Wednesday, May 23, 2018 Last Updated 8 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jan 2017 01.06 AM

ഓം പുരി: പൊരുതി മുന്നേറിയ നടന്‍

uploads/news/2017/01/68091/2op.jpg

പരുക്കന്‍ മുഖവും ഘനഗംഭീര ശബ്‌ദവുമായി സിനിമയിലെത്തി ജനമനസുകളെ കീഴടക്കിയ ഓം പുരി ഇനി ഓര്‍മയില്‍. സുമുഖന്‍മാരെ മാത്രം നായകന്‍മാരായി കണ്ടു ശീലിച്ച ഹിന്ദി സിനിമയില്‍ മാറ്റത്തിനു തുടക്കം കുറിച്ചുകൊണ്ടാണ്‌ ഓം പുരിയുടെ അരങ്ങേറ്റം. കലാമൂല്യമുള്ള സമാന്തര സിനിമകളിലൂടെ രംഗത്തെത്തിയ ഓം പുരി പിന്നീട്‌ ബോളിവുഡ്‌ മുഖ്യധാരയിലേക്കു ചുവടുമാറ്റി ജനപ്രിയനായി. ഹോളിവുഡിലും അദ്ദേഹം തിളങ്ങി.
ഭൂമിക, ആക്രോശ്‌, സ്‌പര്‍ശ്‌, മിര്‍ച്ച്‌ മസാല, അര്‍ധസത്യ തുടങ്ങി നിരവധി ക്ലാസിക്‌ ചിത്രങ്ങള്‍. ഒപ്പം വിജേത, ഘായല്‍, ദ്രോഹ്‌ കാല്‍, മാച്ചിസ്‌, ചാച്ചി 42, പുകാര്‍ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളും.
ഓം പുരിയുടെ മുഖം അംഗീകരിക്കപ്പെട്ടപ്പോള്‍ അത്‌ പുതിയൊരു ട്രെന്‍ഡ്‌ സൃഷ്‌ടിക്കുകയായിരുന്നെന്ന്‌ മുതിര്‍ന്ന നടനും സംവിധായകനുമായ സതീഷ്‌ കൗശിക്‌ ചൂണ്ടിക്കാണിക്കുന്നു. " നവാസുദ്ദീന്‍ സിദ്ദിഖിയെപ്പോലുള്ളവര്‍ ഇന്നു വലിയ താരങ്ങളാണെങ്കില്‍ അതിനു നന്ദി പറയേണ്ടത്‌ ഓം പുരിയോടാണ്‌. നടന്റെ മുഖത്തിനപ്പുറത്തേക്കു നോക്കണമെന്നു പ്രേക്ഷകരെ ബോധ്യപ്പെടുത്തിയത്‌ അദ്ദേഹമാണ്‌."
ഹരിയാനയിലെ അംബാലയിലായിരുന്നു ഓം പുരിയുടെ ജനനം. പൂനെ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലും പിന്നീട്‌ നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയിലും പഠനം. സ്‌കൂള്‍ ഓഫ്‌ ഡ്രാമയില്‍ നസറുദ്ദീന്‍ ഷാ സഹപാഠിയായിരുന്നു.
1976 ല്‍ "ഘാഷിറാം കോട്‌വാള്‍" എന്ന മറാത്തി സിനിമയിലൂടെയാണ്‌ സിനിമയില്‍ എത്തുന്നത്‌. റിച്ചാഡ്‌ ആറ്റന്‍ബറോയുടെ "ഗാന്ധി" സിനിമയിലെ ഒന്നര മിനിറ്റ്‌ മാത്രമുള്ള വേഷം അദ്ദേഹത്തിനു രാജ്യാന്തര പ്രശസ്‌തിയും നേടിക്കൊടുത്തു. സിറ്റി ഓഫ്‌ ജോയ്‌, വൂള്‍ഫ്‌, ദ ഗോസ്‌റ്റ്‌ ആന്‍ഡ്‌ ദ ഡാര്‍ക്ക്‌നെസ്‌ തുടങ്ങിയ ഹോളിവുഡ്‌ ചിത്രങ്ങളിലും അഭിനയിച്ചു. അതിര്‍ത്തി കടന്നും പ്രക്ഷകരുടെ അംഗീകാരം നേടിയ അപൂര്‍വം ഇന്ത്യന്‍ അഭിനേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.
"ചാര്‍ലി വില്‍സന്‍സ്‌ വാര്‍" എന്ന സിനിമയില്‍ സിയായുടെ വേഷം അദ്ദേഹം ഗംഭീരമാക്കി. "ദ റിലക്‌ടന്റ്‌ ഫണ്ടമെന്റലിസ്‌റ്റി"ലെ ലാഹോറി പിതാവിന്റെ വേഷവും അനായാസം കൈകാര്യം ചെയ്‌തു. പാകിസ്‌താനില്‍ ഓംപുരിക്കു നല്ല സ്വീകാര്യതായാണു ലഭിച്ചത്‌. ബ്രിട്ടീഷ്‌ സിനിമകളിലും അഭിനയിച്ച ശേഷമാണ്‌ അദ്ദേഹം ഹോളിവുഡിലേക്കു കടന്നത്‌.
നാടകത്തോടുള്ള സ്‌നേഹം ഓംപുരി ഒരിക്കലും കൈവിട്ടിരുന്നില്ല. നാടകാഭിനയത്തിന്റെ കരുത്തുമായാണ്‌ അദ്ദേഹം സിനിമയിലെത്തിയത്‌. മജ്‌മ എന്ന സ്വന്തം നാടക കമ്പനിയും രൂപീകരിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടികളിലൂടെ കടന്നുപോയ ആദ്യനാളുകളില്‍ ഓംപുരിയുടെ ജീവിതമാര്‍ഗം മജ്‌മ ആയിരുന്നു. 62-ാം വയസില്‍ അദ്ദേഹം നാടകത്തിലേക്കു തിരിച്ചെത്തുകയും ചെയ്‌തു.
" ഓം പുരി: അണ്‍ലൈക്ക്‌ലി ഹീറോ" എന്ന ജീവചരിത്രകൃതി എഴുതിയത്‌ ഇപ്പോള്‍ പിരിഞ്ഞു കഴിയുന്ന ഭാര്യ നന്ദിത പുരിയാണ്‌. തന്റെ വ്യക്‌തി ജീവിതവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ പുസ്‌തകത്തില്‍ വന്നതില്‍ ഓം പുരി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചതോടെ പുസ്‌തകം വിവാദത്തിലായി. നന്ദിതയുമായി അകലാനും കാരണമായത്‌ ഈ ജീവചരിത്രകൃതിയാണ്‌.
പുസ്‌തകത്തിന്റെ ആമുഖത്തില്‍ നസറുദ്ദീന്‍ ഷാ, ഓം പുരിയുടെ അഭിനയ ജീവിതത്തെ വിലയിരുത്തുന്നത്‌ ഇങ്ങനെ: " പൊരുതി മുന്നേറുന്ന ഓരോ നടന്റെയും സ്വപ്‌നമാണ്‌ ഓംപുരിയുടെ കഥ. തീര്‍ത്തും സാധാരണക്കാരനായ ഒരാള്‍ക്ക്‌ തന്റെ കഴിവുകളെ മാത്രം തലതൊട്ടപ്പനാക്കി മുന്നോട്ടുപോകാം എന്നതിന്റെ ഉദാഹരണം. കഠിനാധ്വാനം ഇന്‍ഷുറന്‍സായും നല്ല ഉദ്ദേശ്യങ്ങള്‍ വഴികാട്ടിയായും ഒപ്പം വേണം."
ഹിന്ദിക്കു പുറമേ മലയാളം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌. കേരളത്തെയും മലയാള സിനിമയെയും ഇഷ്‌ടപ്പെട്ടിരുന്ന ഓംപുരിക്ക്‌ ഇവിടെയും നിരവധി ആരാധകരാണുള്ളത്‌.

ജി. രാജേഷ്‌ ബാബു

Ads by Google
Saturday 07 Jan 2017 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW