Thursday, May 24, 2018 Last Updated 11 Min 25 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 17 Dec 2016 07.07 PM

അപമാനിക്കപ്പെട്ട ദേശീയഗാനവും നിരായുധനായ രാഹുല്‍ഗാന്ധിയും

ഡോ: മന്‍മോഹന്‍സിംഗിന് പകരം പ്രണാബ് മുഖര്‍ജിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ ഇന്ന് ചിത്രം മറ്റൊന്നാകുമായിരുന്നു. രാഷ്ട്രീയമായി ഏറെ പരിചയമുളള പ്രണാബ്കുമാര്‍ മുഖര്‍ജി തങ്ങള്‍ക്ക് ഭീഷണിയാകുമോയെന്ന ചിലരുടെ സംശയമാണ് കോണ്‍ഗ്രസിനെ ഈ നിലയില്‍ എത്തിച്ചത്.
uploads/news/2016/12/61674/rahul-natio.jpg

അരാജകത്വവും വിടുവായിത്തവും ഒരിടത്തും വിപ്ലവങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. വിപ്ലവങ്ങള്‍ ഉണ്ടാകുന്നത് കടുത്ത അച്ചടക്കവും അനുഭവസമ്പത്തും കൈമുതലായുള്ള നേതാക്കളും അവരെ വിശ്വാസത്തിലെടുക്കുന്ന ജനതയും സാഹചര്യങ്ങളെ തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുക്കാന്‍ കൃത്യമായ മാര്‍ഗങ്ങളും ഒത്തുചേരുമ്പോഴാണെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് അരാജകത്വവായിടത്തം കൊണ്ട് സാമൂഹികവ്യവസ്ഥിതിയില്‍ മാറ്റം കൊണ്ടുവരാനാണ് ചിലരുടെ ശ്രമം. ഇത് ഒരിക്കലും വിജയം കാണില്ലെന്ന് മാത്രമല്ല, സൃഷ്ടിക്കുക വിപരീതഫലങ്ങളുമായിരിക്കും.

കഴിഞ്ഞ ആഴ്ച ഇവിടെ അരങ്ങേറിയ രണ്ടു സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇവയുടെ പൊരുള്‍ മനസിലാകും. ഒന്ന് ദേശീയഗാനത്തിനെ അപമാനിക്കലും രണ്ട് മോഡിക്കെതിരെ നോട്ടുനിരോധിക്കല്‍ അഴിമതിയുടെ തെളിവ് തന്റെ പക്കലുണ്ടെന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയും.

ദേശീയഗാനത്തെ പരസ്യമായി തെരുവുകളില്‍ വലിച്ചിഴച്ച് അപമാനിച്ചുവെന്ന വലിയ കുറ്റമാണ് നാം ചെയ്തിരിക്കുന്നത്. വ്യത്യസ്ത ചിന്താഗതികള്‍ നമുക്കുണ്ടെങ്കിലും ചില ദേശീയ ചിഹ്‌നങ്ങളാണ് നാനാത്വത്തില്‍ ഏകത്വമെന്ന അടിസ്ഥാനശിലയില്‍ നമ്മെ മുന്നോട്ടുനയിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തിന് മുമ്പ് ഇന്ത്യ എന്നൊരു ദേശീയത ഇവിടെ ഉണ്ടായിരുന്നുവോ എന്നത് വലിയ വിവാദവിഷയമാണ്. അതിന് മുമ്പ് ഇന്ത്യയെ ഏകോപിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. ഇന്ത്യ എന്ന ഒരു ഏകീകൃതസംവിധാനത്തിന് ആധുനികകാലത്ത് രൂപം നല്‍കിയതിന് നാം ബ്രിട്ടീഷുകാരോട് നന്ദിപറയേണ്ടിയും വരും. അത് എന്തായാലും അത്തരത്തില്‍ ഒരുമിപ്പിക്കപ്പെട്ട സാംസ്‌ക്കാരിക-സാമൂഹിക-ഭാഷ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ നമ്മുടെ നാടിനെ ഒരുമിപ്പിച്ച് നിര്‍ത്തുന്നത് ഇത്തരം ചില പ്രതീകങ്ങളാണ്.

അവയെയാണ് നാം അപമാനിക്കുന്നത്. സിനിമാ തീയേറ്ററില്‍ ദേശീയഗാനം പാടണമോയെന്നുള്ളത് വേറെ വിഷയമാണ്. അത്തരത്തില്‍ പാടണമെന്ന് ഒരു ഉത്തരവ് വന്നാല്‍ നാം അത് അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണ്. അങ്ങനെ ചെയ്യുമ്പോള്‍ അതിനോട് അനാദരവ് കാണിക്കാതിരിക്കാനുളള ബാദ്ധ്യതയും ഓരോ ഇന്ത്യക്കാരനുമുണ്ട്. 500,100 നോട്ടുകള്‍ ഇന്ന് രാത്രിമുതല്‍ നിരോധിച്ചിരിക്കുന്നുവെന്ന ഒരു പ്രസ്താവന പ്രധാനമന്ത്രിയില്‍ നിന്നും വന്നപ്പോള്‍ ഇത്തരം വിപ്ലവവീര്യങ്ങള്‍ ഉയര്‍ന്നത് ഒരിടത്തും കണ്ടില്ല. പക്ഷേ ദേശീയഗാനത്തിന്റെ പ്രശ്‌നത്തില്‍ അത് പ്രകടമാകുകയും ചെയ്തു. അപ്പോള്‍ ഈ വിപ്ലവം വസ്തുതാപരമല്ലെന്ന് വ്യക്തമാകുന്നു. അത് പ്രകടിപ്പിക്കുന്ന വേദിയാണ് ഇവിടെ പ്രധാന്യമര്‍ഹിക്കുന്നത്.

രാജ്യാന്തര ചലച്ചിത്രമേളപോലെ ഒരു വലിയ ചടങ്ങില്‍ ഈ പ്രതിഷേധം പ്രകടമാകുമ്പോള്‍ അത് രാജ്യമാകെ മാത്രമല്ല, രാജ്യത്തിന് പുറത്തും കത്തിപ്പടരുമെന്ന് വ്യക്തമായി ബോധമുള്ളവരാണ് ഇതിന്റെ പിന്നിലെന്ന് സംശയിച്ചാല്‍ തെറ്റുപറയാനാവില്ല. എത്ര ചിത്രം കാണാന്‍ വൈകിയാലും 58 സെക്കന്റ് ഒന്നു എഴുന്നേറ്റുനിന്നാല്‍ തകര്‍ന്നുപോകുന്നതല്ല, നമ്മുടെ ബുദ്ധിയും ചിന്തയും പുരോഗമനവും. വ്യവസ്ഥിതിയെ എതിര്‍ക്കുകയെന്നതാണ് പുരോഗമനം എന്ന ചിന്തയാണ് ഇത്തരത്തിലുള്ള അരാജകത്വത്തിലേക്ക് നയിക്കുന്നതിലെ വേറൊരുകാരണം. അല്ലെങ്കില്‍ ഫാസിസത്തിനെതിരായ പ്രതിഷേധപ്രകടനമെന്നാണ് പറയുന്നതെങ്കില്‍ അതാണ് ഏറ്റവും വലിയ തെറ്റ്. ഇത്തരം അരാജകത്വങ്ങളാണ് ഫാസിസത്തിന് വഴിവയ്ക്കുന്നത്. ഇന്നലെവരെ ദേശീയഗാനത്തെയും ദേശീയ പതാകയേയും അപമാനിച്ചിരുന്നവര്‍ക്ക് ഇന്ന് അത് ആയുധമായത് അതുകൊണ്ടാണ്. ഫാസിസം ഒരു സമൂഹത്തെ കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ ആ സമൂഹത്തിലെ ഓരോ പൗരനും വളരെ ജാഗരൂകരായിരിക്കണം. വര്‍ഗ്ഗം, വര്‍ണ്ണം, അതിദേശീയത എന്നിവയില്‍ പിടിച്ചുതൂങ്ങിയാണ് ഫാസിസം വളരുന്നത്. അതുകൊണ്ടുതന്നെ ഫാസിസത്തിന്റെ ഈ വളര്‍ച്ചയെക്കുറിച്ച് ആകുലതപ്പെടുന്നവര്‍, വളരെ ശ്രദ്ധാലുക്കളായിരിക്കണം.

അരാജകത്വം പല കാലഘട്ടങ്ങളില്‍ പലരൂപങ്ങളില്‍ അവതരിക്കാറുണ്ട്. എന്നാല്‍ അവ വിപ്ലവങ്ങളിലേക്ക് ഒരു സമൂഹത്തെ നയിക്കാന്‍ പര്യാപ്തമല്ല. വിപ്ലവങ്ങള്‍ക്ക് അല്ലെങ്കില്‍ സാമൂഹികമാറ്റങ്ങള്‍ക്ക് അച്ചടക്കവും മിതത്വവുമാണ് ആവശ്യം. അതുകൊണ്ടാണ് ഇന്ത്യയിലെന്നല്ല, ലോകത്താകമാനം തന്നെ കേഡര്‍പാര്‍ട്ടികള്‍ കടുത്ത അച്ചടക്കത്തിന് ഊന്നല്‍ നല്‍കുന്നതും. അതുപോലെ വിപ്ലവം പരാജയപ്പെടുന്നിടത്ത് അരാജകത്വങ്ങള്‍ പലരൂപത്തില്‍ പ്രകടമാകുന്നതും. ഇവിടെയും ചലച്ചിത്രമേളകള്‍ എന്നത് ആസ്വാദത്തിനും പുത്തന്‍ സാംസ്‌ക്കാരിക സൃഷ്ടിക്കും പകരം അരാജകത്വത്തിന്റെ കുത്തരങ്ങുകളാകുകയാണ്. എല്ലാത്തിനെയും എതിര്‍ക്കുക, തമസ്‌ക്കരിക്കുക എന്നതാണ് ആധുനികത എന്ന വികലമായ ചിന്തയാണ് ഇവയ്ക്ക് ചൂട്ടുപിടിക്കുന്നത്. ദേശീയാനം പാടുമ്പോള്‍ എഴുന്നേല്‍ക്കണം എന്നത് ഒരു ഭരണഘടനാബാദ്ധ്യതയല്ല, സ്വന്തം വീട്ടില്‍ അച്ഛനോ, മറ്റ് മുതിര്‍ന്നവരോ കടന്നുവരുമ്പോള്‍ എഴുന്നേല്‍ക്കണമെന്ന് നിയമമില്ലാത്തതുപോലെ. പക്ഷേ അത്തരത്തില്‍ ബഹുമാന്യര്‍ കടന്നുവരുമ്പോള്‍ ആദരവിന്റെ ഭാഗമായി എഴുന്നേല്‍ക്കുക നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. അതുപോലെ ദേശീയഗാനത്തെ ആദരിക്കുകയെന്നത് അത്രമോശം കാര്യമാണെന്ന് തോന്നുന്നില്ല. അങ്ങനെ ചെയ്യാതരിക്കുന്നതുകൊണ്ട് ആദരിക്കുന്ന ആയിരങ്ങളെക്കാള്‍ ആദരിക്കാത്തവര്‍ വലിയവരാകുന്നുമില്ല. മറിച്ച് എഴുന്നേറ്റ് നില്‍ക്കുന്നവരെ അപമാനിക്കുകയാണ് ഇരിക്കുന്നവര്‍ ചെയ്യുന്നതെന്നുകൂടി മനസിലാക്കണം.

ഇത്തരത്തില്‍ വഴിതെറ്റിപ്പോകുന്ന ചിന്തകളെയും പ്രവര്‍ത്തികളേയൂം ഒന്നിച്ചുകൊണ്ടുവരികയെന്നതാണ് രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ കടമ. അത് നിര്‍വഹിക്കാന്‍ അവക്ക് ശേഷിയും സത്യസന്ധതയും വേണം. ഒരുദിവസം അല്ലെങ്കില്‍ ഒരാഴ്ച മാധ്യമചര്‍ച്ചയ്ക്ക് വേണ്ടി നടത്തുന്ന ഗീര്‍വാണമാകരുത് അവയെന്നതുകൂടി ഓര്‍ക്കപ്പെടേണ്ടതാണ്.

കറന്‍സിപരിഷ്‌ക്കരണം രാജ്യത്തുണ്ടാക്കിയ ബുദ്ധിമുട്ട് ആര്‍ക്കും വിസ്മരിക്കാന്‍ കഴിയുന്നതല്ല. ഇത് കത്തിപ്പടരുമ്പോഴാണ് പാര്‍ലമെന്റ് സമ്മേളിച്ചത്. എന്നിട്ടും രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഈ സംഭവത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പറയുന്നത് രാജ്യത്തെ ഭരണ-പ്രതിപക്ഷങ്ങളുടെ പരാജയമാണ്. ചര്‍ച്ചയെ ഭരണപക്ഷം ഭയക്കുന്നുവെന്നത് സംശയമില്ലാത്ത കാര്യമാണ്. പക്ഷേ അവര്‍ക്ക് കൂടുതല്‍ ഗുണം നല്‍കുന്നതരത്തിലായിപ്പോയി പ്രതിപക്ഷപ്രകടനം. അതിലേറെ പ്രതിപക്ഷത്തിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത് രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയാണ്.

കറന്‍സി നിരോധനത്തിന് പിന്നില്‍ മോഡി നടത്തിയ അഴിമതിയാണെന്നും അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്. പക്ഷേ ഇത് പാര്‍ലമെന്റില്‍ മാത്രമേ പറയുകയുള്ളുവെന്നുള്ള അദ്ദേഹത്തിന്റെ നിലപാട് ജനാധിപത്യത്തിനോടുള്ള അവഹേളനമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് പാര്‍ലമെന്റ് എന്നതില്‍ സംശയമില്ല. എന്നാല്‍ ഈ കോവിലിലെ പ്രതിഷ്ഠകളെ സൃഷ്ടിക്കുന്ന ശില്‍പ്പികളാണ് ഈ രാജ്യത്തെ ജനങ്ങള്‍. അവരെ അവഗണിക്കുന്നതായിപ്പോയി അദ്ദേഹത്തിന്റെ പ്രസ്താവന. ഇത്തരത്തില്‍ തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ രാഹുല്‍ ആദ്യം ചെയ്യേണ്ടത് അത് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. അല്ലാതെ ലോക്‌സഭയില്‍ മാത്രമേ അത് പ്രസിദ്ധപ്പെടുത്തൂവെന്ന് അദ്ദേഹം പറയുമ്പോള്‍ മറുപക്ഷത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ്. പ്രധാനമായും അഗസ്റ്റാ വെസ്റ്റലാന്‍ഡ് ഇടപാടിലെ രാഷ്ട്രീയകുടുംബം സംബന്ധിച്ച വിവാദങ്ങളാണ് ഇതിന് വഴിവയ്ക്കുന്നതെന്ന ആരോപണത്തിന് കരുത്തുകൂടും. മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം രാഹുല്‍ നിശബ്ദനായി എന്ന ആരോപണം ഇതിനോട് ചേര്‍ത്തു വായിക്കാം. കേരളത്തിലെ ചില നേതാക്കളെപ്പോലെ തന്റെ കൈവശം തെളിവുണ്ടെന്ന് നാഴികയ്ക്ക് നാന്നൂറുവട്ടം പറഞ്ഞ് പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യനാകുകയാകും ഫലം.

പ്രതിപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി നയിക്കാന്‍ ശക്തനായ ഒരു നേതാവില്ലെന്നതാണ്. കോണ്‍ഗ്രസാണ് ബി.ജെ.പിക്ക് എതിരാകേണ്ടത്. എന്നാല്‍ അതിനെ നയിക്കുന്നത് പക്വതയില്ലാത്ത നേതൃത്വമാണ്. അതുകൊണ്ടുതന്നെ പിന്നില്‍ അണിനിരക്കാന്‍ മറ്റുകക്ഷികള്‍ മടിക്കുകയും ചെയ്യുന്നു. വഴിനീളെ നടന്ന് എന്തെങ്കിലും പറയുന്നതല്ല, രാഷ്ട്രീയപ്രവര്‍ത്തനം എന്ന് മനസിലാക്കാന്‍ ഇന്നുവരെ ആ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ ഈ ദുരവസ്ഥ ഒന്നാം യു.പി.എയുടെ രൂപീകരണത്തോടെ തുടങ്ങിയതാണ്. അന്ന് ഡോ: മന്‍മോഹന്‍സിംഗിന് പകരം പ്രണാബ് മുഖര്‍ജിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ ഇന്ന് ചിത്രം മറ്റൊന്നാകുമായിരുന്നു. രാഷ്ട്രീയമായി ഏറെ പരിചയമുളള പ്രണാബ്കുമാര്‍ മുഖര്‍ജി തങ്ങള്‍ക്ക് ഭീഷണിയാകുമോയെന്ന ചിലരുടെ സംശയമാണ് കോണ്‍ഗ്രസിനെ ഈ നിലയില്‍ എത്തിച്ചത്. ഇതില്‍ നിന്നും കരകയറണമെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ പക്വതപ്പെടണം. കാത്തിരിക്കുകമാത്രമാണ് ഇപ്പോഴുളള ഏക പോംവഴി.

Ads by Google
Ads by Google
Loading...
TRENDING NOW