Thursday, June 14, 2018 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 31 Dec 2016 04.56 PM

ജേക്കബ് തോമസിന്റെ വിജിലന്‍സ് തെളിയിച്ചുകൊണ്ടിരിക്കുന്നു; കേരളത്തില്‍ അഴിമതി ഉണ്ടായിട്ടില്ല!

കേസുകള്‍ ആരംഭിച്ച് ആറുമാസത്തോളം കഴിയുമ്പോള്‍ ഇവ എവിടെ എത്തിനില്‍ക്കുന്നുവെന്നതാണ് രസം. കെ. ബാബുവിനെതിരെ തെളിവില്ല, കെ.സി. ജോസഫ് അനധികൃത സ്വത്ത് സമ്പാദിച്ചിട്ടില്ല. ബാര്‍ക്കോഴ കേസാണെങ്കില്‍ എവിടെയെത്തിയെന്ന് വിജിലന്‍സിന് പോലുമറിയില്ല. ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകളാണെങ്കില്‍ അതിലൊന്നും കഴമ്പില്ലെന്നും കണ്ടെത്തി.
uploads/news/2016/12/65974/jacob-thomas.jpg

അധികാരം ദുഷിപ്പിക്കും പരമാധികാരം പരമമായി തന്നെ ദുഷിപ്പിക്കും എന്നാണ് ചൊല്ല്. അത് ഒരുപരിധിവരെ സത്യവുമാണ്. അധികാരത്തിന്റെ കിരീടവും ചെങ്കോലും ലഭിക്കുമ്പോള്‍ നാം നമ്മെത്തന്നെ മറന്നുപോകുന്നത് സ്വാഭാവികമാണ്. അതുപോലെയാണ് അഴിമതിയും. അഴിമതി ഒരു സമൂഹത്തിനെ കാര്‍ന്നുതിന്നുന്ന കാന്‍സറാണ്. അതിനെ മുറിച്ചുമാറ്റുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വവും സമൂഹത്തിന്റെ ലക്ഷ്യവുമാണ്. അതിന് വേണ്ടിയുള്ള ഏത് നടപടിയേയും പൊതുസമൂഹം സ്വീകരിക്കുകയും ചെയ്യും. പൊതുസമൂഹം കണ്ണടച്ചിരിക്കുന്നതുകൊണ്ട് അഴിമതി നിര്‍മ്മാര്‍ജ്ജനത്തിന്റെപേരില്‍ എന്തുമാകാമെന്ന ചിന്തയും ശരിയല്ല. അഴിമതി തുടച്ചുനീക്കുകയെന്നതുപോലെത്തന്നെ ഗുരുതരമാണ് അഴിമതി ഇല്ലാതാക്കുന്നതിന്റെ പേരില്‍ വ്യക്തിപരമായ അജണ്ടകള്‍ നടപ്പാക്കുകയെന്നത്.

കഴിഞ്ഞ യു.പി.എ സര്‍ക്കാരാണ് രാജ്യത്തെ അഴിമതിയെക്കുറിച്ച് ഏറെ ബോധവാന്മാരാക്കിയത്. മുമ്പ് ബോഫോഴ്‌സ്‌പോലെ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അഴിമതി എല്ലാ രംഗങ്ങളിലും കീഴടക്കിയത് രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്തായിരുന്നു. അതിന്റെ ഒരു ചെറുപതിപ്പായിട്ടാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെ കണ്ടത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ അന്ത്യവും അഴിമതിയിലായിരുന്നു. ആ കാലത്ത് അഴിമതിയെക്കുറിച്ചാണ് നാം ചര്‍ച്ചചെയ്തിരുന്നതെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യ ആറുമാസം ഇവിടെ പ്രധാന ചര്‍ച്ച അഴിമതി നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ചായിരുന്നു.

അതിന് തുടക്കം കുറിച്ചത് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കി നിയമിച്ചതോടെയായിരുന്നു. അതിനുശേഷം ഇവിടെ അഴിമതികേസുകളുടെ പ്രളയമായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ ഭാഗമായിരുന്ന കെ. ബാബു, കെ.സി. ജോസഫ് തുടങ്ങി എന്തിന് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്കെതിരെ വരെ വിജിലന്‍സ് കേസുണ്ടായി. കെ.എം. മാണിക്കും മറ്റുമെതിരെയുള്ള കേസുകള്‍ തുടരുകയും ചെയ്തു. പോരാത്തതിന് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ കെ.എം. എബ്രഹാം, ടോംജോസ് തുടങ്ങി മറ്റൊരു കൂട്ടര്‍ക്കുമെതിരെ കേസ് റെയ്ഡ് വിവാദംഅങ്ങനെ കൊഴുത്തുപോയി.

കേസുകള്‍ ആരംഭിച്ച് ആറുമാസത്തോളം കഴിയുമ്പോള്‍ ഇവ എവിടെ എത്തിനില്‍ക്കുന്നുവെന്നതാണ് രസം. കെ. ബാബുവിനെതിരെ തെളിവില്ല, കെ.സി. ജോസഫ് അനധികൃത സ്വത്ത് സമ്പാദിച്ചിട്ടില്ല. ബാര്‍ക്കോഴ കേസാണെങ്കില്‍ എവിടെയെത്തിയെന്ന് വിജിലന്‍സിന് പോലുമറിയില്ല. ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകളാണെങ്കില്‍ അതിലൊന്നും കഴമ്പില്ലെന്നും കണ്ടെത്തി. ചുരുക്കത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാത്രമല്ല,കേരളത്തില്‍ ഇന്നുവരെ അഴിമതി എന്നൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ഏകദേശം വിജിലന്‍സ് തെളിയിച്ചു.

പിന്നെ എന്തിനായിരുന്നു ഈ കോലാഹലങ്ങള്‍. ഏറെ സത്യസന്ധനും കാര്യക്ഷമതയുള്ളയാളുമാണ് ജേക്കബ് തോമസ് എന്നാണ് പൊതുവേ എല്ലാവരും വിലയിരുത്തിയിരുന്നത്. ഈ കേസുകള്‍ അദ്ദേഹം തന്റെ പകപോക്കിയതാണോ, അതോ രാഷ്ട്രീയനേതൃത്വം അത്തരത്തില്‍ ചെയ്തതാണോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം. രാഷ്ട്രീയനേതൃത്വത്തെക്കുറിച്ച് പറഞ്ഞാല്‍ ഇപ്പോള്‍ ഇത്തരത്തിലൊരു നീക്കം നടത്തിയിട്ട് അവര്‍ക്ക് ഒരു ഗുണവും ഉണ്ടാകാനില്ല. ഭരണത്തിലേറി ആറു മാസം കഴിഞ്ഞിട്ടേയുള്ളു. ആ സമയത്ത് തന്നെ അവര്‍ ആരോപണവിധേയരാക്കിയ മുന്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നവരെല്ലാം സത്യസന്ധരാണെന്നൊരു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരിക്കലും രാഷ്ട്രീയനേതൃത്വം ആഗ്രഹിക്കില്ല. അത് അവര്‍ക്ക് തന്നെ തിരിച്ചടിയാകും. രാഷ്ട്രീയമായി നേട്ടമുണ്ടാക്കാത്ത ഒരു കാര്യത്തിലൂം തലവച്ചുകൊടുക്കാന്‍ പിണറായിയുടെ സര്‍ക്കാര്‍ തയാറാകുമെന്ന് വിശ്വസിക്കാനാവില്ല. ഒരു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലായിരുന്നു ഈ നടപടികളെങ്കില്‍ രാഷ്ട്രീയനേതൃത്വത്തെ നമുക്ക് പ്രതിക്കൂട്ടില്‍ നിര്‍ത്താമായിരുന്നു. അല്ലെങ്കില്‍ ആരോപണവിധേയര്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവേണം. ഇത് രണ്ടുമില്ലാത്തിടത്തോളം കാലം അത്തരം ചിന്ത അനാവശ്യമാകും.

പിന്നെ സംശയത്തിന്റെ മുന സ്വാഭാവികമായി നീളുക വിജിലന്‍സ് ഡയറക്ടറിലേക്കാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറെ അപമാനം സഹിച്ച വ്യക്തിയാണ് ജേക്കബ് തോമസ്. അധികാരത്തില്‍ ആരും അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത കേന്ദ്രങ്ങളില്‍ പണിയെടുത്തിരുന്ന അദ്ദേഹത്തെ മുന്‍നിരയില്‍ കൊണ്ടുവന്നതും പിന്നെ അവിടെ നിന്നും ഒഴിവാക്കിയതും യു.ഡി.എഫ് സര്‍ക്കാരായിരുന്നു. വിജിലന്‍സിന്റെ എ.ഡി.ജി.പിയായി നിയമിക്കുകയും മാണിക്കേസ് മുറുകിയപ്പോള്‍ അവിടെ നിന്ന് മാറ്റംതുടങ്ങുകയും ചെയ്തു. അങ്ങനെ ഉച്ചിവച്ച കൈകൊണ്ട് തന്നെ ഉദകക്രിയ നടത്തിയ സര്‍ക്കാരായിരുന്നു അത്. അതുകൊണ്ടുതന്നെ ജേക്കബ്‌തോമസിന് സ്വാഭാവികമായും ആ സര്‍ക്കാരിലുള്ളവരോട് എതിര്‍പ്പും പകയുമുണ്ടാകാം. അതിന്റെ പ്രതിഫലനമായിരുന്നോ ഈ കേസുകളും അന്വേഷണങ്ങളുമെന്ന സംശയം സ്വാഭാവികമായി ഉയരുന്നുണ്ട്.

ആരെങ്കിലും നല്‍കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. പരാതികള്‍ അന്വേഷിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍ പലരേയും അപമാനിക്കപ്പെട്ടുവെന്നതാണ് വസ്തുത. കെ. ബാബുവിനെതിരായ അന്വേഷണം ദിവസങ്ങളോളം ബ്രേക്കിംഗ് ന്യൂസായി ആഞ്ഞടിച്ചിരുന്നതാണ്. ബാബുവിനെ പ്രതിക്കൂട്ടില്‍നിര്‍ത്തിയാണ് ചര്‍ച്ചകള്‍ മുന്നോട്ടുപോയത്. എന്നാല്‍ ആരോപിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ കഴിയുന്നില്ലെന്ന കോടതിയുടെ പരാമര്‍ശം ഒരിടത്തുംബ്രേക്കിംഗ് ന്യൂസായുമില്ല. ഇതേ കാര്യമാണ് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ: കെ.എം. എബ്രഹാമിന്റെ കാര്യത്തിലുംനടത്തത്. അദ്ദേഹത്തിന്റെ് വീട്ടില്‍കയറി പരിശോധിക്കും വീടിന്റെ വിസ്തീര്‍ണ്ണം അളക്കുകയും വരെ ചെയ്ത് വല്ലാത്ത ചര്‍ച്ചയ്ക്ക് വഴിവച്ചു. എന്നിട്ട് അവിടെ നിന്നും ഒന്നും കണ്ടെത്താനും കഴിഞ്ഞില്ല. ഇത്തരത്തിലാണ് ഇപ്പോള്‍ ചാര്‍ജ്ജ്‌ചെയ്യപ്പെട്ട ഓരോ കേസുകളും ബാര്‍ക്കോഴയാണെങ്കില്‍ എവിടെയെത്തിയെന്ന് ആര്‍ക്കും അറിയുകയുമില്ല. ഇതുപോലെ കഴിഞ്ഞ ആറുമാസത്തിനിടയില്‍ അന്വേഷണംതുടങ്ങിയ നിരവധികേസുകളുടെ ഗതിയെക്കുറിച്ച് ആര്‍ക്കും ഒരു വ്യക്തതയുമില്ല.

എത്ര നല്ല ഉദ്യോഗസ്ഥനാണെങ്കിലും തന്റെ പകപോക്കാനല്ല, അധികാരം ഉപയോഗിക്കേണ്ടത്. അന്വേഷണം നടത്തി വസ്തുതകള്‍ ഉണ്ടെങ്കില്‍ മാത്രം അത് ബ്രേക്കിംഗ് ന്യൂസുകളോ, വാര്‍ത്തകളോ ആക്കുകയാണ് വേണ്ടത്. എന്നാല്‍ ഇവിടെ ഒരുകൂട്ടര്‍ സമ്പൂര്‍ണ്ണമായി അപമാനിക്കപ്പെട്ടിരിക്കുകയാണ്. അവര്‍ കുറ്റക്കാരാണെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ പൂര്‍ണ്ണമായും അവര്‍ക്ക് ലഭിക്കണം. അല്ലെങ്കില്‍ അവരെ അപമാനിച്ചവരെ താക്കീത് ചെയ്യുകയെങ്കിലും വേണം. വിജിലന്‍സ് കൂട്ടിലടച്ച തത്തയാകരുതെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. അഴിമതിതടയാനുളള ഫലപ്രദമായ മാര്‍ഗ്ഗമായി അത് മാറണം. പക്ഷേ സ്വതന്ത്രമാകുന്നുവെന്നതിന്റെപേരില്‍ എന്തുമാകാമെന്ന ചിന്ത ആരിലും ഉണ്ടാകാന്‍ പാടില്ല. എവിടെയെങ്കിലും ആരെങ്കിലും അങ്ങനെ നിരീക്ഷിക്കുന്നുണ്ടെന്ന ചിന്തയും അവര്‍ക്ക് വേണം. നിഷ്പക്ഷമായ വിജിലന്‍സ് സംവിധാനം പകപോക്കാനുള്ള ആയുധവുമാകരുത്. അതല്ല, ഈ കേസുകളില്‍ ഇത്തരത്തില്‍ തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ നിര്‍ബന്ധിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്നുപറയാനുള്ള ആര്‍ജ്ജവം വിജിലന്‍സ് കാട്ടണം. ഇപ്പോള്‍ വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതുകൊണ്ടുതന്നെ അതിന് അവര്‍ക്ക് കഴിയണം. അല്ലെങ്കില്‍ ഈ വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ തന്നെ രൂപംകൊണ്ട അഴിമതിവിരുദ്ധ പ്രസ്ഥാനവും സംശയത്തോടെയാകും ജനം വീക്ഷിക്കുക. പുലി വരുന്നേ, പുലി വരുന്നേ എന്ന് വിളിച്ചുപറഞ്ഞ് ഒടുവില്‍ പുലിവരുമ്പോള്‍ ആരുമില്ലാത്ത സ്ഥിതി.

അഴിമതി നമ്മുടെ വളര്‍ച്ചയെ മുരടിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ അതുപോലെത്തന്നെ അപകടകരമാണ് അതിന്റെപേരിലുള്ള ഇത്തരം നടപടികളും. രണ്ടിടത്തും പാവപ്പെട്ട പൗരന്റെ നികുതിപണമാണ് അനാവശ്യമായി ചെലവഴിക്കപ്പെടുന്നത്. അഴിമതിയുടെ പേരില്‍ എന്തുചെയ്താലും കൈയടികിട്ടുമെന്ന ചിന്ത മാറണം. ഇന്ന് അഴിമതിയേയും കള്ളപ്പണത്തിനേയും കൂട്ടുപിടിച്ച് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്ന നോട്ട് നിരോധനത്തിനെതിരേ വളരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നവരാണ് കേരളീയര്‍. ഈ അഴിമതിക്കേസുകളുടെ പേരില്‍ എന്തെല്ലാം ദുരിതങ്ങള്‍ ആരോപണവിധേയരുടെ കുടുംബങ്ങള്‍ക്ക് ഉണ്ടാക്കിയിട്ടുണ്ട്. ഓരോ വ്യക്തിയും ഈ സമൂഹത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ലക്ഷ്യം നല്ലതാണെങ്കില്‍ മാര്‍ഗ്ഗവുംഅതുപോലെയായിരിക്കണം.

Ads by Google
Ads by Google
Loading...
TRENDING NOW