Wednesday, May 23, 2018 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 06 Jan 2017 03.00 PM

കാളവണ്ടിയിലെ പാട്ടുസീന്‍

uploads/news/2017/01/68032/Weeklyneyasbakkar.jpg

വാപ്പയ്‌ക്കൊപ്പം (നടന്‍ അബൂബക്കര്‍) മിക്കപ്പോഴും ലൊക്കേഷനിലേക്ക് പോകുന്നത് ഞാനാണ്. ഓരോരുത്തരും അഭിനയിക്കുന്നത് കാണുമ്പോള്‍ ആഗ്രഹങ്ങള്‍ കൂടിക്കൂടി വരും. എനിക്കും ഒരവസരം കിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോകും. അത്രയ്ക്ക് മോഹമുണ്ട്, അഭിനയിക്കാന്‍.

പക്ഷേ അതാരോടും പറയാന്‍ മനസ് അനുവദിച്ചില്ല. സംവിധായകനോട് ചാന്‍സ് ചോദിച്ചാല്‍ വാപ്പയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ? അതുകൊണ്ടുതന്നെ എല്ലാ മോഹവും മനസ്സിലൊതുക്കി നടന്നു.

പാലക്കാട്ടെ ചിതലി എന്ന ഗ്രാമത്തിലായിരുന്നു 'വളയം' എന്ന സിനിമയുടെ ഷൂട്ടിംഗ്. അതില്‍ ഒരു ചായക്കടക്കാരനായിട്ടാണ് വാപ്പ അഭിനയിക്കുന്നത്. ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റാണെന്ന കാര്യം സംവിധായകന്‍ സിബി സാറിനും തിരക്കഥാകൃത്ത് ലോഹിതദാസ് സാറിനും നായകനായി അഭിനയിക്കുന്ന മുരളിച്ചേട്ടനുമൊക്കെ അറിയാം.

ബ്രേക്ക് സമയത്ത് അവരെന്നെ വിളിപ്പിച്ച് മിമിക്രി കാണിക്കാന്‍പറയും. ഞാനാകട്ടെ അനുസരണയുള്ള കുട്ടിയെപ്പോലെ സിനിമാതാരങ്ങളുടെ ശബ്ദം അനുകരിച്ചുകാണിക്കും. ഇത് കണ്ടിട്ടെങ്കിലും അവരെനിക്ക് ഒരവസരം തരാതിരിക്കില്ലെന്ന് ഞാന്‍ മനസ്സില്‍ കരുതി.

ഒരു ദിവസം വൈകിട്ട് സിബിസാര്‍ എന്നെ വിളിപ്പിച്ചു.
''നാളെ ഷൂട്ട് ചെയ്യുന്നത് കാളവണ്ടിയിലുള്ള ഒരു പാട്ടുസീനാണ്. അതില്‍ കാളവണ്ടിക്കാരനായി നിയാസ് അഭിനയിക്കണം.''

എനിക്ക് വല്ലാത്ത സന്തോഷം തോന്നി. പാട്ടില്‍ മാത്രമേയുള്ളൂവെങ്കിലും എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന ഒരു റോളായിരിക്കും അതെന്ന് ലോഹിസാറും പറഞ്ഞു. അതോടെ ത്രില്ലിലായി. കാരണം സിനിമാപ്പാട്ടുകള്‍ ചാനലുകളിലൊക്കെ വരുമ്പോള്‍ എന്നെയും കാണുമല്ലോ. ആ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്യും.

ഈ വിവരം അടുത്ത സുഹൃത്തുക്കളോടൊക്കെ പറഞ്ഞു. വാപ്പയ്ക്കും സന്തോഷം. പിറ്റേ ദിവസം അതിരാവിലെ തന്നെ എഴുന്നേറ്റ് ലൊക്കേഷനിലെത്തി. അന്നെനിക്ക് പൊടിമീശ വളര്‍ന്നിട്ടേയുള്ളൂ. ചെന്നയുടന്‍ മേക്കപ്പ്മാന്‍ എന്നെ വിളിപ്പിച്ചു.

കട്ടിയുള്ള മീശ വയ്പ്പിച്ചു. മുടിയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി. മുഖത്ത് ചായമിട്ടു. ഞാന്‍ കണ്ണാടിയില്‍ നോക്കി. ആകെ മാറിയിരിക്കുന്നു. ശരിക്കും കാളവണ്ടിക്കാരന്‍.
''തകര്‍ത്ത് അഭിനയിക്കണം.''

യൂണിറ്റിലുള്ള സുഹൃത്തുക്കള്‍ പറഞ്ഞു. ഒരു വലിയനടനാകുന്നത് മനസ്സില്‍ കണ്ടു. മാവേലിക്കര പൊന്നമ്മച്ചേച്ചിയും ബീനാആന്റണിയുമൊക്കെ സെറ്റിലുണ്ട്.അവരെല്ലാം പ്രോത്സാഹിപ്പിച്ചു. കാളവണ്ടി റെഡിയായപ്പോള്‍ സിബി സാര്‍ എന്നെ വിളിപ്പിച്ചു.

ഞാന്‍ വാപ്പയുടെ അനുഗ്രഹം വാങ്ങിച്ചശേഷം സിബി സാറിന്റെ അടുത്തേക്ക്. നിര്‍ത്തിയിട്ട കാളവണ്ടിയിലേക്ക് പതുക്കെ കയറാന്‍ തുടങ്ങുകയാണ്. പെട്ടെന്നാണ് കഴുത്തുകുലുക്കി കാളയൊന്നു പിടഞ്ഞത്. ഞാന്‍ പിന്‍മാറി. വീണ്ടും കയറാന്‍ തുടങ്ങുമ്പോഴും അതേ അവസ്ഥ.

ഇത്തവണ കാളയുടെ പിടച്ചിലിന്റെ ശക്തി കൂടി. മൂന്നാംതവണയും കയറാന്‍ ശ്രമിച്ചപ്പോള്‍ വിറളിപിടിച്ച് ഒറ്റയോട്ടം. എല്ലാവരും പേടിച്ചുപോയി. കയറിയിരുന്നെങ്കില്‍ ഞാന്‍ ദൂരേക്ക് തെറിച്ചുവീണേനെ. അര മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും എന്നെ കാളവണ്ടിയിലേക്ക് കയറ്റാന്‍ ശ്രമിച്ചു. പക്ഷേ ഫലമില്ല.

കാളവണ്ടിക്കാരനെയല്ലാതെ മറ്റൊരാളെയും കാള അടുപ്പിക്കുന്നില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും അവസ്ഥയ്ക്ക് മാറ്റം വരാതായപ്പോള്‍ ആ സീന്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. അതുകേട്ടപ്പോള്‍ എനിക്ക് സഹിച്ചില്ല.

മോഹിച്ചതെല്ലാം ഒരു നിമിഷം കൊണ്ട് തകരുന്നതുപോലെ. ഷൂട്ട് നടക്കുന്ന ചായക്കടയുടെ പിറകില്‍ പോയിരുന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു. അന്ന് ഞാന്‍ ഭക്ഷണം പോലും കഴിച്ചില്ല. അത്രയ്ക്ക് സങ്കടമുണ്ടായിരുന്നു.

നാലുവര്‍ഷം കഴിഞ്ഞാണ് 'സല്ലാപ'ത്തിന്റെ ഷൂട്ടിംഗ്. ഗായകനായ ജൂനിയര്‍ യേശുദാസായിട്ടാണ് ദിലീപ് വേഷമിട്ടത്. ദിലീപും മഞ്ജുവും ഒരു സ്‌റ്റേജില്‍ പാട്ടുപാടുന്ന സീന്‍ ചിത്രീകരിക്കുകയാണ് സംവിധായകന്‍ സുന്ദര്‍ദാസ്.

അതുകഴിഞ്ഞ് ഓഡിയന്‍സിന്റെ പോര്‍ഷന്‍ ചിത്രീകരിക്കുന്ന സമയത്ത് ആളുകളെ പിടിച്ചിരുത്താന്‍ വേണ്ടി സ്‌റ്റേജില്‍ കലാഭവന്‍ മണിച്ചേട്ടനും ഞാനും ചില മിമിക്രികള്‍ കാണിച്ചു. ഇത്
കണ്ടപ്പോഴാണ് എനിക്കൊരു വേഷം നല്‍കണമെന്ന് സംവിധായകന് തോന്നിയത്.

''നാളെ അമ്പലനടയിലുള്ള ഒരു സീനുണ്ട്. അതില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടനോട് സൈക്കിളില്‍ വന്ന് സംസാരിക്കുന്ന പയ്യനായി അഭിനയിക്കാന്‍ പറ്റുമോ?''
റെഡിയാണെന്ന് ഞാന്‍ പറഞ്ഞു. 'വളയ'ത്തിന്റെ അനുഭവം കാരണം ഇക്കാര്യം ആരോടും പറഞ്ഞില്ല.

പിറ്റേ ദിവസം രാവിലെ മേക്കപ്പിട്ടു. സൈക്കിള്‍ റെഡിയായി. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ചേട്ടന്‍ ബിന്ദുപണിക്കരുമായി സംസാരിക്കുന്നിടത്തേക്ക് ഞാന്‍ സൈക്കിളില്‍ വന്ന് 'ആനയുടെ കാര്യം ശരിയായില്ല. കേട്ടോ.' എന്ന ഡയലോഗ് പറയുന്നതാണ് സീന്‍. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞു.

ഞാന്‍ സൈക്കിളിലെത്തി ഡയലോഗ് പറഞ്ഞു. ഓകെ പറഞ്ഞപ്പോഴാണ് സമാധാനമായത്. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ സ്റ്റുഡിയോയില്‍ പോയി ശബ്ദം ഡബ്ബ് ചെയ്തു. ഡയലോഗുള്ള സീനായതിനാല്‍ എനിക്കാവേശം കൂടി.

സിനിമ റിലീസാവുന്നതിന്റെ തലേദിവസം ഞാന്‍ കൂട്ടുകാരെയും ബന്ധുക്കളെയുമൊക്കെ വിളിച്ചുപറഞ്ഞു. വടക്കാഞ്ചേരിയിലെ തിയറ്ററിലേക്ക് പോകുമ്പോള്‍ എനിക്കൊപ്പം സുഹൃത്തുക്കളുടെ പടയുണ്ടായിരുന്നു. സിനിമ തുടങ്ങിയപ്പോള്‍ മറ്റ് സീനുകളൊന്നും മനസ്സില്‍ പതിഞ്ഞതേയില്ല. എന്റെ പോര്‍ഷന്‍ വരാനായുള്ള കാത്തിരിപ്പായിരുന്നു. ഒടുവില്‍ ഉത്സവപ്പറമ്പിലെ സീന്‍ വന്നു.

''എടാ, നോക്കിക്കോണം. ഇപ്പോള്‍ത്തന്നെ ഞാന്‍ സൈക്കിളില്‍ വരും.''
എല്ലാവരും കണ്ണുമിഴിച്ച് ശ്രദ്ധയോടെ സ്‌ക്രീനിലേക്ക് നോക്കി. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ വന്നു. ബിന്ദുപണിക്കര്‍ വന്നു. ഞാന്‍ മാത്രം വന്നില്ല.

''നീ വെറുതെ പുളുവടിച്ചതാണ്. അല്ലേ?''
സുഹൃത്തുക്കളുടെ മുനവച്ചുള്ള പരിഹാസം സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ തിയറ്ററില്‍ നിന്നുമിറങ്ങി. വീട്ടിലെത്തിയശേഷം മുറിയടച്ച് പൊട്ടിക്കരഞ്ഞു. സിനിമ നല്‍കിയ ആ രണ്ടുപാഠങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്.

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നല്ലൊരു ക്യാരക്ടര്‍ വേഷം എനിക്കുകിട്ടുന്നത്. സിബിസാറിന്റെ 'ഇഷ്ട'ത്തില്‍. മുന്‍ അനുഭവങ്ങള്‍ കാരണം അമിത പ്രതീക്ഷയുണ്ടായിരുന്നില്ല. ആരോടും പറഞ്ഞില്ല. തിയറ്ററില്‍ ഒറ്റയ്ക്കുപോയാണ് സിനിമ കണ്ടത്. ഒരു സീന്‍ പോലും കട്ട് ചെയ്തിരുന്നില്ല. വല്ലാത്തൊരു സന്തോഷം തോന്നി. അതോടെയാണ് അഭിനയത്തില്‍ ശ്രദ്ധിക്കപ്പെ
ട്ടത്.

തയ്യാറാക്കിയത്: രമേഷ് പുതിയമഠം

Ads by Google
Friday 06 Jan 2017 03.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW