Saturday, January 14, 2017 Last Updated 23 Min 42 Sec ago English Edition
Todays E paper
Sunday 18 Dec 2016 09.42 AM

നിയമാനുസൃതം അവധി എടുത്തവര്‍ക്കും ശബരിമലഡ്യൂട്ടിക്ക് പോയവര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ ഇനിയും ശമ്പളമില്ല

uploads/news/2016/12/61891/ksrtc.jpg

പത്തനംതിട്ട: 48 ദിവസത്തിന് ശേഷവും ശമ്പളം പൂര്‍ണമായും വിതരണം ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ആയുധമാക്കിയത് പഞ്ചിങ് മെഷിനെ. കൃത്യമായി ഹാജര്‍ പഞ്ച് ചെയ്യാതിരുന്ന ജീവനക്കാര്‍ക്കാണ് ഇനി ശമ്പളം കിട്ടാനുള്ളത്. പഞ്ച് ചെയ്തില്ലെങ്കില്‍ ശമ്പളവുമില്ലെന്ന നിലപാട് അധികൃതര്‍ കര്‍ശനമാക്കിയതോടെ പല ജീവനക്കാരും ആത്മഹത്യയുടെ വക്കിലെത്തി. പഞ്ചിങ് മെഷിനിലെ തകരാറും ഇടയ്ക്കിടെയുണ്ടായ സ്ഥലം മാറ്റവും കാരണം 4000 പേര്‍ക്കാണു ശമ്പളം മുടങ്ങിയത്. ഇവരില്‍ നിയമാനുസൃതം അവധി എടുത്തവരും ശബരിമല ഡ്യൂട്ടിക്ക് പോയവരും ഉള്‍പ്പെടുന്നു. സംസ്ഥാനമൊട്ടാകെയുള്ള ഡിപ്പോകളില്‍ ഏകീകൃത സ്വഭാവത്തിലാണ് കെല്‍ട്രോണ്‍ പഞ്ചിങ് മെഷിന്‍ സ്ഥാപിച്ചത്. എവിടെയെങ്കിലും ഒരിടത്ത് വിരലടയാളം രജിസ്റ്റര്‍ ചെയ്താല്‍ പിന്നെ, ഏത് ഡിപ്പോയിലേക്ക് സ്ഥലം മാറിയാലും അവിടെ ചെന്ന് പഞ്ചിങ് നടത്താന്‍ കഴിയുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍, ഈ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.

സ്ഥലം മാറി മറ്റു ഡിപ്പോയിലേക്ക് ചെല്ലുന്നവര്‍ അവിടെ വീണ്ടും വിരലടയാളം രജിസ്റ്റര്‍ ചെയ്യേണ്ടതായി വന്നു. ഇതിനായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായം തേടിയെങ്കിലും അവിടെ നിന്നുള്ള ടെക്‌നീഷ്യന്മാര്‍ എത്തി കൃത്യമായി ഇതു ചെയ്തു കൊടുക്കാതിരുന്നത് കാരണമാണ് പലര്‍ക്കും ഇനിയും പഞ്ച് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പത്തനാപുരം ഡിപ്പോയില്‍ ജോലി ചെയ്തിരുന്ന മോഹന്‍ദാസ് എന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍ അടുത്തിടെ എരുമേലിയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. പത്തനാപുരത്ത് പഞ്ചിങ്ങിലൂടെ കൃത്യമായി ഹാജര്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നയാളാണ് മോഹന്‍ദാസ്. എന്നാല്‍, എരുമേലിയില്‍ എത്തിയപ്പോള്‍ അവിടുത്തെ പഞ്ചിങ് മെഷിന്‍ മോഹന്‍ദാസിന്റെ വിരലടയാളം നിരസിച്ചു. ഇതോടെ ഇദ്ദേഹത്തിന് പഞ്ചിങ്ങിന് കഴിയാതെയായി. മെഷിനില്‍ വിരല്‍ അടയാളം എന്റര്‍ ചെയ്യുന്നതിനായി പല തവണ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നടന്നില്ല. ഇന്നിപ്പോള്‍ ശമ്പളം കിട്ടാതായ 25 ശതമാനം ജീവനക്കാരില്‍ മോഹന്‍ദാസുമുണ്ട്. ഒരു പാട് വായ്പകള്‍ തിരിച്ചടയ്ക്കാനുണ്ട്, ഒരു കുടുംബം പുലര്‍ത്താനുണ്ട്. ശമ്പളം നിഷേധിക്കപ്പെട്ടാല്‍ പിന്നെ ജീവനൊടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് മോഹന്‍ദാസ് മംഗളത്തോടു പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പഞ്ചിങ് സംവിധാനം അക്ഷരാര്‍ഥത്തില്‍ തുക്ക് പരിഷ്‌കാരമായിരുന്നു.

കെ.എസ്.ആര്‍.ടി.സി പോലെ ഒരു സ്ഥാപനത്തിന് ഹാജര്‍ ഉറപ്പാക്കാന്‍ പഞ്ചിങ്ങിന്റെ ആവശ്യമില്ലായിരുന്നു. ഇവിടെ ഭൂരിഭാഗം ജീവനക്കാരും ഡ്രൈവര്‍ അല്ലെങ്കില്‍ കണ്ടക്ടര്‍മാരാണ്. ഇവര്‍ രാവിലെ എത്തി ബസുകളില്‍ ഡ്യൂട്ടിക്ക് പോകുന്നു. പുറപ്പെടുന്നതിന് നിശ്ചിത സമയമുണ്ടെങ്കിലും മടങ്ങി എത്തുന്നതിന് അതില്ല. ആ സ്ഥിതിക്ക് പഞ്ചിങ്ങ് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലായിരുന്നു. സാധാരണ സര്‍ക്കാര്‍ ഓഫീസുകളില്‍ കൃത്യസമയത്തുള്ള ഹാജര്‍ ഉറപ്പാക്കാനാണ് പഞ്ചിങ് മെഷിന്‍ സ്ഥാപിച്ചത്. കെ.എസ്.ആര്‍.ടി.സിയില്‍ ഓഫീസ് ജീവനക്കാരുടെ എണ്ണം കുറവാണ് താനും. നഷ്ടത്തിലോടുന്ന കെല്‍ട്രോണിനെ സഹായിക്കാന്‍ വേണ്ടിയാണത്രേ കെ.എസ്.ആര്‍.ടി.സിയും പഞ്ചിങ് സംവിധാനം കൊണ്ടു വന്നത്. കടം കയറി പൂട്ടലിന്റെ വക്കില്‍ നില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സി മറ്റൊരു പൊതുമേഖലാ സ്ഥാപനത്തെ രക്ഷിക്കാന്‍ വേണ്ടി ചെലവഴിച്ചത് കോടികളാണ്. മുന്‍ എം.ഡിയാണ് ഇതിന് മുന്‍കൈയെടുത്തത്. പഞ്ചിങ് മെഷിന്‍ സ്ഥാപിച്ചതില്‍ അഴിമതിയുണ്ടെന്നും തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറയുന്നു. ഈ ഇനത്തില്‍ വന്‍തുക പല ഉദ്യോഗസ്ഥരും പോക്കറ്റിലാക്കിയെന്നാണ് പറയുന്നത്. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതിരിക്കാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ അടവാണ് ഇതെന്ന് പറയുന്നവരും കുറവല്ല. എന്തായാലും ഇതിന്റെ പേരില്‍ ശമ്പളം മുടങ്ങിയാല്‍ ഉണ്ടാകുന്ന ജീവനക്കാരുടെ ആത്മഹത്യയ്ക്ക് കൂടി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ മറുപടി പറയേണ്ടി വരും.

ജി. വിശാഖന്‍

Sunday 18 Dec 2016 09.42 AM
YOU MAY BE INTERESTED
TRENDING NOW