Monday, December 18, 2017 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 02 Jan 2017 03.25 PM

'വിവാഹക്കാര്യം ആദ്യം പറഞ്ഞത് മമ്മൂക്കയോട് ' - വിജയലക്ഷ്മി

uploads/news/2017/01/66555/weeklyvikam.jpg

ജ്യോതിഷപണ്ഡിതന്‍ പെരിങ്ങോട് ശങ്കരനാരായണന്‍ തിരുമേനിയെ കാണാന്‍ ചെന്നതായിരുന്നു അച്ഛന്‍. എന്റെ ജാതകം പരിശോധിച്ചശേഷം തിരുമേനി പറഞ്ഞു-വിജയലക്ഷ്മിക്ക് കല്യാണാലോചനയ്ക്കുള്ള സമയമാണിത്. മീനത്തില്‍ താലികെട്ട് നടക്കുമെന്നാണ് കാണുന്നത്.

അപ്പോള്‍ത്തന്നെ പത്രത്തില്‍ പരസ്യം ചെയ്യാനുള്ള കുറിപ്പും തിരുമേനി എഴുതിത്തന്നു-കാഴ്ചയ്ക്ക് വൈകല്യമുള്ള വൈക്കം സ്വദേശിനിക്ക് വരനെ തേടുന്നു. പരസ്യം പ്രസിദ്ധീകരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി അമ്പതിലധികം വിവാഹാലോചനകളാണ് വന്നത്.

ഓരോന്നും വിശദമായി പരിശോധിച്ചു. അക്കൂട്ടത്തില്‍ നിന്നാണ് സന്തോഷേട്ടന്റെ ആലോചന തെരഞ്ഞെടുത്തത്. വിവാഹത്തെക്കുറിച്ച് ആലോചിച്ച സമയത്തുതന്നെ എനിക്ക് ചില നിബന്ധനകളുണ്ടായിരുന്നു. സംഗീതത്തെ ഇഷ്ടപ്പെടുന്നയാളാവണം. വൈക്കത്തെ എന്റെ വീട്ടില്‍ത്തന്നെ സ്ഥിരമായി താമസിക്കണം.

ഇവ രണ്ടും അംഗീകരിക്കുന്ന ഒരാള്‍ വരണേ എന്നായിരുന്നു അക്കാലത്തെ പ്രാര്‍ഥന. എല്ലാ ദിവസവും രാവിലെയും വൈകിട്ടും പ്രാര്‍ഥന നിര്‍ബന്ധമാണ്. അതിനൊപ്പം കുടുംബക്ഷേത്രത്തിലും വൈക്കം ക്ഷേത്രത്തിലും പോകും.

തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശിയായ സന്തോഷേട്ടന്റെ പേരും കുടുംബമഹിമയും അറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി. അദ്ദേഹത്തിന്റെ ബന്ധുക്കളെ അച്ഛന്‍ ഫോണില്‍ വിളിച്ചു. ആള്‍ സംഗീതപ്രേമിയാണ്.

വൈക്കം വിജയലക്ഷ്മി എന്ന ഗായികയ്ക്കുവേണ്ടിയാണ് വിളിക്കുന്നത് എന്നു പറഞ്ഞപ്പോള്‍ സന്തോഷിനും ബന്ധുക്കള്‍ക്കും അദ്ഭുതം. കാരണം എന്റെ പേര് ആലോചനയില്‍ കൊടുത്തിരുന്നില്ല. അന്ന് വൈകിട്ട് സന്തോഷിന്റെ കസിന്‍ സിസ്റ്റര്‍ വത്സലാദേവിച്ചേച്ചി വിളിച്ചു.

''വര്‍ഷങ്ങളായി വിജയലക്ഷ്മിയുടെ ആരാധകരാണ് ഞങ്ങള്‍. സന്തോഷാണെങ്കില്‍ നന്നായി പാടും. നല്ല പയ്യനാണ്. അവിടെ വന്ന് താമസിക്കാനും തയ്യാറാണ്.''

ഇതറിഞ്ഞപ്പോള്‍ എനിക്കും സന്തോഷമായി. രണ്ടുദിവസം കഴിഞ്ഞ് അവരെല്ലാവരും പെണ്ണുകാണാന്‍ വന്നു. ചായയൊക്കെ കൊടുത്തശേഷം സന്തോഷേട്ടന്‍ എന്നോടു ചോദിച്ചു-ഇഷ്ടമുള്ള ഒരു പാട്ട് പാടാമോ?

ഞാന്‍ 'ഒപ്പ'ത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ.. എന്ന പാട്ടുപാടി. സന്തോഷേട്ടന്‍ താളം പിടിച്ചു.
''സന്തോഷേട്ടനും ഒരു പാട്ടുപാടാമോ?'

ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിനും സന്തോഷമായി. കൃഷ്ണഭക്തനായതുകൊണ്ടുതന്നെ 'പാര്‍ഥന്‍ സാരഥിയായ കൃഷ്ണാ...' എന്ന പാട്ടാണ് സന്തോഷേട്ടന്‍ പാടിയത്.

ഒരുപാട് വേദികളില്‍ പോയിട്ടുണ്ടെങ്കിലും ഈ പാട്ട് കേള്‍ക്കുന്നത് ആദ്യം. പിന്നീട് ഞങ്ങള്‍ സംസാരിച്ചതു മുഴുവന്‍ സംഗീതത്തെക്കുറിച്ചായിരുന്നു. രണ്ടുപേര്‍ക്കും പരസ്പരം ഇഷ്ടപ്പെട്ടപ്പോള്‍ ഡിസംബര്‍ പതിനാലിന് വിവാഹനിശ്ചയം നടത്താന്‍ തീരുമാനിച്ചു.

പെണ്ണുകാണാന്‍ വന്നതിന്റെ രണ്ടു ദിവസം കഴിഞ്ഞായിരുന്നു പീപ്പിള്‍ ടി.വിയുടെ ഫിനിക്‌സ് അവാര്‍ഡ് ദാനം. അതിനുവേണ്ടി ഞാന്‍ തിരുവനന്തപുരത്തേക്കു പോയി. മമ്മുക്കയായിരുന്നു വിശിഷ്ടാതിഥി.

എന്തൊക്കെയുണ്ട് പുതിയ വിശേഷങ്ങള്‍ വിജയലക്ഷ്മീ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ വിവാഹനിശ്ചയത്തിന്റെ കാര്യം പറഞ്ഞു.
''ഇക്കാര്യം ആദ്യം പറയുന്നത് മമ്മുക്കയോടാണ്.''

അതിനെന്താ നല്ല കാര്യമല്ലേ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം എനിക്ക് ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ പ്രസംഗിക്കാനെഴുന്നേറ്റപ്പോള്‍ എന്റെ കാര്യം പറഞ്ഞാണ് മമ്മുക്ക തുടങ്ങിയത്.

''ഇന്ന് ഒരു നല്ല വാര്‍ത്തയുണ്ട്. നമ്മുടെ വൈക്കം വിജയലക്ഷ്മി വിവാഹിതയാവാന്‍ പോകുന്നു. തൃശൂരുകാരനായ സന്തോഷാണ് വരന്‍. ഡിസംബര്‍ പതിനാലിന് വിവാഹനിശ്ചയം നടക്കും.''

സദസ്സില്‍ നീണ്ട കൈയടി. പ്രോഗ്രാം കഴിഞ്ഞപ്പോള്‍ പലരും എനിക്ക് ആശംസകള്‍ നേര്‍ന്നു. അതോടെയാണ് വിവാഹക്കാര്യം എല്ലാവരുമറിഞ്ഞത്. വിവാഹനിശ്ചയം വീട്ടില്‍ വച്ചുതന്നെയായിരുന്നു.

മാര്‍ച്ച് 29ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. ഏറെക്കാലമായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്.

uploads/news/2017/01/66555/weeklyvikam1.jpg

TRENDING NOW