Wednesday, July 19, 2017 Last Updated 21 Min 27 Sec ago English Edition
Todays E paper
വി.പി നിസാര്‍
Monday 02 Jan 2017 12.40 PM

എഴുത്തുകാരി സാഹിറയുടെ കുടുംബത്തോട് ക്രൂരത; വൈദ്യുതി ലഭിക്കാന്‍ അനുമതിചോദിച്ചതിന് വീട്ടിലേക്കുള്ള വഴി മതില്‍കെട്ടിയടച്ചു

''ഇനിയുമെത്ര മതിലുകള്‍ ഭേദിക്കണം ജീവിതമേ നിന്റെ നിറങ്ങള്‍ കാണാന്‍'' കഴിഞ്ഞ ദിവസം രാത്രിയില്‍ തന്റെ വീടിനുമുന്നില്‍ മതില്‍ ഉയര്‍ന്നപ്പോള്‍ സാഹിറ കുറിച്ചിട്ടതാണീ വരികള്‍.
uploads/news/2017/01/66532/shahira-1.jpg

മലപ്പുറം: വൈദ്യുതി ലഭിക്കാന്‍ അനുമതി ചോദിച്ചതിന് വഴിമുടക്കി യുവ എഴുത്തുകാരിയുടെ കുടുംബത്തോട് വീണ്ടും ക്രൂരത. മണ്ണെണ്ണക്കരിയുടെ മണവും കണ്ണീരിന്റെ നനവും മറന്ന് അക്ഷരവെളിച്ചത്തില്‍ പേനയേന്തിയ സാഹിറയും കുടുംബവും താമസിക്കുന്ന വീടിന്റെ പണിപൂര്‍ത്തിയായതു കഴിഞ്ഞ ജൂലൈമാസത്തിലാണ്. കുറ്റിപ്പുറം പൈങ്കണ്ണൂര്‍ മേലേതില്‍ വീട്ടില്‍ സാഹിറയെ കുറിച്ചു കഴിഞ്ഞ 2015ജനുവരി 14നു മംഗളം പ്രസിദ്ധീകരിച്ച വാര്‍ത്തയാണു യുവകവിയത്രിയടെ വീടിന്റെ ശോചനീയാവസ്ഥ പുറത്തുകൊണ്ടുവന്നത്. തുടര്‍ന്നു യുവകലാസാഹിതി ഖത്തര്‍ പ്രവാസി കൂട്ടായ്മയും സി.പി.ഐ ഓണ്‍ലൈന്‍ സപ്പോര്‍ട്ടേഴ്‌സ് കൂട്ടായ്മയും ചേര്‍ന്നാണു പാതിവഴിയില്‍ നിലച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതും ശൗചാലയവും കിണറും അടക്കം നിര്‍മിച്ചു നല്‍കിയതും.

uploads/news/2017/01/66532/shahira-2.jpg

വീട്ടിലേക്ക് വൈദ്യുതി ലഭിക്കാന്‍ കണ്‍സെന്റ് ചോദിച്ചതിന് ഭൂവുടമ വഴിയില്‍ കല്ലുകൊണ്ട് മതില്‍ കെട്ടി പ്രതികാരം തീര്‍ത്തു. ഇനി സാഹിറക്കും കുടുംബത്തിനും വഴി നടക്കാന്‍ സര്‍ക്കാര്‍ വിചാരിക്കണം.സാഹിറയുടെ കവിതകള്‍ക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.
നേരത്തെ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ സന്തോഷത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് വീട്ടില്‍വെച്ച് സ്‌നേഹവിരുന്ന് എന്ന പേരില്‍ സാഹിത്യക്കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നു വീട്ടിലേക്കുള്ള വൈദ്യുതി ആവശ്യത്തിനുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും വൈദ്യുതി വീട്ടില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്നു വിഷയം അറയിച്ചതിനെ തുടര്‍ന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസില്‍നിന്നുണ്ടായ ഇടപെടലും മന്ത്രി കെ.ടി ജലീലും നേരിട്ട് ഇടപെട്ട് വീടിന്റെ തൊട്ടടുത്തു കൂടെ പോകുന്ന ലൈനില്‍നിന്നും വൈദ്യുതി വലിക്കാന്‍ ഉടയോട് അനുമതി ചോദിച്ചിരുന്നു. എന്നാല്‍ താന്‍ ഈ സ്ഥലം വിറ്റെന്നു പറഞ്ഞു ഉടമ ഒഴിഞ്ഞുമാറി. തുടര്‍ന്നു സ്ഥലം വാങ്ങിയെന്ന പറഞ്ഞവരുമായി ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ സ്ഥലം വാങ്ങിയിട്ടില്ലെന്നാണു പറഞ്ഞത്. ഇതിനെ തുടര്‍ന്നു മന്ത്രി കെ.ടി ജലീല്‍ അടക്കം സംസാരിച്ചതിനെ തുടര്‍ന്നു ഒഴിഞ്ഞു കിടക്കുന്ന ഈ സ്ഥലത്തുനിന്നും വൈദ്യുതി ലൈന്‍ വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Ads by Google

സര്‍ക്കാര്‍ പതിച്ചു നല്‍കിയ മിച്ചഭൂമിയില്‍ താമസിക്കുന്ന സാഹിറക്കും കുടുംബത്തിനും വീട്ടിലേക്കു വരാന്‍ നിലവില്‍ മറ്റൊരു വഴിയില്ല. വൈദ്യുതിവലിക്കാമെന്നു പറഞ്ഞ ഉടമയുടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തിലൂടെയാണു ഇതുവരെ സാഹിറയും കുടുംബവും വീട്ടിലെത്തിയിരുന്നത്. എന്നാല്‍ ഉടമ ഇവിടെ കല്ലുകള്‍ ഇറക്കിയ വഴി അടച്ചതോടെ ഇനിപുറംലോകത്തു കടക്കണമെങ്കില്‍ സാഹിറക്കും കുടുംബത്തിനും അഭ്യാസം പഠിക്കേണ്ട അവസ്ഥയാണ്. പ്രദേശത്തു സര്‍ക്കാര്‍ 40പേര്‍ക്കു പതിച്ചു നല്‍കിയ മിച്ചഭൂമിയില്‍ നിലവില്‍ സാഹിറയും കുടുംബവും മാത്രമാണു താമസിക്കുന്നത്. ഇതിനാല്‍ തന്നെ ഇവിടേക്കു മറ്റൊരു വഴിയുണ്ടാകാന്‍ സാധ്യയുണ്ടെന്നും ഇതു കണ്ടെത്തി സര്‍ക്കാര്‍ ഇവര്‍ക്കു വഴി ലഭ്യമാക്കാന്‍ നടപടിയെടുക്കണം. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണു നിലവില്‍ സാഹിറയും കൂടുംബവും.

uploads/news/2017/01/66532/shahira3.jpg

ഇനിയുമെത്ര മതിലുകള്‍ ഭേദിക്കണം ജീവിതമേ നിന്റെ നിറങ്ങള്‍ കാണാന്‍..... കഴിഞ്ഞ ദിവസം രാത്രിയില്‍ തന്റെ വീടിനുമുന്നില്‍ മതില്‍ ഉയര്‍ന്നപ്പോള്‍ സാഹിറ കുറിച്ചിട്ടതാണീ വരികള്‍.ദുരിതം നിറഞ്ഞ ജീവിതത്തോട് പൊരുതുകയാണ് സാഹിറ കുറ്റിപ്പുറമെന്ന എഴുത്തുകാരി.

2015ല്‍ തൃശൂരില്‍ ഒന്നാംവര്‍ഷ ബിരുദപഠനം നടത്തുന്നതിനിടയില്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍വരെ സജീവമായിരുന്ന സാഹിറ തന്റെ വീട്ടിലെ അവസ്ഥയെ കുറിച്ചു പുറത്താരോടും പറഞ്ഞിരുന്നില്ല. തുടര്‍ന്നു വാര്‍ത്ത വന്നതോടെയാണു വിവിധ സംഘടനാപ്രവര്‍ത്തകര്‍ അടക്കം വിഷയത്തില്‍ ഇടപെട്ട് സഹായങ്ങളുമായെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 21ന് തന്റെ രണ്ടാം രണ്ടാം കവിതാ സമാഹാരമായ 'അവള്‍ കവിത' പുറത്തിറക്കിയിരുന്നു. സാഹിറയടക്കം മൂന്നു സ്ത്രീകളുള്ള പണിതീരാത്ത വീട്ടില്‍ വീട്ടില്‍ വൈദ്യുതി, വെള്ളം, അടുക്കള, ശൗചാലയം തുടങ്ങിയവയൊന്നും ഇല്ലായിരുന്നു. കുടുംബത്തിന് അത്താണിയാകേണ്ട കൂലിപ്പണിക്കാരനായ പിതാവ് ലഹരിക്ക് അടിമയായതും കുടുംബത്തിന് തിരിച്ചടിയായി. പ്ലസ്ടു പഠനകാലത്തു പുറത്തിറക്കിയ സാഹിറയുടെ കവിതകള്‍ എന്ന ആദ്യ പുസ്തകം വിറ്റു കിട്ടിയ പണം തന്റെ പഠന ചെലവുകള്‍ക്കു വേണ്ടി ഉപയോഗിച്ചു. ഇതിനുശേഷംമാണു അവള്‍കവിത പുറത്തിറക്കിയത്.

uploads/news/2017/01/66532/shahira4.jpg

സ്വന്തം അനുഭവങ്ങള്‍ക്കു പുറമേ സമകാലികവിഷയങ്ങളും സാഹിറ കവിതകള്‍ക്കു പ്രമേയമാക്കിയിരിക്കുന്നു. മേലേതില്‍ അബ്ദുള്‍ റഷീദിന്റേയും മറിയത്തിന്റേയും മൂന്നു മക്കളില്‍ മൂത്തവളാണ് ഈ കവയത്രി. സര്‍ക്കാര്‍ പതിച്ചുനല്‍കിയ മിച്ചഭൂമിയില്‍ സാമൂഹികപ്രവര്‍ത്തകരുടെ സഹായത്താല്‍ പാതിനിര്‍മിച്ച വീട്ടിലായിരുന്നു താമസം. വീടിന്റെ നിര്‍മാണം മുടങ്ങാന്‍ കാരണവും പിതാവിനെ അടിമയാക്കിയ മദ്യംതന്നെയായിരുന്നു. അബ്ദുള്‍ റഷീദ് മദ്യപാനം നിര്‍ത്തിയാല്‍ വീടു നിര്‍മിച്ചുനല്‍കാമെന്നായിരുന്നു ചില സാമൂഹികപ്രവര്‍ത്തകരുടെ വാഗ്ദാനം. ആ ഉറപ്പില്‍ വീട് നിര്‍മാണം തുടങ്ങി. എന്നാല്‍, പിതാവ് വീണ്ടും പഴയപടിയായതോടെ വീട് നിര്‍മാണം ഏറ്റെടുത്തവര്‍ സ്ഥലംവിട്ടു. അബ്ദുള്‍ റഷീദിന്റെ ആരോഗ്യം തീര്‍ത്തും മോശമായതോടെ, ബന്ധുക്കള്‍ നേരത്തേ കൈവിട്ട ഈ കുടുംബം തീരാദുരിതത്തിലായി. മാതാവ് മറിയത്തിന്റെ ഇടതുകൈക്കു തളര്‍ച്ചയുള്ളതിനാല്‍ ജോലിക്കു പോകാന്‍ കഴിയില്ല. പറക്കമുറ്റാത്ത സഹോദരന്‍ എട്ടാം ക്ലാസിലും സഹോദരി പ്ലസ് വണിനും പഠിക്കുന്നു. ഇനി കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതു താന്‍തന്നെയാണെന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ പഠനം കവിതയിലെ തന്റെ താല്‍പര്യം പുസ്തക രൂപത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഈ സമയത്ത് അവധിദിവസങ്ങളില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസെടുക്കുകയും ചെയ്തിരുന്നു. രണ്ടുവര്‍ഷം മുമ്പു തട്ടിക്കൂട്ടിയ വീടിന്റെ ജനാലകള്‍ക്കു വാതിലില്ലായിരുന്നു.അടുക്കളയില്ലാത്തതിനാല്‍ ഭക്ഷണം പാകംചെയ്യുന്നതു സ്റ്റൗ ഉപയോഗിച്ചു കിടപ്പുമുറിയിലായിരുന്നു. കിണറില്ലാത്തതിനാല്‍ വെള്ളത്തിനും ശൗചാലയമില്ലാത്തതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ക്കും ഈ വീട്ടിലെ സ്ത്രീകള്‍ക്ക് അയല്‍വീടാണ് ആശ്രയം. രാത്രികാലത്തെ ചൂടും കൊതുകുശല്യവും അവഗണിച്ച് മണ്ണെണ്ണവിളക്കിനു മുന്നിലാണു സഹോദരങ്ങളുടെ പഠനം. ഇവക്കെല്ലമാണിപ്പോള്‍ മാറ്റമായിരിക്കുന്നത്. തൃശൂര്‍ ഗവ. കോളജിലെ ബി.എ. ഇംഗ്ലീഷ് ആന്‍ഡ് ലിറ്ററേച്ചര്‍ വിത്ത് ജേണലിസം ആദ്യ വര്‍ഷ വിദ്യാര്‍ഥിയായിരുന്ന സാഹിറ മാസങ്ങള്‍ക്ക് മുമ്പ് പഠനം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ഇനി ഡിസ്റ്റന്‍സായി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇനി ഒരു ജോലിക്കാണ് സാഹിറയുടെ ശ്രമം.

[GADS]
വി.പി നിസാര്‍
Monday 02 Jan 2017 12.40 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW