Saturday, July 20, 2019 Last Updated 14 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 11.26 PM

മെറീനയുടെ മൈഗ്രേയ്‌നും താടിക്കാരന്റെ തലവേദനയും

uploads/news/2019/07/323434/sun6.jpg

മെറീനയുടെ തലവേദന പതിവായി രാത്രികളെ നിര്‍ജ്‌ജീവമാക്കിത്തുടങ്ങിയപ്പോഴാണ്‌ അലക്‌സിനും അതൊരു തലവേദനയായി പരിണമിച്ചത്‌. സ്വതവേ ശാന്തസ്വരൂപിണിയായ മെറീന രാത്രികളില്‍ ഉഗ്രസ്വരൂപിണിയാവുകയും പുന്നാരിക്കാന്‍ ചെല്ലുന്ന അലക്‌സിന്റെ കൈകള്‍ തട്ടിയെറിഞ്ഞ്‌ ഒരു തലയിണയുമായി തറയില്‍ കിടന്ന്‌ ഉറക്കം ആരംഭിക്കുകയും ചെയ്‌തതോടെ അയാള്‍ ഇതികര്‍ത്തവ്യതാമൂഢനായി.
മുടങ്ങാതെ കണ്ടുകൊണ്ടിരുന്ന സീരിയലുകളില്‍ നിന്നും ബ്രേക്ക്‌ എടുത്ത്‌ വീട്ടുപണികള്‍ ചെയ്യേണ്ടിവന്ന നിര്‍ഗുണപരബ്രഹ്‌മമായ സൂസമ്മ, അതായത്‌ മെറീനയുടെ അമ്മായിയമ്മ, അവള്‍ കേള്‍ക്കെ എന്തുപറ്റി മോളേ എന്ന്‌ തേന്‍പുരട്ടിയ ശബ്‌ദത്തില്‍ ചോദിക്കുകയും കള്ളി, പണി ചെയ്യാതിരിക്കാനുള്ള അടവാണ്‌ എന്ന്‌ സ്വന്തം കെട്ടിയവനോട്‌ കുറ്റം പറയുകയും ചെയ്‌തുവരവെയാണ്‌ അയല്‍വീട്ടിലെ മറിയാമ്മച്ചേടത്തി മെറീനക്കൊരുപക്ഷേ, പിശാചുകൂടിയതാവാം എന്നു സജസ്‌റ്റ് ചെയ്‌തത്‌. അതുകേട്ടു പേടിച്ചുപോയ സൂസമ്മയോട്‌ പിശാചിനെ ഓടിക്കാന്‍ ഇന്നത്തെക്കാലത്ത്‌ ഒരു പ്രയാസവുമില്ലെന്നും ഭക്‌തചാനലുകള്‍ ഉറക്കെവച്ചാല്‍ മതിയെന്നും ചേടത്തി പറഞ്ഞു കൊടുത്തു.
തലവേദനയാണെന്നു പറഞ്ഞ്‌ അടച്ചിട്ട മുറിക്കുള്ളില്‍ ചുരുണ്ടുകൂടി കിടന്നിരുന്നവള്‍ ഉറക്കെയുള്ള സ്‌തുതിപ്പുകളും പ്രസംഗങ്ങളും കേട്ട്‌ തലയിട്ടിടിക്കാനും ഉറക്കെക്കരയാനും ആരംഭിച്ചതോടെ അതു പിശാചുബാധ തന്നെ എന്ന്‌ സൂസമ്മ ഉറപ്പിച്ചു. എങ്കില്‍ ഈ പിശാചിനെ ഒഴിപ്പിച്ചിട്ടുതന്നെ കാര്യം എന്നു തീരുമാനിച്ച്‌ ഭക്‌തചാനലുകള്‍ കൂടുതല്‍ കൂടുതല്‍ ഉച്ചത്തില്‍ വച്ചുതുടങ്ങി.
