Friday, January 13, 2017 Last Updated 40 Min 33 Sec ago English Edition
Todays E paper
Thursday 15 Dec 2016 12.11 PM

പരാതിയുമായി ഇനിയില്ല; കെ.പി.സി.സിയുമായി ഉമ്മന്‍ചാണ്ടി സഹകരിക്കില്ല

uploads/news/2016/12/60984/Oommen.jpg

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് മാറ്റാതെ കെ.പി.സി.സിയുടെ പരിപാടികളുമായി ഉമ്മന്‍ചാണ്ടി സഹകരിക്കില്ല. ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിലുള്ള അതൃപ്തി അറിയിച്ച് ഇനി ഹൈക്കമാന്‍ഡിന്റടുത്തേക്ക് പോകേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ തീരുമാനം. പ്രശ്‌നപരിഹാരത്തിന് താല്‍പര്യമുണ്ടെങ്കില്‍ അവര്‍ ഇങ്ങോട്ട് വരട്ടെയെന്നാണ് എ ഗ്രൂപ്പിന്റെ പൊതുനിലപാട്. അതേസമയം യു.ഡി.എഫുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും അത്ര രസത്തിലല്ല.

ഡി.സി.സിപ്രസിഡന്റ് നിയമനത്തില്‍ എ ഗ്രൂപ്പിന് കടുത്ത അതൃപ്തിയാണുള്ളത്. നിലവിലുണ്ടായിരുന്ന ജില്ലകളില്‍ രണ്ടെണ്ണം കവര്‍ന്നെടുത്തുവെന്ന് മാത്രമല്ല, ഗ്രൂപ്പിന്റേതായി നല്‍കിയ പട്ടിക പരിഗണിച്ചുമില്ല. ഇത് ഗ്രൂപ്പിനെ അപമാനിക്കുന്നതായല്ല അവരുടെ വിലയിരുത്തല്‍. പകരം ഉമ്മന്‍ചാണ്ടിയെ ഇല്ലാതാക്കാനുള്ള നീക്കമായാണ് എ ഗ്രൂപ്പ് വിലയിരുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഓരോ നടപടികളും അതാണ് സൂചിപ്പിക്കുന്നത്. തങ്ങളെ വിശ്വാസമില്ലാത്തവരുമായി അങ്ങനെ സഹകരിക്കേണ്ടതില്ലെന്നാണ് അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

ഇപ്പോള്‍ തന്നെ കെ.പി.സി.സിയുടെ പരിപാടികളില്‍ പലതിലും അദ്ദേഹം പങ്കെടുക്കുന്നില്ല. ഡല്‍ഹിയില്‍ നിന്നും പരസ്പരം സഹകരിച്ച് പോകണമെന്ന നിര്‍ദ്ദേശമുണ്ടായിട്ടുകൂടി ഉമ്മന്‍ചാണ്ടി നിസ്സഹകരണം ഇക്കാര്യത്തില്‍ തുടരുകയുമായിരുന്നു. ഇപ്പോള്‍ ഡി.സി.സി പ്രസിഡന്റ് നിയമനങ്ങളിലൂടെ അടച്ചാക്ഷേപിച്ച സ്ഥിതിക്ക് പരസ്യമായി ഒരു കലാപത്തിനും പോകേണ്ടതില്ലെന്നും അതേസമയം കെ.പി.സി.സിയുമായി വലിയ സഹകരണം വേണ്ടെന്നുമാണ് തീരുമാനം. അതേസമയം യു.ഡി.എഫിന്റെ പരിപാടികളിലെല്ലാം സജീവസാന്നിദ്ധ്യവുമുണ്ടാകും. ഇന്നലെ ഡല്‍ഹിയിലെ സമരത്തില്‍ പങ്കെടുക്കാത്തത് പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നുണ്ട്. പരമാവധി യു.ഡി.എഫിനെ ശക്തിപ്പെടുത്തി, കെ.പി.സി.സി നേതൃത്വത്തെ ദുര്‍ബലപ്പെടുത്തുകയെന്നതാണ് തന്ത്രം. ഇനി ഹൈക്കമാന്‍ഡുമായി ഇതേക്കുറിച്ച് ഒരു ചര്‍ച്ചയും നടത്താനും തയാറല്ല. എന്തെങ്കിലൂം ആവശ്യമുണ്ടെങ്കില്‍ അവര്‍ നിര്‍ദ്ദേശിച്ചാല്‍ ചര്‍ച്ചയ്ക്ക് തയാറാകും. അതും കെ.പി.സി.സിപ്രസിഡന്റിനെ നിലനിര്‍ത്തിക്കൊണ്ടുള്ള ഒത്തുതീര്‍പ്പിനും തയാറല്ല. ഒന്നുകില്‍ സുധീരനെ മാറ്റുക, അല്ലെങ്കില്‍ എത്രയും വേഗം സംഘടനാതെരഞ്ഞെടുപ്പിലേക്ക് പോകുക. എന്നതാണ് അവരുടെ ആവശ്യം.

ഇതിനിടയില്‍ യു.ഡി.എഫുമായി സുധീരന്‍ ഇടഞ്ഞുനില്‍ക്കുകയാണ്. തന്നെ ഒറ്റപ്പെടുത്തുന്ന രീതിയാണ് യു.ഡി.എഫിലുണ്ടാകുന്നതെന്നാണ് അദ്ദേഹത്തിന്റെ പരാതി. സഹകരണപ്രശ്‌നത്തില്‍ സി.പി.എമ്മുമായി യോജിച്ചുള്ള പ്രക്ഷോഭത്തിനെ എതിര്‍ത്തതുമുതലാണ് യു.ഡി.എഫില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം നടക്കുന്നതെന്നാണ് ആരോപണം. അതുകൊണ്ട് യു.ഡി.എഫുമായി ചേര്‍ന്നുള്ള പരിപാടികള്‍ക്ക് പകരം പാര്‍ട്ടിയുടെ സ്വന്തംനിലയ്ക്കുള്ള പരിപാടികളുമായി മുന്നോട്ടുപോകാനാണ് സുധീരന്റെ തീരുമാനം. എന്നാല്‍ സംസ്ഥാനത്തെ പ്രബലമായ ഉമ്മന്‍ചാണ്ടി വിഭാഗത്തിന്റെ സമ്പൂര്‍ണ്ണ പിന്തുണയില്ലാതെ ഇത്തരംനീക്കം എത്രത്തോളം വിജയം കാണുമെന്ന സംശയവും പരക്കെ ഉടലെടുത്തിട്ടുണ്ട്.

എം.ആര്‍ കൃഷ്ണന്‍

TRENDING NOW