Thursday, September 21, 2017 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 24 Dec 2016 04.02 PM

സംഘടനാ തെരഞ്ഞെടുപ്പ്: കരുണാകരന്റെ ഗതിയാകുമോ ഉമ്മന്‍ചാണ്ടിക്കും?

പാര്‍ട്ടിവിട്ടുപോകുന്നതിന് മുമ്പ് കരുണാകരന്‍ മുന്നോട്ടുവച്ച സംഘടനാതെരഞ്ഞെടുപ്പ് എന്ന ആവശ്യം, ഇപ്പോള്‍ ഉന്നയിക്കുന്നത് അന്ന് അതിനെ എതിര്‍ത്ത ഉമ്മന്‍ചാണ്ടിയാണ്. അന്ന് അത് നടക്കാത്തതുകൊണ്ട് കരുണാകരന്‍ പാര്‍ട്ടിവിട്ടെങ്കില്‍ ഇന്ന് ഉമ്മന്‍ചാണ്ടി അതിന് തയാറാകുമെന്ന് കരുതാനാവില്ല, പകരം അദ്ദേഹം പാര്‍ട്ടിക്ക് തന്നെ പണികൊടുക്കും, അതില്‍ മാറ്റവുമുണ്ടാവില്ല.
uploads/news/2016/12/63966/karuna.jpg

കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇന്നത്തെ പ്രധാന പ്രശ്‌നം സംഘടനാതെരഞ്ഞെടുപ്പ് ആണ്. ഇന്നത്തെ മാത്രമല്ല, കേരളത്തിലെ കോണ്‍ഗ്രസിലെ എക്കാലത്തേയും പ്രശ്‌നമാണ് സംഘടനതെരഞ്ഞെടുപ്പ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ സംഘടനാതെരഞ്ഞെടുപ്പ് എന്നുപറഞ്ഞാല്‍ സംസ്ഥാന കോണ്‍ഗ്രസിന് കുരിശുകണ്ട ചെകുത്താനെപ്പോലെയാണ്. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാക്കാനും അത് വഷളാക്കാനും എന്നും ഉള്‍പ്രേരകമായി വര്‍ത്തിച്ചിട്ടുള്ളതാണ് സംഘടനാതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി പറഞ്ഞതുപോലെ പടയാളികളില്ലാത്ത പടയായ കോണ്‍ഗ്രസിലാണ് സംഘടനാതെരഞ്ഞെടുപ്പ് എന്ന ആവശ്യം ഉയരുന്നത്. അത് ഉയര്‍ത്തുന്നതോ ഉമ്മന്‍ചാണ്ടിയും.

ഈ സാഹചര്യത്തിലാണ് ചരിത്രത്തിന് അവസാനമില്ലെന്ന് നമുക്ക് പറയേണ്ടിവരിക. സംഘടനാതെരഞ്ഞെടുപ്പിനോട് നമ്മുടെ നേതാക്കളുടെ പ്രേമം എപ്പോള്‍ ഉദിക്കും എപ്പോള്‍ അസ്തമിക്കും എന്ന് പാഴൂര്‍ പടിപ്പുരയിലെ പണിക്കര്‍ക്ക് പോലും പറയാനാവില്ല. അതാണ് കേരളത്തിലെ കോണ്‍ഗ്രസിലെ സംഘടനാതെരഞ്ഞെടുപ്പിന്റെ ചരിത്രം. ഒരു ദശകത്തിന് മുമ്പ് സംഘടനാതെരഞ്ഞെടുപ്പ് എന്നാല്‍ ചതുര്‍ത്ഥിയായി കണ്ടിരുന്ന ഉമ്മന്‍ചാണ്ടിയാണ് ഇന്ന് അതിന് വേണ്ടി മുറവിളികൂട്ടുന്നത്. ഇന്ന് അദ്ദേഹത്തിന് അത് ചതുര്‍ത്ഥിയില്‍ നിന്നും നേട്ടം തേടിത്തരുന്ന തിങ്കള്‍ക്കലയായി മാറിയിരിക്കുന്നു. ഇവിടെയാണ് രാഷ്ട്രീയത്തിലെ നിറംമാറ്റങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത്. ഈ നിറംമാറ്റമാണ് ഇന്ന് നമ്മുടെ പൊതുസമൂഹം നേരിടുന്ന മൂല്യംച്യൂതിയുടെ പ്രധാനകാരണവും.

ഇത് എഴുതേണ്ടിവരുന്നത് കെ. കരുണാകരന്റെ ഓര്‍മ്മ നിറഞ്ഞുനിന്ന ഒരു ദിവസത്തിന് തൊട്ടടുത്തതാണെന്നതും നിയോഗമായിരിക്കാം. എന്തെന്നാല്‍ 2005ല്‍ ഉമ്മന്‍ചാണ്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തിനെത്തുടര്‍ന്ന് കെ. കരുണാകരന്‍ പാര്‍ട്ടിവിടുമ്പോള്‍ അദ്ദേഹം ഉയര്‍ത്തിയിരുന്ന പ്രധാന ആവശ്യവും സംഘടനാതെരഞ്ഞെടുപ്പായിരുന്നു. 2004ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലെ കനത്തപരാജയത്തിനെത്തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസിലുണ്ടായ മാറ്റങ്ങളാണ് അന്ന് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. നാണംകെട്ട ഗ്രൂപ്പ് കളികളുടെ ചിത്രമാണ് 2001ല്‍ കേരളത്തില്‍ അരങ്ങേറിയത്. പ്രതിസന്ധിയില്‍ സംസ്ഥാന കോണ്‍ഗ്രസ് പെടുമ്പോള്‍ എന്നും രക്ഷകനായി അവതരിച്ചിട്ടുള്ള തെന്നല ബാലകൃഷ്ണപിള്ള എന്ന സാത്വികനായ മനുഷ്യനെ കരയിച്ച് ഇറക്കിവിട്ടതിന്റെ ഫലമാണ് 2004ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ അനുഭവിച്ചതെന്നാണ് പാര്‍ട്ടിക്കാരുടെ വാദം. എന്തായാലും അന്ന് ഉണ്ടായ നാണംകെട്ട ഗ്രൂപ്പ് കളികളുടെ ഫലമായി കെ. കരുണാകരന്‍ സംസ്ഥാനകോണ്‍ഗ്രസിന്റെ പരമോന്നത സ്ഥാനത്ത് അവരോധിച്ച മകന്‍ കെ. മുരളീധരനും അവിടം ഒഴിയേണ്ടിവന്നു. അദ്ദേഹം മന്ത്രിയായി തെരഞ്ഞെുടപ്പില്‍ മത്സരിച്ചു പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് അന്ന് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

നിയമസഭാകക്ഷി നേതൃത്വം എ ഗ്രൂപ്പിനാണെങ്കില്‍ പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനം ഐ ഗ്രൂപ്പിനെന്നാണ് വയ്പ്. ആ പരിഗണന ലഭിക്കാതെ വന്നപ്പോഴാണ് കരുണാകരന്‍ ഉയിര്‍ത്തെഴുന്നേറ്റത്. തെരഞ്ഞെടുപ്പുകളില്‍ പ്രിയ പുത്രനും പുത്രിയും പരാജയപ്പെട്ടെങ്കിലും സംഘടന അദ്ദേഹത്തിന്റെ കൈകളിലായിരുന്നു. മറ്റുള്ളവര്‍ക്ക് അത് കാണിച്ചുകൊടുക്കാനായി അദ്ദേഹം രണ്ടു മേഖലാറാലികളും നടത്തി. തുടര്‍ന്നാണ് കരുണാകരന്‍ സംഘടനാതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍ അന്ന് ഹൈക്കമാന്‍ഡിന്റെ വാത്സല്യഭാജനമായിരുന്ന ഉമ്മന്‍ചാണ്ടിക്ക് അത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അന്ന് അത് എതിര്‍ത്തു. അന്ന് സംഘടനാതെരഞ്ഞെടുപ്പ് നടന്നാല്‍ പാര്‍ട്ടി കരുണാകരന്റെ കൈകളില്‍ എത്തുമെന്ന ചിന്ത ഹൈക്കമാന്‍ഡിന്റെ മനസിലും ഉണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. അതോടെ പാര്‍ട്ടി പിളര്‍ന്നാലും കുഴപ്പമില്ല, എന്നാല്‍ നേതൃത്വം രണ്ടു നേതാക്കളുടെ കൈകളില്‍ മാത്രം നല്‍കാനാവില്ലെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. അതിന്റെ ഫലമായി കരുണാകരന്‍ പാര്‍ട്ടിവിട്ടു. പിന്നെ മടങ്ങിവന്നു. അത് ചരിത്രം.

ഇതേ സംഭവമാണ് ഇപ്പോഴും ഇവിടെ ആവര്‍ത്തിക്കുന്നത്. അന്ന് കാര്യം കണ്ടശേഷം വലിച്ചെറിഞ്ഞ കറിവേപ്പില കരുണാകരനായിരുന്നെങ്കില്‍ ഇന്ന് അത് അന്ന് കരുണാകരനെ അടിച്ചകറ്റാന്‍ ശക്തമായി നിലകൊണ്ട ഉമ്മന്‍ചാണ്ടിയാണെന്നത് വിധിവൈപരീത്യം. അന്ന് പാര്‍ട്ടിവിട്ടുപോകുന്നതിന് മുമ്പ് കരുണാകരന്‍ മുന്നോട്ടുവച്ച സംഘടനാതെരഞ്ഞെടുപ്പ് എന്ന ആവശ്യം, മുന്നോട്ടുവയ്ക്കുന്നത് അന്ന് അതിനെ എതിര്‍ത്ത ഉമ്മന്‍ചാണ്ടിയുമാണ്. അന്ന് അത് നടക്കാത്തതുകൊണ്ട് കരുണാകരന്‍ പാര്‍ട്ടിവിട്ടെങ്കില്‍ ഇന്ന് ഉമ്മന്‍ചാണ്ടി അതിന് തയാറാകുമെന്ന് കരുതാനാവില്ല, പകരം അദ്ദേഹം പാര്‍ട്ടിക്ക് തന്നെ പണികൊടുക്കും, അതില്‍ മാറ്റവുമുണ്ടാവില്ല.

ഇതാണ് കോണ്‍ഗ്രസ്, സംഘടനാതെരഞ്ഞെടുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അകത്തൊരു ആന്തല്‍ ഉണ്ടാകുന്നത് 1992 മുതലാണ്. ഒരു രാത്രി ഇരുട്ടിവെളുക്കുന്നതിന് മുമ്പ് ശത്രു മിത്രമാകുകയും മിത്രം ശത്രുവാകുകയും ചെയ്യുന്ന മാന്ത്രികത കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതാണ്. 1992ല്‍ അതാണ് കണ്ടത്. രാത്രിവരെ ആന്റണിയുടെ വലംകൈയായിരുന്ന വലയാര്‍ രവി, നേരം വെളുത്തപ്പോള്‍ കരുണാകരന്റെ വിശ്വസ്തനായ പടനായകനായി. അദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. അതോടെയാണ് പ്രശ്‌നങ്ങള്‍ തലപൊക്കിയത്. അതിന്റെ വില നല്‍കേണ്ടിവന്നത് 94ല്‍ കരുണാകരന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിക്കൊണ്ടാണ്. 97 ആയപ്പോള്‍ എ-ഐ എന്നതിന് പകരം മൂന്നും നാലും ഗ്രൂപ്പുകള്‍ ഉണ്ടായി. സ്വന്തം താവളത്തിലെ നായകര്‍ കളംമാറി. 97ല്‍ തെരഞ്ഞെടുപ്പിന് വേണ്ടി ഹൈക്കമാന്‍ഡ് നിയോഗിച്ച് ഇവിടെയെത്തിയ കേന്ദ്രനിരീക്ഷകന് ധരിച്ചിരുന്ന വസ്ത്രത്തോടെ തിരിച്ചുമടങ്ങാനായില്ലെന്നതാണ് അതിന്റെ അനന്തരഫലം. അതോടെ കേരളത്തിലെ സംഘടനാതെരഞ്ഞെടുപ്പ് എന്നാല്‍ ഡല്‍ഹിവരെ ഞെട്ടുന്ന സ്ഥിതിയുണ്ടായി. പിന്നെ ഇവടെ സംഘടനാതെരഞ്ഞെടുപ്പ് എന്നൊരു സംഭവംഉണ്ടായിട്ടില്ല. ഇതൊന്നും അറിഞ്ഞൂകൂടാത്ത വ്യക്തിയല്ല, ഉമ്മന്‍ചാണ്ടി.

അങ്ങനെയുള്ളപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു സംഘടനാതെരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഹൈക്കമാന്‍ഡിന് കഴിയില്ല. അതാണ് ആന്റണി ഇവിടെ സംഘടനയെന്നൊന്നില്ലെന്ന് പറഞ്ഞത്. കേരളത്തിലെ കോണ്‍ഗ്രസ് വല്ലാത്ത ഭീഷണിയുടെ നിഴലിലാണ്. സത്യം അംഗീകരിക്കാന്‍ ഇന്നും നേതാക്കള്‍ക്ക് മനസില്ലെങ്കിലും വസ്തുത അതാണ്. ബി.ജെ.പി എന്ന ഭീഷണി കോണ്‍ഗ്രസിനെ വല്ലാതെ കാര്‍ന്നുതിന്നുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. അതുകൊണ്ടുതന്നെ ഒരു പരിണാമത്തിന് വലിയ ബുദ്ധിമുട്ടുണ്ടാകില്ല. ആ സാഹചര്യത്തിലാണ് ഇപ്പോള്‍ ദുര്‍ബലമായി സംഘടന മുന്നോട്ടുപോകുന്നത്. സംഘടനാതെരഞ്ഞെടുപ്പ് എന്ന ഒരു കുരുക്ഷേത്രയുദ്ധത്തെക്കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് അതുകൊണ്ടുതന്നെ ആന്റണിയുടെ പ്രസ്താവനയെ കൃഷ്ണ ദ്യൂതായി കണ്ട് ശിരസാവഹിക്കുകയാണ് വേണ്ടത്. തമ്മില്‍ തല്ലണമെങ്കില്‍ പോലും പടയാളികള്‍ അനിവാര്യമാണ്. അതുകൊണ്ട് ആദ്യം സംഘടനയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിന് സംഘടനാതെരഞ്ഞെടുപ്പ് ഒരു വല്ലാത്ത വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ അത് ആദ്യം മാറ്റിവച്ച്, നേതാക്കള്‍ ദന്തഗോപുരങ്ങളില്‍ നിന്ന് താഴേയിറങ്ങി, മാധ്യമങ്ങളുടെ മൈക്കുകളും വെളളിവെളിച്ചവും അവഗണിച്ച് ജനങ്ങളുടെ അടുത്തേക്ക് പോകണം. അവരില്‍ വിശ്വാസം ഊട്ടിയുറപ്പിക്കണം. ബി.ജെ.പിയുടെ ഭീഷണി നേരിടണമെങ്കില്‍ നയത്തിലും സമ്പൂര്‍ണ്ണ മാറ്റം വരണം. സാമ്പത്തികനയമുള്‍പ്പെടെ മാറ്റിമറിച്ച് കൂടുതല്‍ ജനകീയമുഖം പാര്‍ട്ടിയുണ്ടാക്കണം. പട സജ്ജമാക്കിയിട്ട് പിന്നെ പോരിന് കളമൊരുക്കാം. അല്ലെങ്കില്‍ ബാക്കിയുള്ളതുകൂടി ബി.ജെ.പി വിഴുങ്ങിക്കൊണ്ടുപോകും. കോണ്‍ഗ്രസ് ഇല്ലാത്ത ഒരു കേരളത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. കേരളത്തെ ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നതില്‍ പ്രധാനപങ്കുവഹിച്ചവരാണ് ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും അതുകൊണ്ടുതന്നെ ഇവയുടെ ഇല്ലായ്മ കേരള സമൂഹത്തിന് തിരിച്ചടിയാകും. പക്ഷേ സ്വന്തം നേട്ടത്തിന് വേണ്ടി ഇരിക്കുന്ന കൊമ്പ് നേതാക്കള്‍ മുറിച്ചാല്‍ പിന്നെ ഒന്നും മിച്ചമുണ്ടാവില്ല.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW