Friday, February 22, 2019 Last Updated 8 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 23 Oct 2016 01.19 AM

അരങ്ങിലെ മധുരനൊമ്പരപ്പൊട്ട്‌

uploads/news/2016/10/44324/c2310sun.jpg

മലയാള സിനിമയുടെ ചരിത്രം ആരംഭിക്കുന്നത്‌ ജെ.സി. ഡാനിയലില്‍നിന്നും വിഗതകുമാരന്‍ എന്ന സിനിമയില്‍ നിന്നുമാണ്‌. ഈ രണ്ടുപേരുകളും സിനിമാലോകവും മലയാളികളും ഒരിക്കലും മറക്കില്ല. ജെ.സി. ഡാനിയല്‍ എന്ന ആദ്യ മലയാളി സംവിധായകന്റെ പേരും വിഗതകുമാരന്‍ എന്ന സിനിമയും എപ്പോഴും ആഘോഷിക്കപ്പെടുമ്പോള്‍ വിസ്‌മൃതിയിലായിപ്പോകുന്ന ഒരു വ്യക്‌തിയുണ്ട്‌. പി.കെ. റോസി അഥവാ റോസമ്മ എന്ന ദളിത്‌ സ്‌ത്രീ. വിഗതകുമാരനിലെ നായിക. ദളിത്‌ സ്‌ത്രീ, നായര്‍ സ്‌ത്രീയായി വേഷമിട്ടതില്‍ കളങ്കം തോന്നിയ വരേണ്യവര്‍ഗം ആക്രമിച്ചു നാടുകടത്തിയ ദുരന്തനായിക. വിഗതകുമാരന്റെയും ജെ.സി. ഡാനിയലിന്റെയും ചരിത്രം മാറ്റിയെഴുതിയവള്‍.
പി.കെ. റോസി എന്ന റോസമ്മയുടെ ജീവിതം ചേലങ്ങാട്‌ ഗോപാലകൃഷ്‌ണന്‍ എഴുതിയ ജെ.സി. ഡാനിയലിന്റെ ജീവചരിത്രത്തിലും വിനു ഏബ്രഹാം എഴുതിയ നഷ്‌ടനായിക എന്ന പുസ്‌തകത്തിലും നമ്മള്‍ വായിച്ചറിഞ്ഞതും ആ പുസ്‌തകങ്ങളെ അടിസ്‌ഥാനമാക്കി കമല്‍ സംവിധാനം ചെയ്‌ത സെല്ലുലോയ്‌ഡ് എന്ന ചിത്രത്തിലൂടെ അഭ്രപാളികളില്‍ കണ്ടതുമാണ്‌. ഇതാ ഒരിക്കല്‍കൂടി റോസമ്മയുടെ ജീവിതം നമ്മുടെ മുന്നില്‍ ആവിഷ്‌കരിക്കപ്പെടുന്നു. പക്ഷെ, ഇത്തവണ റോസമ്മയുടെ ജീവിതം ആവിഷ്‌കരിക്കപ്പെടുന്നത്‌ അഭ്രപാളികളിലല്ല, മറിച്ച്‌ അരങ്ങത്താണ്‌. പി.കെ. റോസി എന്ന റോസമ്മയുടെ ജീവിതം അടിസ്‌ഥാനമാക്കി പാലാ കമ്മ്യൂണിക്കേഷന്‍സ്‌ അവതരിപ്പിക്കുന്ന 25-ാമത്‌ നാടകമാണ്‌ 'മധുരനൊമ്പരപ്പൊട്ട്‌' ജെ.സി. ഡാനിയലിന്റെ ജീവചരിത്രവും നഷ്‌ടനായികയും സെല്ലുലോയ്‌ഡും പറയാത്ത റോസമ്മയുടെ ജീവിതമാണ്‌ മധുരനൊമ്പരപ്പൊട്ട്‌ അവതരിപ്പിക്കുന്നത്‌. വിഗതകുമാരനിലൂടെ, സെല്ലുലോയ്‌ഡിലൂടെ മലയാള സിനിമയിലെ പ്രധാനപ്പെട്ട പുരസ്‌കാരത്തിലൂടെ ജെ.സി. ഡാനിയല്‍ അനുസ്‌മരിക്കപ്പെടുമ്പോള്‍ മലയാളത്തിലെ ആദ്യനായിക ആരാലും അറിയപ്പെടാതെ തിരുവനന്തപുരത്ത്‌ ജീവിച്ചുമരിച്ചുവെന്ന വിധിവൈരുധ്യം മധുരനൊമ്പരപ്പൊട്ട്‌ എന്ന നാടകം നമുക്ക്‌ കാണിച്ചുതരുന്നു.
വരേണ്യവര്‍ഗത്തിന്റെ ആക്രമണത്തില്‍ ഇരുട്ടിലേക്ക്‌ ഓടിമറയുന്നതുവരെയുള്ള റോസമ്മയുടെ ജീവിതമാണ്‌ സെല്ലുലോയ്‌ഡും നഷ്‌ടനായികയും നമുക്ക്‌ കാണിച്ചുതരുന്നത്‌. എന്നാല്‍ ഇതിനുശേഷമുള്ള റോസമ്മയുടെ ജീവിതമാണ്‌ മധുരനൊമ്പരപൊട്ട്‌ നമുക്ക്‌ കാണിച്ചുതരുന്നത്‌. കലാപത്തില്‍ ജീവരക്ഷാര്‍ഥം ഓടിയ റോസമ്മ കേശവപിള്ളയെന്ന ലോറി ഡ്രൈവറുമായി കണ്ടുമുട്ടുകയും കേശവപിള്ള റോസമ്മയ്‌ക്ക് ജീവിതവും അഭയവും കൊടുക്കുകയും ചെയ്യുന്നു. സിനിമയിലെ കഥാപാത്രത്തിന്റെ പേരായ സരോജം എന്ന പേരു സ്വീകരിച്ച്‌ റോസമ്മ കേശവപിള്ളയുടെ കൈപിടിച്ച്‌ അദ്ദേഹത്തിന്റെ വീട്ടിലേക്ക്‌ പോകുന്നു.
തറവാട്ടുമഹിമയുടെ പേരിലും രാജകൊട്ടാരത്തിലെ ഉദ്യോഗത്തിന്റെപേരിലും അഭിമാനിക്കുന്ന കേശവപിള്ളയുടെ അച്‌ഛന്‍ മകന്റെ പ്രവര്‍ത്തിയെ നിഷ്‌കരുണം തള്ളിക്കളയുന്നു. എന്നാല്‍ ജീവിതം നല്‍കിയ ഏഴയായ പെണ്ണിനെ കേശവപിള്ള തള്ളിക്കളയാതെ ഉറച്ച മനസോടെ ചേര്‍ത്ത്‌ പിടിക്കുന്നു. പിന്നീട്‌ റോസി അമ്മയാകുന്നതും ഒരു കുടുംബത്തിന്റെ സന്തോഷകരമായ ജീവിതവും ഒക്കെ നമുക്ക്‌ കാണാനാകും. കേശവപിള്ളയുടെയും റോസിയുടെയും തലമുറയിലെ ഇന്നത്തെ യുവത്വമായ കാവേരിയിലൂടെയാണ്‌ മധുരനൊമ്പരപ്പൊട്ടിന്റെ കഥ വികസിക്കുന്നത്‌. ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയും സമരംചെയ്യുകയും ദളിതനായ യുവാവിനെ വിവാഹം കഴിക്കുകയും ചെയ്യുന്ന കാവേരിയിലൂടെ അടിച്ചമര്‍ത്തപ്പെട്ട വര്‍ഗത്തിന്റെ പോരാട്ടങ്ങള്‍ ഇന്നും അവസാനിക്കുന്നില്ല എന്ന സന്ദേശവും മധുരനൊമ്പരപ്പൊട്ട്‌ നമുക്ക്‌ നല്‍കുന്നു.
'അച്‌ഛനായിരുന്നു ശരി' എന്ന സൂപ്പര്‍ഹിറ്റ്‌ നാടകത്തിനുശേഷം പാലാ കമ്മ്യൂണിക്കേഷന്‍സ്‌ അവതരിപ്പിക്കുന്ന 25-ാമത്‌ നാടകമാണ്‌ മധുരനൊമ്പരപ്പൊട്ട്‌. ഫ്രാന്‍സിസ്‌ ടി. മാവേലിക്കരയാണ്‌ നാടകത്തിന്റെ രചന. പാലാ കമ്മ്യൂണിക്കേഷന്‍സിന്‌ വേണ്ടി ഫ്രാന്‍സിസ്‌ ടി. മാവേലിക്കര എഴുതുന്ന 19-ാത്‌ നാടകമാണ്‌. സംവിധാനം വത്സന്‍ നിസരി. സെപ്‌തംബര്‍ 26-ന്‌ പാലാ അല്‍ഫോണ്‍സാ കോളജില്‍ വച്ച്‌ ബിഷപ്പ്‌ ജോസഫ്‌ കല്ലറങ്ങാട്ട്‌ നാടകം ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ ആദ്യ പ്രദര്‍ശനവും നടന്നു. പാലാ കമ്മ്യൂണിക്കേഷന്റെ ഡയറക്‌ടറായ ഫാ. ജോയല്‍ പണ്ടാരപ്പറമ്പിലിന്റെ ഗാനങ്ങള്‍ക്ക്‌ ആലപ്പി വിവേകാനന്ദന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കൊരട്ടി കോനൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സംഘടിപ്പിച്ച സംസ്‌ഥാന പ്രഫഷണല്‍ നാടക മത്സരത്തില്‍ മികച്ച നാടകം, ജനപ്രിയനാടകം, മികച്ച രചന എന്നീ വിഭാഗങ്ങളില്‍ മധുരനൊമ്പരപ്പൊട്ടിന്‌ പുരസ്‌കാരങ്ങളും ഇതിനോടകം ലഭിച്ചു. നടീനടന്മാര്‍ ഉള്‍പ്പെടെ 12 പേരാണ്‌ മധുരനൊമ്പരപ്പൊട്ടിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്‌.

ടോണി സൂസന്‍ മാത്യു

Ads by Google
Sunday 23 Oct 2016 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW