Friday, April 27, 2018 Last Updated 32 Min 31 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 10 Dec 2016 07.52 PM

ശ്രീപദ്മനാഭനും അയ്യപ്പനും തുണ; ഉണ്ണിയേശു പിറന്ന ദിനത്തില്‍ മോഡിയെ ജനം ക്രൂശിക്കുമോ?

രാജ്യത്ത് ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണ നാണയത്തിന്റെ കള്ളപ്പതിപ്പ് ഉണ്ടാക്കിയതിന്റെ പേരില്‍ അവ പിന്‍വലിച്ച് ചെമ്പു നാണയം ഇറക്കിയ ഒരു ഭരണാധികാരി ചരിത്രത്തിലുണ്ട്. എന്തൊക്കെ ചെയ്തിട്ടും എത്രയൊക്കെ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നിട്ടും ഒന്നുംശരിയാകാത്ത ഭരണാധികാരി.
uploads/news/2016/12/59540/nn.jpg

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാറിന് പ്രവേശനമുണ്ടോ, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടോ തുടങ്ങിയ എന്ന സജീവ ചര്‍ച്ചകളിലാണ് നാം. ആരാധനാലയങ്ങളാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമാകുന്നത്. അതുകൊണ്ടുതന്നെ രാവിലെ മുതല്‍ വൈകിട്ടുവരെയും ഇതേക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. ഇവയില്‍ ഇത്രയേറെ ചര്‍ച്ചയ്ക്ക് എന്തുണ്ട് എന്ന് ചോദിച്ചാല്‍ ചര്‍ച്ചിക്കുന്നവര്‍ക്കു പോലും ഒന്നും പറയാനാവില്ല. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ഇരിക്കുന്ന ദേവനോ ദേവിയോ ആരെയെങ്കിലും പ്രവേശിപ്പിക്കാനോ, അല്ലെങ്കില്‍ പ്രവേശിക്കുന്നവര്‍ ഇന്ന വസ്ത്രം മാത്രമേ ധരിക്കാവൂവെന്നോ പറഞ്ഞിട്ടില്ല, ഇനിയും പറയില്ല. എന്നാല്‍ അവര്‍ അത്തരത്തില്‍ പറഞ്ഞുവച്ചിട്ടുണ്ടെന്ന് എന്ന തരത്തിലാണ് നമ്മുടെ ചര്‍ച്ചകള്‍ മുന്നേറുന്നത്.

ഒരുപക്ഷേ പതിറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നെങ്കില്‍ ഇത് കേരളത്തില്‍ ഒരു ചര്‍ച്ചാവിഷയമാവില്ലായിരുന്നു. ആര് എവിടെ എങ്ങനെ പ്രവേശിച്ചാലും തടയാന്‍ കൂട്ടാക്കാത്ത മനസായിരുന്നു കേരളത്തിന്. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ക്ഷേത്രപ്രവേശന വിളംബരവും അതുപോലെ ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങളും. അധ:കൃതരെന്ന് മുദ്രകുത്തിയിരുന്ന വലിയൊരു ജനവിഭാഗത്തെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിയ്ക്കുകയും ചെയ്തതാണ് ചരിത്രം. അതുപോലെ വഴിനടക്കാനുള്ള അവകാശം ഈ വിഭാഗത്തിന് നേടിക്കൊടുക്കാന്‍ മുന്‍പന്തിയില്‍ നിന്നത് ഇവിടുത്തെ ഉയര്‍ന്ന ജാതിക്കാരാണെന്നതും സത്യമാണ്. അവിടെ നിന്നാണ് നാം ഇത്തരം ചര്‍ച്ചകളിലേക്ക് പോകുന്നത്.

എന്താണ് ഈ ചര്‍ച്ചയുടെ പിന്നില്‍ എന്ന് ചിന്തിച്ചുപോകുമ്പോഴാണ് മാറുന്ന കേരളമനസിനെക്കുറിച്ച് നാം അറിയുന്നത്. വോട്ടുരേഖപ്പെടുത്തുന്നതില്‍ സാമുദായിക പരിഗണനകള്‍ ഉണ്ടാകാറുണ്ടെങ്കിലും കേരളത്തിന് ഒരു വര്‍ഗ്ഗീയമനസ് ഒരിക്കലുമുണ്ടായിരുന്നില്ല. എന്നാല്‍ അവിടെ നിന്നും നാം മാറിത്തുടങ്ങിയിട്ടുണ്ട്. നമ്മുടെ മനസുകളില്‍ വിഷം കുത്തിവയ്ക്കപ്പെടുന്നു. നാം വര്‍ഗ്ഗീയവിഷം ദിവസം കഴിയുന്തോറും ചെറിയ അളവുകളില്‍ അകത്താക്കി വിഷകന്യകളോ, വിഷപുരുഷന്മാരോ ആയി മാറിക്കൊണ്ടിരിക്കുന്നു. ഒരു സ്പര്‍ശനമേറ്റാല്‍ പോലും എതിരാളികള്‍ വിഷം തീണ്ടി മരിക്കുന്ന കാലത്തിലേക്ക് മാറുകയും ചെയ്യും. ഇപ്പോഴത്തെ ചര്‍ച്ചകളുടെ ഒരു വശം ഇതാണ്.

എന്നാല്‍ അതിനെക്കാള്‍ വലുതായി ചിന്തിക്കേണ്ട മറ്റൊരു വിഷയമുണ്ട്. രാജ്യമാകെ വല്ലാത്ത ദുരവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പണിയെടുത്താല്‍ പോലും ഒരു ഗഌസ് ചായകുടിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ സാമ്പത്തിക സംവിധാനങ്ങള്‍ താറുമാറാകുന്നു.. ആരുടെയും കൈവശം കാശില്ല. നിത്യവൃത്തിപോലും ബുദ്ധിമുട്ടാകുന്നു. ജനജീവിതം ദുരിതമയമാകുന്നു. അവിടെയാണ് ഈ ചര്‍ച്ചകളുടെ പിന്നിലെ രാഷ്ട്രീയം നാം മനസിലാക്കേണ്ടത്. ഇത്രയും ഭീകരമായ ഒരു അവസ്ഥയെക്കുറിച്ച് നാടാകെ ചര്‍ച്ച നടന്നാല്‍ അത് ഉണ്ടാക്കാവുന്ന ദോഷവശങ്ങളെക്കുറിച്ച് വ്യക്തമായി ബോധമുള്ളവരാണ് ദിശ തിരിച്ചുവിടാനായി ക്ഷേത്രത്തിന്റെ അകത്തളങ്ങളിലേക്ക് നമ്മളെ കൊണ്ടുകെട്ടുന്നത്.

