മലയാളസിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാവുകയാണ് ഷറഫുദ്ദീന്. നേരത്തിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും പ്രേമമാണ് ഷറഫുദ്ദീന്റെ തലവര മാറ്റിമറിച്ചത്. യുവാക്കള്‍ ഒരേ മനസോടെ നെഞ്ചേറ്റിയ പ്രേമത്തിലെ ഗിരിരാജന്‍ കോഴിയായി ഈ ചെറുപ്പക്കാരന് അനായാസമായ അഭിനയം കാഴ്ചവയ്ക്കുകയായിരുന്നു.
ചെറുതെങ്കിലും തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ ശ്രദ്ധേയമാക്കാന്‍ ഷറഫുദ്ദീന് ശ്രമിക്കാറുണ്ട്.
മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ത്തപ്പോള്‍ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ഷറഫുദ്ദീന് അവതരിപ്പിച്ചിട്ടുള്ളത്. എറണാകുളത്ത് ചിത്രീകരണം നടന്ന ദിലീപ് നായകനായ ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഷറഫുദ്ദീനെ കണ്ടത്.
? ജോര്‍ജേട്ടന്‍സ് പൂരത്തിലെ കഥാപാത്രത്തെക്കുറിച്ച്...
ഠ ജോര്‍ജേട്ടന്‍സ് പൂരത്തില്‍ പള്ളന്‍ എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. ദിലീപേട്ടന്റെ ആത്മസുഹൃത്തുക്കളിലൊരാളായ കഥാപാത്രം. മുഴുനീള ക്യാരക്ടറാണ്.
? മുന്തിരിവള്ളികള്‍ തളിര്‍ത്തപ്പോള്‍ മോഹന്‍ലാലുമൊത്തുള്ള അഭിനയത്തെക്കുറിച്ച്.
ഠ ലാലേട്ടന്റെ കൂടെയുള്ള എക്സ്പീരിയന്‍സ് മറക്കാനാവില്ല. ചെറുപ്പം മുതല്ക്കേ ലാലേട്ടന്റെയും മമ്മുക്കയുടെയും സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ക്യാമറയുടെ മുന്നില്‍ ലാലേട്ടനെന്ന മഹാനടന്റെ കൂടെ നില്ക്കുമ്പോള് വല്ലാത്ത ടെന്‍ഷനായിരുന്നു.
ലാലേട്ടനോടൊപ്പമുള്ള സീന്‍ ചിത്രീകരിച്ചപ്പോള്‍ ആദ്യഷോട്ടില്‍ ഞാന്‍ ലാലേട്ടനോട് പറയുന്ന ആദ്യ ഡയലോഗ് തന്നെ തെറ്റിച്ചു. കാരണം ലാലേട്ടന്റെ മുഖത്ത് നോക്കി നില്ക്കുമ്പോള് ഡയലോഗ് മറന്ന് ആകെ ബ്ലാങ്കായി നില്‍ക്കുകയായിരുന്നു. ഡയലോഗ് തെറ്റിച്ചപ്പോള്‍ ഞാന്‍ ലാലേട്ടനോട് സോറി പറഞ്ഞു. മോനെ കുഴപ്പമില്ല എന്ന് ലാലേട്ടന് എന്നോടു പറഞ്ഞപ്പോള്‍ എനിക്ക് വല്ലാത്തൊരു ഊര്‍ജമായിരുന്നു.
? 'പ്രേത'ത്തില്‍ ഷറഫുദ്ദീന് ശ്രദ്ധേയമായ വേഷമായിരുന്നല്ലോ.
ഠ പ്രേതത്തിലെ അഭിനയ അനുഭവം വിസ്മരിക്കാനാവില്ല. രഞ്ജിത്തേട്ടന് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞുതരുമ്പോള്‍ തന്നെ വല്ലാത്തൊരു
കോണ്‍ഫിഡന്‍സായിരുന്നു. ജയേട്ടനും (ജയസൂര്യ) ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു. സിനിമയില്‍ തുടക്കക്കാരനായ എനിക്ക് ഇവരുടെ ശൈലി പുതുമയുള്ളതായിരുന്നു.
സിനിമാഭിനയത്തെക്കുറിച്ചുള്ള പുതിയ പാഠമണ് ഞാന്‍ ഞാന്‍ ഇവരില്‍നിന്നും പഠിച്ചത്. എന്റെ മനസ്സിലുള്ള സിനിമയെക്കുറിച്ച് ഇവരുമായി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞുവെന്നത് എനിക്ക് ഏറെ ആഹ്ളാദം പകര്‍ന്നു.
? ഇതുവരെയുള്ള സിനിമാനുഭവം...
ഠ ഓരോ സിനിമയും പുതിയ അനുഭവങ്ങളാണ് എനിക്ക് പകര്ന്നുനല്കുന്നത്. നേരത്തിലൂടെ വന്ന് ഓം ശാന്തി ഓശാന, പ്രേമം, പാവാട, ഹാപ്പി വെഡ്ഡിംഗ്, പ്രേതം, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, മുന്തിരിവള്ളികള്‍ തളിര്‍ത്തപ്പോള്‍ തുടങ്ങിയ സിനിമകളിലെത്തിയപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. നേരത്തില്‍ ഒരു ഇന്‍സ്റ്റിറ്റിയൂട്ടിലെ ട്യൂട്ടര്‍ ആയിരുന്നു.
എന്നാല്‍ പ്രേമത്തിലെത്തിയപ്പോള് ചിത്രം മാറി. ഗിരിരാജന്‍ കോഴിയെന്ന കഥാപാത്രം എന്റെ ലൈഫിനെത്തന്നെ മാറ്റിമറിച്ചു. സിനിമാഭിനയത്തില്‍ എനിക്കും പിടിച്ചുനില്ക്കാന് കഴിയും എന്ന ആത്മവിശ്വാസം ഉണ്ടാക്കിയ ചിത്രമായിരുന്നു പ്രേമം. പുറത്തിറങ്ങുമ്പോള്‍ ഗിരിരാജന്‍ കോഴിയെന്ന് ഞാന്‍ അറിയപ്പെടാന്‍ തുടങ്ങുകയായിരുന്നു.
ഹാപ്പിവെഡ്ഡിംഗിലെ മനു ശ്രദ്ധേയമായ കഥാപാത്രമായിരുന്നു. ശരിക്കും ഞാന്‍ എന്ജോയ് ചെയ്ത് അഭിനയിച്ച ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിംഗ്. ചുരുങ്ങിയ സമയംകൊണ്ട് ലാലേട്ടന്, ദിലീപേട്ടന്, ജയസൂര്യ എന്നിവരോടൊപ്പമുള്ള എക്സ്പീരിയന്‍സ് ഏതു റോളും കൈകാര്യം ചെയ്യാനുള്ള ധൈര്യമാണ് എന്നിലുണ്ടാക്കിയത്.
? സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യുമ്പോള്‍ നായകനാവാനുള്ള ക്ഷണമൊക്കെ ഉണ്ടാവുമല്ലോ...
ഠ തീര്‍ച്ചയായും. നായകനാകാനുള്ള ക്ഷണമൊക്കെ ഉണ്ടാകാറുണ്ട്. നായകവേഷമുള്ള കഥ കേള്‍ക്കാനൊക്കെ വിളിക്കാറുണ്ട്. എന്നാല്‍ എന്റെ ഇപ്പോഴത്തെ എക്സ്പീരിയന്‍സിന്റെ അടിസ്ഥാനത്തില്‍ നായകനാവാന്‍ താല്പര്യമില്ല. പണമുണ്ടാക്കുക എന്നതിനേക്കാളുപരി സിനിമ എനിക്ക് വല്ലാത്തൊരു പാഷനാണ്.
? അഭിനേതാക്കളായി സിനിമയിലെത്തുന്ന ചെറുപ്പക്കാരുടെ സ്വപ്നം സംവിധായകനാവുക എന്നതാണ്. ഷറഫുദ്ദീന്റെ മനസ്സിലും ഫിലിം മേക്കറാകാനുള്ള മോഹമുണ്ടോ...
ഠ ഞാന്‍ സിനിമ പഠിക്കുകയാണ്. ഫിലിം മേക്കിംഗ് എന്നത് ചെറിയ കാര്യമല്ലല്ലോ. ഇപ്പോള്‍ അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതല്‍ അനുഭവങ്ങളുമായി സംവിധാന ശാഖയിലേക്ക് ഭാവിയില്‍ കടന്നുവരണമെന്ന് ആഗ്രഹമുണ്ട്.
? കുടുംബത്തെക്കുറിച്ച്...
ഠ ഭാര്യ ദീമാ സിന്. സിനിമ ആസ്വദിച്ചു കാണുന്ന ആളാണ്. മകള്‍ ദു അ മറിയം. ഒരുവയസായി.
-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: സുരേഷ് കുനിശ്ശേരി