Monday, July 22, 2019 Last Updated 40 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.46 AM

മക്കളുടെ കണക്ക്‌ സൂക്ഷിക്കാന്‍ മറക്കരുത്‌

uploads/news/2019/07/323826/editorial.jpg

ഒരുപാട്‌ മക്കളുള്ളവര്‍ അവരുടെ മക്കളെ മറക്കണമെന്നില്ല. അവര്‍ എവിടെയാണെന്നും എന്താണെന്നും ചെറിയ ചില കണക്കുകളെങ്കിലും കാണും! അതുപോലെതന്നെയാണ്‌ ഒരുപാട്‌ ജനസംഖ്യയുള്ള രാജ്യങ്ങളുടെ കാര്യത്തിലും. അവരുടെ പൗരന്മാര്‍ എവിടെയാണെന്നും എന്താണെന്നും ചില ധാരണകള്‍ രാജ്യങ്ങള്‍ വച്ചുപുലര്‍ത്തുന്നതു നല്ലതാണ്‌. അനൗദ്യോഗിക കണക്ക്‌ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 136 കോടിയിലേറെയാണ്‌. അതായത്‌, ലോകജനസംഖ്യയുടെ 17.75 ശതമാനം. അതു രാജ്യത്തെ ജനങ്ങളെ അവഗണനയുടെ പട്ടികയില്‍പ്പെടുത്താനുള്ള ഒരു കാരണമാകരുത്‌.

ബ്രിട്ടീഷ്‌ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തെന്നും ഇറാനിയന്‍ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തെന്നുമുള്ള വാര്‍ത്ത പുറത്തുവരുമ്പോള്‍ ആ കപ്പലുകളില്‍ എത്രപേര്‍ ഇന്ത്യക്കാരുണ്ടെന്നും അവരാരൊക്കെയെന്നുമുള്ള വിശദവിവരങ്ങള്‍ നമ്മുടെ സര്‍ക്കാരിന്‌ അപ്രാപ്യമാണെന്ന സൂചനയാണു പുറത്തുവരുന്നത്‌. ബന്ധുക്കള്‍ നല്‍കുന്ന വിവരവും കപ്പല്‍ കമ്പനി നല്‍കുന്ന വിവരവുമാണ്‌ ഔദ്യോഗികം എന്ന തലത്തിലേക്കു കാര്യങ്ങള്‍ നീങ്ങുന്നത്‌ ലജ്‌ജാകരമാണ്‌. തങ്ങളുടെ പൗരന്മാരുടെ വിവരം മറ്റു രാജ്യങ്ങളോട്‌ ചോദിച്ചറിയേണ്ടി വരുന്നുവെന്നത്‌ അതിലേറെ ലജ്‌ജാകരമാണ്‌. മാത്രമല്ല, ഒരു യുദ്ധാന്തരീക്ഷമാണു നിലനില്‍ക്കുന്നതെങ്കില്‍ പൗരന്മാരുടെ വിവരകൈമാറ്റം സുഗമവും സുതാര്യവുമായിരിക്കുകയെന്നത്‌ അത്ര എളുപ്പവുമല്ല. പൗരന്മാരെ സംബന്ധിച്ച്‌ കൃത്യമായ കണക്കുകളില്ലെന്നുള്ളത്‌ കാലങ്ങളായി രാജ്യം നേരിടുന്ന പ്രധാനപ്രതിബന്ധവുമാണ്‌.

ഗള്‍ഫ്‌ യുദ്ധസമയത്തും ഇറാഖിന്റെ കുവൈത്ത്‌ അധിനിവേശകാലത്തും ഐ.എസ്‌. അധിനിവേശത്തിലും നമ്മുടെ പൗരന്മാര്‍ എത്രപേര്‍ ഈ രാജ്യങ്ങളിലുണ്ടെന്നും അവര്‍ ആരൊക്കെയെന്നും നാം ഇരുട്ടില്‍ തപ്പുകയായിരുന്നു. കണക്കുകളില്ലാതെ വിദേശരാജ്യങ്ങളിലുള്ള പൗരന്മാരെ സംരക്ഷിക്കാനും അവര്‍ക്ക്‌ തിരിച്ചുവരവിനുള്ള സുരക്ഷിത പാതയൊരുക്കാനും നമുക്ക്‌ എങ്ങനെ സാധിക്കുമെന്നത്‌ ചോദ്യമാണ്‌.
സാങ്കേതികവിദ്യ ഇത്രയധികം പുരോഗമിച്ച ഈ കാലഘട്ടത്തില്‍ ഒരൊറ്റ സോഫ്‌റ്റ്‌വേര്‍ മാത്രം മതി രാജ്യത്തെ പൗരന്മാര്‍ ആരൊക്കെ എവിടേക്കൊക്കെ പോയിട്ടുണ്ടെന്നും ആരൊക്കെ തിരിച്ചുവന്നുവെന്നുമുള്ള വിവരം കൃത്യതയോടെ സൂക്ഷിക്കാനും അറിയാനും അതതു സമയങ്ങളില്‍ പുതുക്കാനും. വിമാനത്താവളങ്ങള്‍ വഴിയോ കപ്പല്‍മാര്‍ഗമോ പുറത്തേക്ക്‌ പോകുന്നവരുടെ യാത്രാവിവരങ്ങള്‍ അറിയാനും സൂക്ഷിക്കാനും യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ഇക്കാലത്ത്‌ സ്വന്തം രാജ്യത്തെ പൗരന്മാര്‍ എത്രപേര്‍ വിദേശരാജ്യങ്ങളില്‍ ജോലി നോക്കുന്നുവെന്ന കൃത്യമായ കണക്കില്ലാത്തത്‌ അവരോടുള്ള അവഗണന തന്നെയാണ്‌. രാജ്യത്തിന്റെ പ്രധാനപ്പെട്ട വരുമാനസ്രോതസുകളിലൊന്നായ വിദേശനാണ്യത്തിന്റെ ഒഴൂക്ക്‌ ഈ വിദേശ ഇന്ത്യക്കാരില്‍നിന്നാണെന്ന സത്യത്തോടു പോലും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നീതിപുലര്‍ത്താത്തതാണ്‌ ഇവരെക്കുറിച്ചുള്ള വിവരം സൂക്ഷിക്കുന്നതിലെ അനാസ്‌ഥ വെളിപ്പെടുത്തുന്നത്‌.

രാജ്യത്തെ ജനങ്ങളുടെ വിവരം ശേഖരിക്കാനും സൂക്ഷിക്കാനും ആധുനിക സാങ്കേതികവിദ്യയെ ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ട സമയം വളരെയധികം വൈകിക്കഴിഞ്ഞുവെന്നാണ്‌ ഓരോ പ്രതിസന്ധിയും തെളിയിക്കുന്നത്‌. സാങ്കേതികവിദ്യയില്‍ ഇന്ത്യയ്‌ക്കൊപ്പം വികസിക്കാത്ത രാജ്യങ്ങള്‍പോലും അവരുടെ പൗരന്മാരുടെ വിവരം എത്ര ഫലപ്രദമായി സൂക്ഷിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നെന്നു തിരിച്ചറിയുമ്പോഴാണു നമ്മുടെ കുറവ്‌ തിരിച്ചറിയുന്നത്‌. ആ കുറവ്‌ പരിഹരിക്കാനുള്ള ഉത്തരവാദിത്വം രാജ്യത്തെ നയിക്കുന്നവര്‍ക്കുണ്ട്‌. അതിനു ജനസംഖ്യയുടെ ആധിക്യം തടസമാകരുത്‌.

Ads by Google
Monday 22 Jul 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW