Friday, April 26, 2019 Last Updated 18 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Sep 2016 04.39 PM

'ഈ ജീവിതം ഞാന്‍ ആസ്വദിക്കുന്നു'


''ഈ കുട്ടിയെ എന്റെ അമ്മയാക്കാന്‍ പറ്റില്ല. ഫ്രോക്കിട്ടകാലം മുതല്‍ കാണാന്‍ തുടങ്ങിയതാ. അമ്മേ എന്നു വിളിക്കാന്‍ ബുദ്ധിമുട്ടുണ്ട്.''
സത്യന്‍മാഷ് ബഹളംവച്ചപ്പോള്‍ ഞാനും വല്ലാതായി. റോള്‍ പോകുമോ എന്ന ആശങ്കയായിരുന്നു എനിക്ക്.

ശശികുമാര്‍ സാര്‍ എന്റെ വീട്ടിനടുത്താണ്. അദ്ദേഹത്തിന് അച്ഛന്റെ കാര്യങ്ങളെല്ലാം അറിയാം. ജീവിതത്തിലുണ്ടായ തകര്‍ച്ചയെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. ഇതൊന്നും സത്യന്‍മാഷിന് അറിയില്ലായിരുന്നു. അല്‍പ്പം ബുദ്ധിമുട്ടിയാണ് അദ്ദേഹം എന്റെ മകന്റെ റോളില്‍ അഭിനയിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഓകെയായി.

ഷൂട്ടിംഗ് പായ്ക്കപ്പായ ദിവസം വീട്ടിലേക്ക് പോകാനായി ഞാന്‍ കാര്‍ വരാന്‍ നില്‍ക്കുകയാണ്. അപ്പോഴാണ് സത്യന്‍മാഷ് തന്റെ ഹെറാള്‍ഡ്കാറുമായി അടുത്തുവന്നത്.
''ഓമന കയറിക്കോ. പോകുന്ന വഴിക്ക് വീട്ടിലിറക്കാം.''

ഞാന്‍ കയറി. വീടിന്റെ ഗേറ്റിന് മുമ്പില്‍ കാര്‍ നിര്‍ത്തിയശേഷം അദ്ദേഹം അച്ഛനെ കാണാന്‍ വന്നു. രണ്ടുപേരും കെട്ടിപ്പിടിച്ചു.
''സ്വപ്നത്തില്‍പോലും കരുതിയതല്ല, ഓമന സിനിമയില്‍ വരുമെന്ന്.''
സത്യന്‍മാഷ് അച്ഛനോട് പറഞ്ഞു. അന്ന് ഒരുപാടുനേരം സംസാരിച്ചശേഷമാണ് അവര്‍ പിരിഞ്ഞത്.

പ്രേംനസീര്‍ മുതല്‍ മോഹന്‍ലാല്‍ വരെയുള്ള നായകന്‍മാരുടെ അമ്മവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്, ഞാന്‍. പണ്ടൊക്കെ അമ്മ വേഷത്തില്‍ അഭിനയിക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ കുറവായിരുന്നു. അതെനിക്ക് ഭാഗ്യമായി. അതുകൊണ്ടുതന്നെ യൗവനത്തിലുള്ള എന്റെ രൂപം ആരും കണ്ടിരുന്നില്ല.

എപ്പോഴും മുടിയില്‍ നരയിട്ടാണ് കാണുക. ഒരു റോളും ഞാന്‍ വേണ്ടെന്നുവച്ചിട്ടില്ല. അഭിനയം മാത്രമല്ല, സമയം കിട്ടുമ്പോള്‍ ഡബ്ബിംഗിനും പോകും. ശാരദയ്ക്കുവേണ്ടി ഒരുകാലത്ത് ശബ്ദം നല്‍കിയത് ഞാനായിരുന്നു. മാസത്തിലൊരിക്കല്‍ മലയാളി ക്ലബുകളുടെ നാടകത്തില്‍ അഭിനയിക്കും.

ഒരുനാടകത്തില്‍ അഭിനയിച്ചാല്‍ രണ്ടായിരം രൂപ കിട്ടും. രാവും പകലും കഷ്ടപ്പെട്ട് പണം സമ്പാദിച്ചു. അച്ഛന്റെ എല്ലാ കടവും വീട്ടി. സ്വന്തമായി കാര്‍ വാങ്ങിച്ചു. മദ്രാസില്‍ വീടു വാങ്ങിച്ചു. നാല് സഹോദരിമാരെയും പഠിപ്പിച്ചു. അവര്‍ക്ക് ജോലിയും കിട്ടി.
ഒരിക്കല്‍ അച്ഛന്‍ ആലപ്പുഴയിലേക്കു പോയപ്പോള്‍ പിണക്കത്തിലായ ചിറ്റപ്പന്‍ കാണാന്‍ ചെന്നു.

''മദ്രാസിലേക്ക് പോയപ്പോള്‍ ചേട്ടനും പിള്ളേരും പിച്ചതെണ്ടുമെന്നാണ് വിചാരിച്ചത്. പക്ഷേ നിങ്ങള്‍ വലിയ നിലയിലെത്തി.''
അച്ഛന്‍ ഒന്നും പറഞ്ഞില്ല. ഇക്കാര്യമറിഞ്ഞപ്പോള്‍ ഞാന്‍ അച്ഛനോട് പറഞ്ഞു.

''അവരുമായി ഒരു ബന്ധവും നമുക്കാവശ്യമില്ല. വിഷമം വരുമ്പോള്‍ ഒപ്പം നില്‍ക്കുന്നവരാണ് യഥാര്‍ഥ ബന്ധുക്കള്‍.''
എന്റെ അതേ നിലപാട് തന്നെയായിരുന്നു അച്ഛനും.

തൊട്ടുതാഴെയുള്ള അനിയത്തി ലളിത ടൈപ്പിസ്റ്റായിരുന്നു. ഓഫീസിലെ ബോസുമായി അവള്‍ പ്രണയത്തിലായപ്പോള്‍ ഞാന്‍ എതിര്‍ത്തു. ആ സമയത്ത് അച്ഛന്‍ പറഞ്ഞു.

''പ്രായമായ കുട്ടിയാണ്. അവനൊപ്പം ഇറങ്ങിപ്പോയാല്‍ നാണക്കേട് നമുക്കാണ്.''
അങ്ങനെയാണ് വിവാഹത്തിന് സമ്മതിച്ചത്. അയാള്‍ ഒരു ദിവസം വീട്ടിലേക്കു വന്നപ്പോള്‍ അച്ഛന്‍ ചില നിര്‍ദ്ദേശങ്ങള്‍ വച്ചു.

''ഞങ്ങള്‍ക്ക് പരിചയമില്ലാത്ത സ്ഥലമാണിത്. അതുകൊണ്ടുതന്നെ ലളിതയെ നിന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ പറ്റില്ല. വിവാഹശേഷം ഇവിടെ താമസിക്കണം. സ്ത്രീധനം തരാനൊന്നും എന്റെ കൈയില്‍ കാശില്ല.''

എല്ലാം അയാള്‍ സമ്മതിച്ചു. ഞങ്ങളുടെ വീട്ടില്‍ത്തന്നെ താമസിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ലളിത ഗര്‍ഭിണിയായി. ഏഴാം മാസത്തില്‍ ഭര്‍ത്താവിന് മധുരയിലേക്ക് സ്ഥലംമാറ്റം. അതോടെ അവന്‍ പോയി. ലളിത പ്രസവിച്ചു. കുടുംബത്തിലെ ആദ്യത്തെ ആണ്‍കുഞ്ഞിന് ചന്ദ്രശേഖര്‍ എന്നു പേരിട്ടു.

പിന്നീട് ഒന്നര വര്‍ഷമായിട്ടും അയാള്‍ തിരിച്ചുവന്നില്ല. ലളിത അയാളെക്കുറിച്ച് പറയാറുമില്ല. അന്വേഷിച്ചുചെന്നപ്പോഴാണ് ഞങ്ങള്‍ ആ ഞെട്ടിക്കുന്ന വാര്‍ത്തയറിഞ്ഞത്. അയാള്‍ക്ക് അവിടെ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

പിന്നീട് ലളിതയുടെ ചുമതലയും എന്നിലായി. ചന്ദ്രശേഖറിനിപ്പോള്‍ അമ്പതുവയസ്സായി. എം.ഒ.ബി.കോളജില്‍ പ്രൊഫസറാണ്. ലളിതയും ചന്ദ്രശേഖറും ഭാര്യയും രണ്ടുമക്കളും എനിക്കൊപ്പമാണ് താമസിക്കുന്നത്.

നാളേറെക്കഴിഞ്ഞപ്പോള്‍ ആലപ്പുഴയിലെ വീട് വിറ്റു. അതില്‍നിന്ന് കിട്ടിയ 80,000 രൂപ നാല് അനിയത്തിമാര്‍ക്കുമായി പങ്കുവച്ചു. മൂന്നുപേരുടെയും വിവാഹം നടത്തി. കോടമ്പാക്കത്തെ എന്റെ വീടിന് മുമ്പിലുള്ള സ്ഥലം വില്‍ക്കുന്നതറിഞ്ഞപ്പോള്‍ ഞാനത് വാങ്ങിച്ചു. അവിടെ മൂന്ന് വീടുകള്‍ പണികഴിപ്പിച്ചു. മൂന്ന് അനിയത്തിമാരെയും അവിടെ താമസിപ്പിച്ചതോടെയാണ് എനിക്ക് സമാധാനമായത്.

മരിക്കുന്നതിന് രണ്ടുമാസം മുമ്പ് അച്ഛന്‍ പറഞ്ഞു.
''എന്റെ എല്ലാ ആഗ്രഹങ്ങളും നീ സാധിച്ചുതന്നു. ഒന്നൊഴികെ. നിന്റെ വിവാഹം കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല.''

''ആ പ്രായമൊക്കെ കഴിഞ്ഞില്ലേ അച്ഛാ. യൗവനകാലമൊക്കെ കഴിഞ്ഞു. ഇനിയൊരാള്‍ എന്റെ ജീവിതത്തിലേക്ക് വരുന്നുണ്ടെങ്കില്‍ അത് പണം മോഹിച്ചായിരിക്കും. അങ്ങനെയുള്ള ഒരാളെ അച്ഛന് കാണണോ?''

കുറച്ചുനേരം ആലോചിച്ചശേഷം അച്ഛന്‍ പറഞ്ഞു.
''പ്രായമായിക്കഴിഞ്ഞാല്‍ നിന്നെ നോക്കാന്‍ ഒരാള്‍. അത്രയേ ഞാനുദ്ദേശിച്ചുള്ളൂ.''

''അയാള്‍ എന്നെ നോക്കുമെന്ന് അച്ഛനെന്താണുറപ്പ്? എന്നെ നോക്കാന്‍ ഇവരൊക്കെ മതി.''

അച്ഛന്‍ മരിച്ചിട്ട് ഇരുപത്തഞ്ചുവര്‍ഷമായി. ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ ജീവിക്കുന്നു. എന്താഘോഷം വന്നാലും വീട്ടിലുണ്ടാകണമെന്ന് സഹോദരിമാര്‍ക്കും മക്കള്‍ക്കും നിര്‍ബന്ധമാണ്.

-രമേഷ് പുതിയമഠം
ഫോട്ടോ: എസ്.ഹരിശങ്കര്‍

Ads by Google
Tuesday 20 Sep 2016 04.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW