Wednesday, December 13, 2017 Last Updated 5 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 30 Dec 2016 02.47 PM

പാതിരാ കുര്‍ബാനകഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍

uploads/news/2016/12/65610/weeklypalasalisrory.jpg

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഡിസംബര്‍ ഇരുപത്തിനാല്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി വീട് ഒരുങ്ങിക്കഴിഞ്ഞു. സന്ധ്യ കഴിഞ്ഞപ്പോഴേ ഞങ്ങള്‍ കുട്ടികളെല്ലാം പുതിയ ഡ്രസ്സിട്ട് പള്ളിയിലേക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുകയാണ്. ഏറ്റവും ഇളയ അനിയന് രണ്ടുവയസ്സാണ്. പേര് രാജു. രാത്രി എട്ടുമണിയായപ്പോഴേക്കും ഉറങ്ങിപ്പോയ അവനെ അമ്മയെടുത്ത് തൊട്ടിലില്‍ കിടത്തി.

''ഈ തണുപ്പില്‍ രാജുവിനെ കൊണ്ടുപോയാല്‍ വല്ല അസുഖവും പിടിപെടും. അവനെ ഞാന്‍ നോക്കിക്കോളാം.''

അപ്പന്‍ പറഞ്ഞപ്പോള്‍ അമ്മ സമ്മതിച്ചു. സുഖനിദ്രയിലായ രാജുവിന് സ്‌നേഹത്തില്‍ പൊതിഞ്ഞ ചുംബനം സമ്മാനിച്ച് ഞങ്ങള്‍ പാലായിലെ ളാലം പള്ളിയിലേക്ക് നടക്കാനിറങ്ങി. പാതിരാകുര്‍ബാനയ്ക്കുവന്ന ആളുകളെക്കൊണ്ട് പള്ളി നിറഞ്ഞിരിക്കുന്നു.

ഉണ്ണിയേശുവിനെ തീ കായ്ക്കുന്ന ചടങ്ങ് കഴിഞ്ഞിട്ടായിരുന്നു പാതിരാ കുര്‍ബാന. എല്ലാം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങുമ്പോഴേക്കും പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞു. പള്ളി മുറ്റത്തെത്തിയപ്പോള്‍ ദൂരെ ഒരിടത്ത് തീ ആളിപ്പടരുന്നത് കണ്ടു.

തൊട്ടടുത്ത പള്ളിയിലെ തീകായ്ക്കല്‍ ചടങ്ങ് വൈകിയതാവാം എന്നാണ് കരുതിയത്. ഞങ്ങള്‍ വീട്ടിലേക്ക് നടന്നുതുടങ്ങി. അപ്പോഴാണ് കുറെപ്പേര്‍ എതിരെ നടന്നുവരുന്നത് കണ്ടത്. ഞങ്ങളുടെ പിന്നാലെ വന്നവര്‍ അവരോട് കാര്യമന്വേഷിച്ചു.

''ചാലിക്കാരുടെ വീടിന് തീപിടിച്ചതാ. അകത്ത് ആളുണ്ടായിരുന്നുവെന്നും ഇല്ലെന്നും പറയുന്നുണ്ട്.''

ഇതു കേട്ടതോടെ അമ്മ ബോധംകെട്ട് നിലത്തുവീണു. അപ്പോഴേക്കും ചുറ്റുമുള്ളവര്‍ ഓടിക്കൂടി. പെട്ടെന്നുതന്നെ ഒരു കാര്‍ വന്നു. അതിലേക്ക് അമ്മയെ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വീടിനടുത്തെത്തുമ്പോള്‍ കത്തിയമരുന്ന കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്.

രാജു ബെഡ്‌റൂമിലെ തൊട്ടിലില്‍ മയങ്ങുന്ന സമയത്ത് അപ്പന്‍ സിറ്റൗട്ടിലായിരുന്നു. റേഡിയോയില്‍ പാട്ടു കേട്ട് കേട്ട് അപ്പന്‍ പതുക്കെ മയക്കത്തിലാണ്ടു. പെട്ടെന്നാണ് അകത്തുനിന്നും കുഞ്ഞിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടത്. അകത്തേക്ക് ചെല്ലുമ്പോള്‍ വീട് കത്തിപ്പടരുകയാണ്.

ഉത്തരത്തിലെ കഴുക്കോലുകള്‍ കത്തിക്കൊണ്ട് താഴോട്ടുവീഴുന്നു. അതൊന്നും വകവയ്ക്കാതെ അപ്പന്‍ ഓടി അകത്തേക്കുകയറി. അപ്പോഴേക്കും തീക്കനല്‍ വീണ് തൊട്ടിലിന് തീപിടിച്ചിരുന്നു. തീയോടെ അപ്പന്‍ കുഞ്ഞിനെയെടുത്ത് പുറത്തേക്കോടി.

ആ സമയത്താണ് മുകളില്‍നിന്നും കത്തിക്കൊണ്ടിരിക്കുന്ന വലിയൊരു കഴുക്കോല്‍ അപ്പന്റെ ചുമലില്‍ വന്നുവീണത്. ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ അപ്പനെയും കുഞ്ഞിനെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.

വിവരമറിഞ്ഞ് അവിടെയെത്തിയ ബന്ധുക്കളാണ് ഞങ്ങളെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ക്രിസ്മസ് ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടുമണിയായപ്പോള്‍ ഡോക്ടര്‍ ആ സങ്കടവാര്‍ത്ത പറഞ്ഞു.

''കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.''
ഇതറിഞ്ഞപ്പോള്‍ അമ്മ വാവിട്ടുനിലവിളിച്ചു. തൊട്ടടുത്ത വാര്‍ഡില്‍ അപ്പന്‍ കിടക്കുന്നുണ്ടായിരുന്നു. കഴുക്കോല്‍ വീണ ഭാഗത്ത് പൊള്ളിയതിനാല്‍ ചെറിയൊരു സര്‍ജറി ചെയ്തു. മരിക്കുന്നതുവരെ അപ്പന്റെ മുതുകത്ത് കഴുക്കോല്‍ വീണ പാടുണ്ടായിരുന്നു.

കുടുംബത്തിലെ അഞ്ചേക്കര്‍ വിറ്റുകിട്ടിയ ഇരുപത്തിയയ്യായിരം രൂപയും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. കുഞ്ഞിനൊപ്പം അതും ചാരമായി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വന്നതിനുശേഷം അപ്പന്‍ ഞങ്ങളെ കൊണ്ടുപോയത് വാടകവീട്ടിലേക്കാണ്.

''നമുക്കിനി ആ വീട് വേണ്ട. നമ്മുടെ രാജുവിനെ ചാരമായി തിരിച്ചുതന്ന വീടാ അത്.''
പറയുമ്പോള്‍ അപ്പന്റെ കണ്ണുനിറഞ്ഞു.

അതിനുശേഷമാണ് ഞങ്ങള്‍ പാലായിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറിയത്. ആ സംഭവത്തിനുശേഷം ഓരോ ക്രിസ്മസ് തലേന്നും പള്ളിയിലേക്ക് പോകുമ്പോള്‍ ഞങ്ങളുടെയുള്ളില്‍ ഒരാധിയാണ്. പത്തു മിനുട്ടുനേരം മുട്ടുകുത്തി പ്രാര്‍ഥിച്ചശേഷമാണ് വീട്ടില്‍ നിന്നിറങ്ങുക.

തയ്യാറാക്കിയത്: രമേഷ് പുതിയമഠം

Ads by Google
TRENDING NOW