Monday, July 22, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.33 AM

ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലിലെ ഓവര്‍ത്രോ , 'അധര്‍മം' ഏറ്റുപറഞ്ഞ്‌ ധര്‍മസേന

uploads/news/2019/07/323788/s3.jpg

കൊളംബോ: 2019 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേ ഇംഗ്ലണ്ടിന്‌ അനുകൂലമായി ആറ്‌ ഓവര്‍ത്രോ റണ്‍സ്‌ അനുവദിക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നു സമ്മതിച്ച്‌ അമ്പയര്‍ കുമാര്‍ ധര്‍മസേന.
തെറ്റ്‌ അംഗീകരിച്ചെങ്കിലും ടി.വി. റീപ്ലേകള്‍ കണ്ട്‌ തീരുമാനമെടുക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നില്ലെന്നും ധര്‍മസേന വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം സണ്‍ഡേ ടൈംസിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ ധര്‍മസേനയുടെ കുറ്റസമ്മതം.
''ആ സമയം തീരുമാനമെടുത്തതില്‍ എനിക്കു പിഴഴച്ചതായി ഞാന്‍ തുറന്നു സമ്മതിക്കുന്നു. പക്ഷേ എനിക്ക്‌ ടി.വി. റീപ്ലേകള്‍ കണ്ട്‌ തീരുമാനം എടുക്കാനാവില്ലല്ലോ. അതുകൊണ്ട്‌ അതില്‍ ഖേദമില്ല. മാത്രമല്ല, ആ സമയം എന്റെ തീരുമാനത്തെ ഐ.സി.സി. അടക്കം അഭിനന്ദിക്കുകയും ചെയ്‌തിരുന്നു. തീരുമാനം മൂന്നാം അമ്പയര്‍ക്കു വിടാനുള്ള സാധ്യത അവിടെ ഇല്ലായിരുന്നു. കാരണം, അവിടെ ഒരു ബാറ്റ്‌സ്മാനും ഔട്ടായിരുന്നില്ല. അതുകൊണ്ട്‌ ലെഗ്‌ അമ്പയറുമായി ആശയവിനിമയം നടത്തുക എന്നതു മാത്രമായിരുന്നു എന്റെ മുന്നിലെ സാധ്യത. അത്‌ നടത്തുകയും ചെയ്‌തു.
വാക്കി ടോക്കിയിലൂടെയുള്ള ആശയവിനിമയം മറ്റ്‌ അമ്പയര്‍മാരും കേട്ടതാണ്‌. അവരും ടി.വി. റിപ്ലേകള്‍ കണ്ടല്ല തീരുമാനമെടുത്തത്‌. ബാറ്റ്‌സ്മാന്‍ റണ്‍ പൂര്‍ത്തിയാക്കിയതായി വാക്കി ടോക്കിയിലൂടെ അവരും അറിയിച്ചു. അതുകൊണ്ടാണ്‌ ആ സമയം ഇംഗ്ലണ്ടിന്‌ അനുകൂലമായി ആറ്‌ റണ്‍സ്‌ അനുവദിച്ചതെന്നും ധര്‍മസേന പറഞ്ഞു.
ഇംഗ്ലണ്ട്‌ ബാറ്റിങ്ങിന്റെ അവസാന ഓവറില്‍ ജയത്തിലേക്ക്‌ മൂന്ന്‌ പന്തില്‍ ഒമ്പത്‌ റണ്‍സ്‌ വേണമെന്നിരിക്കെ ബൗണ്ടറിയില്‍ നിന്ന്‌ മാര്‍ട്ടില്‍ ഗുപ്‌ടില്‍ ത്രോ ചെയ്‌ത പന്ത്‌ രണ്ടാം റണ്ണിനായി ഓടിയ ബെന്‍ സ്‌േറ്റാക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടക്കുകയായിരുന്നു. സ്‌റ്റോക്‌സ് രണ്ടാം റണ്ണിനായി ഓടുന്നതിനിടെയായിരുന്നു സംഭവം. തുടര്‍ന്ന്‌ ഇംഗ്ലണ്ടിന്‌ ബാറ്റ്‌സ്മാന്മാര്‍ ഓടിയെടുത്ത രണ്ടു റണ്‍സും ഓവര്‍ത്രോ ബൗണ്ടറിയുടെ നാലു റണ്‍സും അനുവദിക്കുകയായിരുന്നു. ഇതിലൂടെയാണ്‌ ഇംഗ്ലണ്ട്‌ മത്സരം ടൈ ആക്കുകയും പിന്നീട്‌ കിരീടം ഉയര്‍ത്തുകയും ചെയ്‌തത്‌.
എന്നാല്‍ ത്രോ ചെയ്യുന്ന സമയത്ത്‌ ബാറ്റ്‌സ്മാന്‍മാര്‍ പരസ്‌പരം ക്രോസ്‌ ചെയ്യാത്തതിനാല്‍ ഇംഗ്ലണ്ടിന്‌ അഞ്ച്‌ റണ്‍സ്‌ അനുവദിക്കാനെ നിയമം അനുവദിക്കുന്നുള്ളൂവെന്ന്‌ ചൂണ്ടിക്കാട്ടി മുന്‍ രാജ്യാന്തര അമ്പയര്‍ സൈമണ്‍ ടോഫല്‍ അടക്കം രംഗത്തു വന്നതോടെയാണ്‌ സംഭവം വിവാദമായത്‌.
നിശ്‌ചിത ഓവറില്‍ ടൈ ആയ മത്സരം സൂപ്പര്‍ ഓവറിലും ടൈ ആയതിനെത്തുടര്‍ന്ന്‌ നേടിയ ബൗണ്ടറികളുടെ എണ്ണത്തെ ആശ്രയിച്ചാണ്‌ ഇംഗ്ലണ്ടിനെ ലോകകപ്പ്‌ ജേതാക്കളായി പ്രഖ്യാപിച്ചത്‌.

Ads by Google
Monday 22 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW