Sunday, July 21, 2019 Last Updated 10 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.33 AM

മലയാളികളുടെ ഡല്‍ഹിയിലെ മുഖ്യമന്ത്രി

എണ്‍പതുകളുടെ ആദ്യം ഞാന്‍ എന്‍.എസ്‌.യു. പ്രസിന്റായിരുന്ന കാലം മുതല്‍ ഷീലാ ദീക്ഷിതുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. കേന്ദ്രമന്ത്രിയും ഐ.ഐ.സി.സി. ട്രഷററും ഗവര്‍ണറുമൊക്കെയായിരുന്ന സമുന്നത കോണ്‍ഗ്രസ്‌ നേതാവ്‌ ഉമാ ശങ്കര്‍ ദീക്ഷിതിന്റെ മകന്റെ ഭാര്യ എന്ന നിലയിലാണ്‌ അവരെ ആദ്യമായി പരിചയപ്പെട്ടത്‌.
ഡല്‍ഹിയിലെത്തുമ്പോഴൊക്കെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്ന ഉമാ ശങ്കര്‍ ദീക്ഷിതിന്റെ വസതിയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. അവിടെ വച്ചാണ്‌ ഷീലാ ദീക്ഷിതിനെ ആദ്യം കാണുന്നത്‌. മുപ്പത്തഞ്ച്‌ വര്‍ഷത്തില്‍പരം നീണ്ട മാതൃനിര്‍വിശേഷമായ ബന്ധമാണ്‌ എനിക്ക്‌ അവരോടുണ്ടായിരുന്നത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ പ്രസിഡന്റും എ.ഐ.സി.സി. സെക്രട്ടറിയും എം.പിയും ആയിരുന്നപ്പോഴൊക്കെ ആ ബന്ധം കൂടുതല്‍ ദൃഢമാവുകയായിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്നു ഷീലാ ദീക്ഷിത്‌ എന്ന്‌ നിസംശയം പറയാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദം അലങ്കരിച്ച വനിത എന്ന ബഹുമതിയും ഷീലാ ദീക്ഷിതിനാണ്‌. ഇന്ത്യയുടെ തലസ്‌ഥാന നഗരിയായ ഡല്‍ഹിയുടെ മുഖഛായ മാറ്റിയ മുഖ്യമന്ത്രിയായിരുന്നു അവര്‍. ഡല്‍ഹി മലയാളികളോട്‌ എന്നും സ്‌നേഹവും അടുപ്പവും വച്ചു പുലര്‍ത്തുകയും ചെയ്‌തിരുന്നു. പാര്‍ലമെന്റംഗമായിരിക്കുന്ന കാലത്ത്‌ ഡല്‍ഹി മലയാളികളുടെ ഏത്‌ വിഷയവുമായി അവരെ സമീപിച്ചാലും ഉടന്‍ തിരുമാനം ഉണ്ടാകുമായിരുന്നു. ഡല്‍ഹിയിലെ പ്രശസ്‌തമായ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ പരിപാടികളിലായാലും, ്രൈകസ്‌തവ സഭകള്‍, എസ്‌.എന്‍.ഡി.പി, മറ്റു മലയാളി സംഘടനകള്‍ തുടങ്ങിയവയുടെ പരിപാടികളായിരുന്നാലും അവരോട്‌ ഒന്നു സൂചിപ്പിച്ചാല്‍ മാത്രം മതിയായിരുന്നു, അവയിലെല്ലാം ആഹ്‌ളാദത്തോടെ പങ്കെടുക്കുകയും വിജയകരമായി നടക്കാനുള്ള സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്യുമായിരുന്നു. അത്രയേറെ ആത്മബന്ധമായിരുന്നു ഡല്‍ഹിയിലെ മലയാളികളോട്‌ അവര്‍ക്കുണ്ടായിരുന്നത്‌.
മുഖ്യമന്ത്രിയാകുന്നതിന്‌ മുന്‍പ്‌ രാജീവ്‌ ഗാന്ധി മന്ത്രി സഭയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രിയായിരുന്ന കാലത്തും അവര്‍ ഡല്‍ഹിയിലെ മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
കേരള ഗവര്‍ണറായി അഞ്ചു മാസമേ പ്രവര്‍ത്തിച്ചുള്ളുവെങ്കിലും അത്രയും കാലം കൊണ്ട്‌ തന്നെ ജനകീയ ഗവര്‍ണര്‍ എന്ന പ്രതിച്‌ഛായ സൃഷ്‌ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഏത്‌ പരിപാടിക്ക്‌ വിളിച്ചാലും വളരെ സന്തോഷത്തോടെ അവര്‍ ഓടിയെത്തുമായിരുന്നു. നമ്മുടെ പ്രകൃതിഭംഗിയും ആതിഥ്യമര്യാദയും സംസ്‌കാരവും ഉത്സവങ്ങളുമെല്ലാം വളരെയേറെ ഇഷ്‌ടപ്പെടുകയും ആസ്വദിക്കുകയും ചെയ്‌തിരുന്നു.
കേരളത്തെ വളെരരേയറെ സ്‌നേഹിച്ച അവര്‍ അവസാനമായി കേരളത്തിലെത്തിയത്‌ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗത്തില്‍ നീരീക്ഷക ആയിട്ടായിരുന്നു. ഞാനുമായി 35 വര്‍ഷം നീണ്ട വ്യക്‌തിബന്ധത്തിന്‌ ഇത്തരത്തില്‍ ഒരാകാസ്‌മികത കൂടി കടന്ന്‌ വന്നത്‌ വിധി നിയോഗമെന്നാണു ഞാന്‍ കരുതുന്നത്‌.

രമേശ്‌ ചെന്നിത്തല
(പ്രതിപക്ഷ നേതാവ്‌)

Ads by Google
Sunday 21 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW