Monday, July 22, 2019 Last Updated 22 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.42 AM

ഓഹരി റിവ്യൂ : വിദേശനിക്ഷേപം ചോര്‍ന്നു; വിപണികള്‍ പ്രതാപം കൈവിട്ടു

വിദേശ ഓപ്പേറേറ്റര്‍മാര്‍ക്ക്‌ ബജറ്റില്‍ ഏര്‍പ്പെടുത്തിയ അധിക നികുതിയുടെ ബാധ്യത ഫണ്ടുകളെ ഓഹരി വിപണിയില്‍ വില്‍പ്പനക്കാരാക്കി. മുന്‍നിര ഓഹരികളില്‍ അനുഭവപ്പെട്ട വില്‍പ്പന സമ്മര്‍ദംമൂലം ബോംബെ സൂചിക 399 പോയിന്റും നിഫ്‌റ്റി സൂചിക 133 പോയിന്റും പ്രതിവാര നഷ്‌ടത്തിലാണ്‌. ബി.എസ്‌.ഇ സൂചിക ഒരു ശതമാനം താഴ്‌ന്നപ്പോള്‍ എന്‍.എസ്‌.ഇ 1.5 ശതമാനം കുറഞ്ഞു.
ഫെബ്രുവരി- ജൂണ്‍ കാലയളവില്‍ വിദേശഫണ്ടുകള്‍ നിക്ഷേപകരായിരുന്നു. എന്നാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച സൂപ്പര്‍ റിച്ച്‌ നികുതി ഭയന്ന്‌ അവര്‍ പണം തിരിച്ചു പിടിക്കാന്‍ ഉത്സാഹിച്ചു. ജൂെലെയില്‍ ഇതു വരെ 7712 കോടി രൂപ ഫണ്ടുകള്‍ പിന്‍വലിച്ചു.
ഡെറീവേറ്റീവ്‌ മാര്‍ക്കറ്റില്‍ ജൂെലെ സീരീസ്‌ സെറ്റില്‍മെന്റ്‌ അടുത്ത സാഹചര്യത്തില്‍ ഫണ്ടുകള്‍ അവരുടെ നിലപാടില്‍ ഉറച്ച്‌ നിന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റ്‌ കനത്ത വില്‍പ്പന സമ്മര്‍ദത്തില്‍ അകപ്പെടും.
മുന്‍നിരയിലെ പത്ത്‌ കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്‌. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസും ടി.സി.എസ്‌, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.യു.എല്‍, ഇന്‍ഫോസിസ്‌ എന്നിവയ്‌ക്ക്‌ തളര്‍ച്ച. കോര്‍പ്പറേറ്റ്‌ മേഖലയില്‍ നിന്നുള്ള ത്രൈമാസ പ്രവര്‍ത്തന ഫലം ഈ വാരം വിപണിയെ സ്വാധീനിക്കും. ഹെവി വെയ്‌റ്റ്‌ ഓഹരികളായ ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, ടാറ്റാ മോട്ടോഴ്‌സ്‌, എല്‍ ആന്‍ഡ്‌ റ്റി, ഏഷ്യന്‍ പെയിന്റ്‌്, ബജാജ്‌ ഫിനാന്‍സ്‌, ബജാജ്‌ ഓട്ടോ എന്നിവ ഈ വാരം പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ ഇറക്കും.
ബോംബെ സൂചിക 38,726ല്‍ നിന്ന്‌ 39,000 പോയിന്റ്‌ മറികടന്ന്‌ 39,285 വരെ ഉയര്‍ന്നു. ഈ അവസരത്തില്‍ വിദേശഫണ്ടുകളില്‍ നിന്നുള്ള വില്‍പ്പന സമ്മര്‍ദത്തില്‍ ആടിയുലഞ്ഞ വിപണി വാരാന്ത്യം 38,307ലെ താങ്ങ്‌ തകര്‍ത്ത്‌ 38,270 ഇടിഞ്ഞു. മാര്‍ക്കറ്റ്‌ ക്ലോസിങ്‌ നടക്കുമ്പോള്‍ സൂചിക 38,337 ലാണ്‌. ഈവാരം ആദ്യ താങ്ങ്‌ 37,977 പോയിന്റിലും പ്രതിരോധം 38,990 പോയിന്റിലുമാണ്‌. വിപണിയുടെ മറ്റ്‌ സാങ്കേതിക വശങ്ങള്‍ ദുര്‍ബലാവസ്‌ഥയേയാണ്‌ സൂചിപ്പിക്കുന്നത്‌.
നിഫ്‌റ്റി സൂചിക തുടക്കത്തില്‍ 11,552ല്‍ നിന്ന്‌ 11,615ലേയ്‌ക്കും തുടര്‍ന്ന്‌ 11,706 വരെയും ഉയര്‍ന്നു. ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പിന്‌ ഇടപാടുകാര്‍ നടത്തിയ നീക്കത്തെ തുടര്‍ന്ന്‌ വാരാന്ത്യം സൂചിക 11,419 പോയിന്റിലാണ്‌. ഈ വാരം 11,310 പോയിന്റിലെ താങ്ങ്‌ നിഫ്‌റ്റിക്ക്‌ നഷ്‌ടപ്പെട്ടാല്‍ സൂചിക 11,201 വരെ താഴാം. അതേസമയം മുന്നേറ്റത്തിനുള്ള നീക്കം വിജയിച്ചാല്‍ നിഫ്‌റ്റിക്ക്‌ 11,617- 11,815ല്‍ തടസം നേരിടാം.
വിനിമയ വിപണിയില്‍ രൂപ മികവിലാണ്‌. വാരാന്ത്യം യു.എസ്‌ ഡോളറിന്‌ മുന്നില്‍ രൂപയുടെ മൂല്യം 68.85 ലാണ്‌. ന്യൂയോര്‍ക്കില്‍ ക്രൂഡ്‌ ഓയില്‍ വില വീപ്പയ്‌ക്ക്‌ 66.84 ഡോളറില്‍ നിന്ന്‌ 62.81 ഡോളറായി. ലണ്ടനില്‍ സ്വര്‍ണ വില ഔണ്‍സിന്‌ 1415 ഡോളറില്‍ നിന്ന്‌ 1452 ഡോളര്‍ വരെ ഉയര്‍ന്ന അവസരത്തിലെ ലാഭമെടുപ്പ്‌ വ്യാപാരാന്ത്യം 1424 ഡോളറായി. പശ്‌ചിമേഷ്യന്‍ സംഘര്‍ഷാവസ്‌ഥയും മാസാവസാന യോഗത്തില്‍ യു.എസ്‌ ഫെഡ്‌ പലിശനിരക്ക്‌ കുറക്കുകയും ചെയ്‌താല്‍ സ്വര്‍ണം 1498 ഡോളറിലേയ്‌ക്ക്‌ മുന്നേറും. നിലവില്‍ വിപണിയുടെ താങ്ങ്‌ 1396 ഡോളറാണ്‌.

കെ.ബി. ഉദയഭാനു

Ads by Google
Monday 22 Jul 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW