Monday, July 22, 2019 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.26 AM

കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതര്‍; മലയാളികള്‍ ആറുപേര്‍

uploads/news/2019/07/323731/k1.jpg

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത ഇരുകപ്പലുകളിലുമായുള്ളത്‌ ആറു മലയാളികള്‍. കഴിഞ്ഞ നാലിനു ജിബ്രാള്‍ട്ടര്‍ തീരത്തിനു സമീപത്തുനിന്നു ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ എണ്ണ ടാങ്കര്‍ ഗ്രേസ്‌ ഒന്നില്‍ മലയാളികള്‍ മൂന്നുപേരാണുള്ളത്‌. മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി കിടുകിടപ്പന്‍ അബ്ബാസിന്റെ മകന്‍ അജ്‌മല്‍, ഗുരുവായൂര്‍ മമ്മിയൂര്‍ മുള്ളത്ത്‌ റോഡില്‍ ഒടാട്ട്‌ രാജന്റെയും ഗീതയുടേയും മകന്‍ റെജിന്‍ (40), കാസര്‍ഗോഡ്‌ സ്വദേശി പ്രജീഷ്‌ എന്നിവരാണു കപ്പലിലുള്ളത്‌. റെജിന്‍ ഇന്നലെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും എല്ലാവരും സുരക്ഷിതരാണെന്ന്‌ അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ നാലിനാണു ക്രൂഡോയിലുമായി പോകുകയായിരുന്ന ഗ്രേസ്‌ 1 നെ ജിബ്രാള്‍ട്ടര്‍ പോലീസിന്റെ സഹായത്തോടെ ബ്രിട്ടീഷ്‌ നാവിക സേന പിടിച്ചെടുത്തത്‌. 20 ലക്ഷം ബാരല്‍ എണ്ണയാണ്‌ ഇതിലുണ്ടായിരുന്നത്‌. സിറിയയ്‌ക്കെതിരായ ഉപരോധം ലംഘിച്ച്‌ അവിടേക്കു ക്രൂഡോയില്‍ കടത്തുകയായിരുന്നു എന്ന്‌ ബ്രിട്ടന്‍ ആരോപിക്കുന്നു.
ബ്രിട്ടന്റെ 42 നാവിക കമാന്‍ഡോകളുടെ സംഘമാണു കപ്പല്‍ പിടിച്ചെടുത്തത്‌. ഒരു സംഘം കമാന്‍ഡോകള്‍ ഹെലികോപ്‌റ്ററില്‍ കപ്പലിറങ്ങി നിയന്ത്രണം ഏറ്റെടുക്കുകയും മറ്റുള്ളവര്‍ സ്‌പീഡ്‌ ബോട്ടുകളില്‍ വളയുകയുമായിരുന്നു. കപ്പല്‍ 30 ദിവസത്തിനകം വിട്ടുനല്‍കാമെന്നു ബ്രിട്ടന്‍ അറിയിച്ചിട്ടുണ്ട്‌.
വെള്ളിയാഴ്‌ച ഹോര്‍മുസ്‌ കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ്‌ എണ്ണക്കപ്പല്‍ സ്‌റ്റെനാ ഇംപെരോയിലെ 23 ജീവനക്കാരില്‍ മൂന്നുപേര്‍ മലയാളികളാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചന്‍ (26) കപ്പലിലുണ്ടെന്നു കമ്പനി ബന്ധുക്കളെ അറിയിച്ചു. തൃപ്പൂണിത്തുറ, പള്ളുരുത്തി സ്വദേശികളായ രണ്ടു പേര്‍ കൂടി കപ്പലിലുണ്ടെന്നാണു വിവരം. കപ്പലിന്റെ ക്യാപ്‌റ്റന്‍ പള്ളുരുത്തി സ്വദേശിയാണെന്നും സൂചനയുണ്ട്‌. എന്നാല്‍ സര്‍ക്കാര്‍തലത്തില്‍ ഔദ്യോഗികമായി അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. കപ്പലിലെ ജീവനക്കാര്‍ക്ക്‌ ഒരു പ്രയാസവും നേരിടേണ്ടി വരില്ലെന്ന്‌ ഇറാന്‍ ഇന്ത്യക്ക്‌ ഉറപ്പു നല്‍കിയതായാണ്‌ റിപ്പോര്‍ട്ട്‌.
കപ്പലില്‍ കുടുങ്ങിയ 18 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നീക്കം ഊര്‍ജിതമാക്കിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
കുസാറ്റിനടുത്ത്‌ തേക്കാനത്ത്‌ പാപ്പച്ചന്‍-ഡീന ദമ്പതികളുടെ മകനായ ഡിജോ ഒരു മാസം മുമ്പാണ്‌ കപ്പലില്‍ ജോലിക്കു കയറിയത്‌. കപ്പല്‍ ഇറാന്‍ പിടികൂടിയ വിവരം കമ്പനി ശനിയാഴ്‌ച രാവിലെ ലണ്ടനിലുള്ള സഹോദരി ദീപയെ അറിയിച്ചു. ദീപയുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നു പിതാവ്‌ പാപ്പച്ചന്‍ അറിയിച്ചു.
കപ്പലിന്റെ പതാകയും രജിസ്‌ട്രേഷനും ബ്രിട്ടന്റേതാണെങ്കിലും ജീവനക്കാരെല്ലാം മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരാണ്‌. സ്വീഡിഷ്‌ കമ്പനിയാണു കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്നത്‌. 23 ജീവനക്കാരും സുരക്ഷിതരാണെന്നു കപ്പലുടമകളായ സ്‌റ്റെനാ ബുള്‍ക്ക്‌ കമ്പനി അറിയിച്ചു.
ഇപ്പോള്‍ ബന്ദര്‍ ബഹോണാര്‍ തുറമുഖത്തു നങ്കൂരമിട്ടിരിക്കുകയാണ്‌. എല്ലാ ജീവനക്കാരും കപ്പലിലാണെന്നും സുരക്ഷാകാരണങ്ങളാലാണ്‌ കരയിലേക്കു കൊണ്ടുപോകാത്തതെന്നും ഇറാന്റെ കപ്പല്‍ഗതാഗത വിഭാഗം ഉദ്യോഗസ്‌ഥനായ അല്ലാമൊറാദ്‌ അഫിഫിപോറിനെ ഉദ്ധരിച്ച്‌ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട്‌ ചെയ്‌തു.
മത്സ്യബന്ധനക്കപ്പലില്‍ ഇടിച്ചതിനെത്തുടര്‍ന്നാണു കപ്പല്‍ കസ്‌റ്റഡിയില്‍ എടുത്തതെന്നാണ്‌ "ഇര്‍ന" റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അതേസമയം, കപ്പല്‍ തെറ്റായ ദിശയില്‍ നിന്നാണ്‌ ഹോര്‍മുസ്‌ കടലിടുക്കില്‍ കടന്നതെന്നും ചട്ടങ്ങള്‍ തെറ്റിച്ചുള്ള യാത്ര മറ്റു കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും അപകടമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണു പിടിച്ചെടുത്തതെന്നുമാണ്‌ സൈന്യത്തിന്റെ വിശദീകരണം. സ്‌പീഡ്‌ ബോട്ടുകളിലും ഹെലികോപ്‌ടറുകളിലുമായി എത്തിയ കമാന്‍ഡോകള്‍ കപ്പല്‍ പിടിച്ചെടുത്തതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ ഇന്നലെ പുറത്തുവിട്ടു.

Ads by Google
Monday 22 Jul 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW