Monday, May 28, 2018 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 06 Jan 2017 01.18 AM

റാഞ്ചിയില്‍ തെളിഞ്ഞ അത്‌ഭുത വിളക്ക്‌

uploads/news/2017/01/67709/editorial.jpg

ക്രിക്കറ്റിനെ വരേണ്യവര്‍ഗവുമായി ചേര്‍ത്തുവയ്‌ക്കാന്‍ പലരും അമിതോത്സാഹം കാട്ടിയിട്ടുണ്ട്‌. പാടത്തും പറമ്പിലും കൈയില്‍കിട്ടുന്നതെന്തും ബാറ്റായി സങ്കല്‍പ്പിച്ച്‌ പന്തിന്റെ രൂപത്തില്‍ വരുന്നതെന്തിനേയും അടിച്ചുതെറിപ്പിച്ച സംഘങ്ങളുടെ വരവോടെയാണ്‌ അതിനൊരു ശമനമുണ്ടായത്‌. 1983 ലെ ഇന്ത്യയുടെ ലോകകപ്പ്‌ ജയത്തിനുശേഷം ഈയൊരു കുട്ടികളുടെ കൂട്ടം നാട്ടിലെമ്പാടുമുണ്ടായി. അതിന്‌ മെട്രോ നഗരമെന്നോ ഗ്രാമമെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമുണ്ടായില്ല. അത്തരക്കാരുടെ പ്രതിനിധിയായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലിടം നേടിയ മഹേന്ദ്രസിങ്‌ ധോണി നായകന്റെ തൊപ്പി അഴിച്ചുവയ്‌ക്കുമ്പോഴും അനുഭവപ്പെടുത്തുന്ന ആവേശത്തിന്‌ പകരം മറ്റൊന്നില്ല.
എല്ലാനിലയിലും വ്യത്യസ്‌തനായിരുന്നു ധോണി. ടീമിലെത്തിയപ്പോഴും ചുവടുറപ്പിച്ചപ്പോഴും നായകനായപ്പോഴും ലോകകപ്പുകള്‍ ജയിക്കുമ്പോഴും തന്റേതായ ശൈലി പുലര്‍ത്തിയ ധോണി നായകസ്‌ഥാനം ഉപേക്ഷിച്ചപ്പോഴും അതേ വ്യത്യസ്‌തത പുലര്‍ത്തി. കാലത്തിന്റെ ചുവരെഴുത്ത്‌ വായിക്കാനാവാതെ മഹാരഥന്മാരായ ഏത്രയോ കളിക്കാര്‍ നായകസ്‌ഥാനത്ത്‌ കടിച്ചുതൂങ്ങി അപഹാസ്യരായി മാറിയ രാജ്യത്താണ്‌ ധോണി സ്വയം ഒഴിഞ്ഞത്‌. ആദ്യം ടെസ്‌റ്റില്‍, പിന്നീട്‌ പരിമിത ഓവര്‍ ക്രിക്കറ്റില്‍നിന്നും. നായകസ്‌ഥാനത്തെക്കുറിച്ച്‌ വിചാരണയ്‌ക്ക്‌ ഇടകൊടുക്കാതെ, ചര്‍ച്ചകളിലൂടെയും ആകാംക്ഷയിലൂടെയും സൃഷ്‌ടിക്കപ്പെടുന്ന അതിവൈകാരികതയ്‌ക്കു ധോണി ഇടം കൊടുത്തില്ല. ഇതേ സ്‌റ്റൈലില്‍ തന്നെയാവും ധോണി കളി അവസാനിപ്പിക്കുന്നതും. ഈയൊരു ഉറപ്പ്‌ എത്ര ഇന്ത്യന്‍ താരങ്ങളെക്കുറിച്ച്‌ പറയാനായിട്ടുണ്ട്‌ ? ഇതാണ്‌ തുടക്കത്തില്‍ പറഞ്ഞ ധോണിയിലെ വ്യത്യസ്‌തത. ഒരുസമയത്ത്‌ പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന പദവി ലോകം ധോണിക്ക്‌ നല്‍കിയിരുന്നു. അവിശ്വസനീയമായ ഇന്നിങ്‌സുകളിലൂടെ ധോണി ആരാധകരെ അമ്പരപ്പിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ചെന്നൈ ടീമിനുവേണ്ടിയും അവസാനപന്തുകളിലെ വെടിക്കെട്ടിലൂടെ ധോണി എതിരാളിയെ നിരവധിതവണ ഞെട്ടിച്ചു. അതുപോലെ തികഞ്ഞ ഫിനിഷിങുള്ള ഒരു കരിയറും ധോണി ആഗ്രഹിക്കുന്നുവെന്ന്‌ വ്യക്‌തം . അപസ്വരങ്ങള്‍ ഉയരുംമുമ്പേ നായകസ്‌ഥാനത്തുനിന്നുള്ള വിരമിക്കിലും സൂചിപ്പിക്കുന്നത്‌ അതാണ്‌. സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലെ ലോകോത്തര താരങ്ങളുടെ ആദ്യപട്ടികയില്‍ ധോണിയെ ആരും പ്രതിഷ്‌ഠിക്കാന്‍ ഇടയില്ല. എന്നാല്‍, ഈ ധോണിയുടെ ചുമലില്‍ ഇരുന്നാണ്‌ തന്റെ ക്രിക്കറ്റ്‌ ജീവിതത്തിന്‌ ധന്യത പകര്‍ന്ന 2011ലെ ഏകദിന ലോകകപ്പ്‌ വിജയം സച്ചിന്‍ ആവോളം ആസ്വദിച്ചത്‌. കരുത്തിന്റെ, വിജയത്തിന്റെ ലഹരി ഇന്ത്യയുടെ സിരകളില്‍ നിറച്ച നായകനായി ധോണിയെ കാലം വിശേഷിപ്പിക്കും.
റാഞ്ചിയില്‍ ക്രിക്കറ്റ്‌ കളിച്ചായിരുന്നില്ല ധോണി വളര്‍ന്നത്‌. ബാഡ്‌മിന്റണും ഫുട്‌ബോളുമായിരുന്നു തിളങ്ങിയ കളി. ഗോള്‍പോസ്‌റ്റിനു താഴെ ചോരാത്ത കൈയുമായിനിന്ന ധോണി ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പറുടെ റോളിലേക്ക്‌ വളര്‍ന്നപ്പോഴും കാവല്‍ഭടന്റെ വേഷം ഭംഗിയാക്കി. ധോണിയുടെ വിക്കറ്റ്‌ കീപ്പിങ്ങിനൊപ്പം നീട്ടി വളര്‍ത്തിയ മുടി ആദ്യം വാര്‍ത്തയായി. പിന്നീട്‌ അന്നത്തെ നായകന്‍ സൗരവ്‌ ഗാംഗുലി ധോണിയിലെ വെടിക്കെട്ടുകാരനെ കണ്ടറിഞ്ഞ്‌ ഉപയോഗിച്ചത്‌ നിര്‍ണായകമായി. പരമ്പരാഗതമായിരുന്നില്ല ധോണിയുടെ ഹെലികോപ്‌ടര്‍ ഷോട്ടുകള്‍ ട്വന്റി- 20 (2007), എകദിന ലോകകപ്പ്‌ കിരീടങ്ങള്‍ നേടിയ ഏകനായകന്‍. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഏകദിനങ്ങളില്‍ രാജ്യത്തെ നയിച്ച മൂന്നാമത്തെ നായകനാണ്‌ ധോണി. വ്യക്‌തിപരമായ ബാറ്റിങ്‌, വിക്കറ്റ്‌ കീപ്പിങ്‌ നേട്ടങ്ങള്‍ നിരവധി. റാഞ്ചിയില്‍ നിന്നൊരാള്‍ ഇന്ത്യന്‍ നായകനായതോടെ അതിന്റെ ആവേശം പടര്‍ന്നത്‌ ഇന്ത്യ മുഴുവനായിരുന്നു.

Ads by Google
Friday 06 Jan 2017 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW