Sunday, June 25, 2017 Last Updated 59 Min 37 Sec ago English Edition
Todays E paper
Tuesday 13 Sep 2016 06.33 PM

ഒാണപ്പൊട്ടന്‍ പ്രജകളെക്കാണാന്‍ എത്തുമ്പോള്‍...

uploads/news/2016/09/32468/Onappottan.jpg

ഉത്തരകേരളത്തിലെ ചില പ്രദേശങ്ങളിലുള്ളവർക്ക് ഓണപ്പൊട്ടന്റെ സാന്നിധ്യമില്ലാത്ത ഒരോണം തികച്ചും അപൂർണ്ണമാണ് . വടക്കൻകേരളത്തിലെ പഴയ കടത്തനാട്, കുറുമ്പ്രനാട്, കോട്ടയം ദേശവാഴ്ചകളിൽപെട്ട പ്രദേശങ്ങളിലാണ് ഓണാഘോഷം കൊഴുപ്പിക്കാൻ ഓണപ്പൊട്ടന്റെ അഥവാ ഓണേശ്വരന്റെ സാന്നിധ്യം അത്യാവശ്യമായുള്ളത്. അതായത് ഇന്നത്തെ കോഴിക്കോട് ജില്ലയിൽപ്പെട്ട വടകര, കൊയിലാണ്ടി താലൂക്കുകൾ, കണ്ണൂരിന്റെ തെക്കൻഭാഗങ്ങൾ,വയനാട് പ്രദേശങ്ങൾ.


മഹാബലി ചക്രവർത്തിയുടെ പ്രതിരൂപമായി കരുതപ്പെടുന്ന വേഷമണിഞ്ഞ ഓണപ്പൊട്ടൻമാർ ഉത്രാടം, തിരുവോണം നാളുകളിലായി ഇന്നാട്ടിലെ വീടായവീടെല്ലാം കയറിയിറങ്ങുന്നു. പട്ടുവസ്ത്രമുടുത്ത്, ആഭരണങ്ങളണിഞ്ഞ് കിരീടവുംവച്ച് ഓലക്കുടയുംചൂടി ഓട്ടുമണിയും കിലുക്കി നടക്കുന്ന ഓണപ്പൊട്ടന്റെ രൂപം മനോഹരമാണ്.

മലയസമുദായക്കാരാണ് ഓണപ്പൊട്ടന്റെ വേഷം കെട്ടുന്നത്. തെക്കൻ കേരളത്തിലെ മലയരുമായി ഇവർക്ക് ബന്ധമൊന്നുമില്ല. പാണ സമുദായവുമായി സാദൃശ്യമുള്ളവരാണ്. പല പ്രകൃതിജന്യ വസ്തുക്കളും ഓണപ്പൊട്ടന്റെ വേഷത്തിനായി ഉപയോഗിക്കുന്നു. കിരീടത്തിനായി മുരുക്കുമരം, മുടിക്കായി വാഴനാര്, കൈതയോല, കുടയ്ക്കായി പനയോല തുടങ്ങിയവ. വേഷം ധരിക്കുന്നയാൾ പത്തു ദിവസത്തെ വ്രതമെടുക്കുന്നു. വേഷം ധരിച്ചാൽ പിന്നെ സംസാരിക്കാൻ പാടില്ല.അതുകൊണ്ടാണ് ഓണപ്പൊട്ടൻ എന്ന പേര് വരാൻ കാരണം.

നടത്തമെന്നോ ഓട്ടമെന്നോ പറയാനാവാത്ത തരത്തിലാണ് ഓണപ്പൊട്ടന്റെ സഞ്ചാരം. സൂര്യാസ്തമനത്തിനുമുൻപ് തന്റെ പ്രജകളെയെല്ലാം കണ്ടുതീർക്കാനുള്ള ഒരു പാച്ചിലാണത്. അതാതുനാട്ടിലെ പ്രധാന തറവാടുകളിൽ കയറിയിറങ്ങിക്കൊണ്ടായിരുന്നു പണ്ടുകാലങ്ങളിൽ ഓണപ്പൊട്ടൻ യാത്ര തുടങ്ങിയിരുന്നത്. പിന്നെ ഓട്ടുമണിയും കിലുക്കിക്കൊണ്ട് നാടായ നാടൊക്കെ സഞ്ചരിക്കുകയായി. ഓട്ടുമണിയുടെ കിലുക്കം വളരെ ദൂരത്തുനിന്നും കേൾക്കുമ്പോൾതന്നെ വീട്ടുകാർ നിലവിളക്കുതെളിയിച്ച് ഓണപ്പൂക്കളത്തിനു സമീപം വച്ച് ഓണേശ്വരനെ വരവേൽക്കാനൊരുങ്ങും. വീട്ടുമുറ്റത്തെത്തുന്ന ഓണപ്പൊട്ടൻ അഥവാ ഓണേശ്വരൻ വീട്ടുകാരെ ആശീർവദിച്ചുകൊണ്ട് ഒരുപിടി തെച്ചിപ്പൂവ് നൽകുന്നു. കാണിക്കയായി വീട്ടുകാർ പണമോ അരിയോ ഓണപ്പൊട്ടന് നൽകാറുണ്ട്. വീട്ടുകാരെ അനുഗ്രഹിച്ചതിനുശേഷം ഓണപ്പൊട്ടൻ നിൽപ്പില്ലാതെ അടുത്തവീട്ടിലേക്കു നീങ്ങും...

പണ്ടുകാലങ്ങളിൽ ഓണപ്പൂക്കളത്തിനായി ഉപയോഗിച്ച പൂക്കളെല്ലാം വാരിയെടുത്ത് തിരുവോണനാൾ വൈകുന്നേരം നദികളിലോ, തോടുകളിലോ ഒഴുക്കുന്ന പതിവുണ്ടായിരുന്നു. നാട്ടുകാരെല്ലാം ചേർന്ന് ഘോഷയാത്രയായാണ് ഇങ്ങിനെ ചെയ്തിരുന്നത്. ഇങ്ങിനെയുള്ള പൂവൊഴുക്കൽ ഘോഷയാത്രകളിൽ ഒരു നാട്ടിലെ ഓണപ്പൊട്ടൻമാരെല്ലാം ഒത്തുചേർന്നിരുന്നത് അപൂർവ്വ കാഴ്ചതന്നെയായിരുന്നു.

മറ്റു പല സ്ഥലങ്ങളിലും ഓണത്തിന് ഓണപ്പൊട്ടൻമാർ ഉണ്ടാവാറില്ല എന്നത് ഇന്നാട്ടിൽ പലർക്കും കൗതുകകരമായ ഒരറിവാണ്. കാരണം ഓണേശ്വരന്റെ സന്ദര്‍ശനമില്ലാത്തൊരോണം ഇവർക്ക് തികച്ചും അപൂർണ്ണമാണ്. എന്നാൽ ഇപ്പോൾ പല സ്ഥലങ്ങളിലും ഓണപ്പൊട്ടൻ അപ്രത്യക്ഷമാകാൻ തുടങ്ങിയിട്ടുണ്ട്. പുതു തലമുറയിൽ ഈ ആചാരം പിന്തുടരാൻ സൗകര്യമുള്ളവർ കുറഞ്ഞുവരുന്നതുതന്നെ കാരണം.

Ads by Google
Tuesday 13 Sep 2016 06.33 PM
YOU MAY BE INTERESTED
TRENDING NOW