പക്ഷേ, ഓരോ തവണയും മെറീനയിലെ പിശാച്‌ അഴിച്ചിട്ട മുടിയുമായി വന്ന്‌ ശബ്‌ദം കുറയ്‌ക്കുകയോ ടി.വി നിര്‍ത്തുകയോ ചെയ്‌തുകൊണ്ടിരുന്നു. പിശാച്‌ തൊടാതിരിക്കാന്‍ ടി.വി.യിലും റിമോട്ടിലും ഹന്നാന്‍ വെള്ളം തളിച്ചുവച്ചിട്ടും, മെറീനയിലെ പിശാച്‌ റിമോട്ട്‌ കണ്‍ട്രോളര്‍ അടുപ്പിലിടുകയും റിമോട്ട്‌ ഇല്ലാതെ ഓണ്‍ ചെയ്‌ത ടി.വി. തല്ലിപ്പൊട്ടിക്കുകയും ചെയ്‌തതോടെ സൂസമ്മ പരാതിയുമായി അലക്‌സിന്റെ അടുത്തെത്തി.
മെറീനയ്‌ക്ക് പിശാചു കൂടിയതല്ലെന്നും മൈഗ്രേയ്‌ന്‍ ആണെന്നും അലക്‌സില്‍ നിന്നും മനസ്സിലാക്കിയ സൂസമ്മ അവളെ ഒന്നുരണ്ട്‌ ഒറ്റമൂലിക്കാരുടെ അടുത്തു കൊണ്ടുപോയി. ഏത്‌ ഒറ്റമൂലിയാണ്‌ ഫലിച്ചതെന്നറിയില്ലെങ്കിലും ആറുമാസത്തേക്ക്‌ ആര്‍ക്കും തലവേദന ഉണ്ടായതേയില്ല. പക്ഷേ, ജോലി ചെയ്‌തിരുന്ന പ്രൈവറ്റ്‌ സ്‌കൂളില്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്ക് കോപ്പിയടിച്ച ഒരു കുട്ടിയെ റിപ്പോര്‍ട്ട്‌ ചെയ്‌തതിന്റെ പേരില്‍ അവള്‍ക്കു ജോലി നഷ്‌ടമാവുകയും തലവേദന പഴയതിലും ശക്‌തിയില്‍ തിരിച്ചുവരികയും ചെയ്‌തു.
അങ്ങനെയിരിക്കെയാണ്‌ ഒരു കല്യാണ റിസപ്‌ഷന്‌ ബന്ധുക്കളിലാരോ പൊതുസമക്ഷം മെറീനയുടെ മൈഗ്രേയ്‌നിനെ കുറിച്ച്‌ തിരക്കിയത്‌. പാവം പെണ്ണ്‌, അയാള്‍ സമാധാനം കൊടുക്കാഞ്ഞിട്ടാണ്‌ എന്നു തുടങ്ങി മൈഗ്രേയ്‌ന്‍ ഉള്ളവര്‍ക്കു കുട്ടികളുണ്ടാവില്ല എന്നുവരെ ബന്ധുക്കളും നാട്ടുകാരും കൂടി പറഞ്ഞു വച്ചു. അതുകേട്ടു നടുങ്ങിയ അലക്‌സ് അതിലൊരു അഭ്യുദയകാംക്ഷി നല്‍കിയ അഡ്രസ്സുമായി മെറീനയെ മെഡിക്കല്‍ കോളജിലെ റിട്ടയേര്‍ഡ്‌ ന്യൂറോളജിസ്‌റിനെ കൊണ്ടുപോയി കാണിച്ചു. ഒരുവര്‍ഷം അവിടുത്തെ മരുന്നുകഴിച്ചിട്ടും ഫലമൊന്നും കാണാതിരുന്നപ്പോഴാണ്‌ മറിയാമ്മച്ചേടത്തിയുടെ അഭിപ്രായപ്രകാരം മെറീനയെ ഒരു ധ്യാനത്തിന്‌ വിട്ടാലോ എന്ന്‌ സൂസമ്മ അലക്‌സിനോട്‌ ചോദിച്ചത്‌. ഒപ്പം അച്ചന്മാര്‍ നടത്തുന്ന ആ ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന അത്ഭുതങ്ങളെക്കുറിച്ചുള്ള മറിയാമ്മച്ചേടത്തിയുടെ വര്‍ണ്ണനകള്‍ കൂടിയായപ്പോള്‍ അലക്‌സിനു പ്രതീക്ഷയായി.