മാര്‍ക്‌സ് പറഞ്ഞതുപോലെ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. മതവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചര്‍ച്ചകള്‍ എവിടെയെങ്കിലും ഉരുത്തിരിഞ്ഞാല്‍ പട്ടിണിയാണെങ്കില്‍പ്പോലും അതിന് ചൂടും ചൂരും പകരാന്‍ സകലരും സന്നദ്ധരാകും. നോട്ട് പിന്‍വലിക്കല്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളെ മറികടക്കാന്‍ ഏറ്റവും നല്ല മരുന്ന് പത്മനാഭസ്വാമിക്ഷേത്രത്തിലെ ചുരിദാറും ശബരിമലയിലെ സ്ത്രീ പ്രവേശനവും തന്നെയാണ്. അത് മനസിലാക്കിയ ബുദ്ധികേന്ദ്രങ്ങളാണ് ഈ ചര്‍ച്ചകള്‍ക്ക് പിന്നില്‍. എന്തിനെക്കുറിച്ചും വാതോരാതെ ചര്‍ച്ചിക്കുന്ന ഇന്ന് നാടിന്റെ മനസ് നിയന്ത്രിക്കുന്നുവെന്ന് പറയുന്ന സാമൂഹികമാദ്ധ്യമങ്ങള്‍ പോലും ഈ വഴിക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തിന് പുഷ്‌ക്കലകാലം കൊണ്ടുവരാനായി കറന്‍സി പിന്‍വലിച്ച തീരുമാനം വന്നിട്ട് ഒരുമാസം കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിനെ മറികടക്കാന്‍ കഴിയാത്തതുകൊണ്ട് വസന്തകാലം പോയിട്ട് ഉഷ്ണകാലം ഒന്നു മാറ്റാന്‍ പോലും ഇത് തീരുമാനിച്ചവര്‍ക്ക് കഴിഞ്ഞിട്ടില്ല. അന്‍പത് ദിവസത്തെ സമയത്തിന് ഇനി ആകെ പതിനെട്ടുദിവസം മാത്രമാണ് ശേഷിക്കുന്നത്. ആ സാഹചര്യത്തില്‍ നോട്ട് നിരോധനം ചര്‍ച്ചാവിഷയമാക്കിയാല്‍ ഒരുപക്ഷേ പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞപോലെ അദ്ദേഹത്തെ ക്രൂശിക്കാന്‍ പൊതുസമൂഹം തയാറായാലോ എന്ന സംശയം ബുദ്ധികേന്ദ്രങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഉണ്ണിയേശു പിറന്നദിവസം മോഡിയുടെ ക്രൂശിക്കലും നടന്നേക്കും. രാജ്യത്തിന്റെ ​‍​‍ പ്രതികരണമനസിനെ അതില്‍ നിന്നും വ്യതിചലിപ്പിക്കുകയാണ് ഈ ബുദ്ധികേന്ദ്രങ്ങളുടെ ഏറ്റവും വലിയ ആവശ്യം. അതിനായി രാജ്യമെമ്പാടും തന്ത്രങ്ങള്‍ മെനയുകയാണ് ഈ ചാണക്യബുദ്ധികള്‍. സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനായില്ലെങ്കിലും ചുരിദാറും സ്ത്രീപ്രവേശനവുമൊക്കെയായി കേരളത്തിലെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ​ അതാണ് ചര്‍ച്ചകളുടെ ഗതി മാറുന്നത്.

ഇത്തരം ക്ഷേത്രങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന നാം ജനാധിപത്യത്തിന്റെ ശ്രീകോവിലിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നുമില്ല. ശ്രീകോവില്‍ എന്നു പറയുന്നുണ്ടെങ്കിലും മാമാങ്കത്തിലെ പഴയ നിലപാടുതറയെയാണ് ഇന്ന് നമ്മുടെ പാര്‍ലമെന്റ് ഓര്‍മ്മിപ്പിക്കുന്നത്. ഭരിക്കുന്നത് വള്ളുവക്കോനാതിരിയായാലും സാമൂതിരിയായാലും നിലപാട്തറയില്‍ നില്‍ക്കുന്നവരുടെ തലയരിയാന്‍ തയാറായി വരുന്ന ചാവേറുകളായി നമ്മുടെ ജനപ്രതിധികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അവിടെ ടുജി പ്രശ്‌നവും കല്‍ക്കരി കുംഭകോണവും ചര്‍ച്ചചെയ്യാനുള്ള വിഷയങ്ങളല്ല. പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്താനുള്ളതാണ്. അതുപോലെ നോട്ടുനിരോധനവും ചര്‍ച്ചചെയ്യാനും പരിഹാരം കാണാനുമല്ല, അവിടെ പോര്‍വിളികള്‍ നടത്തുകയും അതില്‍ വിജയിക്കുകയുമാണ് വേണ്ടത്. ഇത് അനസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കും.

രാജ്യത്ത് ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണ നാണയത്തിന്റെ കള്ളപ്പതിപ്പ് ഉണ്ടാക്കിയതിന്റെ പേരില്‍ അവ പിന്‍വലിച്ച് ചെമ്പു നാണയം ഇറക്കിയ ഒരു ഭരണാധികാരി ചരിത്രത്തിലുണ്ട്. എന്തൊക്കെ ചെയ്തിട്ടും എത്രയൊക്കെ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നിട്ടും ഒന്നുംശരിയാകാത്ത ഭരണാധികാരി. ചരിത്രത്തിന് അവസാനമില്ല. അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW