Tuesday, April 17, 2018 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
എം.ആര്‍ കൃഷ്ണന്‍
Wednesday 28 Dec 2016 10.10 AM

തുറന്നപോരിന് എ ഗ്രൂപ്പ്; ഉണ്ണിത്താന്റെ രാജി സുധീരന്റെ നാടകം; മാണിയെയും ആയുധമാക്കാന്‍ തീരുമാനം

uploads/news/2016/12/64853/rajmohan-unnithan.jpg

തിരുവനന്തപുരം: തുറന്ന പോരിനൊരുങ്ങി എ ഗ്രൂപ്പ്. ഒരേ സമയം ഐ ഗ്രൂപ്പിനെ പിളര്‍ത്തുകയും വി.എം. സുധീരനെ പുറത്താക്കുകയുമാണ് തന്ത്രം. ഇതിനായി ലീഗ് ഉള്‍പ്പെടെ മുന്നണിയിലെ ഘടകകക്ഷികളുടെ പിന്തുണയ്ക്കും ശ്രമം. ഇനി കോണ്‍ഗ്രസ് നേതൃത്വവുമായി ഒരുവിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസി(എം)നെ മുന്നണിയിലേക്ക് മടക്കികൊണ്ടുവരണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കാന്‍ നീക്കം നടത്തുന്നുണ്ട്.

രണ്ടുവര്‍ഷത്തിനിപ്പുറം തെരഞ്ഞെടുപ്പുകളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയെ തുറന്നെതിര്‍ക്കാന്‍ തന്നെയാണ് എ ഗ്രൂപ്പിന്റെ നീക്കം. വി.എം.സുധീരന്‍ കെ.പി.സി.സിപ്രസിഡന്റ് സ്ഥാനത്തുവന്നശേഷം ഇതുവരെ പല പ്രശ്‌നങ്ങളുമുണ്ടാക്കിയെങ്കിലും അതിലൊന്നും സംയമനം വിട്ട് പോകാന്‍ തങ്ങള്‍ തയാറായിട്ടില്ല. എന്നാല്‍ നിരന്തരം ഇല്ലായ്മചെയ്യാന്‍ നീക്കംനടത്തുകയും അതിന് കോണ്‍ഗ്രസ് ദേശീയനേതൃത്വം കൂടി പിന്തുണ നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇനി മൗനം പാലിച്ചിരുന്നിട്ട് കാര്യമില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. അതുകൊണ്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശങ്ങളെ ഉയര്‍ത്തിക്കൊണ്ടായിരിക്കും പടപ്പുറപ്പാട്. ഉണ്ണിത്താന് പിന്തുണ സുധീരനാണെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം.

ഉണ്ണിത്താനെകൊണ്ട് ഇപ്പോള്‍ വക്താവ് സ്ഥാനം രാജിവയ്പ്പിച്ചത് തന്നെ സുധീരന്റെ ഒരു തന്ത്രമാണെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. വക്താവ് സ്ഥാനം രാജിവച്ച് പുറത്തുവരുന്ന ഉണ്ണിത്താന് ഒരു ചട്ടക്കൂടും നിയന്ത്രണവും ഉണ്ടാവില്ല. അദ്ദേഹത്തിന് പിന്നെ പാര്‍ട്ടി ഗ്രൂപ്പ് പോരില്‍ എന്തും പറയാനുള്ള അവസരവും ഒരുങ്ങും. സോളാര്‍ ഉള്‍പ്പെടെ ഉമ്മന്‍ചാണ്ടിയെ അപമാനിക്കുന്ന തരത്തിലുളള പ്രസ്താവനകള്‍ ഉണ്ണിത്താനെക്കൊണ്ട് നടത്തിക്കാനാണ് സുധീരന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഉണ്ണിത്താന്‍ രാജി കൊണ്ടു കൊടുത്തയുടന്‍ തന്നെ ഒരു എതിര്‍പ്പുമില്ലാതെ സുധീരന്‍ സ്വീകരിച്ചത്. ഉണ്ണിത്താനെ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനാക്കിയതും ജയ്ഹിന്ദ് ചാനലിന്റെ ഡയറക്ടര്‍ബോര്‍ഡംഗമാക്കിയതുമെല്ലാം സുധീരന്റെ ഇടപെടലാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എ ഗ്രൂപ്പ് പറയുന്നു. അതുകൊണ്ട് ഇതും സുധീരന്റെ ഒരു തന്ത്രമായിരിക്കുമെന്ന വിലയിരുത്തലിലാണ് അവര്‍.

ഇതിനെയൊക്കെ ഘടകകക്ഷികളുടെ കൂടി പിന്തുണയോടെ എതിര്‍ക്കാനാണ് നീക്കം. പ്രത്യേകിച്ച് ലീഗിനെ ഒപ്പം നിര്‍ത്തിക്കൊണ്ടുളള് ഒരു പടയൊരുക്കമാണ് എ ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്. രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷനേതാവ് ആകുന്നതിനുള്‍പ്പെടെ എല്ലാ പിന്തുണയും നല്‍കിയിട്ടും ഒടുവില്‍ പിന്നില്‍ നിന്നും കുത്തിയെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. അതുകൊണ്ട് ആദ്യം ആ ഗ്രൂപ്പിനെ പൊളിക്കുന്നതിനുള്ള തന്ത്രണങ്ങളാണ് ആവിഷ്‌ക്കരിക്കുന്നത്. ഗ്രൂപ്പിന്റെ രണ്ടുപ്രമുഖരായ മുരളീധരനെയും കെ. സുധാകരനേയും ഒപ്പം കൊണ്ടുവരാനാണ് നീക്കം. യു.ഡി.എഫില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനായി മുന്നണി വിട്ടുപോയ കെ.എം. മാണിയെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കാന്‍ നീക്കം നടത്തുന്നുണ്ട്.

മാണിയെ മടക്കിക്കൊണ്ടുവരുന്നതിന് ഐ ഗ്രൂപ്പും സുധീരനുമാണ് എതിരുനില്‍ക്കുന്നത്. രമേശ് ചെന്നിത്തലയെ കുറ്റപ്പെടുത്തി മുന്നണിവിട്ട മാണിഗ്രൂപ്പിനെ മടക്കികൊണ്ടുവരാന്‍ അവര്‍ക്ക് താല്‍പര്യമില്ല. മാത്രമല്ല, അഴിമതികേസില്‍ ഉള്‍പ്പെട്ട വ്യക്തി ഇനിവേണ്ട എന്ന നിലപാടാണ് ഐഗ്രൂപ്പ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെ എ ഗ്രൂപ്പ് എതിര്‍ക്കുന്നു. മാണിയെ അഴിമതിയുടെ കാര്യത്തില്‍ മാറ്റിനിര്‍ത്തണമെങ്കില്‍ യു.ഡി.എഫില്‍ ആരും കാണില്ലെന്നാണ് അവര്‍ പറയുന്നത്. മാത്രമല്ല, ഇപ്പോള്‍ എം.എം. മണിയുടെ വിഷയം ഉണ്ടായിരിക്കെ മാണിയെ മുന്നണിയില്‍ മടക്കികൊണ്ടുവരുന്നതില്‍ ഒരു തെറ്റുമില്ല. ഇതിനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്ന ആവശ്യമായിരിക്കും എ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുക. ഇതോടെ യു.ഡി.എഫിലും ഭിന്നതയുണ്ടാക്കാനാകുമെന്ന വിലയിരുത്തലാണ് അവര്‍ക്കുള്ളത്. ഇപ്പോള്‍ പോരിന് ഇറങ്ങിയാല്‍ അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയിലും മുന്നണിയിലും തങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം നേടിയെടുക്കാനാകുമെന്ന വിലയിരുത്തലിലാണ് എ ഗ്രൂപ്പ്.

Ads by Google
എം.ആര്‍ കൃഷ്ണന്‍
Wednesday 28 Dec 2016 10.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW