Wednesday, May 30, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
വൈഗാ മഹേശ്വര്‍
Thursday 15 Dec 2016 08.56 AM

എന്നെ മറന്നോ സിറാജുന്നീസയെ...

പാലക്കാട് പുതുപ്പള്ളിതെരുവില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പതിനൊന്നുകാരി സിറാജുന്നിസയെന്ന പെണ്‍കുട്ടിയെ ​പോലീസ് ക്രൂരമായി വെടിവച്ചുകൊന്ന സംഭവത്തി​ന്റെ 25-ാം വാര്‍ഷികം
uploads/news/2016/12/60952/siraj.jpg

1991 ഡിസംബര്‍. 13,14

അന്നത്തെ ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന ഡോ. മുരളീമനോഹര്‍ ജോഷിയുടെ കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെയുള്ള ഏകതായാത്രയുടെ രഥചക്രങ്ങള്‍ പാലക്കാന്‍ മണ്ണിലൂടെ കടന്നുപോയി. ആവശ്യം അയോദ്ധ്യയില്‍ രാമക്ഷേത്രം. പിന്നാലെ പൊതുവെ ശാന്തവും സൗഹാര്‍ദ പൂര്‍ണ്ണവുമായിരുന്ന പാലക്കാടന്‍ തെരുവുകളില്‍ വിദ്വേഷം മുളപൊട്ടുന്നു. ചിലയിടങ്ങളില്‍ കല്ലേറ്. മേപ്പറമ്പിലും ചുണ്ണാമ്പുതറയിലുമൊക്കെ ആളുകള്‍ സംഘടിച്ചു നില്‍ക്കുന്നു എന്ന വാര്‍ത്ത അന്തരീക്ഷത്തില്‍ ഭീതി പരത്തി.

മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായതുകൊണ്ട് സ്ഥലം എസ്.പി. മൊയ്തൂട്ടിയെ പക്ഷപാത ആരോപണമുണ്ടാകാതിരിക്കാന്‍ മാറ്റി നിര്‍ത്തി. സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്. പി. ചന്ദ്രന്‍ അവധിയായതിനാല്‍ അന്നത്തെ ഷൊര്‍ണ്ണൂര്‍ എ.എസ്.പി.യായിരുന്ന ഇന്നത്തെ എ.ഡി.ജി.പി. ബി. സന്ധ്യയ്ക്കായിരുന്നു ചുമതല. ഉത്തര മേഖല ഡിഐജി രമണ്‍ ശ്രീവാസ്തവയും.

ഡിസംബര്‍. 15

പുതുപ്പളളിത്തെരുവിലെ റോഡില്‍ കല്ലുകള്‍ പെറുക്കിവച്ച് ആരോ ഗതാഗതതടസം ഉണ്ടാക്കിയിരിക്കുന്നു. ജീപ്പില്‍ എ.എസ്.പി. സന്ധ്യ സ്ഥലത്തെത്തി. സമീപത്തെ കടയുടെ മുറ്റത്തുനിന്നിരുന്ന പ്രായമുള്ള ഒരാളെ 'ഇവിടെ വാടോ' എന്നു വിളിക്കുന്നു. സംഘര്‍ഷച്ചൂടില്‍ നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന് അത് ഇഷ്ടപ്പെട്ടില്ല. സംഘം പോലീസിനു ചുറ്റുംകൂടി വാക്കേറ്റവും ഉന്തും തള്ളും. ഇതിനിടയില്‍ ശ്രീവാസ്തവയുടെ വയര്‍ലസ് കോള്‍ സന്ധ്യയ്‌ക്കെത്തി.

സിറ്റുവേഷന്‍ എങ്ങിനെയെന്ന മേലധികാരിയുടെ ചോദ്യത്തിന് എല്ലാം കണ്‍ട്രോളിലാണു സാര്‍... എന്ന സന്ധ്യയുടെ മറുപടി. വയര്‍ലസിലൂടെ ശ്രീവാസ്തവ വെടിവയ്ക്കാന്‍ ഉത്തരവിടുന്നു. എല്ലാം നിയന്ത്രണത്തിലാണെന്നു വീണ്ടും പറഞ്ഞ സന്ധ്യയോട് പറഞ്ഞത് അനുസരിക്കാന്‍ ആജ്ഞാപിച്ചു. എനിക്ക് മൃതശരീരം വേണമെന്ന് വയര്‍ലസ്സിലൂടെ ആക്രോശിക്കുകയായിരുന്നു ആ പോലീസ് മേധാവി.

പുതുപ്പള്ളിതെരുവില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മുസ്തഫയുടെ മകള്‍ സിറാജുന്നിസയെന്ന പെണ്‍കുട്ടിയുടെ തലച്ചോറിലൂടെ വെടിയുണ്ട പാഞ്ഞു. തലപിളര്‍ന്ന് തെറിച്ചുവീണ കുട്ടിയേയുംകൊണ്ട് ആശുപത്രിയിലേക്കോടാന്‍ തുനിഞ്ഞ ബന്ധുക്കളെയും അയല്‍വാസികളെയും പോലീസ് പൊതിരെ തല്ലി. പിന്നീട് പോലീസ് ജീപ്പില്‍ തന്നെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും എല്ലം കഴിഞ്ഞിരുന്നു. പുറത്തു പോരടിച്ചു നില്‍ക്കുന്ന ലോകത്തിന്റെ കാപട്യങ്ങളെകുറിച്ചറിയാത്ത ആ കുഞ്ഞുജീവിതത്തിന് അങ്ങനെ അവസാനമായി.

ലീവില്‍ പോയ ഡി.വൈ.എസ്.പി. മടങ്ങി വന്നിട്ടും അതിവിചിത്രമായ എഫ്.ഐ. ആര്‍. തയാറാക്കിയത് എം.കെ. പുഷ്‌കരനെന്ന പോലീസ് ഓഫീസര്‍. നൂറണി ഗ്രാമത്തിലൂടെ മുന്നൂറോളം കലാപകരികളേയും നയിച്ചുകൊണ്ട് ജാഥ നടത്തുകയായിരുന്നുവത്രേ പതിനൊന്നുകാരി സിറാജുന്നിസ.

കേരളം ഇളകി മറിഞ്ഞു. മുഖ്യമന്ത്രി കെ. കരുണാകരന്‍ ജസ്റ്റീസ് യോഹന്നാനെ അന്വേഷണ കമ്മീഷനായി വയ്ക്കുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് കൊടുത്തു. സിറാജുസിന്നിസയുടെ വീടീനുമുന്നില്‍ ഒരു ഇലക്ട്രിക് പോസ്റ്റുണ്ട്. വെടിവയ്പ്പു നടന്നപ്പോള്‍ പോസ്റ്റില്‍ കൊണ്ട വെടിയുണ്ട കഷണങ്ങളായി തെറിച്ചപ്പോള്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന കുട്ടിയുടെ തലയില്‍ കൊള്ളുകയായിരുന്നുവത്രേ. ആ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടന്നില്ല.

ഈ 'കൊലയാളി' ഇലക്ട്രിക് പോസ്റ്റിനെക്കുറിച്ച് അന്നത്തെ കേരളകൗമുദി ലേഖകന്‍ ശ്രീ ജഗദീഷ് ബാബു നടത്തിയ അന്വേഷണം മറ്റൊരു സത്യംകൂടി പുറത്തുകൊണ്ടുവന്നു. വെടിവയ്പ്പ നടന്ന് രണ്ടുമാസത്തിനുശേഷമാണത്രേ ഈ കോണ്‍ക്രീറ്റ് പോസ്റ്റ് അവിടെ സ്ഥാപിച്ചത്.

പിന്നീട് വെള്ളറ, കൃഷ്ണന്‍ എന്നീ രണ്ടു പോലീസുകാരുടെ പേരില്‍ ചെറിയ വകുപ്പുതല നടപടികള്‍ എടുത്തിരുന്നു. അവിടെ തീരുന്നു ഒരു കുഞ്ഞു ജന്മത്തിന്റെ ഉയിരെടുത്ത നരാധമര്‍ക്കെതിരേയുള്ള ശിക്ഷ.

സംഭവംനടക്കുമ്പോള്‍ അന്നത്തെ കളക്ടര്‍ ശ്രീനിവാസനൊപ്പം മീറ്റിംഗിലുണ്ടായിരുന്ന പലരാഷ്ട്രീയ പ്രമുഖരും ശ്രീവാസ്തവയുടെ വയര്‍ലസ് സന്ദേശം കേട്ടവരാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന കുളക്കോടന്‍ മൂസ ഹാജി ഇക്കാര്യം കാണിച്ച് സുപ്രീംകോടതിവരെ പോയി കേസു നടത്തി. അതും എവിടെയുമെത്തിയില്ല. ചില പതിവു അന്വേഷണങ്ങള്‍ മാത്രം നടന്നു.

വാനോളം പ്രകീര്‍ത്തിക്കപ്പെടുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ ഇനി എവിടെനിന്നാണ് സിറാജുന്നിസയ്ക്ക് നീതി കിട്ടുക? സിറാജുന്നിസയുടെ രക്തത്തിന്റെ പേരു പറഞ്ഞ പലതവണ അധികാരത്തിലേറിയവര്‍ക്കും ഒന്നുംചെയ്യാനായില്ല. കോടതിവിധിയുടെ പിന്‍ബലത്തില്‍ രമണ്‍ ശ്രീവാസ്തവ ഇവരുടെ ഭരണത്തില്‍ ഡി.ജി.പി.യായി വാഴുകയും ചെയ്തു. 25 വര്‍ഷങ്ങള്‍ക്കിപ്പുറം നാം സിറാജുന്നിസയെ മറന്നു.. അവളുടെ ഓര്‍മ്മകളേയും.. അവളോട് ചെയ്ത നീതികേടിനേയും...

Ads by Google
വൈഗാ മഹേശ്വര്‍
Thursday 15 Dec 2016 08.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW