Saturday, June 16, 2018 Last Updated 34 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Oct 2016 04.33 PM

ചൂഷണങ്ങളെ ചെറുക്കാം...

uploads/news/2016/10/38782/partindkids.jpg

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികചൂഷണങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൂഷണങ്ങള്‍ക്കെതിരെ കുട്ടികളെ പ്രതികരിക്കാന്‍ പ്രാപ്തി നല്‍കേണ്ടത് മാതാപിതാക്കളും അദ്ധ്യാപകരുമാണ്. ചൂഷണങ്ങളെ ചെറുക്കേണ്ടതെങ്ങനെ ?

സ്‌കൂള്‍ വിട്ട്് വന്നപ്പോള്‍ മുതല്‍ മാളുവിന്റെ മുഖമാകെ മാറിയിരിക്കുന്നു. ആരോടും സംസാരിക്കാതെ ഒന്നും ശ്രദ്ധിക്കാതെ ഭക്ഷണം പോലും കഴിക്കാതെ അവള്‍ മുറിക്കുള്ളിലിരുന്നു. അമ്മ കാര്യം അന്വേഷിച്ചപ്പോഴാണറിയുന്നത് തൊട്ടടുത്ത വീട്ടിലെ അങ്കിള്‍ മധുരവാക്കുകള്‍ പറഞ്ഞ് അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി.

അങ്കിളിന്റെ ഫോണില്‍ കാണിച്ച സിനിമ പോലെ ചെയ്യണമെന്നും പറഞ്ഞു. അങ്ങനെ ചെയ്താല്‍ സമ്മാനം തരാമെന്നും. അങ്കിള്‍ പറഞ്ഞതെല്ലാം ചെയ്ത് കഴിഞ്ഞപ്പോള്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി. സമൂഹത്തില്‍ നിരന്തരം നടക്കുന്നതാണ് കുട്ടികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍.

ഇത്തരം അതിക്രമങ്ങളെ നിസ്സാരമായി കാണാതെ അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. ഇതിന് മാതാപിതാക്കളും അദ്ധ്യാപകരുമാണ് മുന്‍കൈ എടുക്കേണ്ടത്.

കുട്ടികളില്‍ നിസാരമെന്ന് നാം കരുതുന്ന പല പ്രശ്നങ്ങളും ഭാവിയില്‍ അവരെ വലിയ തോതില്‍ ബാധിച്ചേക്കാം. വഴി തെറ്റി പോയ കുട്ടി എന്തുകൊണ്ട് ഇങ്ങനെയായി എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തിരിച്ചറിവില്ലാത്ത് പ്രായത്തില്‍ ജീവിതത്തില്‍ സംഭവിക്കുന്ന പിഴവുകള്‍ പിന്നീടൊരിക്കലും മായ്ച്ച് കളയാനാവില്ല. മാതാപിതാക്കളില്‍ പലരും ജോലിത്തിരക്കില്‍ പെടുമ്പോള്‍ ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങിക്കൂടുന്ന കുട്ടികള്‍ ഒരുപാടുണ്ട്.

ഇതിനിടയില്‍ ബന്ധുക്കളാലും അയല്‍വാസികളാലും പീഡനത്തിനിരയാകുന്ന കുട്ടികള്‍ നിരവധിയാണ്. താന്‍ ലൈംഗിക ചൂഷണത്തിനിരയായെന്നോ, അത് തെറ്റായൊരു പ്രവര്‍ത്തിയാണെന്നോ കുട്ടിക്ക് മനസ്സിലായെന്ന് വരില്ല.

ശരിയായ രീതിയിലുള്ള ലൈംഗികവിദ്യാഭ്യാസം ലഭിക്കാത്തതാണ് ഇതിന്റെ കാരണം. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേ കുട്ടികളില്‍ ഇതേക്കുറിച്ച് തിരിച്ചറിവുണ്ടാക്കണം. പെണ്‍കുട്ടികളെ മാത്രമല്ല, ആണ്‍കുട്ടികളും ഇത്തരത്തില്‍ ചൂഷണത്തിനിരയാവുന്നുണ്ട്.

ലൈംഗികവിദ്യാഭ്യാസം


ശരിയായ വിധത്തില്‍ ലൈംഗികതയെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം അവര്‍ പലവിധ ചൂഷണങ്ങള്‍ക്കിരയാകേണ്ടി വരുന്നുണ്ട്. തന്റെ ശരീരത്തേയും മനസിനേയും ശരിയായി ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുണ്ടാക്കുക, മറ്റുള്ളവരോടും തന്നോടുമുള്ള ഉത്തരവാദിത്തബോധം ഉണ്ടാക്കിയെടുക്കുക, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍.

ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നവരെ അകറ്റേണ്ടതെങ്ങനെ? തുടങ്ങിയവയെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് നല്‍കേണ്ടത് മാതാപിതാക്കളും അദ്ധ്യാപകരുമാണ്.

സ്‌കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസത്തിന് വേദിയൊരുക്കുന്നുണ്ടെങ്കിലും അത് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുന്നില്ല. അദ്ധ്യാപകരും സ്‌കൂള്‍ അധികൃതരും ഇതില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വളരുന്തോറും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച്് കുട്ടികള്‍ അറിയണം.

അത് പെണ്‍കുട്ടിയായാലും ആണ്‍കുട്ടിയായാലും മനസ്സിലാക്കണം. മാതാപിതാക്കളില്‍ പലര്‍ക്കും ഇത്തരം വിഷയങ്ങള്‍ കുട്ടിയുമായി സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടനുഭവപ്പെട്ടേക്കാം. എന്നാല്‍ ഓരോ കുട്ടിയും ഇതേക്കുറിച്ചറിയണം. മാതാപിതാക്കള്‍ കുട്ടികളുമായി ആത്മാര്‍ത്ഥമായൊരു ബന്ധം ഉണ്ടാക്കിയെടുക്കുന്നത് ഗുണം ചെയ്യും.

പ്രതികരിക്കേണ്ടതെങ്ങനെ ?


ആരെങ്കിലും കുട്ടികളോട് മോശമായി സംസാരിക്കുകയോ അവരുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയോ ചെയ്താല്‍ അതിനെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കണം. മോശം അനുഭവങ്ങള്‍ എന്ത് തന്നെയായാലും അത് മാതാപിതാക്കളോട് പറയാനുള്ള സ്വാതന്ത്ര്യം മക്കള്‍ക്ക് നല്‍കണം.

പല കുട്ടികളും മാതാപിതാക്കളോട് ഇത്തരം ദുരനുഭവങ്ങള്‍ പറയാറില്ല. കാരണം ഇതവരില്‍ വേദനയുണ്ടാക്കും എന്ന ചിന്തയുള്ളതുകൊണ്ടാണ്. കാഴ്ചയില്‍ നല്ലവരെന്ന് തോന്നിക്കുന്നവരില്‍ എല്ലാവരും നല്ലവരായിരിക്കണമെന്നില്ല. അതിനാല്‍ ആരോട് സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും ജാഗ്രത പുലര്‍ത്തണമെന്ന് കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുക.

ചൂഷണത്തിനിരയായാല്‍


തന്റെ കുട്ടി ചൂഷണത്തിന് ഇരയായി എന്ന് തിരിച്ചറിഞ്ഞാല്‍ കുട്ടിയോട് സാവകാശം അതേക്കുറിച്ച് ചോദിച്ചറിയുക. പലപ്പോഴും കുട്ടിയുടെ തെറ്റുമൂലമായിരിക്കില്ല അത് സംഭവിക്കുന്നത്.

അതുകൊണ്ട് അതെങ്ങനെ സംഭവിച്ചു എന്നറിയാന്‍ ശ്രമിക്കുക. ഉടന്‍ തന്നെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുക. കുട്ടിയുടെ അവസ്ഥ ഗുരുതരമാണെങ്കില്‍ ഉടനെ ആശുപത്രിയിലെത്തിക്കുക.

ചൂഷണത്തിനിരയായാല്‍ അതില്‍ നിന്നും മുക്തി നേടാന്‍ ചിലപ്പോള്‍ ദിവസങ്ങളെടുത്തേക്കാം. ഇതിനായി സ്‌കൂളില്‍ തന്നെയുള്ള മെന്റല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുകള്‍ സഹായിക്കും. കുട്ടിയുടെ തെറ്റാണ് എന്ന ധാരണയില്‍ ഒരിക്കലും ഇതേക്കുറിച്ച് അവരോട് സംസാരിക്കരുത്. അത് ചിലപ്പോള്‍ അവരെ ആത്മഹത്യയിലേക്കെത്തിച്ചേക്കാം.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Tuesday 04 Oct 2016 04.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW