Sunday, July 21, 2019 Last Updated 7 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.33 AM

പൂരം കൂടി, നൃത്തം കണ്ട്‌ ഷീലയുടെ കേരളവാസം

uploads/news/2019/07/323529/bft2.jpg

അഞ്ചുമാസം മാത്രമായിരുന്നു ഷീലാ ദീക്ഷിത്‌ കേരളത്തില്‍ ഗവര്‍ണറായിരുന്നത്‌. എന്നാല്‍, ആ അഞ്ചുമാസം കൊണ്ട്‌ അവര്‍ ഹൃദയങ്ങളെ കീഴടക്കി. കേരളം അവരുടെ ഹൃദയത്തില്‍ കുടിയേറുകയും ചെയ്‌തു.
ഗവര്‍ണര്‍ പദവിയെ അവര്‍ ജനകീയമാക്കി. രാജ്‌ഭവനില്‍ ജനങ്ങളുമായുള്ള കൂടിക്കാഴ്‌ചയില്‍ അവര്‍ പ്രോട്ടോകോള്‍ മറന്നു. തന്നെ കാണാനെത്തുന്നവരോട്‌ ഒരു ബന്ധു എന്ന പോലെ പെരുമാറി. ഒരുമണിക്കൂര്‍ നിശ്‌ചയിച്ചിരുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ മിക്കവാറും ഏറെ നീണ്ടു. കേരളത്തിന്റെ സംസ്‌കാരവും പ്രകൃതിയും ഭക്ഷണവും അവര്‍ക്ക്‌ പ്രിയങ്കരമായിരുന്നു. കനകക്കുന്ന്‌ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്നിരുന്ന നൃത്തപരിപാടികള്‍ കാണാന്‍ പലപ്പോഴും അപ്രതീക്ഷിത അതിഥിയായി അവര്‍ എത്തി. തലസ്‌ഥാനത്തെ മാര്‍ഗിയില്‍ കഥകളി കാണാനെത്തുന്ന സ്‌ഥിരം അതിഥികൂടിയായിരുന്നു അവര്‍.
കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊക്കെ സഞ്ചരിക്കാന്‍ അവര്‍ താത്‌പര്യം കാട്ടി. തൃശുര്‍ പൂരത്തിന്‌ പോയിട്ട്‌ കുടമാറ്റവും വെടിക്കെട്ടുമൊക്കെ കണ്ട്‌ രാത്രി വൈകിയായിരുന്നു മടങ്ങിയത്‌. രാജ്‌ഭവനില്‍ കേരളീയ ഭക്ഷണം പാചകം ചെയ്യാന്‍ അവര്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. ചിലത്‌ പാചകം ചെയ്യാന്‍ പഠിക്കുകയും ചെയ്‌തു.
ദീര്‍ഘകാലം രാഷ്‌ട്രീയരംഗത്തുണ്ടായിരിക്കുകയും കേരളത്തിലെ ഒട്ടുമിക്ക നേതാക്കളെ അറിയുകയും ചെയ്യാമായിരുന്നതുകൊണ്ടുതന്നെ ഷീലാ ദീക്ഷിതിന്‌ കേരളം മടുപ്പുണ്ടാക്കിയിരുന്നില്ല. ചില ഗവര്‍ണര്‍മാരെപ്പോലെ സര്‍ക്കാരുമായി പോരിനും വഴിയൊരുങ്ങിയില്ല. കോണ്‍ഗ്രസ്‌ നേതാക്കളുമായി നല്ല ബന്ധമായതുകൊണ്ടും കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ആയിരുന്നതുകൊണ്ടും സൗഹൃദപരമായ കാലമായിരുന്നു ഷീലാദീക്ഷിതിന്റെ ഗവര്‍ണര്‍ കാലഘട്ടം.
കാന്‍സര്‍ രോഗികള്‍ക്ക്‌ വേണ്ടി തിരുവനന്തപുരത്ത്‌ പ്രവര്‍ത്തിക്കുന്ന ലൂര്‍ദ്‌മാതാ കാന്‍സര്‍ കെയറിന്റെ പ്രവര്‍ത്തനത്തില്‍ അവര്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
അവര്‍ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയില്‍ പങ്കെടുത്ത്‌ കാന്‍സര്‍ബാധിതരായ കുട്ടികളുമായി ഓണം ആഘോഷിക്കുകയും കാന്‍സര്‍ ബാധിത കുടുംബങ്ങള്‍ക്ക്‌ ഒരുലക്ഷം രൂപ ധനസഹായം ചെയ്യുകയും ചെയ്‌തിരുന്നു. വലിയ സ്‌ഥാനത്തിരിക്കുമ്പോഴും ഒരു മാതാവിന്റെ മനസായിരുന്നു അവര്‍ക്കെന്ന്‌ ലൂര്‍ദ്‌ മാതാ കെയറിന്റെ ഡയറക്‌ടര്‍ ഫാ: റോണി മാളിയേക്കലും അനുസ്‌മരിച്ചു. ദന്തഗോപുരത്തിലരിക്കുന്ന പദവിയാണ്‌ ഗവര്‍ണര്‍ എന്നത്‌ മാറ്റി ജനകീയ ഗവര്‍ണര്‍ എന്ന പേരുമായാണ്‌ അവര്‍ ഇവിടെ നിന്നു മടങ്ങിയത്‌.

ആര്‍. സുരേഷ്‌

Ads by Google
Sunday 21 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW