Sunday, June 10, 2018 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google

സാദാ മലയാളി

RAJESH MULAKKULAM
RAJESH MULAKKULAM
Saturday 07 Jan 2017 01.06 AM

ഒരു വെടിക്കു രണ്ടു പക്ഷിയെ വീഴ്‌ത്തി സി.പി.എം.

uploads/news/2017/01/68090/1op.jpg

രാഷ്‌ട്രീയം എന്നത്‌ അവസരങ്ങളുടെ കളിയാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. അതു ചിലപ്പോള്‍ പ്രത്യേക സാഹചര്യത്താലോ മിടുക്കുകൊണ്ടോ ഉരുത്തിരിയാം. അവസരങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോഴാണ്‌ അധികാരത്തിലേക്കുള്ള വഴി തെളിയുന്നത്‌. കേരളത്തിലെ രാഷ്‌ട്രീയക്കളിയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കോണ്‍ഗ്രസ്‌ തോറ്റും സി.പി.എം. ജയിച്ചും നില്‍ക്കുകയാണ്‌. കൃത്യമായി പറഞ്ഞാല്‍ അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ്‌ ജയത്തോടെയാണ്‌ കോണ്‍ഗ്രസ്‌ തോറ്റു തുടങ്ങിയതും സി.പി.എം. തിരിച്ചുവരുന്നതും.
അരുവിക്കരയില്‍ ബി.ജെ.പി.-ബി.ഡി.ജെ.എസ്‌. മുന്നേറ്റം അത്യാഹ്‌ളാദപൂര്‍വം ഉമ്മന്‍ ചാണ്ടിയും കൂട്ടരും കണ്ടുനിന്നപ്പോള്‍ കളംതെളിയുമെന്ന്‌ സി.പി.എം. പോലും കരുതിയില്ല. അവിടെ സംഭവിച്ചതുപോലെ, പരമ്പരാഗതമായി സി.പി.എമ്മിനെ പിന്തുണയ്‌ക്കുന്ന ഈഴവസമുദായ വോട്ട്‌ബാങ്കില്‍ ഭിന്നിപ്പുണ്ടാക്കി ഭരണത്തുടര്‍ച്ച നേടാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. സംഭവിച്ചതോ? ബി.ജെ.പിയോടുള്ള ഭയം ഉണര്‍ന്നതോടെ കോണ്‍ഗ്രസിനൊപ്പം ഉറച്ചുനിന്നവരും ചാഞ്ചാടി. സി.പി.എം. അനുകൂല ചിന്തയുണ്ടായതോടെ പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തി. അന്നുതൊട്ട്‌ ബി.ജെ.പി. വിരുദ്ധത സി.പി.എമ്മിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിട്ടേയുള്ളൂ. ബി.ജെ.പിയെ ചെറുക്കാന്‍ സി.പി.എമ്മിനാണു ശക്‌തി എന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിലൂന്നിയാണ്‌ കേരള രാഷ്‌ട്രീയത്തിന്റെ ഇന്നത്തെ പോക്ക്‌.
