Wednesday, May 23, 2018 Last Updated 12 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 31 Dec 2016 03.02 PM

മനസിന്റെ സുവര്‍ണസ്പര്‍ശം

വാക്കുകള്‍ക്കപ്പുറം
uploads/news/2016/12/65948/weeklysajil.jpg

അഭിനേത്രിയാകാന്‍ മോഹിച്ചിരുന്നില്ലെന്നും അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി നടിയായിത്തീരുകയായിരുന്നുവെന്നും ജയലളിത പല അഭിമുഖങ്ങളിലും വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ സംഗീതത്തെ അവര്‍ ഗാഢമായി സ്‌നേഹിച്ചിരുന്നു. പല സിനിമകളിലും അവര്‍ പാടി അഭിനയിച്ചു. അത് കേവലം ആഗ്രഹഗാനങ്ങളായിരുന്നില്ല. ലക്ഷണമൊത്ത ഒരു ഗായികയുടെ ശബ്ദമാധുര്യവും ഗുണമേന്മയും അവരുടെ പാട്ടുകള്‍ക്കുണ്ടായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് കടുത്ത നിലപാടുകളുടെ പേരില്‍ അവര്‍ വിമര്‍ശിക്കപ്പെട്ടു. തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ അവരില്‍ നിന്നും മൃദുഭാവങ്ങള്‍ പാടെ ചോര്‍ത്തിക്കളഞ്ഞുവെന്നും ആരോപിച്ചവരുണ്ട്. എന്നാല്‍ സിമി ഗരേവാളിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ ഒരു ഹിന്ദിഗാനം ശ്രുതിമനോഹരമായി ആലപിക്കുകയുണ്ടായി.

ആ ലൈവ് ടിവി അഭിമുഖത്തില്‍, സദാ ഗൗരവം തിങ്ങി നിറഞ്ഞ മുഖഭാവത്തിന് പകരം വശ്യസുന്ദരമായ മൃദുഹാസം പ്രത്യക്ഷമായി. സംഗീതത്തെ അവര്‍ എന്നും സ്‌നേഹിച്ചിരുന്നു എന്നതിന് ഉത്തമദൃഷ്ടാന്തമായിരുന്നു ആ അപൂര്‍വ നിമിഷം.

രണ്ട് പതിറ്റാണ്ട് മുന്‍പ് നടന്ന ഒരു സംഭവം നോക്കാം. മംഗളം ഓര്‍ക്കസ്ട്ര സജീവമായിരുന്ന കാലം. അതില്‍ പാടാന്‍ വന്നിരുന്ന കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി പിന്നണിഗാന മോഹവുമായി കുടുംബസമേതം ചെന്നൈയില്‍ ചേക്കേറുന്നു. എന്ന് സ്വന്തം ജാനകിക്കുട്ടി പോലെ ചുരുക്കം ചില മലയാളചിത്രങ്ങളിലും തമിഴ് സിനിമകളിലും പാടിയെങ്കിലും പിന്നണിഗാന രംഗത്ത് വന്‍നക്ഷത്രമാകാന്‍ എന്തുകൊണ്ടോ പെണ്‍കുട്ടിക്ക് ഭാഗ്യം സിദ്ധിച്ചില്ല.

എന്നാല്‍ അത്യപൂര്‍വമായ സ്വരമാധുര്യത്തിന് ഉടമയായിരുന്നു പെണ്‍കുട്ടി. എം.എല്‍.വസന്തകുമാരിയുടെയും മറ്റും ഗാനങ്ങള്‍ ഒറിജിനലിന് സമം നില്‍ക്കുന്ന മികവോടെ അവള്‍ ആലപിച്ചിരുന്നത് സ്‌റ്റേജ്‌ഷോകളിലും സംഗീതക്കച്ചേരികളിലും ശ്രോതാക്കളെ വിസ്മയിപ്പിച്ചിരുന്നു.

ചെന്നൈയില്‍ ജയലളിത പങ്കെടുക്കുന്ന ഒരു സ്‌റ്റേജ് പ്രോഗ്രാമില്‍ പെണ്‍കുട്ടിക്ക് പാടാന്‍ അവസരം ലഭിക്കുന്നു. അവള്‍ക്ക് അമ്മയുടെ മുന്നില്‍ പാടണമെന്ന് അതിയായ മോഹം. അമ്മയ്ക്ക് അതിനൊന്നും സമയം ഉണ്ടാവില്ലെന്ന് സംഘാടകര്‍. പ്രസംഗം കഴിഞ്ഞ് ഇറങ്ങാന്‍ ഒരുങ്ങിയ അമ്മയ്ക്ക് മുന്നില്‍ അവള്‍ തന്റെ ജീവിതാഭിലാഷം അറിയിച്ചു.

ഒരുപാട്ട് കേള്‍ക്കാമെന്ന് അവര്‍ സമ്മതിച്ചു. പെണ്‍കുട്ടി സ്‌റ്റേജിലും അമ്മ സദസ്യര്‍ക്കിടയിലും ഇരുന്നു. കെ.ബി.സുന്ദരാംബാളിന്റെ ജ്ഞാനപ്പഴത്തെ....എന്ന ഗാനം അതിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട് അസലായി ആ കുട്ടി പാടി. എല്ലാവരും കയ്യടിച്ചു. ജയലളിത മാത്രം കയ്യടിക്കാതെ ചലനമറ്റ് ഇരുന്നു. അവരുടെ പ്രതികരണം ആ മുഖത്തു നിന്നും വായിച്ചെടുക്കാന്‍ എല്ലാവരും ബുദ്ധിമുട്ടി.

ഒരു പാട്ട് കേട്ട് പോവുമെന്ന് പറഞ്ഞ അമ്മ പെണ്‍കുട്ടിയുടെ മൂന്ന് പാട്ടുകള്‍ കേട്ട് ഇരുന്നു. ഇടയ്ക്ക് ആരെയോ അടുത്തു വിളിച്ച് എന്തോ പറയുന്നത് കേട്ടു.

കുറച്ച് കഴിഞ്ഞ് അമ്മ സ്‌റ്റേജിലേക്ക് കയറിചെന്നു. പെണ്‍കുട്ടിയുടെ കഴൂത്തില്‍ പത്ത് പവനോളം വരുന്ന ഒരു സ്വര്‍ണ്ണമാല അണിയിച്ചു. പിന്നെ അവളെ കെട്ടിപ്പിടിച്ച് നെറ്റിയില്‍ ഉമ്മ വച്ചു. പെണ്‍കുട്ടി നോക്കുമ്പോള്‍ മുദൃഭാവങ്ങള്‍ അന്യമാണെന്ന് പലരും വിമര്‍ശിച്ച അമ്മയുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നു. സമയപരിമിതി മൂലം അമ്മ മടങ്ങി. പക്ഷെ ആ സുവര്‍ണ്ണസ്‌നേഹം രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരു നിത്യസ്മാരകം പോലെ ആ കൂട്ടി സൂക്ഷിക്കുന്നു.

ചെന്നൈയിലെ വീട്ടില്‍ ഇനിയും തേടിവരാത്ത അംഗീകാരങ്ങളും അവസരങ്ങളും സ്വപ്നം കണ്ട് അപ്രശസ്തരുടെ ഗണത്തില്‍ സ്‌റ്റേജ്‌ഷോകളുമായി ആ കുട്ടി കഴിയുന്നു. അനന്യമായ അവളുടെ കഴിവിനു നേര്‍ക്ക് സിനിമാലോകം മുഖം തിരിച്ചെങ്കിലും അമ്മ നല്‍കിയ അംഗീകാരം ഒരു ജന്മം മുഴുവന്‍ മനസില്‍ സൂക്ഷിക്കാനുളള മഹാസ്മാരകമായി അവള്‍ കരുതുന്നു.

പൊതുപ്രവര്‍ത്തനത്തിന്റെ കാര്‍ക്കശ്യത്തിനിടയിലും അടിസ്ഥാനപരമായി ഒരു കലാകാരിയായിരുന്നു ജയലളിത. ആ മനസിന്റെ താരള്യമാണ് മുന്‍പരിചയമില്ലാത്ത ഒരു കലാകാരിയുടെ മികവ് തിരിച്ചറിഞ്ഞ് അംഗീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

അതേ ആര്‍ദ്രതയും മാനുഷികതയുമാണ് അമ്മ പദ്ധതികളിലൂടെ കോടിക്കണക്കിന് പാവപ്പെട്ട തമിഴ്‌വംശജരുടെ ജീവിതത്തിന് മേല്‍ അനുതാപത്തിന്റെയും സഹായത്തിന്റെയും കരം നീട്ടാന്‍ അവരെ പ്രേരിപ്പിച്ചത്.

ആ പെണ്‍കുട്ടി ഉള്‍പ്പെടെ അനുഭവം കൊണ്ട് അടുത്തറിഞ്ഞ ഓരോരുത്തരുടെ മനസിലും അവര്‍ അമ്മ മാത്രമല്ല. ദേവി കൂടിയാണ്. രക്ഷിക്കാനും ശിക്ഷിക്കാനും അവകാശവും അധികാരവുമുളള സാക്ഷാല്‍ ദേവത.

അദൃശ്യരായ ദൈവങ്ങളേക്കാള്‍ മനുഷ്യരൂപം പൂണ്ട ഇത്തര അമ്മമാര്‍ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഒരിക്കലെങ്കിലും തമിഴ്ജനജീവിതം അടുത്തറിഞ്ഞ ഓരോരുത്തരും സമ്മതിക്കും. ആ കാരുണ്യത്തിന്റെ ഗുണഭോക്താക്കളായ ജനകോടികളുടെ പ്രാര്‍ത്ഥന അവരുടെ ആത്മാവിന് ഒപ്പമുണ്ടാവും.

- സജില്‍ ശ്രീധര്‍

Ads by Google
Ads by Google
Loading...
TRENDING NOW