാനമാണിത്. അവിടെ ഉപയോഗിക്കുന്നത് മൂന്നാംകിട പ്രസ്താവനകള്‍. എതിരാളികളെ വ്യക്തിപരമായി വലിച്ചുകീറി സ്വന്തം നിലയില്‍ ഇഷ്ടാനുസരണം ഉപയോഗിക്കുന്ന രാഷ്ട്രീയത്തെ തടയേണ്ടത് അനിവാര്യവുമാണ്. ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രശ്‌നവും അതിന് ജനകീയ അടിത്തറയുള്ള നേതാക്കളില്ലെന്നത് തന്നെയാണ്. മാത്രമല്ല, എതിരാളിയെ അത് സ്വന്തം പാര്‍ട്ടിയിലുള്ളവരായാല്‍ പോലും എന്തും പറഞ്ഞ് അടിച്ചുവീഴ്ത്തിയാല്‍ മാത്രമേ സ്വയം നിലനില്‍പ്പുള്ളു എന്ന അവസ്ഥാവിശേഷവുമുണ്ട്. ഇത് രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കാളേറെ അവരെ ചാവേറുകളാക്കി മാറ്റുന്നു. ഈ ചാവേറുകള്‍ക്ക് അധികനാള്‍ നിലപാട് തറ കാക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അധികാരത്തിന്റെ ചെങ്കോലും കിരീടവും മറ്റുചിലര്‍ തട്ടിക്കൊണ്ടുപോയാലും തടയാന്‍ ഇവര്‍ക്ക് കഴിയില്ല.


രാഷ്ട്രീയം ധാര്‍മ്മിക-സദാചാരമൂല്യങ്ങള്‍ നഷ്ടപ്പെട്ട് അഴുക്കുചാലില്‍ ഒഴുകുന്ന അവസ്ഥാവിശേഷമാണിന്നുള്ളത്. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളെല്ലാം തന്നെ ഈ നിലയിലായതുകൊണ്ട് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ ശത്രുക്കളെ നേരിടാന്‍ അവര്‍ ദുര്‍ബലരുമാകുകയാണ്. സംഘപരിവാര്‍ എന്ന വലിയ ഭീഷണി നാള്‍ക്കുനാള്‍ നമ്മുടെ സമൂഹത്തെ വലയം ചെയ്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണമോ, ഇനി നടക്കാന്‍ പോകുന്ന അഞ്ചുസംസ്ഥാനങ്ങളിലെ ഭരണമോ പിടിച്ചെടുക്കുന്നത് അവരുടെ ശേഷിയോ, അല്ലെങ്കില്‍ അവരോട് ജനങ്ങള്‍ക്കുള്ള സ്‌നേഹമോ കൊണ്ടോ അല്ല, അത് എതിര്‍ക്കേണ്ടവര്‍ ദുര്‍ബലരായതുകൊണ്ടാണ്. ആ അവസ്ഥയിലേക്ക് കേരളവും മാറാന്‍ പാടില്ല. പലതിനും മാതൃകയായ, കേരളത്തെ ഇന്നുകാണുന്ന നിലയില്‍ എത്തിച്ച ഇവിടെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ സ്വയം വിലയിരുത്തി, അപചയങ്ങള്‍ തിരുത്തി ശക്തമായി മുന്നേറേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

Ads by Google
TRENDING NOW