Sunday, July 21, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.37 AM

ഈ വിത്തുകള്‍ക്ക്‌ ജീവനുണ്ട്‌...

uploads/news/2019/07/323534/re6.jpg

ഈജിപ്‌തില്‍ ഒരിടത്തു നിന്ന്‌ 2500 വര്‍ഷം പഴക്കമുള്ള ഒരു ഭരണി കണ്ടെടുത്തു. ഒരു പഴയ പിരമിഡന്റെ ഉള്ളില്‍ നിന്നാണ്‌ ബന്തവസായി അടച്ചു സൂക്ഷിച്ച ഭരണി കണ്ടെടുത്തത്‌. അല്‍പ്പം പോലും കാറ്റ്‌ അകത്തു കയറാതെ ഭദ്രമായിട്ടാണ്‌ അടച്ചിരിക്കുന്നത്‌. അവര്‍ അതു തുറന്നു. അകത്തു നിറച്ചും ഏതോ വിത്തുകള്‍ സൂക്ഷിച്ചിരിക്കുന്നു. ഇതു കണ്ടെത്തിയവര്‍ വിത്ത്‌ ജീവനുള്ളതാണോ എന്നറിയാന്‍ കുറെ നിലം ഒരുക്കി അതു വിതച്ചു. അദ്‌ഭുതം തന്നെ അതെല്ലാം മുളച്ചു കിളിര്‍ത്തു വന്നു. വിത്തു കണ്ടാല്‍ തോന്നും ജീവനില്ലെന്ന്‌. എന്നാല്‍ ഇതിനെ ഒരുക്കപ്പെട്ട നിലത്തു വിതയ്‌ക്കുകയും ആവശ്യമുള്ള നനവും സൂര്യപ്രകാശവും ലഭിക്കുകയും ചെയ്‌തപ്പോള്‍ ജീവന്‍ ഉണ്ടെന്നു മനസിലായി. അത്‌ കിളിര്‍ത്തു വളരാന്‍ തുടങ്ങി.
ഒരിക്കല്‍ യേശുക്രിസ്‌തു ഇങ്ങനെ പറഞ്ഞു: 'നിങ്ങള്‍ക്കു കടുകു മണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്‌ ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാല്‍ അതു നീങ്ങും. നിങ്ങള്‍ക്ക്‌ ഒന്നും അസാധ്യമാകുകയുമില്ല.'
ബൈബിളില്‍ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഒരു വിതകാരനെപ്പറ്റി പറഞ്ഞിരിക്കുന്നു. നമ്മുടെ നാട്ടില്‍ പാടത്തു നെല്ലു വിതയ്‌ക്കുന്നതു പോലെ ഈ മനുഷ്യനും വിത്തു വാരി വിതറുകയാണ്‌. വിത്ത്‌ നാലു തരത്തിലുള്ള സ്‌ഥലത്ത്‌ വീണതായി പറയുന്നുണ്ട്‌. ചിലതു പാറപ്പുറത്ത്‌ മറ്റു ചിലത്‌ നടപ്പാതയില്‍, വേറെ ചിലത്‌ മുള്ളിനിടയില്‍, മറ്റു ചിലത്‌ നല്ല നിലത്തും വീണു. നല്ല നിലത്തു വീണതു മാത്രം കിളിര്‍ത്ത്‌, ധാരാളം വിളവ്‌ നല്‍കി. പാറപ്പുറത്തും നടപ്പാതയിലും മുള്ളിനിടയിലും വീണത്‌ ഫലം കൊടുക്കാതെ നശിച്ചു പോയി. ഈശ്വര വിശ്വാസത്തിന്റെയും നാം നേടുന്ന അനുഗ്രഹത്തിന്റെയും വെളിച്ചത്തിലാണ്‌ ഈ കഥ മനസിലാക്കേണ്ടത്‌.
ദൈവത്തിന്റെ വചനം നിങ്ങള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാല്‍ നിങ്ങളുടെ കുടുംബത്തിലും ജോലി സ്‌ഥലത്തും ജീവിതത്തിന്റെ ഓരോ മണ്ഡലങ്ങളിലും ആശകള്‍ കൈവരിക്കുവാന്‍ നിനക്കു കഴിയുന്നുണ്ടോ?
നിങ്ങളുടെ ജീവിതം പരാജയത്തിലോ വിജയത്തിലോ?
ദൈവത്തിന്റെ വചനത്തില്‍ നിങ്ങളുടെ അനുഗ്രഹത്തിനും നന്മയ്‌ക്കും വേണ്ടി ധാരാളം വാഗ്‌ദാനങ്ങള്‍ ഉണ്ട്‌. ഈ ദൈവവചനം വിത്താകുന്നു. ഈ വിത്ത്‌ നിങ്ങളുടെ ഹൃദയമാകുന്ന ഒരുക്കപ്പെട്ട നിലത്തു വിതയ്‌ക്കുമെങ്കില്‍ അതു ഫലം തരും. കടുകുമണി പോലെ ചെറുതാണെങ്കിലും അതിനു ജീവനുണ്ട്‌. 2500 വര്‍ഷം പഴക്കമുള്ള വിത്തു കിളിര്‍ത്തു വന്നതു പോലെ ദൈവത്തിന്റെ വചനം നിന്റെ ഹൃദയത്തില്‍ വിതയ്‌ക്കപ്പെടുമ്പോള്‍, സമയത്തിന്റെ നീക്കത്തില്‍ അതു കിളിര്‍ത്തു വളര്‍ന്നു ഫലം കായിക്കും. വാക്കുകള്‍ വിത്താണ്‌. ദൈവത്തിന്റെ വാഗ്‌ദാനങ്ങള്‍ വിത്താണ്‌. ഇതു നിങ്ങളുടെ ഹൃദയത്തില്‍ നിങ്ങളുടേതായി അംഗീകരിക്കുമെങ്കില്‍ നിങ്ങളുടെ പ്രതിസന്ധികള്‍ക്കു പരിഹാരം ഉണ്ടാകും.
ഒരു ഡോക്‌ടറുടെ അനുഭവം ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ പേര്‌ പ്രെയ്‌സ് എന്നാണ്‌. അദ്ദേഹത്തിനു രോഗം വളരെ കഠിനമായി. ആശയ്‌ക്കു വഴിയില്ല.
രണ്ടുകാലും മുറിച്ചു കളയണമെന്നു ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെയിരിക്കുമ്പോള്‍ ഇദ്ദേഹം ദൈവത്തിന്റെ വചനം കേള്‍ക്കുന്നു, 'ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന ദൈവം' എന്ന വചനം അദ്ദേഹം കേട്ടു. മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തതിനെ ഉള്ളതു പോലെ വിളിച്ചുവരുത്തുകയും ചെയ്യുന്ന ദൈവത്തില്‍ അയാള്‍ വിശ്വാസം അര്‍പ്പിച്ചു. ഈ സമയം മുതല്‍ ഇദ്ദേഹം ദൈവത്തിന്റെ വചനം കേള്‍ക്കുകയും അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുവാന്‍ തുടങ്ങി. കാലുകള്‍ മുറിച്ചു കളയണം, നീ മരിച്ചു പോകും എന്നു വൈദ്യശാസ്‌ത്രം പറഞ്ഞ സ്‌ഥാനത്ത്‌ ഡോക്‌ടര്‍ പ്രേയ്‌സിനു പരിപൂര്‍ണ സൗഖ്യം ലഭിച്ചു.
എന്നാല്‍ ദൈവത്തിന്റെ വചനം പറയുന്നു: 'ഞാന്‍ നിനക്കു ദീര്‍ഘായുസു കൊണ്ടു തൃപ്‌തി വരുത്തും. നിന്റെ ബുദ്ധിമുട്ടുകള്‍ എല്ലാം പരിപൂര്‍ണ്ണമായി തീര്‍ത്തു തരും. ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന യഹോവയാണ്‌.'
ഇതു പോലെ എത്രയെത്ര അനുഗൃഹീത വാഗ്‌ദത്തങ്ങള്‍ വിശുദ്ധ ബൈബിളില്‍ കാണാം. നിങ്ങള്‍ ദൈവത്തിന്റെ ഈ വചനം വായിക്കുകയും വിശ്വസിക്കുകയും ചെയ്യുക. അത്‌ നിങ്ങളില്‍ വ്യത്യാസം വരുത്തും.

Ads by Google
Sunday 21 Jul 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW