Sunday, April 15, 2018 Last Updated 8 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jan 2017 03.21 PM

സിദ്ധിയുടെ ആനന്ദം

uploads/news/2017/01/66952/weeklysidhi.jpg

ആനന്ദത്തിലെ ദിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ധി പ്രതീക്ഷയുണര്‍ത്തുന്ന നടിയാണ്.

ആദ്യമായി നിര്‍മ്മാതാവാകുന്ന വിനീത് ശ്രീനിവാസന്‍ ആനന്ദത്തിലുടെ കുറേ പുതുമുഖങ്ങളെ മലയാളി മനസിലേക്ക് എത്തിച്ചിരിക്കുകയാണ്. നിഷ്‌കളങ്കമായ മുഖവും ഓമനത്തം തോന്നുന്ന ചിരിയുമായി പ്രേക്ഷകരെ ആനന്ദത്തിലാഴ്ത്തിയ നടിയാണ് സിദ്ധി.

ആനന്ദത്തിലെ ദിയയെ അഭിനയിപ്പിച്ച് ഫലിപ്പിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ സിദ്ധിയുടെ യഥാര്‍ത്ഥ പേരു പോലും പലര്‍ക്കും അറിയില്ല. ബാംഗ്ലൂരില്‍ ജനിച്ചെങ്കിലും സിദ്ധി പഠനകാലം മുഴുവന്‍ ചെലവഴിച്ചത് കൊച്ചിയിലാണ്. ആദ്യമായി അഭിനയിച്ച സിനിമ വന്‍ വിജയമായെങ്കിലും താനൊരു നടിയായി എന്ന ചിന്തയൊന്നും സിദ്ധിക്കില്ല.

അഭിനയത്തിലേക്ക്?


ആനന്ദത്തിന്റെ സംവിധായകന്‍ ഗണേഷേട്ടന്‍ വിദ്യാനികേതന്‍ സ്‌കൂളില്‍ എന്റെ സൂപ്പര്‍ സീനിയറായിരുന്നു. അദ്ദേഹം സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ സ്‌കൂളിലെ ടീച്ചേഴ്‌സിനോട് പതിനെട്ടുവയസ്സുള്ള അഭിനയിക്കാന്‍ താല്പര്യമുള്ള ഒരു പെണ്‍കുട്ടിയെ വേണമെന്ന് പറഞ്ഞിരുന്നു.

പക്ഷേ എനിക്ക് പതിനെട്ടുവയസ്സ് ആകാത്തതുകൊണ്ട് ടീച്ചേഴ്‌സ് അദ്ദേഹത്തോട് എന്നെക്കുറിച്ച് പറഞ്ഞില്ല. പിന്നീടെപ്പോഴോ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത എന്റെ ഫോട്ടോ ഗണേഷേട്ടന്‍ കണ്ടു. അപ്പോള്‍ തന്നെ അദ്ദേഹം ടീച്ചേഴ്‌സിനോട് എന്നെക്കുറിച്ച് അന്വേഷിച്ചു.

അങ്ങനെയാണ് ആനന്ദത്തിലേക്ക് എത്തുന്നത്. എല്ലാവരും പുതുമുഖങ്ങളായതുകൊണ്ട് ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. അതിരാവിലെ ഒരു സീന്‍ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. തലേദിവസം രാത്രിയില്‍ എല്ലാവരോടും ഷൂട്ടുണ്ട്, വെളുപ്പിന് മൂന്നുമണിക്ക് തന്നെ എഴുന്നേറ്റ് റെഡിയാകണമെന്ന് അറിയിച്ചിരുന്നു.

പിറ്റേന്ന് രാവിലെ എല്ലാവരും റെഡിയായി എത്തി. എന്നെ മാത്രം കാണുന്നില്ല. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്നു നോക്കുമ്പോള്‍ ഞാന്‍ പുതച്ചുമൂടി കിടന്നുറങ്ങുകയാണ്. കുറേ വിളിച്ചിട്ടും ഞാനെഴുന്നേല്‍ക്കുന്നില്ല.

പിന്നെ എല്ലാവരും കൂടി ചേര്‍ന്ന് പിടിച്ചുവലിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. റെഡിയായി ചെന്നപ്പോഴോ അവിടുന്നുമിവിടുന്നുമെല്ലാം കമന്റ്‌സും ''ചിലര്‍ക്ക് അതിരാവിലെ പതിനൊന്നുമണിയാണെന്ന് അറിയില്ലേ'' എന്നും പറഞ്ഞ്..

വിനീത് ശ്രീനിവാസനൊപ്പമുള്ള എക്‌സ്പീരിയന്‍സ്?


ഒരു പ്രൊഡ്യൂസര്‍ എന്ന നിലയിലായിരുന്നില്ല വിനീതേട്ടന്‍ ഞങ്ങളോട് പെരുമാറിയത്. കൂട്ടത്തിലൊരാളെന്ന രീതിയില്‍ നല്ലൊരു സുഹൃത്തിനെപ്പോലെയായിരുന്നു. സിനിമ റിലീസായിക്കഴിഞ്ഞ് ആദ്യം ഞങ്ങളെ വിളിച്ച് അഭിനന്ദിച്ചതും വിനീതേട്ടനായിരുന്നു.

ഇപ്പോള്‍ പുതിയ അവസരങ്ങള്‍ വരുമ്പോള്‍ അദ്ദേഹത്തോട് അഭിപ്രായം ചോദിക്കും. നല്ല കഥാപാത്രങ്ങള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നാണ് അദ്ദേഹം പറയുന്നത്.

uploads/news/2017/01/66952/weeklysidhi1.jpg

ലൊക്കേഷന്‍ വിശേഷങ്ങള്‍?


മറക്കാനാവാത്തത് ഞങ്ങളുടെ ക്യാമറ പൊട്ടിപ്പോയതാണ്. ക്ലൈമാക്‌സ് ഷൂട്ടിന്റെ സമയത്ത് എല്ലാവരും റെഡിയായി വന്നപ്പോഴാണ് ക്യാമറ താഴേയ്ക്ക് വീഴുന്നത്. ക്യാമറാമാന്‍ വച്ചതിന്റെ കുഴപ്പമോ മറ്റോ ആയിരുന്നു.

ക്യാമറ പൊട്ടി. അങ്ങനെ രണ്ടുമൂന്നു ദിവസം ഷൂട്ട് മാറ്റി വച്ചു. എല്ലാവര്‍ക്കും കോളജ് തുടങ്ങാന്‍ സമയമായിരുന്നു. ഷൂട്ട് കംപ്ലീറ്റ് ചെയ്യാന്‍ പറ്റാതെ പോയാലോ എന്നൊക്കെയായിരുന്നു ചിന്ത.

പ്രേക്ഷകരുടെ പ്രതികരണം?


സിനിമയുടെ ഷൂട്ട് തുടങ്ങിയ ശേഷം ഞാന്‍ കുടുംബത്തോടൊപ്പം അധികസമയം ചെലവഴിച്ചിട്ടില്ല. ആനന്ദം റിലീസായി ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും എല്ലാവരും കൂടി പുറത്തുപോയി. ഷോപ്പിംഗിനുവേണ്ടി സെന്‍ട്രല്‍മാളിലെത്തിയപ്പോള്‍ ആനന്ദത്തിന്റെ ഷോ വിടുന്ന സമയമായിരുന്നു.

എന്നെ കണ്ടതും ഈ സിനിമയിലെ കുട്ടിയല്ലേ എന്നും പറഞ്ഞ് ആളുകള്‍ ഓടി വന്ന് കെട്ടിപ്പിടിക്കുകയും സെല്‍ഫിയെടുപ്പുമൊക്കെയായി ആകെ ബഹളമായിരുന്നു. വീട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടിയില്ല എങ്കിലും എനിക്ക് ഒരുപാട് സന്തോഷം തോന്നി.

ഒരൊറ്റ സിനിമ കൊണ്ട് ഇത്രയധികം അംഗീകാരം കിട്ടുക വലിയൊരു കാര്യമാണ്. അവരെല്ലാം എന്നെ കാണുന്നത് ആനന്ദത്തിലെ ദിയയായിട്ടാണ്. സിദ്ധി എന്നാണ് എന്റെ പേര് എന്നുപോലും അറിയില്ല.

കുടുംബം?


അച്ഛന്‍ വീരേന്ദ്ര, എസ്.എം.എസ്. ഫിനാന്‍സിലാണ്. അമ്മ ലക്ഷ്മി, കരിയര്‍ ലോഞ്ചിലാണ്. ഞാന്‍ ജനിച്ചത് ബാംഗ്ലൂരിലാണ്. എനിക്ക് മൂന്നുമാസം പ്രായമുള്ളപ്പോള്‍ അച്ഛനു ട്രാന്‍സ്ഫറായി കൊച്ചിയിലേക്ക് മാറുകയായിരുന്നു.

അനിയന്‍ ശ്രീധര്‍ പഠിക്കുകയാണ്. ഞാനിപ്പോള്‍ ബാംഗ്ലൂരില്‍ ബി.ബി.എയ്ക്ക് പഠിക്കുന്നു. വീട്ടില്‍ എല്ലാവരും സന്തോഷത്തിലാണ്. എങ്കിലും എനിക്ക് അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയതില്‍ മറ്റാരേക്കാളും സന്തോഷം അനിയനാണ്.

അവന് ചേച്ചി ഒരു നടിയാണെന്ന് വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണ് . റിലീസിംഗിന്റെ അന്ന് ഞാന്‍ ആനന്ദം ടീമിന്റെ കൂടെയാണ് തിയറ്ററില്‍ പോയത്. അനിയന്‍ അവന്റെ കൂട്ടുകാരെയും കൊണ്ട് അതേ തിയറ്ററില്‍ വന്നിരുന്നു. അവര്‍ക്കെല്ലാവര്‍ക്കും സിനിമ ഒരുപാട് ഇഷ്ടമായി. എന്നോടൊപ്പം നിന്ന് സെല്‍ഫി എടുത്തിട്ടാണ് അന്നവര്‍ പോയത്.

- സുനിത സുനില്‍

Ads by Google
Tuesday 03 Jan 2017 03.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW