Sunday, April 22, 2018 Last Updated 59 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 06 Jan 2017 01.18 AM

പഞ്ചാബില്‍ പടയൊരുക്കം

uploads/news/2017/01/67708/2op.jpg

അഞ്ചുനദികളുടെ നാടായ ചരിത്രഭൂമികയില്‍ ഇക്കുറി പോരാട്ടം തീപാറും. ശിരോമണി അകാലിദളും(എസ്‌.എ.ഡി) ബി.ജെ.പിയും ഉള്‍പ്പെടുന്ന ഭരണമുന്നണിയും കോണ്‍ഗ്രസും കറുത്തകുതിരയാകാന്‍ ആം ആദ്‌മി പാര്‍ട്ടിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ പ്രവചനം അസാധ്യം. ഭരണവിരുദ്ധവികാരമെന്ന സ്‌ഥിരം വില്ലന്‍ അകാലിദളിനെയും ബി.ജെ.പിയെയും അലട്ടുമ്പോള്‍, ഭരണംപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണു കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും.
പരമ്പരാഗത കോണ്‍ഗ്രസ്‌-എസ്‌.എ.ഡി-ബി.ജെ.പി. ഏറ്റുമുട്ടലിനു മാറ്റമുണ്ടാക്കിയത്‌ ആം ആദ്‌മി പാര്‍ട്ടിയാണ്‌. അതുതന്നെയാണു പഞ്ചാബ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ദേശീയശ്രദ്ധയാകര്‍ഷിക്കുന്നതും. നോട്ട്‌ അസാധുവാക്കല്‍ നടപടിയുടെ പരീക്ഷണഭൂമി ഉത്തര്‍പ്രദേശാണെന്നാണു ബി.ജെ.പിയുടെ കണ്ടെത്തല്‍. മുലായം-അഖിലേഷ്‌ യാദവപോരിന്റെ അനന്തരഫലം തങ്ങള്‍ക്ക്‌ അനുകൂലമായിരിക്കുമെന്ന കണക്കുകൂട്ടലാണു ഈ പ്രചാരണത്തിന്റെ പിന്നിലുമെന്നതാണു യാഥാര്‍ഥ്യം. കാര്യമായ വേരോട്ടമില്ലെങ്കിലും തങ്ങള്‍കൂടി ഭരിക്കുന്ന പഞ്ചാബിനെക്കുറിച്ച്‌ കാര്യമായ അവകാശവാദത്തിനു ബി.ജെ.പി. നേതൃത്വം തയാറായിട്ടുമില്ല. ഇവിടെയാണു ആം ആദ്‌മി പാര്‍ട്ടിയുടെ സാന്നിധ്യത്തിന്റെ പ്രധാന്യം.
തെരഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പുറത്തുവന്ന സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്‌ കാറ്റ്‌ ആം ആദ്‌മിയുടെ പക്ഷത്തേക്കാണെന്നാണ്‌. 90 മുതല്‍ 100 സീറ്റുകള്‍ വരെ ആം ആദ്‌മി പാര്‍ട്ടി നേടുമെന്നു വരെ ചില സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നു. അരവിന്ദ്‌ കെജ്‌രിവാളിന്റെ ലേബലില്‍ത്തന്നെയാണു പഞ്ചാബിലും ആം ആദ്‌മി മത്സരത്തിനിറങ്ങുന്നത്‌. മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിപദം മോഹിച്ച്‌ വിലപേശിയ നവജ്യോത്‌ സിങ്‌ സിദ്ദുവിന്റെ മുമ്പില്‍ വാതില്‍ കൊട്ടിയടച്ചതും ആം ആദ്‌മി പാര്‍ട്ടിയുടെ ഗ്രാഫ്‌ ഉയര്‍ത്തി. സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച നവജ്യോത്‌ സിങ്‌ സിദ്ദു ഒടുവില്‍ കോണ്‍ഗ്രസ്‌ പാളയത്തിലെത്തി അമൃത്സര്‍ സീറ്റ്‌ സ്വന്തമാക്കി. മറ്റൊരു ക്രിക്കറ്റ്‌താരം ഹര്‍ഭജന്‍സിങ്ങിനെക്കൂടി ഒപ്പംകൂട്ടാന്‍ കോണ്‍ഗ്രസില്‍ നീക്കം നടക്കുന്നതായും അഭ്യൂഹമുണ്ടായിരുന്നു.
പാര്‍ട്ടി എം.പി. ഭഗവന്ത്‌ മന്നിനെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാനായി നേരത്തേ പ്രഖ്യാപിച്ച എ.എ.പി, തങ്ങള്‍ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും വ്യക്‌തമാക്കിയിരുന്നു. മറ്റു പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ്‌ മുന്നൊരുക്കത്തെക്കുറിച്ച്‌ ആലോചിക്കും മുന്‍പേ 19 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടാണു അരവിന്ദ്‌ കെജ്‌രിവാള്‍ പഞ്ചാബ്‌ പടയോട്ടം തുടങ്ങിയത്‌.
ഡല്‍ഹിക്കു പുറത്ത്‌ പാര്‍ട്ടിക്ക്‌ നിര്‍ണായക സ്വാധീനമുള്ള സംസ്‌ഥാനമായതിനാല്‍ എ.എ.പിക്കും ഈ അങ്കം നിര്‍ണായകം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 30.4 ശതമാനം വോട്ട്‌ നേടിയ എ.എ.പി. നാലു സീറ്റുകളില്‍ വിജയിക്കുകയും ചെയ്‌തു. കൂടുതല്‍ സമയവും പഞ്ചാബിലാണു കെജ്‌രിവാള്‍ ചെലവഴിക്കുന്നത്‌. സംസ്‌ഥാനത്തുടനീളം പ്രചാരണരംഗത്ത്‌ സജീവവുമാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ത്തന്നെ മികച്ച നേട്ടമുണ്ടാക്കാമെന്നാണു എ.എ.പി. ക്യാമ്പിന്റെ കണക്കുകൂട്ടല്‍. 107 സീറ്റുകളില്‍ ആം ആദ്‌മി സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്‌. എ.എ.പിയുടെ നീക്കം ഭരണം നിലനിര്‍ത്താമെന്ന അകാലിദള്‍-ബി.ജെ.പി. സഖ്യത്തിന്റെയും അധികാരം തിരിച്ചുപിടിക്കാമെന്ന കോണ്‍ഗ്രസിന്റെയും മോഹങ്ങളുടെമേല്‍ കരിനിഴല്‍പടര്‍ത്തുമോയെന്നാണു കാത്തിരുന്നു കാണേണ്ടത്‌.
മുഖ്യമന്ത്രി പ്രകാശ്‌ സിങ്‌ ബാദലിനെ മുന്‍നിര്‍ത്തി എസ്‌.എ.ഡിയും മുന്‍മുഖ്യമന്ത്രി ക്യാപ്‌റ്റന്‍ അമരിന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്കു ചുക്കാന്‍പിടിച്ച പ്രശാന്ത്‌ കിഷോറിനെ പ്രചാരണച്ചുമതലയേല്‍പ്പിച്ചതോടെ ആത്മവിശ്വാസത്തിലാണു കോണ്‍ഗ്രസ്‌. ബിഹാറില്‍ നിതീഷ്‌കുമാറിനെ അധികാരത്തിലേറ്റിയ മാജിക്‌ പഞ്ചാബില്‍ തങ്ങളെയും തുണയ്‌ക്കുമെന്നാണു നിലനില്‍പ്പിന്റെ പോരാട്ടത്തിനൊരുങ്ങുന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ പ്രതീക്ഷ.
അമരിന്ദര്‍ സിങ്‌ പട്യാല(അര്‍ബന്‍)യില്‍നിന്നാണു ജനവിധി തേടുന്നത്‌. മുന്‍ സൈനിക മേധാവി റിട്ട. ജനറല്‍ ജെ.ജെ. സിങ്ങിനെയാണു ക്യാപ്‌റ്റനെ നേരിടാന്‍ ശിരോമണി അകാലിദള്‍ നിയോഗിച്ചിരിക്കുന്നത്‌.
കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത നേട്ടവും കോണ്‍ഗ്രസ്‌ ക്യാമ്പിന്‌ ഊര്‍ജം പകരുന്നുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 33.10 ശതമാനം വോട്ടാണു പഞ്ചാബില്‍ കോണ്‍ഗ്രസിനു ലഭിച്ചത്‌. 77 സ്‌ഥാനാര്‍ഥികളെ കോണ്‍ഗ്രസ്‌ ഇതുവരെ പ്രഖ്യാപിച്ചുകഴിഞ്ഞു. ശേഷിക്കുന്ന 40 സീറ്റുകളില്‍ ഉടന്‍തന്നെ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണു കോണ്‍ഗ്രസ്‌ നേതൃത്വം വ്യക്‌തമാക്കുന്നത്‌.
നോട്ട്‌ നിരോധനവും കള്ളപ്പണവേട്ടയും വോട്ടാകുമെന്നാണു എസ്‌.എ.ഡി-ബി.ജെ.പി. സഖ്യത്തിന്റെ പ്രതീക്ഷ. ഭരണവിരുദ്ധവികാരം അത്രമേല്‍ പ്രതിഫലിക്കുന്നില്ലെങ്കിലും പഴയ പ്രതാപം ഭരണസഖ്യത്തിനില്ലെന്നതാണു യാഥാര്‍ഥ്യം. 94 സീറ്റുകളിലാണ്‌ എസ്‌.എ.ഡി. മത്സരിക്കുന്നത്‌. ഇതില്‍ 89 സ്‌ഥാനാര്‍ഥികളുടെ പട്ടിക പാര്‍ട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു. ശേഷിക്കുന്ന 23 സീറ്റുകളില്‍ ബി.ജെ.പി. മത്സരിക്കും.
ഭരണനേട്ടങ്ങളും കള്ളപ്പണത്തിനെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടികളും വോട്ടായിമാറുമെന്നു ശിരോമണി അകാലിദള്‍ പ്രതീക്ഷിക്കുന്നു. സിഖ്‌വിരുദ്ധ കലാപം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാമെന്നും ഭരണപക്ഷം കണക്കുകൂട്ടുന്നു. മുഖ്യമന്ത്രി പ്രകാശ്‌ സിങ്‌ ബാദലും മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്‌ബീറും യഥാക്രമം പരമ്പരാഗത മണ്ഡലങ്ങളായ ലംബിയിലും ജലാലാബാദിലും ജനവിധി തേടും. ജര്‍ണെയ്‌ല്‍ സിങ്ങാണു ലംബിയിലെ എ.എ.പി. സ്‌ഥാനാര്‍ഥി. ലംബിയില്‍ എ.എ.പി. ലോക്‌സഭാംഗം ഭഗവന്ത്‌ മന്‍ തന്നെയാണ്‌ അങ്കത്തിനിറങ്ങുന്നത്‌. 2009-ല്‍ അന്നത്തെ ധനമന്ത്രി പി. ചിദംബരത്തിനെതിരേ ചെരുപ്പെറിഞ്ഞതിലൂടെ മാധ്യമശ്രദ്ധയാകര്‍ഷിച്ച മുന്‍പത്രപ്രവര്‍ത്തകന്‍കൂടിയായ ജര്‍ണെയ്‌ല്‍ സിങ്‌ നിലവില്‍ രാജൗരി ഗാര്‍ഡനില്‍നിന്നുള്ള എം.എല്‍.എയാണ്‌.
പൊതുജനപിന്തുണയില്‍ ഇടിവുണ്ടായ ഭരണപക്ഷത്തേക്കാള്‍ കോണ്‍ഗ്രസിനും ആം ആദ്‌മി പാര്‍ട്ടിക്കുമാണു നിരീക്ഷകര്‍ സാധ്യത കാണുന്നത്‌. നോട്ട്‌ നിരോധനത്തിനൊപ്പം കര്‍ഷക പ്രശ്‌നങ്ങളും ജലദൗര്‍ലഭ്യവും സംസ്‌ഥാനത്തെ ക്രമസമാധാനനിലയും മയക്കുമരുന്ന്‌ കള്ളക്കടത്തും തെരഞ്ഞെടുപ്പില്‍ ചൂടേറിയ ചര്‍ച്ചയ്‌ക്കു വഴിവയ്‌ക്കും. ഇതിനൊപ്പം പത്താന്‍കോട്ട്‌ ഭീകരാക്രമണം തെരഞ്ഞെടുപ്പ്‌ ചര്‍ച്ചാവിഷയമായി ആം ആദ്‌മി പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്‌.

സര്‍വേഫലങ്ങള്‍ സമ്മിശ്രം

എല്ലാവര്‍ക്കും പ്രതീക്ഷയ്‌ക്കു വകയുണ്ടെന്നാണു അഭിപ്രായസര്‍വേകള്‍ നല്‍കുന്ന സൂചന. നൂറു സീറ്റുകള്‍ നേടി പഞ്ചാബ്‌ എ.എ.പി. തൂത്തുവാരുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഹഫിങ്‌ടണ്‍ പോസ്‌റ്റ്‌ ഇന്ത്യയും സി വോട്ടറും നടത്തിയ സര്‍വേഫലം. അതേസമയം, ഇന്ത്യാടുഡേയും ആക്‌സിസും നടത്തിയ സര്‍വേയില്‍ 49-55 സീറ്റുകള്‍ നേടി കോണ്‍ഗ്രസ്‌ അധികാരംപിടിക്കുമെന്നാണു പറയുന്നത്‌. ബി.ജെ.പി. സഖ്യത്തെ പിന്തള്ളി ആം ആദ്‌മി പാര്‍ട്ടി രണ്ടാം സ്‌ഥാനത്തെത്തുമെന്നും സര്‍വേ പ്രവചിക്കുന്നു. 35 ശതമാനം വോട്ട്‌ കോണ്‍ഗ്രസിനു ലഭിക്കും. എ.എ.പിക്ക്‌ 29 ശതമാനം വോട്ട്‌ ലഭിച്ചേക്കും. എസ്‌.എ.ഡി.-ബി.ജെ.പി. സഖ്യത്തിന്‌ 18-22 വരെ സീറ്റ്‌ ലഭിക്കും.
മുഖ്യമന്ത്രി സ്‌ഥാനാര്‍ഥികളില്‍ ഏറ്റവും ജനപിന്തുണ ലഭിച്ചത്‌ അമരീന്ദര്‍ സിങ്ങിനാണെന്നതും കോണ്‍ഗ്രസിന്‌ ആശ്വസിക്കാം. സര്‍വേയില്‍ പങ്കെടുത്തവരില്‍ 33ശതമാനം ആളുകളും അമരീന്ദറിനെയാണു മുഖ്യമന്ത്രി സ്‌ഥാനത്തേക്കു പിന്തുണച്ചത്‌. പ്രകാശ്‌ സിങ്‌ ബാദലിന്റെ പേര്‌ 22 ശതമാനവും പേരും നിര്‍ദേശിച്ചു. ഡിസംബറില്‍ ജഗ്‌വാനി ന്യൂസ്‌ പോര്‍ട്ടല്‍ നടത്തിയ സര്‍വേയില്‍ 59 ശതമാനം വോട്ടുകള്‍ നേടി എ.എ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എസ്‌.എ.ഡി. മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെടുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. എന്നാല്‍, ഈ മാസം പുറത്തുവന്ന അഭിപ്രായസര്‍വേഫലങ്ങള്‍ തീര്‍ത്തും വ്യത്യസ്‌തമാണ്‌. എസ്‌.എ.ഡി-ബി.ജെ.പി. സഖ്യം 50-58 സീറ്റുകള്‍ നേടുമെന്നു എ.ബി.പി. ന്യൂസ്‌-ലോക്‌നീതി സി.എസ്‌.ഡി.എസ്‌. സര്‍വേ പറയുന്നു. 41 മുതല്‍ 49 വരെ സീറ്റുകള്‍ കോണ്‍ഗ്രസിനു ലഭിക്കുമ്പോള്‍ എ.എ.പി. 12-28 സീറ്റുകളില്‍ ഒതുങ്ങുമെന്നും എ.ബി.പി. ന്യൂസ്‌ സര്‍വേ പറയുന്നു.

ദിപു വിജയ്‌

Ads by Google
Friday 06 Jan 2017 01.18 AM
YOU MAY BE INTERESTED
TRENDING NOW