Wednesday, January 04, 2017 Last Updated 9 Min 10 Sec ago English Edition
Todays E paper
Wednesday 04 Jan 2017 02.42 PM

തരംഗമായ് തരംഗിണി

യേശുദാസിന്റെ ജീവിത കഥ - പാട്ടിന്റെ പാലാഴി
uploads/news/2017/01/67303/WeeklyyesudasISSU20b.jpg

1987 ലെ ആ മെയ്മാസത്തില്‍, മദ്രാസ് അഭിരാമപുരത്തെ പുതുക്കിപ്പണിത വസതിയുടെ സിറ്റൗട്ടില്‍, നാട്ടില്‍നിന്നെത്തിയ പത്രപ്രവര്‍ത്തകസുഹൃത്തുമായി യേശുദാസ് സംഭാഷണത്തിലേര്‍പ്പെട്ടിരിക്കെ, അകത്തു ടെലഫോണ്‍ മണിമുഴക്കം.

യേശുദാസ് അകത്തുപോയി കോഡ്‌ലസുമായി മടങ്ങിവന്നു. തമിഴില്‍ ആരുമായോ നീണ്ട സംഭാഷണം. പൊട്ടിച്ചിരി, ഓക്കെ പത്തുമണി എന്നു പറഞ്ഞ് അവസാനിപ്പിച്ച്, ഗായകന്‍ സുഹൃത്തിനോടു പറഞ്ഞു.

കമല്‍ഹാസനാണ്. രണ്ടാഴ്ച മുമ്പ് ഡല്‍ഹിയില്‍ ഇക്കൊല്ലത്തെ ദേശീയ സിനിമാ അവാര്‍ഡുകള്‍ സമ്മാനിച്ചല്ലൊ. നമുക്ക് ഉണ്ണികളേ ഒരു കഥപറയാം സിനിമയിലെ ടൈറ്റില്‍ സോങ്ങിന് ബെസ്റ്റ് സിംഗര്‍ അവാര്‍ഡുണ്ടായിരുന്നു. അമേരിക്കയിലായിരുന്നതുകൊണ്ട് എനിക്ക് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞില്ല. കമല്‍, രാഷ്ട്രപതിയില്‍നിന്ന് എനിക്കുവേണ്ടി സ്വീകരിച്ചു. അവാര്‍ഡു നേരിട്ടുതരാന്‍ ഉലകനായകന്‍ വരുന്നു.

വിജ്ഞാന്‍ഭവനില്‍ ഇക്കുറി അവാര്‍ഡ് സമ്മാനിക്കാനെത്തിയത് രാഷ്ട്രപതി ആര്‍. വെങ്കിട്ടരാമന്‍. തമിഴ്‌നാട് സ്വദേശി.ദാസ് വന്നില്ലല്ലൊ, പ്രസിഡന്റ് വേദിയില്‍ പകരക്കാരനായി വന്ന കമല്‍ഹാസനോടു പറഞ്ഞു.

അതുകൊണ്ട് നീങ്കള്‍ ഈ അവാര്‍ഡ് എനിക്കുവേണ്ടി അദ്ദേഹത്തിനു നേരിട്ടു നല്‍കണം. എന്റെ ആശംസകളും അറിയിക്കുക. നായകന്‍ സിനിമയിലെ ഉജ്ജ്വലപ്രകടനത്തിന് അക്കൊല്ലത്തെ മികച്ച നടനുള്ള അവാര്‍ഡ് സ്വീകരിക്കാനെത്തിയതായിരുന്നു കമല്‍. ദാസ് സുഹൃത്തിനോടു പറഞ്ഞു. പത്തു മണിക്കു കമല്‍ എത്തും.

കൃത്യം 9.55 ന്, ഫയര്‍ എന്‍ജിനില്‍നിന്നെപോലെ സൈറന്‍ മുഴക്കിക്കൊണ്ട് ഒരു കാര്‍ വന്നെത്തി. പിന്നാലെ നാലു സുമോ വാനുകള്‍ നിറയെ ആജാനബാഹുക്കളായ ചെറുപ്പക്കാര്‍. അടുത്തതായി ലേറ്റസ്റ്റ് മോഡല്‍ മെഴ്‌സിഡസ് ബെന്‍സ്. വെള്ളിനിറം. അതിനു പിന്നില്‍, നാലു ടെമ്പോ ട്രാവലറുകള്‍. നിറയെ മുദ്രാവാക്യം മുഴക്കുന്ന യുവസേന. ഉലകനായകന്‍ വാഴ്ക, അഴകിയനായകന്‍ വാഴ്ക...

മെര്‍ക്കില്‍നിന്ന്, മുന്‍സീറ്റിലിരുന്ന ഗണ്‍മാന്‍ ഇറങ്ങി പിന്‍വാതില്‍ തുറന്നുപിടിച്ചു. പുരുഷസൗന്ദര്യത്തിന്റെ പ്രതീകമായ കമല്‍ഹാസന്‍, ഹൃദ്യമായ പുഞ്ചിരിയോടെ ഇറങ്ങി. തൊഴുകൈകള്‍. അനന്തരം ഒരു കയ്യുയര്‍ത്തി മുദ്രാവാക്യക്കാരെ നിശ്ശബ്ദരാക്കി. വീണ്ടും വണക്കം പറഞ്ഞു കൈകൂപ്പി, സിറ്റൗട്ടില്‍ ശുഭ്രവസ്ത്രാങ്കിതനായി നില്‍ക്കുന്ന മഹാഗായകനു മുന്നില്‍ തലകുനിച്ച്, കാല്‍ തൊട്ടുവന്ദിച്ച്, സൗക്യമാ എന്നു തിരക്കി.

അഭിരാമപുരത്തെ യേശുദാസ് വസതിയുടെ സ്വീകരണമുറി, രാഷ്ട്രപതിഭവനിലെ അശോകാഹാളായി മാറി. നമ്രശിരസ്‌കനായി നില്‍ക്കുന്ന അവാര്‍ഡ് ജേതാവിന്റെ കഴുത്തില്‍ ഒപ്പം അവാര്‍ഡു നേടിയ നടന്‍ സ്വര്‍ണ്ണപ്പതക്കം കോര്‍ത്ത മാല ചാര്‍ത്തി. പ്രശംസാപത്രത്തിന്റെ ചുരുളും അവാര്‍ഡുതുകയുടെ ചെക്കടങ്ങിയ കവറും സമ്മാനിച്ചു.സംഭവബഹുലമായ വര്‍ഷങ്ങള്‍ ഒന്നൊന്നായി കടന്നുപോയി.

കൊച്ചിന്‍ കലാഭവനുമായുള്ള ബന്ധം അവസാനിപ്പിച്ച യേശുദാസ്, ഗായകരുടെ ഒരു പുത്തന്‍ തലമുറയെ ശാസ്ത്രീയസംഗീതാധിഷ്ഠിതമായി രൂപപ്പെടുത്താനുറച്ച്, തിരുവനന്തപുരം കേന്ദ്രീകരിച്ച് തരംഗനിസരി സ്‌കൂള്‍ ഓഫ് മ്യൂസിക് സ്ഥാപിച്ചു.

കര്‍ണാടക, ഹിന്ദുസ്ഥാനി, പാശ്ചാത്യശാസ്ത്രീയസംഗീതത്തില്‍ ഒട്ടേറെ കുട്ടികള്‍ തരംഗനിസരി വഴി ജന്മസാഫല്യം കണ്ടെത്തി. 1980 ല്‍, തിരുവനന്തപുരത്ത്, വഴുതയ്ക്കാട്ട്, യേശുദാസ് തന്റെ തരംഗിണി സ്റ്റുഡിയോയ്ക്കു രൂപം നല്‍കി.

എല്ലാവിധ ആധുനികശബ്ദാലേഖനസംവിധാനങ്ങളും സജ്ജമാക്കിയ തരംഗിണി, അതിവേഗംതന്നെ മികച്ച മലയാള ലളിത, ചലച്ചിത്ര ഗാനങ്ങളുടെ ഈറ്റില്ലമായി മാറി. നിരവധി സിനിമാഗാനങ്ങള്‍, തരംഗിണിയുടെ തനതുലളിതഗാനകാസറ്റുകള്‍, സി.ഡി.കള്‍ അങ്ങനെ തരംഗിണി കേരളത്തിന്റെ സിനിമാചരിത്രത്തിലെ നാഴികക്കല്ലായി മാറി.

മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി, മറാത്തി എന്നിങ്ങനെ വിവിധ ഭാഷകളിലായി പാടി റെക്കാര്‍ഡു ചെയ്തത് അരലക്ഷത്തോളം ഗാനങ്ങള്‍. ഇന്ത്യയിലെ മുന്‍നിര നായകന്മാര്‍ക്കെല്ലാം സംഗീതശബ്ദം നല്‍കിയ യേശുദാസ് തന്റെ ഗുരുക്കന്മാരായി കാണുന്നത് ചെമ്പൈ വൈദ്യനാഥഭാഗവതര്‍, മുഹമ്മദ് റാഫി, ബാലമുരളീകൃഷ്ണ എന്നിവരെ.

ഭൂമുഖത്തെ മിക്കവാറും എല്ലാ പ്രമുഖനഗരങ്ങളിലും ഇന്ത്യന്‍ സമൂഹത്തിനുവേണ്ടി സംഗീതവിരുന്നു വിളമ്പിയിട്ടുള്ള യേശുദാസിന്, 1999 നവംബര്‍ 14 ന് പാരീസില്‍ യുനെസ്‌കോ സംഘടിപ്പിച്ച മ്യൂസിക് ഫോര്‍ പീസ് മഹോത്സവത്തില്‍ ലോകസമാധാനത്തിനും സംഗീതത്തിനും നല്‍കിയ വിലപ്പെട്ട സേവനം മുന്‍നിറുത്തി മികച്ച ഗായകനുള്ള അവാര്‍ഡ് നല്‍കി.

പുത്തന്‍ സംഗീതശൈലിയും കര്‍ണാടകരാഗങ്ങളും സമ്മേളിപ്പിച്ച് യേശുദാസ് സംവിധാനം ചെയ്ത സംസ്‌കൃത, ലത്തീന്‍, ഇംഗ്ലീഷ് ത്രിഭാഷാ ആല്‍ബം അഹിംസ 2001 ല്‍ അദ്ദേഹം പാടി റിക്കാര്‍ഡു ചെയ്തു. ഗള്‍ഫ്‌നാടുകളില്‍, അറബിഗാനങ്ങള്‍ കര്‍ണ്ണാടകരാഗങ്ങളില്‍ പുനരാവിഷ്‌കരിച്ചുപാടി, അറബിനാടുകളിലെ സംഗീതപ്രേമികള്‍ക്ക് അദ്ദേഹം ഇഷ്ടതാരമായിത്തീര്‍ന്നു.

മുംബൈയില്‍ ഭീകരര്‍ കൊലപ്പെടുത്തിയ ധീരപൊലീസ് ഓഫീസര്‍ ഹേമന്ദ് കര്‍ക്കറെയുടെ ഭാര്യ കവിതയില്‍നിന്ന് ദീപശിഖ ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം നടത്തിയ ശാന്തിസംഗീതയാത്ര 2009 ല്‍ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് ഇന്ത്യയൊട്ടാകെ ഭീകരവിരുദ്ധസന്ദേശം പ്രഘോഷിച്ചു. മ്യൂസിക് ഫോര്‍ പീസ് എന്നതായിരുന്നു അതിന്റെ തീം.

1992 ല്‍ തരംഗിണി സ്റ്റുഡിയോ ആസ്ഥാനം ചെന്നൈയിലേക്കു മാറ്റുകയും തുടര്‍ന്ന് 1998 ല്‍ യു.എസില്‍ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം തുടരുകയും ചെയ്തു. ചെന്നൈയിലും തിരുവനന്തപുരത്തുമായി, ഭാര്യ പ്രഭയോടും മക്കളോടും പേരക്കുട്ടികളോടുമൊപ്പം വസിക്കുന്ന യേശുദാസിന് അമേരിക്കയില്‍ ഫ്‌ളോറിഡ സംസ്ഥാനത്തെ ഫോര്‍ട്ട്‌ലൗഡര്‍ഡേല്‍ നഗരത്തിലും ടെക്‌സസ് സംസ്ഥാനത്തെ ഫ്‌ളവര്‍മൗണ്ടിലും സ്വന്തമായി എസേ്റ്ററ്റുകളും ബിസിനസ് സംരംഭങ്ങളുമുണ്ട്.

മൂന്ന് ആണ്‍മക്കള്‍. മൂത്ത മകന്‍ വിനോദും ഇളയവന്‍ വിശാലും സ്വന്തമായി പ്രൊഫഷണല്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. രണ്ടാമനായ വിജയ്, അച്ഛന്റെ പാത പിന്തുടര്‍ന്ന് സ്റ്റുഡിയോകളിലും വേദികളിലും നിറസാന്നിദ്ധ്യമായി സംഗീതപൂജ നടത്തുന്നു. സംസ്ഥാന അവാര്‍ഡുകളോടു വിട ചൊല്ലിയ മഹാഗായകന്റെ പുത്രന്‍, വിജയ്, 2007 ലും 2013 ലും മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡു നേടി. മക്കള്‍ മൂന്നും വിവാഹിതരാണ്.

എല്ലാറ്റിനുമുപരി സംഗീതത്തെ തന്റെ ജീവിതവ്രതമായി കണ്ട്, അതിന്റെ പരിരക്ഷയ്ക്കായി ഏറെ ഭൗതികസുഖങ്ങളോടും വിരക്തി പ്രഖ്യാപിച്ച യേശുദാസിനു കൈവന്ന വലിയ സൗഭാഗ്യങ്ങളുടെ ഗണത്തില്‍, താന്‍ ബാല്യം മുതല്‍ മനസില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഗായകന്‍ മുഹമ്മദ് റാഫിയുമായും ഗായിക ലതാമങ്കേഷ്‌കറുമായും അടുത്ത സഹോദരബന്ധം സ്ഥാപിക്കാനും ഒപ്പം പാട്ടുകള്‍ പാടി റിക്കാര്‍ഡു ചെയ്യാനും കിട്ടിയ അവസരങ്ങളാണു മുന്‍പന്തിയില്‍.

മുഹമ്മദ് റാഫിയുടെ പ്രഖ്യാതഗാനങ്ങള്‍ റേഡിയോയില്‍നിന്നും ഗ്രാമഫോണ്‍ റിക്കാര്‍ഡറുകളില്‍നിന്നും കേട്ടു പഠിച്ച്, മഹാഭാരതത്തിലെ ഏകലവ്യനെപ്പോലെ അദൃശ്യശിഷ്യനായി കഴിഞ്ഞ ദാസിന് ഹിന്ദുസ്ഥാനി സംഗീതത്തിലെയും ഹിന്ദിചലച്ചിത്രലോകത്തെയും മഹാമേരുവായ റാഫിയെ നേരില്‍ കാണാനും കാല്‍തൊട്ടുവന്ദിക്കാനും ഇടകിട്ടിയത് ബോംബെയില്‍ ഗാനമേള പാടുന്നതിന്റെ ഇടവേളയില്‍ ലഭ്യമായ ഒരു മനോഹരസായാഹ്നത്തില്‍.

ബൈജുബാവ്‌രയിലെ ആ മോഹനഗാനം എത്ര കേട്ടിട്ടും യേശുദാസിനു മതിവന്നില്ല. എത്രതവണ പാടിയിട്ടും അതിനൊപ്പമെത്താനും കഴിഞ്ഞില്ല.
ഭഗവാന്‍.... ഭഗവാന്‍.... / ഓ ദുനിയാകീ രഖ്‌വാലേ / സുനുദര്‍ദ് ഭരേ മേരേ നാരേ.... / ഓ ദര്‍ദ് ഭരേ മേരെ നാരേ....

മുഹമ്മദ് റാഫിയുടെ ഗാനധാര ആസേതുഹിമാചലം ചലനങ്ങളുണര്‍ത്തിയ നാളുകളായിരുന്നു അവ. ഗസല്‍രാജാക്കന്മാരായ ഖാന്‍സാഹിബുമാരെ ഒരു വശത്തേക്കു മാറ്റിനിറുത്തിക്കൊണ്ട് ജനതയുടെ സംഗീതദാഹമടക്കാന്‍ ചലച്ചിത്രഗാനങ്ങള്‍ പുത്തന്‍സ്രോതസ്സുകള്‍ തുറന്നു പ്രവഹിപ്പിച്ച വര്‍ഷങ്ങള്‍.

വര്‍ണ്ണപ്പകിട്ടാര്‍ന്ന വേഷമണിഞ്ഞു പാടിത്തുള്ളിയ കുഞ്ചന്‍നമ്പ്യാരെക്കണ്ട്, ചാക്യാര്‍കൂത്തു കേട്ട് ബോറടിച്ചിരുന്നവരെല്ലാം അവിടം വിട്ട് തുള്ളല്‍വേദിയുടെ മുന്നിലേക്കു നീങ്ങിയില്ലേ! ഹിന്ദി സംഗീതരംഗത്തും അതു തന്നെയാണ് സംഭവിച്ചത്. ഗസല്‍സദസ്സുകളില്‍ തിരക്കു കുറഞ്ഞു. എല്ലാവരുടെയും ശ്രദ്ധ ചലച്ചിത്രഗാനമേളകളിലേക്കു തിരിഞ്ഞു.

1938-ല്‍ പ്രശസ്ത സംഗീതകാരനായ റായ് ചന്ദ് ബോറാല്‍ ആണ് ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഗാനത്തിന് അവസരം സൃഷ്ടിച്ചത്. 1935 ല്‍ ധുപ്ഛാജുവ എന്ന ചിത്രത്തിനുവേണ്ടി. അക്കാലഘട്ടത്തില്‍ സിനിമയില്‍ നടിക്കുന്ന താരങ്ങള്‍ തന്നെ സ്വന്തം റോളിനു വേണ്ടിയുള്ള ഗാനങ്ങള്‍ സ്വയം ആലപിക്കുകയായിരുന്നു പതിവ്. കാനന്‍ബാല, കെ.എല്‍.സൈഗള്‍, ഉമാശശി, പഹാഡിസന്യാല്‍, ഖുര്‍ഷിദ്, കെ.സി.ഡേ തുടങ്ങിയവരെല്ലാം സിനിമയില്‍ ആലാപനവും നടനവും ഒപ്പം കൊണ്ടു നടന്നവരാണ്.

സ്റ്റുഡിയോയില്‍ പാട്ടുകള്‍ റിക്കാര്‍ഡു ചെയ്യുന്ന സമ്പ്രദായത്തെപ്പറ്റി ആരും ചിന്തിച്ചതേ ഇല്ലായിരുന്നു, അക്കാലത്ത്. ഷൂട്ടിംഗ് നടക്കുന്നിടത്തുവച്ചുതന്നെ മൈക്രോ ഫോണിലൂടെ ഗാനങ്ങളും സംഭാഷണവും ടേപ്പില്‍ പകര്‍ത്തിയെടുക്കും. അങ്ങനെ ധാരാളം സമയവും പണവും ബുദ്ധിമുട്ടും ലാഭിക്കുകയും ചെയ്യും.

പക്ഷേ ഈ സമ്പ്രദായത്തിനു വ്യക്തമായ രണ്ടു വൈകല്യങ്ങളുണ്ടായിരുന്നു. പാടാനറിയാത്ത നടീനടന്മാര്‍ക്കു സിനിമയിലെ അഭിനയം സ്വപ്നം കാണാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഒന്ന്.

ഒട്ടുവളരെ അഭിനയപ്രതിഭകള്‍, ആലാപനപാടവമില്ലെന്ന ഒറ്റക്കാരണത്താല്‍, സിനിമാരംഗത്തുനിന്നു മാറ്റിനിറുത്തപ്പെട്ടു. ഇതിന്റെ പ്രത്യാഘാതമായിരുന്നു രണ്ടാമത്തെ വൈകല്യം. അഭിനയ വാസന കുറവായ ഗായകര്‍ അഭിനയരംഗത്ത് ആധിപത്യം പുലര്‍ത്തിയ അവസ്ഥ.

അശോക് കുമാര്‍ എന്ന അഭിനയസമ്രാട്ട്, അച്ഛൂത് കന്യാ എന്ന ചിത്രത്തിനുവേണ്ടി സ്വയം പാടിയതു കേട്ടപ്പോഴാണ് പലരുടെയും കണ്ണ് തുറന്നത്. തീര്‍ത്തും സഹ്യമല്ലാത്ത ആലാപനശൈലി. എന്തു ചെയ്യും? പാട്ടുകാരനല്ലെന്ന കാരണം പറഞ്ഞ് അദ്ദേഹത്തെ മാറ്റിനിറുത്തുന്നതിനെപ്പറ്റി ആര്‍ക്കും ചിന്തിക്കാനായില്ല.

ഒടുവില്‍ കിസ്മത് എന്ന സിനിമയുടെ സംഗീതസംവിധായകന്‍ അനില്‍ബിശ്വാസ് ഒരു വഴി കണ്ടെത്തി. അരുണ്‍കുമാര്‍ എന്ന ഗായകന് അശോക് കുമാറിന്റെ ശബ്ദത്തില്‍, അദ്ദേഹത്തിന്റെ ചുണ്ടുകളുടെ ചലനവുമായി താദാത്മ്യം പ്രാപിച്ച് പാടാന്‍ കഴിയുമെന്നതായിരുന്നു സുപ്രധാനമായ ആ കണ്ടുപിടിത്തം.

അടുത്ത പരീക്ഷണം നൗഷദ്ജിയാണ് നടത്തിയത്. ഒമ്പതു വയസ്സുകാരിയായ സുരയ്യ എന്ന പെണ്‍കുട്ടിയെ നയീദുനിയാ എന്ന ചിത്രത്തിലെ ബാലനടനുവേണ്ടി പിന്നണി പാടാന്‍ ഉപയോഗിച്ചു. പിന്നീട് ശാരദയില്‍ നായികയായ മഹ്ത്താബിനുവേണ്ടിയും സുരയ്യപാടി.

കാലക്രമേണ സുരയ്യ സ്വന്തം നിലയില്‍ ഒരു നായികനടിയായി ഉയരുകയും മറ്റുള്ളവര്‍ക്കുവേണ്ടി പിന്നണി പാടുന്ന തൊഴില്‍ ഉപേക്ഷിക്കുകയും ചെയ്തു. എങ്കിലും സ്വന്തം റോളുകള്‍ക്കുവേണ്ട ഗാനങ്ങളെല്ലാം, 1963-ല്‍ രംഗംവിടുന്നതുവരെ ആ അതുല്യകലാകാരി തന്നെ പാടി റിക്കാര്‍ഡു ചെയ്തുകൊണ്ടിരുന്നു.

1944-ല്‍ നൗഷാദ്ജി തന്റെ കലാജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തം നടത്തി. മുഹമ്മദ്‌റാഫി എന്ന കണ്ടുപിടിത്തം പഹലേ ആപ് എന്ന ചിത്രത്തിന്റെ റിലീസ്, റാഫിയെന്ന ഉജ്ജ്വല താരത്തിന്റെ ഉദയത്തിനു നാന്ദികുറിച്ചു. നാള്‍ക്കുനാള്‍ ശോഭയേറിവന്ന ആ സംഗീതജ്യോതിസ്സിന്റെ രശ്മികള്‍ ആകാശവാണിയിലൂടെ, എച്ച്.എം.വി.റിക്കാര്‍ഡുകളിലൂടെ തെക്കുതെക്കുള്ള കൊച്ചിയിലും ശോഭപരത്തുമ്പോള്‍, യേശുദാസ് നാദബ്രഹ്മത്തിന്റെ സാഗരതീരം തേടി അവിടെയൊക്കെ അലയുകയായിരുന്നു.

ഭഗവാന്‍.... ദുനിയാകേ രഖ്‌വാലേ.... എന്ന പ്രാര്‍ത്ഥനാഗാനം ഗായകനെ പിടിച്ചുനിറുത്തി. താന്‍ തേടുന്ന നാദബ്രഹ്ത്തിന്റെ പ്രതിദ്ധ്വനി ആ സ്വരഗാംഭീര്യത്തില്‍ വ്യക്തമായി മുഴങ്ങിയിരുന്നു. ഇതുതന്നെ സംഗീതത്തിന്റെ വഴി; ഇതുതന്നെ സംഗീതത്തിന്റെ ജീവനും.

അങ്ങങ്ങു ദൂരെ, എത്തുംപിടിയും കിട്ടാത്ത ബോംബേനഗരത്തില്‍ അദ്ദേഹം സ്റ്റുഡിയോകളിലും രംഗവേദികളിലും പാടി ജനകോടികളെ സംഗീതത്തിന്റെ പുത്തന്‍ വിണ്‍ഗംഗയിലേക്കു നയിച്ചപ്പോള്‍, ഇങ്ങുതാഴെ കേരളത്തില്‍, യേശുദാസ് അദ്ദേഹത്തിന്റെ ശിഷ്യനായിത്തീര്‍ന്നു.

ദ്രോണാചാര്യരുടെ പ്രതിമവച്ചു പൂജിച്ച് അസ്ത്രവിദ്യ അഭ്യസിച്ച പാവപ്പെട്ട കാട്ടാളകുമാരനെപ്പോലെ റിക്കാര്‍ഡുകളില്‍നിന്ന് റാഫിജിയുടെ തനതായ ടെക്‌നിക്കുകള്‍ കേട്ടുപഠിക്കാന്‍, സ്വന്തം ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്തു പുനരാവിഷ്‌കരിക്കാന്‍ ദാസ് ശ്രമിച്ചുകൊണ്ടിരുന്നു.

എന്നാണദ്ദേഹത്തെ നേരിട്ടൊന്നു കാണാനും കേള്‍ക്കാനും കഴിയുക? ദക്ഷിണേന്ത്യന്‍ സിനിമകളുടെ പിന്നണി രംഗവുമായി ബന്ധപ്പെട്ടു നീക്കിയ നാളുകളിലൊക്കെ മനസ്സില്‍ ഒളിച്ചുവച്ച മോഹമായിരുന്നു അത്. തോളില്‍ ജീവിതഭാരത്തിന്റെ ഭാണ്ഡവും പേറി നാടായ നാട്ടിലൊക്കെ അലഞ്ഞുതിരിയുന്ന പാമരനായ പാട്ടുകാരന് ചക്രവര്‍ത്തിയുടെ സവിധത്തിലേക്കു വെറുതെയങ്ങു നടന്നു കയറാനൊക്കുമോ?

അവസരം വരട്ടെ. അതുവരെ ക്ഷമയോടെ കാക്കാം.ഒടുവില്‍ ബോംബെയില്‍വച്ച് അതിനവസരമുണ്ടായി. റാഫിജിക്കു പത്മശ്രീ അവാര്‍ഡു ലഭിച്ചതു സംബന്ധിച്ച സ്വീകരണച്ചടങ്ങ്. സംഗതിവശാല്‍ ഒരു ഗാനമേളപ്പരിപാടിയുമായി യേശുദാസും ബോംബെയില്‍ ഉണ്ടായിരുന്നു.

(തുടരും)

Ads by Google
TRENDING NOW