Wednesday, July 24, 2019 Last Updated 10 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Jul 2019 08.55 AM

വിഷമങ്ങളെ എങ്ങനെ അതിജീവിക്കാം? പന്ത്രണ്ട് വഴികള്‍ പങ്കുവെച്ച് മുരളി തുമ്മാരുകുടി

 face book post

വിഷമങ്ങളെ എങ്ങനെ അതിജീവിക്കാമെന്നുള്ളതിന്റെ പന്ത്രണ്ട് വഴികള്‍ പറഞ്ഞിരിക്കുകയാണ് യുഎന്‍ ദുരന്ത ലഘൂകരണവിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വഴികള്‍ കുറിച്ചിരിക്കുന്നത്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

വിഷമങ്ങളെ അതിജീവിക്കാന്‍ ചില വഴികള്‍...

ചേട്ടാ, എങ്ങനെയാണ് ജീവിതത്തില്‍ വിഷമങ്ങളെ അതിജീവിക്കുന്നത് എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. പതിറ്റാണ്ടുകളായി ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും വെല്ലുവിളികള്‍ നിരന്തരം നേരിടുന്ന ഒരാളെന്ന നിലക്കുള്ള അനുഭവം വെച്ച് ചില പാഠങ്ങള്‍ ഞാന്‍ പറയാം.

1. വിഷമങ്ങള്‍ ഇല്ലാത്തവരില്ല. ചിലപ്പോള്‍ ഔദ്യോഗിക രംഗത്തായിരിക്കും, ചിലപ്പോള്‍ വ്യക്തിജീവിതത്തില്‍. എല്ലായിടത്തും ഒരേ സമയം ഒരുപോലെ പ്രശ്‌നങ്ങള്‍ വരാറില്ല. അതിനാല്‍ നമ്മുടെ ജീവിതത്തിന് പരമാവധി വശങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം (വ്യക്തിപരം, ഔദ്യോഗികം, പൊതുരംഗം എന്നിങ്ങനെ). ഏത് രംഗത്താണോ പ്രശ്‌നങ്ങള്‍ ഇല്ലാത്തത്, അല്ലെങ്കില്‍ ഏറ്റവും കുറവ്, അവിടെ നമ്മള്‍ പരമാവധി ശ്രദ്ധ കൊടുക്കുക. എവിടെയെങ്കിലും പോസിറ്റീവ് ആയ റിസള്‍ട്ട് ഉണ്ടായിക്കൊണ്ടിരിക്കുക എന്നത് പ്രധാനമാണ്. ഒരു രംഗത്തിലെ വളര്‍ച്ച കൊണ്ട് മറ്റൊരു രംഗത്തെ തളര്‍ച്ചകളെ നമുക്ക് പ്രതിരോധിക്കാന്‍ പറ്റും.

2. മാറി നിന്ന് നോക്കുന്നവര്‍ക്ക് വിവിധ ആളുകളുടെ പ്രശ്‌നം വേറെ വേറെ ഗ്രേഡിലാണ് എന്ന് തോന്നിയേക്കാമെങ്കിലും അനുഭവിക്കുന്നവര്‍ക്ക് അവരുടെ പ്രശ്‌നങ്ങളാണ് ഏറ്റവും വലുത്. അപകടത്തില്‍ കൈ നഷ്ടപ്പെട്ട ഒരാള്‍ക്ക് വിരല്‍ നഷ്ടപ്പെട്ട ഒരാളുടെ പ്രശ്‌നം അത്ര കാര്യമായി തോന്നില്ല. പക്ഷെ വിരല്‍ നഷ്ടപ്പെട്ട ആള്‍ അങ്ങനെയല്ല ചിന്തിക്കുന്നത്. നഖം നഷ്ടപ്പെട്ട ആളുടെ കാര്യവും വ്യത്യസ്തമല്ല.

3. വിഷമവും വിഷാദവും ഒന്നല്ല. ഏറ്റവും വലിയ പ്രശ്‌നങ്ങളുള്ള ആളല്ല ഏറ്റവും വേഗം വിഷാദത്തില്‍ എത്തുന്നത്. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഇമോഷണല്‍ ഇന്റലിജന്‍സ് ഇല്ലാത്തവരാണ്. കുട്ടികളെ മാതാപിതാക്കളുടെ സാന്പത്തികവും മറ്റുമായ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചു മാറ്റി നടത്തുന്ന ഇപ്പോഴത്തെ രീതി ജീവിതത്തിലെ യഥാര്‍ത്ഥ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കുട്ടികളെ തയ്യാറാക്കുന്നില്ല. വിഷാദം ഇനി കൂടിവരികയേ ഉള്ളൂ.

4. നമ്മുടെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും പങ്കുവെക്കാന്‍ പറ്റിയ ഒരാള്‍ (അല്ലെങ്കില്‍ കുറച്ച് ആളുകള്‍) നമുക്ക് ചുറ്റും ഉണ്ടാകണം എന്നത് പ്രധാനമാണ്. ഇങ്ങനെ കുറച്ച് ആളുകള്‍ ചുറ്റുമുണ്ടെങ്കില്‍ നമുക്ക് ജീവിതത്തിലെ ഏത് വെല്ലുവിളിയേയും നേരിടാം. എന്റെ ജീവിതത്തെപ്പറ്റി എല്ലാം അറിയാവുന്ന, എനിക്ക് പൂര്‍ണ്ണമായും വിശ്വസിക്കാവുന്ന, പിന്തുണ തരുന്ന കുറച്ചാളുകള്‍ എന്റെ ഔദ്യോഗിക രംഗത്തും വ്യക്തിരംഗത്തും ഉണ്ട്. എന്റെ പ്രധാന തന്ത്രവും ശക്തിയും ഇതാണ്.

5. നമ്മുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ ഒരാള്‍ (അല്ലെങ്കില്‍ അടുത്ത കുറച്ചു പേര്‍) ഉണ്ടാകുന്നത് പോലെ പ്രധാനമാണ് നമ്മള്‍ നാട്ടുകാരോടെല്ലാം പോയി നമ്മുടെ വിഷമങ്ങള്‍ പറയാതിരിക്കുന്നതും. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ നിസ്സാരമായി തോന്നുന്നവരാണ് ഭൂരിഭാഗവും. അവര്‍ക്ക് അതിന് 'ഇന്‍സ്റ്റന്റ്' സൊല്യൂഷന്‍സ് ഉണ്ടാകും. അതുകൊണ്ടൊന്നും സംഭവിക്കുകയുമില്ല. പോരാത്തതിന് നമ്മുടെ ചുറ്റുമുള്ളതില്‍ പത്തില്‍ ഒന്‍പത് പേരും ജഡ്ജമെന്റല്‍ ആണ്. 'എന്തിനാണ് ആ പണിക്ക് പോയത്?' എന്ന തരത്തിലായിരിക്കും ആദ്യത്തെ ചോദ്യം. ഒരാള്‍ കുഴിയില്‍ കിടക്കുന്‌പോള്‍ 'എങ്ങനെ ചാടി, എന്ത് കൊണ്ട് ചാടി' എന്നൊക്കെ ഗവേഷണം നടത്തുന്നവരെക്കൊണ്ട് ഒരു ഗുണവുമില്ല. എങ്ങനെ നമ്മളെ കരകയറ്റാം എന്ന് ചിന്തിക്കുന്നവരോടാണ് നമ്മുടെ പ്രശ്‌നങ്ങള്‍ പറയേണ്ടത്. ഗവേഷണം ഒക്കെ അത് കഴിഞ്ഞും ആകാമല്ലോ.

6. നിങ്ങള്‍ ഒരു വലിയ വിഷമത്തില്‍ കൂടെ പോയിക്കണ്ടിരിക്കുന്ന സമയം നിങ്ങള്‍ ഏറ്റവും വള്‍നറബിള്‍ ആയ സമയമാണ്. എല്ലാത്തരം തട്ടിപ്പുകാര്‍ക്കും നിങ്ങളെ മുതലെടുക്കാന്‍ ഏറ്റവും പറ്റിയ അവസരം കൂടിയാണ്. അതുകൊണ്ടു കൂടി ആരോടാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകളുടെ കാര്യത്തില്‍ ഇത് കൂടുതല്‍ പ്രധാനമാണ്. പലരും ലൈംഗികമായ പീഡനത്തില്‍ എത്തിപ്പറ്റുന്നത് ഇത്തരം സാഹചര്യത്തില്‍ സഹായിക്കാന്‍ എത്തിയവരില്‍ കൂടിയാണ്. കുന്പസാരത്തിലൂടെ പോലും കുഴപ്പത്തിലായവരുടെ വാര്‍ത്ത നമ്മള്‍ വായിച്ചല്ലോ.

7. പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നത് ഒരു 'വണ്‍ വേ' പരിപാടിയാണ്. നിങ്ങള്‍ക്ക് ഒരു പ്രശ്‌നം ഉണ്ടാകുന്‌പോള്‍ എന്നോട് വന്ന് പറഞ്ഞിട്ടുണ്ടെകില്‍ എനിക്ക് ഒരു പ്രശ്‌നം ഉണ്ടാകുന്‌പോള്‍ നിങ്ങളോട് വന്നു പറയാന്‍ എനിക്ക് തോന്നില്ല. കാരണം. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ തന്നെ നിസ്സഹായനാണ്, പോരാത്തതിന് 'ആ ചേട്ടന് ആവശ്യത്തില്‍ കൂടുതല്‍ പ്രശ്‌നം അവിടെത്തന്നെയുണ്ട്' എന്നെനിക്കറിയാം. അതുകൊണ്ട് എന്റെ പ്രശ്‌നവുമായി ഞാന്‍ ആ വഴിക്ക് വരില്ല. ദൈവത്തിനൊക്കെ വലിയ മാര്‍ക്കറ്റ് കിട്ടുന്നത് ഇവിടെയാണ്, പുള്ളിയുടെ പ്രശ്‌നങ്ങള്‍ ഒന്നും നമ്മോട് പറയാറില്ലല്ലോ.

8. നമുക്ക് വിഷമങ്ങള്‍ ഉണ്ടെങ്കില്‍ ഇനി ഈ വിഷമം മാറിയിട്ട് മതി ജീവിതത്തില്‍ സന്തോഷമുള്ള എന്തെങ്കിലും ചെയ്യാന്‍ എന്ന് വിചാരിച്ചിരിക്കരുത്. വിഷമത്തെ സന്തോഷത്തിന്റെ കുമിളകള്‍ കൊണ്ട് പൊതിയണം. അതുകൊണ്ടു തന്നെ ഏറ്റവും വിഷമമുള്ള സമയമാണ് നിങ്ങള്‍ക്ക് ഏറ്റവും സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തിരഞ്ഞെടുക്കേണ്ടത്. ഇത് ഷോപ്പിംഗ് ആകാം, നന്നായി ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതാകാം, യാത്ര പോകുന്നതാകാം, സുഹൃത്തുക്കളെ സന്ദര്‍ശിക്കുന്നതാകാം, സിനിമക്ക് പോകുന്നതാകാം. നിങ്ങളെ സന്തോഷിപ്പിക്കുന്ന എന്തുമാകാം. ആളുകള്‍ എന്ത് പറയുന്നു അല്ലെങ്കില്‍ എന്ത് പറയും എന്നത് ഈ വിഷയത്തില്‍ കണക്കിലെടുക്കേണ്ട ഒരു കാര്യമേ ഇല്ല.

9. നമ്മുടെ വിഷമങ്ങള്‍ വേണ്ട വിധം കൈകാര്യം ചെയ്തില്ലെങ്കില്‍ ഉറക്കമില്ലായ്മ തൊട്ട് വിഷാദം വരെ അതുണ്ടാക്കും. ഇത് നമ്മുടെ ഡ്രൈവിംഗ് തൊട്ട് വ്യക്തി ബന്ധങ്ങളെ വരെ ബാധിക്കും. അങ്ങനെ ചെറിയ കുഴപ്പം വലിയ കുഴപ്പമാകും. അതുകൊണ്ടു തന്നെ ഈ വിഷയത്തെ കൈകാര്യം ചെയ്യാതെ മാറ്റിവെച്ചിട്ട് കാര്യമില്ല.

10. നമ്മുടെ വിഷമങ്ങള്‍ തീരാന്‍ ജ്യോതിഷം തൊട്ട് ധ്യാനം വരെയുള്ള പരിപാടികള്‍ക്ക് പോകുന്നതും മദ്യത്തിലോ മയക്കുമരുന്നിലോ അഭയം തേടുന്നതും പൊട്ടത്തരമാണ്. വാസ്തു മുതല്‍ ചാത്തന്‍ വരെയുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ പോകരുത്. നമ്മള്‍ ഏറ്റവും വള്‍നറബിള്‍ ആയുള്ള സമയമാണെന്ന് പറഞ്ഞല്ലോ. ഈ സമയത്താണ് മതമോ മദ്യമോ നമ്മളെ കീഴ്‌പ്പെടുത്തുന്നത്. ഇവയെ എല്ലാം നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന കാലത്ത് മാത്രം കൂട്ട് കൂടേണ്ട സുഹൃത്തുക്കളാണ് മദ്യവും മതവും ഒക്കെ.

11. ആധുനിക വൈദ്യശാസ്ത്രത്തിന് നമ്മെ ഏറെ സഹായിക്കാനാകും. നമുക്ക് ഒരു വിഷമം ഉണ്ടെങ്കില്‍ ഡോക്ടറെ പോയി കാണുന്നത് നമ്മുടെ ദൗര്‍ബല്യമല്ല, ശക്തിയാണ് കാണിക്കുന്നത്. വിഷാദത്തിന് മരുന്ന് കഴിച്ചു തുടങ്ങിയാല്‍ ആയുഷ്‌കാലം മുഴുവന്‍ കഴിക്കേണ്ടി വരുമെന്നൊക്കെ പറയുന്നത് തെറ്റിദ്ധാരണയാണ്. നന്നായി ഉറക്കം കിട്ടിയാല്‍ത്തന്നെ പകുതി പ്രശ്‌നങ്ങളും തീരും.

12. ഫിസിക്സും കെമിസ്ട്രിയും പോലെ ഒരു ശാസ്ത്രമല്ല മനഃശ്ശാസ്ത്രം. ആധുനിക വൈദ്യം പോലെ കൃത്യവും കര്‍ശനവുമായി നിയന്ത്രിക്കപ്പെടുന്നതും അല്ല. അതുകൊണ്ട് നിങ്ങളുടെ പ്രശ്‌നങ്ങളുമായി അവരെ സമീപിച്ചാല്‍ എന്താകും എന്നുള്ളത് നിങ്ങള്‍ ആരെ സമീപിക്കുന്നോ അവരുടെ പ്രൊഫഷണലിസം പോലിരിക്കും. എന്റെ പൊതുവിലുള്ള അനുഭവം നന്നല്ല, അതുകൊണ്ട് വ്യകതിപരമായി ഞാന്‍ ഈ കൂട്ടരില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാറാണ് പതിവ്.

മുരളി തുമ്മാരുകുടി,
ജനീവ, ജൂലൈ 23

Ads by Google
Wednesday 24 Jul 2019 08.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW