Friday, April 27, 2018 Last Updated 35 Min 2 Sec ago English Edition
Todays E paper
Ads by Google
എം.ആര്‍ കൃഷ്ണന്‍
Tuesday 20 Dec 2016 11.55 AM

ബാക്കി പുനഃസംഘടനയുമായി എ ഗ്രൂപ്പ് സഹകരിക്കില്ല; യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നല്‍കി ഒതുക്കാന്‍ നീക്കം; എതിര്‍ത്ത് ഐ ഗ്രൂപ്പ്

uploads/news/2016/12/62521/udf.jpg

തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തില്‍ എ ഗ്രൂപ്പിനുള്ള പ്രതിഷേധം യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നല്‍കി തീര്‍ക്കാന്‍ നീക്കം, ഇതിനെ ശക്തമായി എതിര്‍ത്ത് ഐ പക്ഷം. ഇതോടെ ഡി.സി.സി പ്രസിഡന്റ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടിയിട്ടുള്ള പ്രതിസന്ധി യു.ഡി.എഫിലേക്കും ബാധിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട നാണംകെട്ട തോല്‍വിക്ക് സ്വീകരിച്ച മരുന്ന് ഇപ്പോള്‍ പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ നിര്‍ജ്ജീവാവസ്ഥയിലേക്ക് നയിക്കുകയാണ്. ഇനി പാര്‍ട്ടിയില്‍ ഒരു പുനഃസംഘടന ഈ നിലയില്‍ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്.

ഡി.സി.സി പ്രസിഡന്റ് നിയമനത്തില്‍ എ ഗ്രൂപ്പിനെ സമ്പൂര്‍ണ്ണമായി അവഗണിക്കുന്ന നിലയാണ് സ്വീകരിച്ചതെന്നാണ് അവരുടെ പരാതി. സംസ്ഥാനത്ത് ഇപ്പോള്‍ പാര്‍ട്ടിയിലെ ശാക്തികനിലപോലും കണക്കാകാത്തെ ഏകപക്ഷീയമായാണ് പുനഃസംഘടന നടത്തിയത്. ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ഇതിലുള്ള തങ്ങളുടെ പ്രതിഷേധം അവര്‍ രഹസ്യമാക്കി വയ്ക്കുന്നുമില്ല. ഇന്നലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കുറ്റപ്പെടുത്തിക്കൊണ്ട് പരസ്യമായി തന്നെ കെ.പി.സി.സി വൈസ് പ്രസിഡന്റുകൂടിയായ എം.എം. ഹസ്സന്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞയാഴ്ച തിരുവനന്തപുരം ഡി.സി.സി യോഗത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറികൂടിയായ തമ്പാനൂര്‍ രവിയും ആഞ്ഞടിച്ചിരുന്നു. പരാതിയുണ്ടെന്ന് ഉമ്മന്‍ചാണ്ടിയൂം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അവരെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്.

ഡി.സി.സി പ്രസിഡന്റ് നിയമനങ്ങളിലുണ്ടായ വീഴ്ച യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം കൊടുത്ത് പരിഹരിക്കാമെന്നുള്ള സമവാക്യമാണ് ചിലര്‍ മുന്നോട്ടുവയ്ക്കുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ ഈ സ്ഥാനത്തിന് വേണ്ടി ശക്തമായി അവകാശവാദം ഉന്നയിച്ചിരുന്നതാണ്. എന്നാല്‍ ഐ ഗ്രൂപ്പ് വിട്ടുകൊടുക്കാന്‍ തയാറായില്ല. അത് മനസില്‍കണ്ടാണ് ഇപ്പോള്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം എ ഗ്രൂപ്പിന് നല്‍കി ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാമെന്ന നിലപാടുമായി ചിലര്‍ രംഗത്തുവന്നിട്ടുള്ളത്. നേരത്തെ കെ.സി.ജോസഫിനെ ഈ സ്ഥാനത്തുകൊണ്ടുവരാനാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ എം.എം. ഹസ്സനെ യു.ഡി.എഫ് കണ്‍വീനറാക്കാനാണ് എ ഗ്രൂപ്പിന് താല്‍പര്യം. പക്ഷേ ഇതിനോട് യോജിക്കാന്‍ എ ഗ്രൂപ്പ് തയാറായിട്ടില്ല.

പി.പി. തങ്കച്ചനെ ആ സ്ഥാനത്തുനിന്നും മാറ്റുന്നതിനോട് അവര്‍ക്ക് യോജിപ്പില്ല. അദ്ദേഹം ഒഴിയുമ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. അല്ലെങ്കില്‍ ആദ്യം കെ.പി.സി.സി പ്രസിഡന്റ് നിയമനം നടക്കട്ടെ, അതിനുശേഷം ഇതേക്കുറിച്ച് ചര്‍ച്ചയാകാമെന്നും അവര്‍ പറയുന്നു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് നല്‍കുന്നതില്‍ ഐ ഗ്രൂപ്പ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ല. പക്ഷേ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് അവരുടെ തീരുമാനം. നിലവില്‍ യു.ഡി.എഫ് ചെയര്‍മാന്‍ പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തലയ്ക്കായിരിക്കുമ്പോള്‍ കണ്‍വീനര്‍ സ്ഥാനത്ത് മറ്റൊരാള്‍ വരുന്നതിനെ അവര്‍ അംഗീകരിക്കുന്നില്ല. ചെയര്‍മാനും കണ്‍വീനറും തമ്മിലുള്ള നല്ല ബന്ധം മുന്നണിയെ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമാണ്.

മാത്രമല്ല, ഇപ്പോള്‍ കണ്‍വീനര്‍ സ്ഥാനം വിട്ടുകൊടുത്താല്‍ അത് ഭാവിയില്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും ഐ ഗ്രൂപ്പ് കരുതുന്നു. വീണ്ടും യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അന്ന് ഇത് തങ്ങള്‍ക്ക് പ്രതികൂലമാകുമെന്ന് അവര്‍ ഭയക്കുന്നു. ഘടകകക്ഷികളുമായുള്ള ബന്ധത്തിലെ ഊഷ്മളത ഇല്ലാതാകുന്നതാകും ഈ തീരുമാനമെന്ന വിലയിരുത്തലാണ് അവര്‍ക്കുള്ളത്. തങ്കച്ചന്‍ മാറിയാല്‍ പോലും യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ ഐ ഗ്രൂപ്പ് തയാറല്ല. പകരം കെ. മുരളീധരനെ പരിഗണിക്കണമെന്ന് വാദമുണ്ട്. എന്നാല്‍ എം.എല്‍.എ സ്ഥാനം അദ്ദേഹത്തിന് തിരിച്ചടിയാകും. ആ സാഹചര്യത്തില്‍ കെ. സുധാകരനെ ഐ ഗ്രൂപ്പ് പരിഗണിക്കാനാണ് സാദ്ധ്യത.

എന്തായാലും ഡി.സി.സി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് തങ്ങളോട് കാട്ടിയ അവഗണയില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് അവരുടെ നിലപാട്. ഇതിന്റെ പേരില്‍ ഹൈക്കമാന്‍ഡുമായി കൊമ്പുകോര്‍ക്കാനും പരാതിയുമായി അവിടെപോയി കാത്തുനില്‍ക്കാനും തയാറല്ലെന്ന സൂചനയാണ് എ ഗ്രൂപ്പ് കേന്ദ്രങ്ങള്‍ നല്‍കുന്നത്. പക്ഷേ കെ.പി.സി.സിയുടെ പരിപാടികളുമായി അവര്‍ സഹകരിക്കില്ല. ഇത് പാര്‍ട്ടിക്ക് വല്ലാതെ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് ശക്തവും സംഘടിതവുമായ എ ഗ്രൂപ്പ് വിട്ടുനിന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകും.

ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തില്‍ കാട്ടിയ വിവേചനം മാത്രമല്ല, ഉമ്മന്‍ചാണ്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്. തന്റെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിവിട്ടത് വി.എം. സുധീരന്റെ നിലപാടുകളാണ്. എന്നിട്ട് അദ്ദേഹത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ ഹൈക്കമാന്‍ഡ് തയാറാകാത്തതിലാണ് അവര്‍ക്ക് വിഷമം. തെരഞ്ഞെടുപ്പിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ഒരു പദവിയും ഏറ്റെടുക്കാന്‍ കൂട്ടാക്കാതെ മാറിനിന്ന വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയുടേത്. എന്നിട്ട് അദ്ദേഹത്തെ ചവുട്ടിതാഴ്ത്തി, മറ്റുള്ളവരെ ഉയര്‍ത്താമെന്നുളള നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. അതുകൊണ്ടുതന്നെ ഇനിയുള്ള പുനഃസംഘടനാനടപടികളുമായി സഹകരിക്കേണ്ടതില്ലെന്നും അവര്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. ഇനി ഇത്തരത്തില്‍ ഏകപക്ഷീയമായ പുനഃസംഘടനയല്ല സംഘടനാതെരഞ്ഞെടുപ്പാണ് വേണ്ടതെന്നതാണ് അവരുടെ നിലപാട്. ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിലും ഉമ്മന്‍ചാണ്ടിക്ക് ഇതേ നിലപാടായിരുന്നു ഉണ്ടായിരുന്നത്. അന്ന് ഡി.സി.സി പ്രസിഡന്റുമാരെ നിര്‍ദ്ദേശിച്ചുകൊണ്ട് പട്ടികപോലും കൊടുക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഒടുവില്‍ എല്ലാവരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ചെയ്തത്. എന്നാല്‍ ഇനി അത്തരത്തിലുള്ള നീക്കം ഉണ്ടാവില്ലെന്നും എ ഗ്രൂപ്പ് വൃത്തങ്ങള്‍ പറയുന്നു.

Ads by Google
എം.ആര്‍ കൃഷ്ണന്‍
Tuesday 20 Dec 2016 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW