Tuesday, January 10, 2017 Last Updated 9 Min 30 Sec ago English Edition
Todays E paper
രാധിക ചന്ദ്രന്‍
Monday 02 Jan 2017 01.15 PM

ചോര കൊടുത്തൊരു കല്യാണം; ഇക്കല്ല്യാണം ഒരു സംഭവമാ....

പാവറട്ടി പണിക്കവീട്ടില്‍ മൊയ്തുട്ടിയുടെ മകന്‍ മുഹമ്മദ് നുഹാസിന്റേയും ചാവക്കാട് പെരുവത്ത് വീട്ടില്‍ മുഹമ്മദിന്റെ മകള്‍ ഷാഹിനയുടേയും വിവാഹവും വ്യത്യസ്തത നിറഞ്ഞതാണ്. ചരിത്രകല്യാണം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ കല്യാണം ഒരുപാട് പേര്‍ക്ക് മാതൃകയായാണ് നടന്നത്.
uploads/news/2017/01/66537/marriage.jpg

തൃശൂര്‍: കല്യാണ മാമാങ്കം വ്യത്യസ്തമാക്കാന്‍ എന്തു സാഹസം ചെയ്യാനും തയാറാണ് ഇന്നത്തെ തലമുറ. പലപ്പോഴും ഇത്തരത്തിലുള്ള സാഹസങ്ങള്‍ അതിരു വിടാറുണ്ടെങ്കിലും ചില കല്യാണങ്ങള്‍ എന്നും മനസില്‍ ഓര്‍ത്തിരിക്കാന്‍ പാകത്തിന് ഓര്‍മകളും നല്‍കാറുണ്ട്.


പാവറട്ടി പണിക്കവീട്ടില്‍ മൊയ്തുട്ടിയുടെ മകന്‍ മുഹമ്മദ് നുഹാസിന്റേയും ചാവക്കാട് പെരുവത്ത് വീട്ടില്‍ മുഹമ്മദിന്റെ മകള്‍ ഷാഹിനയുടേയും വിവാഹവും വ്യത്യസ്തത നിറഞ്ഞതാണ്. ചരിത്രകല്യാണം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ കല്യാണം ഒരുപാട് പേര്‍ക്ക് മാതൃകയായാണ് നടന്നത്.

വിവാഹദിനത്തില്‍ വരനും സുഹൃത്തുക്കളും ബന്ധുക്കളും അടക്കം 30 പേര്‍ രക്തദാനം നടത്തി. ബ്ലഡ് ഡോണേഴ്‌സ് കേരളയുടേയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റേയും നേതൃത്വത്തിലാണ് നുഹാസ് രക്തദാനം നടത്തിയത്.
10 വര്‍ഷത്തിലധികമായി ദുബായില്‍ സീനിയര്‍ സേഫ്റ്റി എന്‍ജിനീയറായി ജോലി ചെയ്തുവരികയാണ് നുഹാസ്. അത്രയും വര്‍ഷമായി നുഹാസും രക്തദാനവും തമ്മിലുള്ള ബന്ധവും തുടങ്ങിയിട്ട്. ഇത്രയും വര്‍ഷമായി ലോകത്തുടനീളം ആവശ്യമുള്ളവര്‍ക്ക് രക്തം എത്തിച്ചുകൊടുക്കാനും തുടങ്ങി.

രണ്ടു വര്‍ഷമായി ദുബായി ഹെല്‍ത്ത് അഥോറിറ്റി, ദുബായ് പോലീസ്, ദുബായ് അല്‍- അമീന്‍ സര്‍വീസ് എന്നിവരുമായി സഹകരിച്ച് രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. രക്തത്തിനാര്‍ക്കെങ്കിലും ആവശ്യം വന്നാല്‍ ഇവരെല്ലാം ആദ്യം തേടിയെത്തുന്നതും നുഹാസിനേയാണ്.

ദൈവത്തിന്റെ കരസ്പര്‍ശമെന്നോണം ജീവിതത്തിലേക്ക് കടന്നുവന്ന പെണ്‍കുട്ടി ജോലി ചെയ്യുന്നത് രക്തത്തിന്റെ വിലയറിയുന്ന മേഖലയില്‍ത്തന്നെയാണ്. ലബോറട്ടറിയിലാണ് ഷാഹിനയ്ക്ക് ജോലി.

വിവാഹ ചടങ്ങുകളെല്ലാം പെണ്‍വീട്ടിലായതിനാല്‍ ബുക്ക് ചെയ്ത ഓഡിറ്റോറിയം പാഴാക്കണ്ട എന്ന ചിന്തയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കാന്‍ നുഹാസിന് പ്രചോദനമായത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും സൗജന്യമായി രക്തം ലഭിക്കുന്ന അവസ്ഥ വരണം. അതാണ് ഈ നവവരന്റെ സ്വപ്നം. ഓപ്പറേഷനും മറ്റുമായി വളരെ തുക ചെലവാകുന്നതോടൊപ്പം രക്തത്തിനായി ആര്‍ക്കും പണം ചെലവാക്കാന്‍ ഇടവരരുത്.

അതിനുവേണ്ടി വിവാഹദിനം പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍. രക്തദാനത്തിനായി പുതിയൊരു വെബ്‌സൈറ്റ്, www.givemeblood.com. ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ രക്തം ആവശ്യമുള്ളവര്‍ക്കും ദാതാക്കളെ ആവശ്യമുള്ളവര്‍ക്കും വേണ്ട എല്ലാ വിവരങ്ങളും ലഭിക്കും.

വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സെര്‍ച്ച് ചെയ്യുമ്പോള്‍ വ്യക്തികളുടെ ബ്ലഡ് ഗ്രൂപ്പുകള്‍, അവര്‍ അവസാനമായി രക്തം കൊടുത്ത തീയതി, അവരുടെ വിവരങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും ലഭ്യമാകും. വിവാഹദിനത്തില്‍ വധൂവരന്മാര്‍ തന്നെയാണ് വെബ്‌സൈറ്റ് പുറത്തിറക്കിയത്.

രാധിക ചന്ദ്രന്‍
Monday 02 Jan 2017 01.15 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW