Tuesday, October 17, 2017 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jan 2017 11.11 AM

നോട്ട് നിരോധനം: കശ്മീര്‍ സംഘര്‍ഷത്തിലും ഹവാല ഇടപാടിലും കാര്യമായ കുറവ്

ഇടത് തീവ്രവാദ പ്രവര്‍ത്തനത്തേയും നോട്ട് നിരോധനം കാര്യമായി ബാധിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ തീവ്രവാദ സംഘടനകള്‍ക്കും വലിയ തിരിച്ചടിയാണ് നോട്ട് നിരോധനം നല്‍കിയത്.
uploads/news/2017/01/68349/Indian-Currency.jpg

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജമ്മു കശ്മീരിലെ സംഘര്‍ഷത്തിലും ഹവാല ഇടപാടുകളിലും കാര്യമായ കുറവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ 60% കുറഞ്ഞപ്പോള്‍ ഹവാല ഇടപാടുകളില്‍ 50% ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യമുള്ള 1000 രൂപ, 500 രൂപ നോട്ടുകളാണ് ഉപയോഗിച്ചിരുന്നത്.

പാകിസ്താനിലെ ക്വേട്ട, കറാച്ചി പ്രസുകളില്‍ അച്ചടിക്കുന്ന വ്യാജ കറന്‍സികള്‍ വന്‍തോതില്‍ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നു. ഇവയുടെ വരവ് നിലച്ചതോടെയാണ് കശ്മീരില്‍ സംഘര്‍ഷത്തിന് അയവ് വന്നത്. ഡിസംബറില്‍ കശ്മീര്‍ താഴ്‌വരയില്‍ ഒരു സ്‌ഫോടനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കശ്മീരില്‍ സേനയ്ക്കു നേരെ കല്ലെറിയാന്‍ യുവാക്കളെ പണം നല്‍കി പ്രചോദിപ്പിക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നു.

നോട്ട് നിരോധനത്തിനു ശേഷം കശ്മീരില്‍ നടന്ന ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ എല്ലാം തന്നെ വിജയമായിരുന്നുവെന്നും ഒരു ഇന്റലിജന്‍സ് ഓഫീസര്‍ വ്യക്തമാക്കി. പണം നേിട്ട് കൈമാറിയാണ് തീവ്രവാദികള്‍ നാട്ടുകാരെ സ്വാധീനിച്ചിരുന്നത്. എന്നാല്‍ നോട്ട് നിരോധിച്ചതോടെ ഇത്തരം ഇടപാടുകള്‍ നിലച്ചുപോയി. കൂടാതെ, റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റിലെ അനധികൃത ഇടപാടുകളും അഴിമതിയും നിലച്ചു. നോട്ട് പിന്‍വലിക്കലിന്റെ യഥാര്‍ത്ഥ ഗുണഭോക്തക്കളില്‍ ജമ്മു കശ്മീരുമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനു പുറമേ ഇടത് തീവ്രവാദ പ്രവര്‍ത്തനത്തേയും നോട്ട് നിരോധനം കാര്യമായി ബാധിച്ചു. വന്‍തോതില്‍ പണം കൈവശം വയ്ക്കുന്ന മാവോയിസ്റ്റുകള്‍ക്ക് ആളുകളെ സംഘടിപ്പിക്കുന്നതിന് കഴിയാതെ വന്നു. ഛത്തീസ്ഗഡിലെ ബസ്തറിലും ഝാര്‍ഖണ്ഡിലും നിരവധി മുതിര്‍ന്ന മാവോയിസ്റ്റു നേതാക്കള്‍ പണം മാറിയെടുക്കാന്‍ ജനങ്ങളുടെ സഹായം തേടി. മാവോയിസ്റ്റുകളില്‍ നിന്നും അവരുടെ സഹായികളില്‍ നിന്നും ഇതുവരെ 90 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു. ഗത്യന്തരമില്ലാതെ നിയമത്തിനു മുന്നില്‍ കീഴടങ്ങാന്‍ നിരവധി മാവോയിസ്റ്റുകള്‍ നിര്‍ബന്ധിതരായെന്നും ഇന്റലിജന്‍സ് അധികൃതര്‍ വ്യക്തമാക്കി.

വടക്കുകിഴക്കന്‍ മേഖലയിലെ തീവ്രവാദ സംഘടനകള്‍ക്കും വലിയ തിരിച്ചടിയാണ് നോട്ട് നിരോധനം നല്‍കിയത്. കൈവശമുള്ള പണം ഉപയോഗിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങിക്കൂട്ടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW