Tuesday, August 13, 2019 Last Updated 7 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 10.50 AM

അപ്പോഴും കടലിന്റെ മക്കള്‍ക്ക് ഒന്നേ പറയാന്‍ ഉള്ളു.. പ്രളയത്തില്‍ നാടിനെ രക്ഷിക്കാന്‍ കാരിരിമ്പിന്റെ കരുത്തോടെ മത്സ്യതൊഴിലാളികള്‍; അനുഭവ കുറിപ്പ്

face book post

കേരളത്തെ രണ്ടാമതം പ്രളയം മുക്കിയപ്പോള്‍ രക്ഷയ്ക്ക് എത്തിയത് സംസ്ഥാനത്തിന്റെ സ്വന്തം സേന മത്സ്യ തൊഴിലാളികള്‍ തന്നെയാണ്. സ്വന്തം ജീവന്‍ പോലും മറന്നുള്ള രക്ഷാ പ്രവര്‍ത്തനമാണ് മത്സ്യ തൊഴിലാളികള്‍ നടത്തുന്നത്. ഇത്തരത്തില്‍ അവരുടെ രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഫേസ്ബുക്ക് കുറിപ്പ്;

പ്രളയം വിഴുങ്ങി കൊണ്ടിരിക്കുന്ന വയനാട്ടിലെ താരതമ്യേന വലിയ ഭീഷണികള്‍ ഇല്ലാത്ത പുല്പള്ളിയില്‍ നിന്നു് ഞാനും ദിലിനും വിനീതും കല്‍പ്പറ്റ ക്കു തിരിച്ചത് അണ്ണാറക്കണ്ണനും തന്നാലായതെന്തെകിലും ചെയ്യാമെന്നു കരുതിയാണ് .എന്ത് ചെയ്യണമെന്നോ എവിടെ തുടങ്ങണമെന്നോ അറിയാത്ത ഞങ്ങളെ ആരോ സിവില്‍ സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂമില്‍ എത്തിച്ചു, തിരക്കിനിടയില്‍ റവന്യൂ ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ചു, വിളിക്കാം എന്ന് പറഞ്ഞു. പുറത്തേറിങ്ങി ചായകുടിച്ചു വരുമ്പോള്‍ രാവിലെ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്റെ പുറത്ത് കൈലിമുണ്ടും പഴയ കോട്ടുമിട്ട് സലാമിക്ക എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നില്‍ക്കുന്നു. കൂടെ ലോറിയില്‍ ഒരു കൂറ്റന്‍ ബോട്ടും. 36മണിക്കൂറോളം കടലില്‍ പോയി തിരിച്ചു കരയില്‍ എത്തിയപ്പോള്‍ അവരെ കാത്തിരുന്നത് ബേപ്പൂര്‍ സി ഐ യുടെ കാള്‍ ആണ് പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷ പ്രവര്‍ത്തനത്തിന് ഉടന്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ എത്തണം.ലോറിയില്‍ വള്ളവും കയറ്റി നേരെ കോഴിക്കോട് അവിടെ കണ്‍ട്രോള്‍ റൂമില്‍ നിന്നുമുള്ള നിര്‍ദേശത്തിനായി മണിക്കൂറുകള്‍.. കാത്തിരിപ്പിനെയും മുഷിപ്പിനെയും മറന്നു സലാമിക്കയും കൂടെ സഖാവ് ബഷീര്‍ക്ക, സകീര്‍ക്ക, ആലിക്ക,മുഹമ്മദ് ഇക്ക പിന്നെ എവിടുന്നോ കോഴിക്കോട് ലോഡ് ഇറക്കാന്‍ ലോറിയുമായി വന്ന അണ്ണനും. രാത്രി വൈകി വയനാട് എത്താനുള്ള നിര്‍ദേശം ലഭിച്ചു.

പുലര്‍ച്ചെ 4 മണിക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ എത്തിയ ഈ ടീമിനെ ഞങ്ങള്‍ പരിചയപ്പെടുന്നത് രാവിലെ 8 മണിക്ക്. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ചുറ്റിത്തിരിഞ്ഞ ഞങ്ങള്‍ക്ക് 11 മണിയോടെ കുപ്പാടിത്തറ വില്ലജ് ഓഫീസര്‍ മഹേഷ് സാറിനെ സഹായിക്കാന്‍ ഉള്ള നിര്‍ദേശം കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ചു കൂടെ സലാമിക്കയും ടീമിനെയും കുപ്പാടിത്തറ എത്തിക്കുക. ഞങ്ങളുടെ കൂടെ വിപീഷ് കൂടി ചേര്‍ന്നു. ആശാന്‍ ഒറ്റക്ക് സിവില്‍ സ്റ്റേഷനിലേക്ക് വന്നത് ആണ്, തന്നാല്‍ കഴിയുന്നത് ചെയ്യാന്‍. കൂടെ പോരുന്നോ എന്ന് ചോദിക്കാന്‍ കാത്തിരുന്ന പോലെ ഇതു വരെ ഒരു പരിചയവും ഇല്ലാത്ത ഞങ്ങളോടൊപ്പം വിപീഷ് റെഡി. കടലിന്റെ മക്കള്‍ക്ക് വഴിയൊരുക്കല്‍ ആയിരുന്നു ഞങ്ങളുടെ ആദ്യ ഡ്യൂട്ടി.ദിലിന്റെ താര്‍ ആ ഡ്യൂട്ടി ഭംഗിയായി ചെയ്തു.

ലോറിയില്‍ നിന്നും വള്ളമിറക്കിയപ്പോള്‍ ഞങ്ങള്‍ ഒരിക്കല്‍ പോലും പ്രതീക്ഷിച്ചില്ല കൂടെ പോകേണ്ടി വരുമെന്ന്..ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ അവരുടെ കൂടെ ഇറങ്ങി തിരിച്ചത് അവരുടെഒറ്റ വാക്ക് കൊണ്ടാണ് . തിരിച്ചു കരക്കെത്തിക്കും എന്ന വാക്ക്. വള്ളം എന്ന് അവര് പറഞ്ഞെങ്കിലും അതൊരു ഒന്നൊന്നര സ്പീഡ് ബോട്ട് തന്നെയാണ്.യാത്ര തുടങ്ങിയത് വയലിലൂടെ ആണെങ്കിലും പിന്നെ കാമുകിനും തെങ്ങിനും മുകളിലൂടെ ആയി. ഇടക്ക് ഇലക്ട്രിക് പോസ്റ്റിന്റെ മുകളിലൂടെ ആയപ്പോള്‍ വിപീഷ് പതുക്കെ എന്നെ തിരിഞ്ഞു നോക്കി തുടങ്ങി. ഒരു ബക്കറ്റ് വെള്ളം പോലും മുങ്ങി ചവാന്‍ ആവശ്യമില്ലാത്ത നീന്തല്‍ അറിയാത്ത ഞങ്ങള്‍ വിറച്ചു തുടങ്ങി. ആളുള്ള സ്ഥലങ്ങളില്‍ സകീര്‍ക്ക നീന്തി കരക്ക് കയറി വിവരങ്ങള്‍ അറിഞ്ഞു വന്നു.ബാണാസുര സാഗര്‍ ഡാം തുറന്നെന്നു കരയില്‍ നിന്നും വില്ലജ് ഓഫീസര്‍ അറിയിച്ചപ്പോള്‍ ആശങ്കയുടെ നിഴലില്‍ ആയി ഞങ്ങള്‍.ഒഴുക്ക് കൂടി മഴ ശക്തികൂടിയത് ആകെ ഭീതിയില്‍ ആഴ്ത്തി. പക്ഷെ അവസാന വീട്ടുകാരും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി ഞങ്ങള്‍ തിരിച്ചു.

ഉച്ച ഭക്ഷണം കഴിച്ചത് വൈകുന്നേരം 5 മണിക്ക് വയറിലെ കാളലിനേക്കാള്‍ ഉണ്ടായത് നെഞ്ചിലെ കാളല്‍ ആയിരുന്നു അതിനാല്‍ തന്നെ ഭക്ഷണ കാര്യം എല്ലാവരും മറന്നിരുന്നു.റേഷന്‍ മേടിക്കാനും വീട് മാറി താമസിക്കാന്‍ ഉള്ളവരെ സുരക്ഷിത സ്ഥലങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു. മണിമല കുന്നിലെ ക്യാമ്പിലേക്ക് വേണ്ട സാമഗ്രികള്‍ സുരക്ഷിതമായി എത്തിച്ചു.. ഈ ബോട്ട് യാത്രകള്‍ കൊണ്ട് തന്നെ ഞങ്ങളുടെ സ്വന്തം ഇക്കമാരായി കഴിഞ്ഞിരുന്നു ബേപ്പൂര്‍ ടീം.. അവരുടെ കരുതല്‍ ചങ്കു പറിച്ചു കൊടുക്കുന്ന സ്‌നേഹം.. ഇടക്ക് സലാമിക്ക പറയുന്നുണ്ടായിരുന്നു ഞങ്ങള്‍ തല പിന്നോക്കവും നെഞ്ച് മുന്നോക്കവും ഉള്ളവരാണെന്നു. പക്ഷെ പുതിയ തലമുറയെ തലയും നെഞ്ചും മുന്നോക്കം ഉള്ളവരായി വളര്‍ത്തണമെന്നാണ് അവരുടെ ആഗ്രഹം. നേരം ഇരുട്ടിയപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ വള്ളം തിരിച്ചു ലോറിയില്‍ കയറ്റിയപ്പോള്‍ കണ്ണിലൂടെ പൊന്നീച്ച പാറി ... നാടുവിന്റെ ബോള്‍ട്ടുകള്‍ ഒക്കെ ഇളകി.

കല്‍പ്പറ്റ കോഫീ ഹൌസ് അടക്കാന്‍ തുടങ്ങുമ്പോള്‍ ആണ് ഞങ്ങള്‍ കല്‍പ്പറ്റ തിരിച്ചു എത്തുന്നത് അവര്‍ ഞങ്ങള്‍ക്ക് വേണ്ടി വീണ്ടും തുറന്നു. പുറകെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ രാത്രി ഭക്ഷണത്തിനായി അവിടെ എത്തീ.തണുത്തു വിറച്ചിരിക്കുന്ന ഞങ്ങളെ കണ്ടു കണ്ടു വിശേഷം തിരക്കി.. അപ്പോഴും കടലിന്റെ മക്കള്‍ക്ക് ഒന്നേ പറയാന്‍ ഉള്ളു സാറേ വള്ളത്തിന്റെ ലൈസെന്‍സ് ഫീസ് അയ്യായിരം രൂപയില്‍ നിന്നും അന്‍പതിനായിരം ആക്കിയിട്ടുണ്ട് അത് കുറക്കാന്‍ ഉള്ള നടപടി ഉണ്ടാകുമോ എന്ന്. പഠിച്ചിട്ടു പറയാം എന്ന് പറഞ്ഞ മന്ത്രി അവരെ അഭിനന്ദിക്കാന്‍ മറന്നില്ല. തിരിച്ചു കണ്‍ട്രോള്‍ റൂമില്‍ എത്തി റിപ്പോര്‍ട്ട് ചെയ്ത് പിരിയാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളെ സ്‌നേഹം കൊണ്ട് പൊതിഞ്ഞു അവര്‍ അങ്ങനെ പറഞ്ഞാല്‍ അല്‍പ്പം കുറഞ്ഞു പോകും അല്ല അതിനേക്കാള്‍ ഏറെ സ്വന്തം ജേഷ്ടന്മാരുടെ സ്ഥാനത് കാണാവുന്ന 6 പേരെ കിട്ടിയ സന്തോഷത്തില്‍ ആയിരുന്നു ഞങ്ങള്‍.. ബേപ്പൂര്‍ എത്തിയാല്‍ വിളിക്കണം.. ഐസ് ഇടാത്ത മീന്‍ തരാം എന്ന് സകീര്‍ക്ക..

എന്തായാലും ഇനി ബേപ്പൂര്‍ പോകുന്നുണ്ടെങ്കില്‍ അവരെ കാണണം. അവരെ അറിയണം അവരുടെ സ്‌നേഹം അറിയണം.. സലാമിക്കയുടെ ആഗ്രഹം പോലെ തലയും നെഞ്ചും മുന്നോക്കമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ അവര്‍ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .കടലിന്റെ മക്കള്‍ക്ക് ഹൃദയത്തില്‍ നിന്നുമുള്ള ഒരായിരം നന്ദി അറിയിക്കുന്നു.

സിറാജ് വയനാട് - with Arunkumar Kappummel Anirudhan, Dilin Gopalakrishnan and Vineeth Palackaparambil.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW