Friday, September 22, 2017 Last Updated 14 Min 53 Sec ago English Edition
Todays E paper
Ads by Google
എം. ആര്‍. കൃഷ്ണന്‍
Thursday 08 Dec 2016 08.14 PM

ഗ്രൂപ്പുകളെ തള്ളിക്കളഞ്ഞില്ല; ഗ്രൂപ്പ് നേതാക്കളുടെ പട്ടികയെ വെട്ടി

uploads/news/2016/12/58979/sudeeran.jpg

തിരുവനന്തപുരം: ഗ്രൂപ്പു പരിഗണിക്കില്ലെന്ന് പറഞ്ഞെങ്കിലും ഗ്രൂപ്പുകളെ പൂര്‍ണ്ണമായും തള്ളിക്കളയാതെയാണ് ഡി.സി.സി പ്രസിഡന്റുമാരെ നിയമിച്ചിരിക്കുന്നത്. അന്‍പത് വയസില്‍ താഴെ ശരാശരി പ്രായമുള്ള പുതുതലമുറയെയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കി സാമുദായിക സമവാക്യങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. യാക്കോബായ വിഭാഗത്തിന് മാത്രം പട്ടികയില്‍ പ്രാതിനിധ്യമില്ല. ഗ്രൂപ്പിനതീതമാണെന്ന് പറയുമ്പോഴും ഗ്രൂപ്പുകളെ അംഗീകരിച്ചുകൊണ്ടാണ് പട്ടികയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. പട്ടികവിഭാഗങ്ങള്‍ക്കും വനിതയ്ക്കും പ്രാധാന്യം നല്‍കിയെന്ന പ്രത്യേകതയും ഈ പട്ടികയ്ക്കുണ്ട്. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത് ഐ ഗ്രൂപ്പാണ്. ഗ്രൂപ്പുകളെ അംഗീകരിക്കുമ്പോഴും ഗ്രൂപ്പ് നേതാക്കളുടെ പട്ടികയെ വെട്ടി മറ്റുള്ളവരെയാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചിരിക്കുന്നത്.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പട്ടികയില്‍ എട്ടെണ്ണം ഐ ഗ്രൂപ്പിനും അഞ്ചെണ്ണം എ ഗ്രൂപ്പിനും ഒരെണ്ണം സുധീരനുമാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നേരത്തെ എ-ഐ ഗ്രൂപ്പുകള്‍ 50 ശതമാനം വീതം വീതിച്ചെടുത്തിരുന്നപ്പോള്‍ ഇപ്പോള്‍ ഐ ഗ്രൂപ്പ് ആ ശതമാനം വര്‍ദ്ധിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട്, ഏറണാകുളം, കണ്ണൂര്‍ എന്നീ ജില്ലകളാണ് ഐ ഗ്രൂപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര സുനിലിന്റെയും കണ്ണൂരിലെ സതീശന്‍ പാച്ചേനിയുടെയും കാര്യത്തില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ട്. നെയ്യാറ്റിന്‍കര സനലിന്റെ നിയമനം തങ്ങളുടെ അവകാശമായി ഐ ഗ്രൂപ്പ് പറയുമ്പോള്‍ സനലിന് സുധീരവിഭാഗവും അവകാശവാദം ഉന്നയിക്കുന്നുണ്ട്. അതുമല്ല, സനലിന് ഗ്രൂപ്പില്ലെന്നും ഹൈക്കമാന്‍ഡിന്റെ നേരിട്ടുള്ള നോമിനിയാണെന്നും അഭിപ്രായമുണ്ട്.

അതുപോലെയാണ് സതീശന്‍ പാച്ചേനിയുടെ കാര്യവും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സതീശന്‍ പാച്ചേനി എ ഗ്രൂപ്പ് വിട്ട് ഐ ഗ്രൂപ്പില്‍ എത്തിയിരുന്നു. എന്നാല്‍ സതീശന്‍ ഇപ്പോഴും തങ്ങളുടെ പക്ഷത്താണെന്ന് എ ഗ്രൂപ്പ് പറയുമ്പോള്‍ അത് വിട്ടുകൊടുക്കാന്‍ ഐ ഗ്രൂപ്പും തയാറല്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സംഭവിച്ചതുപോലെ ചില വിഭാഗങ്ങള്‍ക്ക് മാത്രം കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടല്ല, പട്ടികയ്ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഐ ഗ്രൂപ്പിന്റെ അവകാശവാദത്തിലുള്ള എട്ടുപേരില്‍ രണ്ടു നായര്‍ (നെയ്യാറ്റിന്‍കര സനല്‍, വി.കെ. ശ്രീകണ്ഠന്‍), രണ്ടു ഈഴവ (ബിന്ദുകൃഷ്ണ, എം. ലിജു), ഒരു മുസ്ലീം (ഇബ്രാഹിംകുട്ടി കല്ലാര്‍), രണ്ടു പട്ടികവിഭാഗം( ഐ.സി. ബാലകൃഷ്ണന്‍, സതീശന്‍ പാച്ചേനി), ഒരു ലത്തിന്‍ (ടി.ജെ. വിനോദ്) എന്നിങ്ങനെയാണ് സാമുദായിക പരിഗണന.

എ ഗ്രൂപ്പിന് ഒരു നായര്‍ (വി.വി. പ്രകാശ്), രണ്ടുമുസ്ലീം (ടി. സിദ്ദിഖ്, ഹക്കീം കുന്നേല്‍), ഒരു ഓര്‍ത്തഡോക്‌സ് (ബാബു ജോര്‍ജ്) ഒരു റോമന്‍ കത്തോലിക്ക ( ജോഷി ഫിലിപ്പ്), സുധീരവിഭാഗത്തിലെ ടി.എന്‍. പ്രതാപന്‍ ധീവര സമുദായത്തില്‍പ്പെട്ടതുമാണ്. ഇതില്‍ പ്രതാപന്‍ ഒഴികെ മറ്റെല്ലാവരും 50 വയസിന് താഴേയുള്ളവരാണെന്ന പ്രത്യേകയുമുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഈഴവ സമുദായാംഗങ്ങളെ പരിഗണിച്ചത് കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW