Sunday, May 27, 2018 Last Updated 24 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jan 2017 01.07 AM

അഭിനയ 'കല' തുളുമ്പിയ വസൂരിക്കലയുള്ള മുഖം

uploads/news/2017/01/68092/editorial.jpg

ഇനി ഇന്ത്യന്‍ സിനിമയില്‍ ഓം പുരിയില്ല. നിറയുന്ന ശൂന്യതയും അറിയുന്ന നിശബ്‌ദതയും മഹാനായ ഒരു നടന്റെ വേര്‍പാട്‌ സൃഷ്‌ടിക്കുന്ന ആഴം ബോധ്യപ്പെടുത്തുന്നു. സൗന്ദര്യത്തികവോടെ താരരാജാക്കന്മാര്‍ അടക്കിവാഴുന്ന വെള്ളിത്തിരയില്‍ വസൂരിക്കലയുള്ള മുഖവുമായി അഭിനയകലയുടെ സൂപ്പര്‍സ്‌റ്റാറായിരുന്നു ഓം പുരി. മുഖം മനസിന്റെ കണ്ണാടിയാണെന്ന സങ്കല്‍പ്പം ഓം പുരിയുടെ കാര്യത്തില്‍ തെറ്റി. ഒറ്റനോട്ടത്തില്‍ കരുത്തിന്റെ, ക്രൗര്യത്തിന്റെ ഭാവമായിരുന്നു ഓം പുരിക്ക്‌. എന്നാല്‍ അതായിരുന്നില്ല ആ മനസെന്ന്‌ സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തി. സ്‌നേഹത്തിന്റേയും സഹാനുഭൂതിയുടേയും അടുപ്പം നിറഞ്ഞ ഭാവങ്ങളുമായി പലവട്ടം തിരശീല നിറഞ്ഞ കഥാപാത്രങ്ങളുടെ ഉള്ളോടെ പ്രവര്‍ത്തനരംഗത്ത്‌ നിറയാന്‍ ഓം പുരിയെന്ന കലാകാരനു കഴിഞ്ഞു.
ഹിന്ദി, പഞ്ചാബി, മറാത്തി, കന്നഡ, തമിഴ്‌, മലയാളം സിനിമകള്‍ക്കു പുറമേ ഹോളിവുഡ്‌, പാകിസ്‌താനി ചിത്രങ്ങളിലും ഭാവംപരത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മലയാള സിനിമയെ ബഹുമാനത്തോടെ സമീപിക്കുകയും മൂന്നു മലയാള ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്‌ത നടന്റെ വേര്‍പാട്‌ കേരളത്തെ കൂടുതല്‍ വേദനിപ്പിക്കും. നാടകക്കളരികളുടെ പിന്‍ബലം ഓം പുരിയുടെ ഭാവങ്ങള്‍ക്ക്‌ തീവ്രതയേകി. അരങ്ങിനെ അറിയുന്ന നടനോടുള്ള ആദരവ്‌ സഹപ്രവര്‍ത്തകര്‍ പുലര്‍ത്തി. കലയും കച്ചവടവും നിറയുന്ന സിനിമയെ തികഞ്ഞ ഗൗരവത്തോടെ സമീപിച്ച വ്യക്‌തിയെന്ന നിലയിലാവും ഓം പുരിയെ ചരിത്രം വിലയിരുത്തുക. ഓം പുരി ചിലര്‍ക്ക്‌ ഇതിഹാസവും മറ്റുചിലര്‍ക്ക്‌ പാഠപുസ്‌തകവും ആകുന്നത്‌ കഥാപാത്രാവിഷ്‌ക്കരണത്തിലും സമീപനത്തിലും പുലര്‍ത്തിയ വ്യത്യസ്‌തതകൊണ്ടാവും. അഭിനയ കലയിലെ മറ്റൊരു വിസ്‌മയവും സഹപ്രവര്‍ത്തകനും സഹപാഠിയുമായ നസറുദ്ദീന്‍ ഷാ വാണിജ്യ സിനിമകളില്‍ കൂടുതലായി അഭിനയിക്കുന്നതില്‍ ഓം പുരി ഒരവസരത്തില്‍ അനിഷ്‌ടം പ്രകടിപ്പിച്ചിരുന്നു. കച്ചവടത്തിനുപരി കലാപരമായ മികവിനു പ്രാധാന്യം കൊടുത്തതുകൊണ്ടാണ്‌ ഓം പുരിക്ക്‌ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതായത്‌.
1987 ല്‍ തിരുവനന്തപുരത്ത്‌ ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ്‌ പുരാവൃത്തം എന്ന മലയാളം സിനിമയുടെ ഭാഗമാകാന്‍ തീരുമാനിക്കുന്നത്‌. കഥയും കഥാപാത്രവും ഇഷ്‌ടപ്പെട്ട ഓം പുരി സിനിമയുടെ ഭാഷ മലയാളമാണെന്ന്‌ ചിന്തിച്ചേയില്ല. അതിനു മുമ്പ്‌ സംവത്സരങ്ങള്‍ എന്നൊരു മലയാള ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. പുരാവൃത്തത്തിനുശേഷം കഴിഞ്ഞവര്‍ഷം 'ആടുപുലിയാട്ടം' എന്ന മലയാള സിനിമയിലും അഭിനയിച്ചു. എങ്കിലും ഓം പുരിയെന്ന നടനെ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ മലയാള സിനിമയ്‌ക്കു കഴിയാതെപോയി. അഭിനയിച്ച ഇരുന്നൂറോളം സിനിമകളിലും തനിക്കുള്ള സാധ്യത തേടുന്ന നടനായിരുന്നു ഓം പുരി. ശ്യാം ബെനഗല്‍ സംവിധാനം ചെയ്‌ത ആരോഹണ്‍ (1982) , ഗോവിന്ദ്‌ നിഹലാനിയുടെ അര്‍ധസത്യ (1984) എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടി. 1990 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
1950 ഒക്‌ടോബര്‍ 18 നു ഹരിയാനയിലെ അംബാലയിലായിരുന്നു ജനനം. നന്ദിതയായിരുന്നു ഭാര്യ. 'അണ്‍ലൈക്ക്‌ലി ഹീറോ: ദ സ്‌റ്റോറി ഓഫ്‌ ഓം പുരി' എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ രചയിതാവുകൂടിയായ നന്ദിതയുമായുള്ള ബന്ധം 2013 ല്‍ ഓം പുരി അവസാനിപ്പിച്ചു. വ്യക്‌തിജീവിതത്തിലും പൊതു ജീവിതത്തിലും വിവാദങ്ങള്‍ ഓംപുരിക്ക്‌ കൂടപ്പിറപ്പായിരുന്നു. ജീവചരിത്രഗ്രന്ഥത്തിലൂടെ സ്വകാര്യ ജീവിതത്തിലെ താളപ്പിഴകള്‍ ഭാര്യ തുറന്നുകാട്ടിയത്‌ ഓം പുരിയെ ചൊടിപ്പിച്ചിരുന്നു. ഇഷ്‌ടവും അനിഷ്‌ടവും തുറന്നുപ്രകടിപ്പിക്കാന്‍ അദ്ദേഹം മടിച്ചില്ല. ചാനല്‍ ചര്‍ച്ചയ്‌ക്കിടെ, ബാരാമുള്ള തീവ്രവാദി ആക്രമണത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട സൈനികരെക്കുറിച്ചുള്ള ചോദ്യത്തിന്‌ അവരെ ആരും നിര്‍ബന്ധിച്ച്‌ പട്ടാളത്തിലേക്ക്‌ അയച്ചതല്ലെന്ന ഓം പുരിയുടെ പരാമര്‍ശം പോലീസ്‌ കേസിനിടയാക്കി. പാക്‌ അഭിനേതാക്കള്‍ക്ക്‌ ഇന്ത്യയില്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയപ്പോഴും ഓം പുരി ശക്‌തമായി പ്രതികരിച്ചു. നയപരമായ സമീപനങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യമുള്ള സിനിമാ ലോകത്ത്‌ നാവു പണയപ്പെടുത്താതെനിന്ന നടന്‍ സമൂഹത്തിന്റെ ആദരവു നേടിയില്ലെങ്കിലേ അത്‌ഭുതമുള്ളൂ. തിരശീലയില്‍ ഭാവപ്പകര്‍ച്ചയുടെ വിസ്‌മയവും പുറത്ത്‌ പച്ചയായ മനുഷ്യന്റെ ശാഠ്യങ്ങളും നിറച്ച്‌ അത്‌ഭുതപ്പെടുത്തിയ ഒരാള്‍ അറുപത്തിയാറാം വയസില്‍ വിടവാങ്ങുമ്പോള്‍, യാത്ര നേരത്തേയായതിന്റെ വേദനയും ഇതുപോലൊരാള്‍ ഇനിയില്ലെന്ന നഷ്‌ടവും ഒന്നിച്ച്‌ അനുഭവിക്കേണ്ടിവരുന്നു. കാലമെത്രകഴിഞ്ഞാലും ആ ഭാവപ്രകാശം ചലച്ചിത്രപ്രേമികളുടെ മനസില്‍നിന്ന്‌ മായില്ലെന്നുറപ്പ്‌.

Ads by Google
Saturday 07 Jan 2017 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW