തിരുവനന്തപുരം: നോട്ട് പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കര്‍ ഉത്തരവ് വന്നതിനുശേഷം ബാങ്കുകളിലെത്തിയ അസാധു നോട്ടുകളില്‍ വ്യാപകമായി കള്ളനോട്ടും കടന്നുകൂടി. എസ്.ബി.ടിയുടെ ശാഖകളില്‍ നിക്ഷേപിച്ച 12,894 കോടി രൂപയില്‍ 8,94,000 രൂപ കള്ളനോട്ട് ആണെന്ന് തിരിച്ചറിഞ്ഞു. മറ്റ് ബാങ്കുകളിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കള്ളനോട്ടുകള്‍ മാറിനല്കിയിട്ടില്ലെന്നും നിക്ഷേപിച്ചവര്‍ക്കെതിരെ പരാതി നല്‍കുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ചെറിയ തുക നിക്ഷേപിച്ചവരെ ഒഴിവാക്കി വന്‍ തോതില്‍ കള്ളനോട്ട് നിക്ഷേപിച്ച അക്കൗണ്ടുകള്‍ കണ്ടെത്തിയായിരിക്കും നടപടി സ്വീകരിക്കുക.
അഞ്ചില്‍ കൂടുതല്‍ കള്ളനോട്ടുകള്‍ ആരെങ്കിലും ബാങ്കില്‍ കൊണ്ടുവന്നാല്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കണം എന്നാണ് നിയമം. എന്നാല്‍, അത്തരം സംഭവങ്ങള്‍ ബാങ്കുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാലെണ്ണത്തില്‍ കൂടുതല്‍ കള്ളനോട്ടുകള്‍ ഒരു ഇടപാടുകാരനും ബാങ്കില്‍ എത്തിച്ചിട്ടില്ല. അതിനാല്‍ ലഭിച്ച കള്ളനോട്ടുകള്‍ ഒരുമിച്ചാക്കി ഇടപാടുകാരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പോലീസിന് പരാതി നല്‍കാനാണ് ബാങ്കിന്റെ തീരുമാനം.
നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം നവംബര്‍ 10നാണ് ബാങ്കുകളില്‍ അസാധു നോട്ടുകള്‍ സ്വീകരിച്ചുതുടങ്ങിയത്. ഡിസംബര്‍ 28 വരെ ബാങ്കില്‍ 12,872 കോടി രൂപയുടെ അസാധു നോട്ടെത്തി. ഇക്കാലളവില്‍ 8,72,000 രൂപയുടെ കള്ളനോട്ടുകള്‍ ലഭിച്ചു. 23, 24 തീയതികളി മാത്രം ഒരു ലക്ഷത്തോളം രൂപയുടെ വീതമാണ് കള്ളനോട്ടുകള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.