നോട്ട്‌ നിരോധനത്തെ എത്ര സമര്‍ഥമായാണ്‌ സി.പി.എം. ഉപയോഗിക്കുന്നത്‌ എന്ന്‌ നോക്കുക. സാധാരണക്കാരുടെ പ്രശ്‌നങ്ങളെ അതിവൈകാരികമായി അവതരിപ്പിച്ച്‌ കഷ്‌ടപ്പാടിന്റെ ചുവരെഴുത്തുകള്‍ സൃഷ്‌ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഡിസംബറില്‍ ശമ്പളം വാങ്ങിയവരോട്‌ ജനുവരിയില്‍ ഒരു രക്ഷയുമുണ്ടാകില്ലെന്ന്‌ പേടിപ്പിച്ചു. ജനുവരിയില്‍ കാര്യങ്ങള്‍ കുറച്ചു മെച്ചപ്പെട്ടപ്പോഴേക്കും, യോഗംകൂടി പ്രസംഗിക്കാന്‍, മലയാളിയുടെ സ്വകാര്യ അഹങ്കാരമായ എം.ടിയെന്ന അഗ്നിയില്‍ വെള്ളമൊഴിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന വൈകാരികതയുണ്ടായി. നോട്ട്‌ നിരോധനത്തെ തുടര്‍ന്ന്‌ ജനങ്ങളുടെ ബുദ്ധിമുട്ടറിഞ്ഞ്‌ പ്രതികരിച്ച എം.ടി. വാസുദേവന്‍ നായര്‍ക്ക്‌ എതിരേ പറയാന്‍ ബി.ജെ.പിക്കു കൂസലുണ്ടായില്ല. എം.ടിയുടെ പേരുപറഞ്ഞ്‌ ബി.ജെ.പിയും സി.പി.എമ്മും തല്ലുതുടരുമ്പോള്‍ ആര്‍ക്കാണ്‌ യഥാര്‍ഥത്തില്‍ നഷ്‌ടമുണ്ടായത്‌? . കേരളത്തില്‍ നടക്കുന്ന എല്ലാ രാഷ്‌ട്രീയത്തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ വലിയ നഷ്‌ടം സംഭവിക്കുന്നത്‌ കോണ്‍ഗ്രസിനു മാത്രമാണ്‌. സി.പി.എമ്മിനൊപ്പം ബി.ജെ.പിയും രാഷ്‌ട്രീയവളര്‍ച്ച നേടുമ്പോള്‍ കോണ്‍ഗ്രസിന്റെ കിതപ്പ്‌ ഉച്ചത്തില്‍ കേള്‍ക്കാനാവും.
എം.ടിയെന്നല്ല ഏതുവിഷയത്തിലും ആരോടു തര്‍ക്കിക്കാനും ബി.ജെ.പി. ഒരുക്കമാണ്‌. ഒരു എം.എല്‍.എ. മാത്രമുള്ള പാര്‍ട്ടിക്കു ലഭിക്കേണ്ട പരിഗണനയല്ല അവര്‍ക്ക്‌ ലഭിക്കുന്നത്‌. ഒരു വ്യക്‌തിയെ, സംഘടനയെ ഇല്ലാതാക്കാനുള്ള എളുപ്പവഴി അയാളെ/സംഘടനയെ അവഗണിക്കുക എന്നതാണ്‌. പിന്നെ എന്തുകൊണ്ട്‌ സി.പി.എം. , ബി.ജെ.പിയെ അവഗണിക്കുന്നില്ല. അവിടെയാണ്‌ തുടക്കത്തില്‍ പറഞ്ഞ ബി.ജെ.പി. വിരുദ്ധ രാഷ്‌ട്രീയത്തിന്റെ പ്രസക്‌തി. എത്ര വളര്‍ന്നാലും നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പി. കേരളത്തില്‍ അധികാരത്തില്‍ വരാനുള്ള സാധ്യത സി.പി.എം. കാണുന്നില്ല. കേന്ദ്രത്തിലേക്കു നോക്കി മോഡി വിരുദ്ധത ഊതിക്കത്തിക്കുമ്പോള്‍ ലഭിക്കുന്ന കൈയടിക്കൊപ്പം കേരളത്തിലെ മുഖ്യശത്രു കോണ്‍ഗ്രസിനെ ഇവിടെ അപ്രസക്‌തമാക്കാനും അവര്‍ക്കു കഴിയുന്നു. ഒരുവെടിക്കു രണ്ടു പക്ഷി.
കോണ്‍ഗ്രസിനാവട്ടെ നരേന്ദ്ര മോഡിയെയും പിണറായിയെയും ഒരുപോലെ എതിര്‍ക്കണം. രോഗഗ്രസ്‌തമായ ശരീരവുമായി സി.പി.എമ്മിനോടും ബി.ജെ.പിയോടും മത്സരിക്കാനുള്ള ശേഷി അവര്‍ക്ക്‌ ഇല്ല. ചേരിപ്പോര്‌ അവരെ അന്ധരും ദുര്‍ബലരുമാക്കി. പിന്നയല്ലേ , കോണ്‍ഗ്രസിന്റെ ഭാവിയെക്കുറിച്ചുള്ള ചിന്ത. വി.എം. സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പാര്‍ട്ടിയെ മറന്ന്‌ ഗ്രൂപ്പിനുവേണ്ടി തമ്മിലടിക്കുന്നതിനിടെ കോണ്‍ഗ്രസ്‌ എന്ന ചുവരാണ്‌ ഇടിയുന്നത്‌.
ഇത്തരം കളികള്‍ കോണ്‍ഗ്രസ്‌ എത്ര കണ്ടതാ എന്ന്‌ ചിന്തിച്ചും പറഞ്ഞും സമാധാനിക്കുന്നവരെ രണ്ടു വലിയ നേതാക്കളുടെ ചരിത്രം ഓര്‍മിപ്പിക്കട്ടെ. കോണ്‍ഗ്രസിനേക്കാള്‍ വലിയവരെന്നു കരുതി തെറ്റുപറ്റിയവരാണ്‌ രണ്ടുപേരും. ചിന്താശക്‌തിയിലും നേതൃകഴിവിലും മികവുള്ള കോണ്‍ഗ്രസ്‌ നേതാവായിരുന്നു എം.എ. ജോണ്‍. 1969ല്‍ ജോണിനെ കോണ്‍ഗ്രസില്‍നിന്ന്‌ പുറത്താക്കി. തന്റെ അപ്രമാദിത്വം സംഘടനാവേദികളില്‍ പ്രകടിപ്പിക്കാനും സ്വയം തീരുമാനങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനും തുടങ്ങിയതോടെയാണ്‌ എല്ലാവരും ഒന്നായി ഇടഞ്ഞതും ജോണിനു പുറത്തുപോകേണ്ടിവന്നതും. അച്ചടക്കം അടിമത്തമല്ല എന്ന മുദ്രാവാക്യമുയര്‍ത്തി ജോണ്‍ വെല്ലുവിളിച്ചു. കോണ്‍ഗ്രസ്‌ പരിവര്‍ത്തനവാദികള്‍ എന്ന രാഷ്‌ട്രീയ സംഘടനയുണ്ടാക്കി ജയത്തിനു ശ്രമിച്ചു. പരിവര്‍ത്തനം കോണ്‍ഗ്രസിലൂടെ മാത്രം, എം.എ. ജോണ്‍ നമ്മെ നയിക്കും എന്ന മുദ്രാവാക്യം കേരളം മുഴുവനും മുഴങ്ങി. എന്നാല്‍, ഒരു വര്‍ഷമേ ഈ സംഘടനയ്‌ക്ക്‌ ആയുസുണ്ടായുള്ളു. അതോടെ തമ്മിലടിയായി. എം.എ. ജോണ്‍ ഇനി നമ്മെ നയിക്കില്ല എന്ന സാഹചര്യം എന്നേക്കുമായി സൃഷ്‌ടിക്കപ്പെട്ടു.
പിന്നീട്‌ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച്‌ ഡി.ഐ.സിയുണ്ടാക്കിയ കെ. കരുണാകരന്റെ അവസ്‌ഥയും തഥൈവ. കോണ്‍ഗ്രസിലേക്ക്‌ മടങ്ങിവന്നതുകൊണ്ട്‌ രാഷ്‌ട്രീയ വനവാസമുണ്ടായില്ല. പുറത്തുപോയശേഷം മടങ്ങിവന്ന പാരമ്പര്യം എ.കെ. ആന്റണിക്കുമുണ്ട്‌. അന്നൊക്കെ നേതാക്കള്‍ ഏതുതരത്തിലുള്ള നാടകത്തിനിറങ്ങുമ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശരാശരി 40 ശതമാനം ഇന്ത്യന്‍ ജനതയുടെ പിന്തുണയോടെ കോണ്‍ഗ്രസ്‌ പ്രസ്‌ഥാനം നില്‍പ്പുണ്ടായിരുന്നു. ഇപ്പോഴോ?. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 ശതമാനം വോട്ടുമാത്രമാണ്‌ കോണ്‍ഗ്രസിനു ലഭിച്ചത്‌. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി. അതിനുശേഷവും കോണ്‍ഗ്രസ്‌ കീഴോട്ടാണ്‌. കര്‍ണാടകം മാത്രമാണ്‌ കൈയിലുള്ള വലിയ സംസ്‌ഥാനം. നിലവില്‍ അഞ്ചു സംസ്‌ഥാനങ്ങളിലായി ഇന്ത്യന്‍ ജനസംഖ്യയുടെ ഏഴുശതമാനം ജനങ്ങള്‍ക്കുമാത്രമാണ്‌ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരുള്ളത്‌. ഇത്രമാത്രം ദുര്‍ബലമായ കോണ്‍ഗ്രസിന്റെ ശരീരത്തില്‍ നിന്നുകൊണ്ട്‌ ഗ്രൂപ്പ്‌ കളിക്കുന്ന സുധീരനും രമേശും ഉമ്മന്‍ചാണ്ടിയും വരുത്തുന്ന പിഴവിന്റെ ആഴം വൈകാതെ അവര്‍ക്ക്‌ കൂടുതല്‍ ബോധ്യമാകും. പഴയകാലമല്ലെന്ന്‌ മറന്നാല്‍ കോണ്‍ഗ്രസ്‌ എന്ന ചുവരുപോലും ഉണ്ടാകില്ല അവര്‍ക്കു ചാരിനില്‍ക്കാന്‍.
കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വമാകട്ടെ സ്വതവേ ദുര്‍ബല പിന്നെ ഗര്‍ഭിണിയും എന്ന അവസ്‌ഥയിലും. പ്രതിഛായയും പ്രതീക്ഷയും പകരേണ്ട നേതൃത്വത്തിന്റെ തണല്‍ കോണ്‍ഗ്രസിന്‌ ഇല്ല. ഇത്തരമൊരു സാഹചര്യം പൂര്‍ണമായും മുതലെടുത്താണ്‌ കേരളത്തില്‍ സി.പി.എമ്മിന്റെ കരുനീക്കം. സി.പി.എമ്മും ബി.ജെ.പിയും നിറഞ്ഞുനില്‍ക്കുന്ന പോര്‍മുഖത്ത്‌ ഇടിച്ചുകയറാന്‍ എങ്ങനെയെങ്കിലും കോണ്‍ഗ്രസിന്‌ കഴിഞ്ഞാല്‍മാത്രമേ പുതിയ രാഷ്‌ട്രീയ ട്വിസ്‌റ്റുകള്‍ക്ക്‌ സാധ്യതയുള്ളൂ. മികച്ച തുടക്കമിട്ട ഇടതു സര്‍ക്കാരിന്‌ അതേ മികവു പുലര്‍ത്താനാവുന്നില്ല എന്നൊരു കാര്യമുണ്ട്‌. സി.പി.എമ്മിനുള്ളിലെ തര്‍ക്കം, സി.പി.എം.-സി.പി.ഐ. പോര്‌, വോട്ടിങ്‌ സമയത്ത്‌ കേരളത്തിലെ ബി.ജെ.പിക്കാര്‍ക്ക്‌ കോണ്‍ഗ്രസിനോട്‌ തോന്നാറുള്ള സ്‌നേഹം എന്നിവയെല്ലാം നീറിനീറിക്കത്തുന്നതിന്‌/കത്തിക്കുന്നതിന്‌ അനുസരിച്ചാവും കോണ്‍ഗ്രസിനുള്ള സാധ്യതകള്‍ തെളിയുക. എന്നാല്‍, തമ്മിലടിച്ച്‌ തലകീറിച്ചാകാന്‍ നടക്കുന്നവര്‍ക്ക്‌ ഇതൊന്നും മുതലാക്കാനാവില്ല. നിലവില്‍ സി.പി.എം. രാഷ്‌ട്രീയം ഉന്നമിടുന്നതെല്ലാം സാധ്യമാകുന്ന സ്‌ഥിതിയാണുള്ളത്‌.

Ads by Google

സാദാ മലയാളി

RAJESH MULAKKULAM
RAJESH MULAKKULAM
Saturday 07 Jan 2017 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW