Friday, August 11, 2017 Last Updated 21 Min 27 Sec ago English Edition
Todays E paper
Wednesday 28 Dec 2016 06.38 PM

2017 നെ എങ്ങനെ നേരിടാം; വീട്ടമ്മമാര്‍ക്ക് ഒരു സമ്പൂര്‍ണ്ണ വാര്‍ഷിക നിര്‍ദേശ സൂചിക

uploads/news/2016/12/64959/plan.jpg

മലയാളികള്‍ക്ക്‌ പൊതുവേ ഒരു ദു:ശീലമുണ്ട്‌. പലരും വരവിനനുസരിച്ചല്ല ചെലവാക്കുന്നത്‌. അവസാനം അതു വന്‍ കടങ്ങളില്‍ച്ചെന്നവസാനിക്കും. സാമ്പത്തികകാര്യങ്ങള്‍ വ്യക്‌തമായി തീരുമാനിച്ച്‌ ഉറപ്പിച്ചുവേണം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍. കഴിവനുസരിച്ചാണു നാം പണം സമ്പാദിക്കുന്നത്‌. ഓരോരുത്തരുടെയും ജോലിക്കനുസൃതമാവും സമ്പാദ്യത്തിന്റെ വലിപ്പച്ചെറുപ്പം. ഡോക്‌ടര്‍ക്ക്‌ കിട്ടുന്ന വരുമാനം ആയിരിക്കില്ല കൂലിപ്പണിക്കാരന്‌. രണ്ടുലക്ഷം രൂപ വരവുള്ളവര്‍ അതനുസരിച്ചും 20,000 രൂപ കിട്ടുന്നവര്‍ അതനുസരിച്ചും ജീവിതം സെറ്റ്‌ ചെയ്യണം.
ആഡംബരങ്ങള്‍ക്കായി വരവറിയാതെ ചെലവഴിക്കരുത്‌. കുടുംബത്തിന്റെ വരുമാനം എത്രയാണെന്നു്‌ ഗൃഹനാഥ അറിയുക. കുട്ടികളെയും ബോധ്യപ്പെടുത്തണം.

കാരണം അവരാവും ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ആവശ്യപ്പെടുന്നത്‌. 1000 രൂപ ചെലവാക്കേണ്ട സ്‌ഥാനത്ത്‌ 100 രൂപയേ ചെലവാക്കാനുള്ളെങ്കില്‍ അതു വീട്ടിലുള്ളവരെ പറഞ്ഞു മനസിലാക്കുക. അതിന്‌ ആദ്യം വേണ്ടത്‌ കുടുംബബജറ്റാണ്‌. വരുമാനത്തിനനുസരിച്ച്‌ നമ്മുടെ ശരാശരി ജീവിത കാലയളവുവരെ ആസൂത്രണം ചെയ്‌താവണം കുടുംബ ബജറ്റ്‌ തയ്യാറാക്കാന്‍. വരവനുസരിച്ച്‌ ജീവിതം ക്രമീകരിച്ചാല്‍ ചെലവിന്റെ കാര്യത്തില്‍ ഒരു മുട്ടും നേരിടേണ്ടിവരില്ല. എത്രയൊക്കെ ചെലവുണ്ടായാലും എല്ലാമാസവും ഒരു നിശ്‌ചിത തുക ബാങ്കില്‍ ഇടുമെന്നു പ്രതിജ്‌ഞയെടുക്കുക.

വര്‍ഷം മുഴുവന്‍ പ്ലാനിങ്‌

പല സമയത്തും നിങ്ങളെടുക്കുന്ന തീരുമാനങ്ങളാണ്‌ നിങ്ങളുടെ ഭാവി നിര്‍ണയിക്കുന്നത്‌. പഴയ തീരുമാനങ്ങള്‍ക്കൊപ്പം ചില പുതിയ തീരുമാനങ്ങളും പുതുവര്‍ഷപ്ലാനില്‍ ഉള്‍പ്പെടുത്താം. ഫാമിലി ബ്‌ജറ്റിനൊപ്പം ചില പുതിയ നേട്ടങ്ങള്‍ക്കായുള്ള ആദ്യ ചുവടുവയ്‌പാവട്ടെ ഇത്തവണ.
അതുപോലെ തന്നെ നിത്യജീവിതത്തില്‍ കാലമറിഞ്ഞു ചില നിലപാടുകളെടുത്താല്‍ കുടുംബബന്ധത്തിന്റെ ഊഷ്‌മളതയും നിലനിര്‍ത്തി അനാവശ്യ പൊട്ടലും ചീറ്റലും ഒഴിവാക്കാം. അതിനായി മാസം തിരിച്ചുള്ള ചില കുറുക്കുവഴികളാണിതോടൊപ്പം.

ഓപ്പണിങ്‌ ജനുവരി

കടം വാങ്ങണമെന്ന ആഗ്രഹം ഏറ്റവും കൂടുതലുണ്ടാക്കുന്ന മാസമാണ്‌ ജനുവരി. ഒന്നു ശ്രദ്ധിച്ചില്ലെങ്കില്‍ കുടുംബബജറ്റ്‌ താളം തെറ്റുന്ന സമയം. ക്രിസ്‌മസും ന്യൂ ഇയറുമെല്ലാം ആഘോഷിച്ചുകഴിഞ്ഞ്‌ പാപ്പരായിരിക്കുന്ന ആരും ആദ്യം ആലോചിക്കുക മാസമെത്തിക്കാന്‍ കടം വാങ്ങുന്നതിനെക്കുറിച്ചാവും. ക്രെഡിറ്റ്‌കാര്‍ഡും ഓവര്‍ഡ്രാഫ്‌റ്റ് ലോണും കടം കൂട്ടുകയേ ഉള്ളൂ. കഴിവതും ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കില്ല എന്നു തീരുമാനിക്കുക. കുടുംബബന്ധം ഊഷ്‌മളവും സന്തോഷകരമാക്കുകയുമാണ്‌ പുതുവര്‍ഷത്തില്‍ ചെയ്യാനാവുന്ന നല്ല കാര്യങ്ങളില്‍ ഒന്ന്‌. അനാവശ്യ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കിയാല്‍ സന്തോഷകരമായ ജീവിതം സാധ്യമാകും. മിക്കകുടുംബങ്ങളിലും ബന്ധങ്ങള്‍ തകരാറിലാവാന്‍ കാരണം പങ്കാളിയുടെ ഗുണങ്ങള്‍ കാണാതെ ഏപ്പോഴും അവരുടെ നെഗറ്റീവ്‌ വശങ്ങളെപ്പറ്റി കുറ്റപ്പെടുത്തി സംസാരിക്കുന്നതാണ്‌.അതൊഴിവാക്കാം എന്നു ന്യൂ ഇയറില്‍ തന്നെ പ്രതിഞ്‌ജയെടുക്കാം.

റൊമാന്റിക്‌ ഫെബ്രുവരി

വീട്ടമ്മമാര്‍ക്ക്‌ എന്ത്‌ പ്രണയനിമിഷം എന്നു ചിന്തിക്കാന്‍ വരട്ടെ. വീട്ടുപണിയും കുട്ടികളും ഓഫീസും.ഈ കാര്യങ്ങളില്‍ പെട്ട്‌ ദിവസങ്ങള്‍ ഓടിപ്പോകുമ്പോള്‍ ഇതിനിടയില്‍ ഭര്‍ത്താവിനെ ശ്രദ്ധിക്കാന്‍ സമയമില്ല എന്ന പരാതി മാറ്റാന്‍ പറ്റിയ സമയമാണിത്‌. വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ പ്രണയിച്ചിരുന്നതുപോലെ, നിങ്ങളുടേത്‌ മാത്രമായി അല്‌പസമയം കണ്ടെത്താന്‍ ശ്രമിക്കുക. പത്താംകല്‍സ്‌, പ്ലസ്‌ വണ്‍, പ്ലസ്‌ ടൂ ക്‌ളാസുകളിലെ കുട്ടികള്‍ക്ക്‌ ഫെബ്രുവരി പകുതിയോടെ പരീക്ഷ തുടങ്ങുമെന്നതിനാല്‍ അതിനുമുന്‍പായി ഭര്‍ത്താവുമൊത്തൊരു യാത്ര നടത്തി വരൂ.
കുട്ടികളുടെ പഠിത്തത്തിലും ഒരല്‍പം കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള മാസം. ടൈംടേബിള്‍ വച്ച്‌ അവര്‍ക്ക്‌ റിവിഷന്‍ സെറ്റ്‌ ചെയ്യുക. നല്ല ഭക്ഷണം ഉറപ്പാക്കുക.

എക്‌സാം ഫീവര്‍ ഇന്‍ മാര്‍ച്ച്‌

കുട്ടികളുടെ പരീക്ഷക്കാലം. അമ്മമാരുടെ ടെന്‍ഷന്‍ കാലം. തണുപ്പില്‍ പെട്ടെന്ന്‌ ചൂടുകാലാവസ്‌ഥയിലേക്ക്‌ കടക്കുമ്പോള്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയേറെയാണ്‌. നേരത്തെ അല്‌പം മുന്‍കരുതലെടുത്താല്‍ ഹോസ്‌പിറ്റല്‍ ബില്‍ കുടുംബബജറ്റ്‌ തകര്‍ക്കാതെ നോക്കാം. ഏപ്രില്‍ സാമ്പത്തിക വര്‍ഷാവസാനം ആയതുകൊണ്ട്‌ ബില്ലുകള്‍, കെ്‌ളയിമുകള്‍ എല്ലാം കൃത്യമാക്കാന്‍ ശ്രദ്ധിക്കുക. വീട്‌ വസ്‌തു കരം, ഇന്‍കം ടാക്‌സ് എന്നിവ അടയ്‌ക്കുക. വേനലവധിക്കു മുന്നോടിയായി നാലുമണിപലഹാരങ്ങള്‍ തയാറാക്കി പാത്രങ്ങളില്‍ അടച്ചുവയ്‌ക്കാം.

വെക്കേഷന്‍ ഏപ്രില്‍

വിനോദയാത്രകളുടെയും ആഹല്‍ദത്തിന്റെയും കാലം. കുട്ടികളുമൊത്ത്‌ യാത്രകള്‍ പ്ലാന്‍ ചെയ്യാം. മടിശ്ശീലയുടെ കനമനുസരിച്ച്‌ യാത്രയുടെ ദൂരവും, ദിവസങ്ങളുടെ എണ്ണവും സ്‌ഥലവും നിശ്‌ചയിക്കാം. എത്ര ചെറുതാണെങ്കിലും കുട്ടികളുമൊത്തൊരു യാത്ര ഉറപ്പായും നടത്തുക. അത്‌ ബന്ധങ്ങള്‍ കൂടുതല്‍ ബലമുള്ളതാകാന്‍ സഹായിക്കും.

മെയ്‌ ഫോര്‍ ഫിറ്റ്‌നസ്‌

അവധിക്കാലമായതിനാല്‍ പുലര്‍ച്ചെ എണീറ്റ്‌ തിരക്കിട്ടൊന്നും ചെയ്‌തു തീര്‍ക്കാനില്ലാല്ലോ. ഈ മാസം മുതല്‍ ഫിറ്റ്‌നസ്‌ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുമെന്ന്‌ പ്രതിജ്‌ഞയെടുക്കുക. രാവിലെ നേരത്തെയെണീറ്റ്‌ നടക്കാന്‍ പോകാം. കുട്ടികളെയും ഒപ്പം കൂട്ടാം. പകല്‍ കുട്ടികള്‍ക്കൊപ്പം ആക്‌ടിവിറ്റീസില്‍ പങ്കെടുക്കാം. കുട്ടികളുടെ സ്‌കൂള്‍ തുറക്കുമ്പോഴേക്കും തയാറെടുപ്പെന്ന നിലയില്‍ അവരെ പോയ വര്‍ഷത്തെ പാഠഭാഗങ്ങള്‍ ഓര്‍മ്മിപ്പിക്കാം. മെയ്‌ ഒന്‍പത്‌ അക്ഷയത്രിതീയ ദിനമായതിനാല്‍ സ്വര്‍ണ്ണം വാങ്ങണമെന്നുള്ളവര്‍ അതിനുള്ള തയാറെടുപ്പും പണവും ഒരുക്കാന്‍ മറക്കരുത്‌. ജൂണിലെ സ്‌കൂള്‍ തുറ മുന്നില്‍ക്കണ്ട്‌ പണം കാലേക്കൂട്ടി മാറ്റിവയ്‌ക്കുക. കുട്ടികളുടെ യൂണിഫോമും മറ്റും നേരത്തെ തയ്‌ക്കാന്‍ കൊടുക്കാനും മറക്കരുത്‌.

റെയ്‌നി ജൂണ്‍

സ്‌കൂള്‍ തുറക്കുന്ന സമയം. കുട്ടികളെ സ്‌കൂളില്‍ വിടുന്ന ടെന്‍ഷനാണ്‌ അമ്മമാര്‍ക്ക്‌. ഒപ്പം മഴക്കാല രോഗങ്ങളെ പേടിയും. മഴ നനയാന്‍ കുട്ടികള്‍ക്കിഷ്‌ടമാണ്‌. ഇടയ്‌ക്കിടയ്‌ക്ക് കുട്ടികള്‍ക്കൊപ്പം മഴ നനയൂ. അവരുമായുള്ള അടുപ്പം കൂടട്ടെ. ഈ മാസത്തിലും ചെലവല്‌പം കൂടുതലാണ്‌. സ്‌കൂള്‍ഫീസ്‌, പുസ്‌തകം, ബുക്കുകള്‍ തുടങ്ങി പുതിയ സ്‌കൂള്‍ വര്‍ഷത്തിന്റെ ചെലവ്‌ കണക്ക്‌ വലുതാണ്‌.

ജൂലൈ കരിയര്‍ ഗൈഡന്‍സ്‌

റമ്സാന്‍ നോമ്പിന്റെ സമയമാണിത്‌. പെരുന്നാളും ചെലവും ഒരല്‌പം കൂടും. കുട്ടികള്‍ക്കുള്ള പുത്തനുടുപ്പും മറ്റും വാങ്ങാന്‍ മാസബജറ്റ്‌ അല്‌പം കൂട്ടിവച്ചോളൂ. ഉപരിപഠനത്തിനു കുട്ടികള്‍ തയാറെടുക്കുന്ന കാലമാണിത്‌. കുട്ടികള്‍ക്ക്‌ സ്വയം തങ്ങളുടെ അഭിരുചി കണ്ടെത്താന്‍ അവസരം ഒരുക്കുകയാണ്‌ മാതാപിതാക്കള്‍ വേണ്ടത്‌. ഇടനിലക്കാരും ഏജന്റുമാരും പറയുന്നത്‌ വിശ്വസിക്കാതെ നേരിട്ട്‌ സ്‌ഥാപനത്തെപ്പിറ്റി തിരക്കി വിശ്വാസ്യത ഉറപ്പിച്ചിട്ടേ കോഴ്‌സുകള്‍ക്ക്‌ ചേര്‍ക്കാവൂ. കോഴ്‌സുകള്‍, തൊഴില്‍ സാധ്യതകള്‍, തൊഴിലിലെ വെല്ലുവിളികള്‍, പഠനകാലാവധി, പഠനചിലവ്‌ തുടങ്ങി മക്കള്‍ തിരഞ്ഞെടുത്ത കരിയറുമായി ബന്ധപ്പെട്ട സമഗ്ര അറിവ്‌ മാതാപിതാക്കള്‍ക്കുണ്ടാകണം.

ഓഗസ്‌റ്റ് സ്‌പാ

കേരളത്തില്‍ സുഖചികിത്സയുടെ കാലമാണ്‌ കര്‍ക്കടകം. ചെറിയതോതിലെങ്കിലും ആയുര്‍വേദ പരിപാലം കൈക്കൊള്ളുന്നത്‌ നല്ലതാണ്‌. ഒപ്പം ഒരു നേരമെങ്കിലും ഔഷധക്കഞ്ഞി ശീലിക്കുക. ഇതിന്റെ കൂട്ട്‌ കടകളില്‍ ലഭ്യമാണ്‌. ഉപവാസമെടുക്കുന്നതും വൃതമെടുക്കുന്നതും നല്ലതാണ്‌. കേരളത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായും ആരോഗ്യപരമായും ക്ഷീണകാലമാണ്‌. മഴക്കാലം ഉള്‍പ്പെടുന്ന കര്‍ക്കിടമാസത്തില്‍ മഴക്കെടുതികള്‍ക്കൊപ്പം പകര്‍ച്ചപ്പനികളും മറ്റാരോഗ്യപ്രശ്‌നങ്ങളും നിരന്തരം അലട്ടും.

ഫെസ്‌റ്റീവ്‌ സെപ്‌റ്റംബര്‍

ചിങ്ങം പിറന്നാല്‍ പിന്നെ വിലവിവര പട്ടികകയ്‌ക്ക് വിശ്രമമില്ല. ഓണചന്തയില്‍ പോയാല്‍ പുലര്‍ച്ചെ കേള്‍ക്കുന്ന വിലയാവില്ല വൈകിട്ടെത്തുമ്പോഴേക്കും, എന്തിനും ഏതിനും തീപിടിച്ച വില. അതിനിടയില്‍ ബോണസോ അലവന്‍സോ എന്നുവേണ്ട ഇനി ശമ്പളം തന്നെ ഇരട്ടിയായാലും കീശ കാലിയാവാന്‍ 'ദാ'... ന്നു പറയുന്ന സമയം മതി. വിലക്കയറ്റത്തിന്റെ മാത്രമല്ല വിലക്കുറവിന്റെയും കാലമാണ്‌ ഓണം.
ഓഫറുകള്‍, മെഗാ ഓഫറുകള്‍ ഡിസ്‌ക്കൗണ്ട്‌ സെയിലുകള്‍, ഓണക്കിഴിവുകള്‍, സൂപ്പര്‍എക്‌സ്ചേഞ്ചുകള്‍... എന്നു വേണ്ട എല്ലാ കിഴിവുകളും ഒരുമിച്ചെത്തുന്ന കാലമാണിത്‌. വിപണിയെ അറിഞ്ഞ്‌ കീശ കാലിയാകാതെ സാധനങ്ങള്‍ വാങ്ങാം. വിവാഹസീസണ്‍ കൂടിയാണത്‌. ഈ മാസത്തെ ഫാമിലി ബഡ്‌ജറ്റില്‍ സമ്മാനം വാങ്ങാനുള്ള അധികപണം കൂടി വച്ചോളൂ.

ഡിവൈന്‍ ഒക്‌ടോബര്‍

പൂജ അവധിയുടെ മാസമാണിത്‌. അടുക്കളയോടു ഗുഡ്‌ബൈ പറഞ്ഞു കുട്ടികളെയും കൂട്ടി കൊച്ചു യാത്രകള്‍ പോകൂ. അവരോട്‌ സംസാരിക്കൂ. ദീപാവലിയ്‌ക്ക് അവരോടൊപ്പം പടക്കം പൊട്ടിക്കൂ. അവരുടെ ചെറിയ സന്തോഷങ്ങളില്‍ പങ്കാളിയാകൂ. അവരുടെ സ്‌മാര്‍ട്ട്‌ അമ്മയെ അവരും അറിയട്ടെ.

മണി സേവിംഗ്‌ നവംബര്‍

അധികം അഘോഷങ്ങളും ബഹളങ്ങളുമില്ലാത്ത മാസമാണ്‌ നവംബര്‍. കൂടാതെ നാണ്യവിളകളുടെ വിളവെടുപ്പ്‌ കാലവും. ഈ മാസം സേവിംഗിനായി മാറ്റി വയ്‌ക്കാം. മഴയുടെ സമയം കൂടിയായതിനാല്‍ പച്ചക്കറികളും പഴങ്ങളും ആവശ്യത്തിനുള്ളത്‌ മാത്രം വാങ്ങാം.

സെലിബ്രേറ്റ്‌ ഡിസംബര്‍

വര്‍ഷാവസാന മാസം. ലോകത്ത്‌ കൂടുതല്‍ രാജ്യങ്ങളിലും ക്രിസ്‌മസ്‌ ആഘോഷിക്കുന്നത്‌ ഈ മാസത്തിലാണെന്നതു എടുത്തു പറയേണ്ട തില്ലല്ലോ. ചെലവ്‌ സ്വാഭാവികമായും കൂടും. അലങ്കാരങ്ങള്‍ക്കായുള്ള എല്ലാവസ്‌തുക്കളും പുറമെ നിന്നു വാങ്ങാതെ സ്വന്തമായി നിര്‍മ്മിക്കാവുന്നത്‌ അങ്ങനെ ചെയ്യുക. കഴിഞ്ഞ വര്‍ഷത്തെ അലങ്കാരവസ്‌തുക്കളില്‍ മാറ്റം വരുത്തിയുപയോഗിക്കാമെങ്കില്‍ അതും ചൈസ ലാഭിക്കുന്നതിന്‌ സഹായിക്കും.
ആരോഗ്യത്തിന്‌ മുന്‍കരുതല്‍ ഓരോ കുടുംബത്തിനും വ്യക്‌തിക്കും കൃത്യമായ ഹെല്‍ത്ത്‌പ്ലാനിംഗ്‌ ആവശ്യമാണ്‌. രോഗം എപ്പോള്‍ വേണമെങ്കിലും വരാം. അപകടങ്ങള്‍ക്കും സാധ്യതയുണ്ട്‌. കൃത്യമായ മുന്‍കരുതല്‍ എടുക്കുന്നില്ലെങ്കില്‍ നമ്മുടെ സാമ്പത്തിക പ്ലാനിംഗ്‌ മൊത്തം തെറ്റും.
ഒരു നിശ്‌ചിത തുക ഓരോ മാസവും ആരോഗ്യകാര്യങ്ങള്‍ക്കായി നീക്കി വയ്‌ക്കുക ആരോഗ്യ ഇന്‍ഷുറസ്‌ എടുക്കുക. പ്രഷര്‍, ഷുഗര്‍ തുടങ്ങിയ തകരാറുള്ളവര്‍ കൃത്യമായ ഇടവേളയില്‍ ഡോക്‌ടറെ കാണുക. മരുന്ന്‌ മുടങ്ങാത്ത വിധത്തില്‍ നേരത്തെ ശേഖരിച്ചുവയ്‌ക്കുക വ്യായാമം മുടക്കാതിരിക്കുക. ദുശ്ശീലങ്ങള്‍ ഒഴിവാക്കുക.വരുമാനം നോക്കി ഫാമിലി ബജറ്റ്‌നടത്തണം. ഇത്‌ വിലക്കയറ്റത്തിന്റെയൂം സാമ്പത്തിക മാന്ദ്യത്തിന്റെയും കാലമാണ്‌. വരും വര്‍ഷവും വിലക്കയറ്റം തുടരുമെന്ന ധാരണയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതാവും ഉചിതം.

Ads by Google
Wednesday 28 Dec 2016 06.38 PM
YOU MAY BE INTERESTED
TRENDING NOW