അലക്‌സ് തന്നെയാണ്‌ ധ്യാനം ബുക്ക്‌ ചെയ്‌തതും മെറീനയെ അവിടെകൊണ്ടാക്കിയതും. മൈഗ്രേയ്‌ന്‍ ഇല്ലാത്ത മെറീനയെ സ്വപ്‌നം കണ്ടാണ്‌ അലക്‌സ് അന്നുറങ്ങിയത്‌. മുറ്റത്തുകൂടി തത്തിക്കളിക്കുന്ന രണ്ടുകുഞ്ഞു കൊലുസുകളുടെ ശബ്‌ദം ഉറക്കത്തിലുടനീളം അയാള്‍ കേട്ടുകൊണ്ടിരുന്നു.
ആ ചെറിയ ധ്യാനകേന്ദ്രത്തിലേക്ക്‌ വളരെ പ്രതീക്ഷയോടെയാണ്‌ മെറീനയും കാലുകുത്തിയതെങ്കിലും അഞ്ചു ദിവസം എങ്ങനെ തള്ളിനീക്കും എന്ന ചിന്ത ചുള്ളനായ അച്ചന്‍ സ്‌റ്റേജിലെത്തുന്നതുവരെ അവളെ അലട്ടിക്കൊണ്ടിരുന്നു. അതിമനോഹരമായി പാടുന്ന ഗായകസംഗത്തിന്റെ പാട്ടിലലിഞ്ഞ്‌ ഷാരൂക്‌ഖാന്റെ ഛായയുള്ള അച്ചന്റെ മുഖത്തുനിന്നും വളരെ കഷ്‌ടപ്പെട്ട്‌ പുറകില്‍ കുരിശില്‍ കിടക്കുന്ന യേശുവിലേക്ക്‌ കണ്ണുമാറ്റി എത്രയും പെട്ടെന്ന്‌ രോഗശാന്തി കിട്ടി വീട്ടില്‍ ചെന്ന്‌ അലക്‌സിന്റെ പരിഭവവും സൂസമ്മയുടെ പരാതിയും മാറ്റുന്നതാലോചിച്ചുനിന്ന മെറീന പെട്ടെന്നുണ്ടായ ഇടിമുഴക്കത്തില്‍ രണ്ടടി മുകളിലേക്കുചാടി ഇരുകരങ്ങളാലും കാതുകള്‍ പൊത്തി.
പാട്ടിലലിഞ്ഞുപോയ തലവേദന പോയതിലും വേഗത്തില്‍ മടങ്ങിവന്ന്‌ നെറ്റിയുടെ ഇടതുവശത്ത്‌ അള്ളിപ്പിടിച്ച്‌ കൂര്‍ത്തനഖങ്ങളാഴ്‌ത്തി. ആര്‍ക്കാണു മിന്നലേറ്റതെന്നറിയാന്‍ ചുറ്റും നോക്കിയ മെറീന കണ്ടത്‌ എല്ലാവരും കൈകളുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നതാണ്‌. അതു ഭീകരാക്രമണമാണെന്നും ആരോ പുറകില്‍ തോക്കുചൂണ്ടി നില്‍പ്പുണ്ടെന്നും കരുതി അവളും പെട്ടെന്ന്‌ കൈകളുയര്‍ത്തി കീഴടങ്ങി എന്ന്‌ പ്രഖ്യാപിച്ചു. പക്ഷേ, അതേ ശബ്‌ദം വീണ്ടും സ്‌റ്റേജില്‍നിന്നും ഉയര്‍ന്നപ്പോഴാണ്‌ അത്‌ അച്ചന്‍ ഹല്ലേലൂയാ പറഞ്ഞതാണെന്ന്‌ വലിയ ആശ്വാസത്തോടെ അവള്‍ മനസ്സിലാക്കിയത്‌.
തലപൊളിഞ്ഞു പോകുന്ന വേദനയോടെയും അടഞ്ഞുപോകാത്ത ഒറ്റച്ചെവിയോടെയും അവള്‍ പ്രാര്‍ത്ഥനകളും പ്രഘോഷണങ്ങളും ശ്രദ്ധിക്കാന്‍ ശ്രമിച്ചു. ഒരുപക്ഷേ, പാട്ടുവരുമ്പോള്‍ ശബ്‌ദം കുറയുമായിരിക്കും എന്നും അടുത്ത പ്രാസംഗികന്‌ ഇത്ര ശബ്‌ദമുണ്ടാവില്ല എന്നും വിശ്വാസികള്‍ക്ക്‌ കൂടുതല്‍ അനുഭവമുണ്ടാകുവാന്‍ വേണ്ടി അച്ചന്‍ മൈക്ക്‌ സെറ്റിന്റെ വോളിയം ഫുള്ളിലേക്കു മാറ്റിയിട്ടു എന്നറിയാതിരുന്ന മെറീന വെറുതെ ആശിച്ചുകൊണ്ടിരുന്നു.
പാട്ടുവന്നിട്ടും പ്രാസംഗികന്മാര്‍ മാറിമാറി വന്നിട്ടും ശബ്‌ദം കുറയാതിരുന്നപ്പോള്‍ മെറീന അടുത്തിരുന്നവരെ നോക്കി. ഇതൊന്നും ഒരു ശബ്‌ദമല്ല എന്ന മട്ടില്‍ പ്രാസംഗികരെ ഉറ്റുനോക്കി ഇരിക്കുകയായിരുന്നു അവര്‍.
ഒച്ച കൂടുതലല്ലേ ചേച്ചി? അവള്‍ ശബ്‌ദം താഴ്‌ത്തി അടുത്തിരുന്ന മധ്യവയസ്‌കയോട്‌ ചോദിച്ചു.
ഉം... തല മരച്ചിരിക്കുവാ.
അവര്‍ സ്‌റ്റേജില്‍ നിന്നും കണ്ണ്‌ മാറ്റാതെ പതിയെ പറഞ്ഞു.
അച്ചനോട്‌ പറഞ്ഞാലോ? അവള്‍ വീണ്ടും ചോദിച്ചു.
എന്തോ വിശ്വസിക്കാനാവാത്ത കാര്യം കേട്ടമട്ടില്‍ അവര്‍ അവളെ തുറിച്ചു നോക്കി. വീണ്ടും സ്‌റ്റേജിലേക്കു നോട്ടം മാറ്റി തലമാത്രം അവളുടെ നേര്‍ക്കു ചെരിച്ച്‌ മെല്ലെ പറഞ്ഞു.
വെറുതെ അച്ചന്മാരുടെ പ്രാക്ക്‌ മേടിക്കാന്‍ നിക്കണ്ട, അവര്‍ ശപിച്ചാലേറ്റതാ. ഒരഞ്ചു ദിവസത്തെ കാര്യവല്ലേ ഉള്ളൂ. അങ്ങ്‌ സഹിച്ചിരിക്കാം.
പക്ഷേ, ഒട്ടും സഹിക്കാനാവാതെ മെറീന മൂന്നു പ്രാസംഗികരോടും രണ്ട്‌ വോളണ്ടീറുമാരോടും ശബ്‌ദം കുറക്കാമോ എന്ന്‌ ചോദിച്ചെങ്കിലും അവരൊക്കെ മറിയാമ്മച്ചേടത്തിമാരായി മാറി അസ്വസ്‌ഥതകള്‍ മാറാന്‍ നന്നായി പ്രാര്‍ത്ഥിച്ചോ എന്ന്‌ ഉപദേശിക്കുകയാണ്‌ ചെയ്‌തത്‌. അപ്പോള്‍ മുതല്‍ അവളുടെ ഒരേയൊരു പ്രാര്‍ത്ഥന കര്‍ത്താവേ ഈ മൈക്ക്‌സെറ്റിന്റെ വോളിയം എങ്ങനെയെങ്കിലും കുറയ്‌ക്കണേ എന്നു മാത്രമായി മാറി.
ഒടുവില്‍ ഗത്യന്തരമില്ലാതെയാണ്‌ അവള്‍ പ്രധാന പ്രഭാഷകനായ ചുള്ളനച്ചനെ സമീപിക്കുന്നത്‌. ദൂരെ നിന്നു കാണുന്നത്ര ചെറുപ്പവും ഭംഗിയും അടുത്തുകാണുമ്പോള്‍ ഇല്ലെങ്കിലും എന്തോ ഒരാനച്ചന്തം അച്ചനുണ്ടായിരുന്നു. ഒരു വെറും പെണ്ണ്‌ തന്റെ ധ്യാനകേന്ദ്രത്തെ കുറ്റം പറയുന്നോ എന്ന മുഖഭാവത്തോടെ തല വലത്തേക്കു വെട്ടിച്ച്‌, നെറ്റിയിലേക്കു വീണുകിടക്കുന്ന മുടി ഇടംകൈകൊണ്ട്‌ മാടിയൊതുക്കി അച്ചന്‍ സംസാരിച്ചു തുടങ്ങി.
ചേച്ചീ... തൊണ്ണൂറ്റൊമ്പത്‌ പേരെ വിട്ട്‌ ഒരാളെ തേടി പോകാനൊക്കെ ഈശോ പറഞ്ഞു കാണും. പക്ഷേ, ചേച്ചിക്കൊരാള്‍ക്കു വേണ്ടി ഞാന്‍ ഈ ശബ്‌ദം കുറച്ചാല്‌ മറ്റു തൊണ്ണൂറ്റൊമ്പതുപേരുടേം അനുഭവം പോകും. അതു ചേച്ചിക്കറിയാവോ? ചേച്ചിക്ക്‌ വേണേല്‍ ഏറ്റവും പുറകില്‍ പോയിരുന്നോ.
പത്തുപന്ത്രണ്ടു വയസ്സ്‌ മൂപ്പുകൂടുതലുള്ള അച്ചന്‍ ചേച്ചി എന്നു വിളിച്ചത്‌ അത്ര സുഖിച്ചില്ലെങ്കിലും മൈഗ്രേയ്‌ന്‍ മാറ്റാന്‍ പോകുന്ന ആളാണല്ലോ എന്ന്‌ കരുതി അച്ചനെ അനിയനായിക്കണ്ട്‌ മെറീന ഏറ്റവും പുറകില്‍ പോയിരുന്നു തുടങ്ങി. ആനവാതിലിനു സമീപം ഇളം കാറ്റൊക്കെ അടിച്ച്‌ ചെടികളും പൂക്കളും മരങ്ങളുമൊക്കെ പ്രഭാഷണങ്ങളെക്കാള്‍ ശ്രദ്ധിച്ച്‌ തലവേദനക്കൊരു ശമനം കിട്ടിയ ആശ്വാസത്തിലിരിക്കുമ്പോഴാണ്‌ മുറ്റത്തുകൂടി ഉലാത്തുന്ന ആ ചെറുപ്പക്കാരനെ അവള്‍ വീണ്ടും കാണുന്നത്‌. തലേന്ന്‌ പ്രാസംഗികന്റെ ശബ്‌ദത്തില്‍ നിന്നും ഒരാശ്വാസം കിട്ടാന്‍ ഇടക്കിടയ്‌ക്ക് ടോയ്‌ലറ്റില്‍ പോയപ്പോഴൊക്കെ അയാള്‍ മുറ്റത്തുണ്ടായിരുന്നു എന്നവള്‍ ഓര്‍ത്തു.
പിറ്റേന്നും കുര്‍ബാനയുടെയും ചില ഗാനശുശ്രൂഷകളുടെയും സമയത്തല്ലാതെ മിക്ക സമയത്തും അയാള്‍ മുറ്റത്തുണ്ടായിരുന്നു. നാലാം ദിവസവും ഇതുതന്നെ ആവര്‍ത്തിച്ചപ്പോള്‍ നാലുമണി കാപ്പി കഴിഞ്ഞുള്ള സെഷനില്‍ നിന്നും മൂത്രമൊഴിക്കാനെന്ന വ്യാജേന മെറീന വെളിയിലിറങ്ങി. നടന്നു മടുത്തിട്ടാവണം ഒരു വലിയ തൂണില്‍ ചാരി പുറം തിരിഞ്ഞിരിക്കുകയായിരുന്നു അയാള്‍. ഓഫീസിലുള്ള ചാരന്മാരാരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പുവരുത്തി അവള്‍ അയാളുടെ അടുത്തെത്തി മുരടനക്കി. അന്നുവരെ അവള്‍ കണ്ടിട്ടില്ലാത്ത അത്ര മനോഹരമായ പുഞ്ചിരിയോടെ അയാള്‍ തിരിഞ്ഞു നോക്കി.
ചേട്ടനും മൈഗ്രേയ്‌ന്‍ ആണോ?
മെറീന സഹതാപത്തോടെ പതിയെ ചോദിച്ചു. അവളെ നോക്കി പുഞ്ചിരി മായാത്ത മുഖത്തോടെ അയാള്‍ പറഞ്ഞു.
അതേ, എനിക്ക്‌ ഡിഗ്രി പഠിച്ചോണ്ടിരിക്കുമ്പോള്‍ തുടങ്ങിയതാ... ചേട്ടന്‌ എത്ര വര്‍ഷമായി? തന്നെപ്പോലെ ഒരാളെ കണ്ടുമുട്ടിയതിന്റെ സന്തോഷത്തില്‍ അവള്‍ അല്‍പ്പം ഉറക്കെ ചോദിച്ചു.
ഒരുപാടു വര്‍ഷങ്ങളായി... 1960 ല്‍ ആണ്‌ ആദ്യം തുടങ്ങിയത്‌.
അടുത്ത ചോദ്യം ചോദിക്കാനൊരുങ്ങിയ മെറീന പകപ്പോടെ അയാളെ നോക്കി. മുപ്പത്തഞ്ചു വയസ്സുപോലും ആകാത്ത ഇയാളെന്തിനാണ്‌ ആ വര്‍ഷം പറഞ്ഞതെന്നോര്‍ത്ത്‌ അത്ഭുതപ്പെട്ടു. പിന്നെ വട്ടാണല്ലേ എന്നു മനസ്സില്‍പറഞ്ഞ്‌ വേഗം തിരിഞ്ഞുനടക്കാനൊരുങ്ങി. അപ്പോള്‍ അയാള്‍ തുടര്‍ന്നു.
പേടിക്കണ്ട... ഞാന്‍ ഉപദ്രവകാരിയല്ല. ചോദിച്ചതുകൊണ്ടു പറഞ്ഞെന്നേ ഉള്ളൂ. ഈ കോലാഹലങ്ങള്‍ കേട്ടുകേട്ട്‌ എന്റെയും തല മരച്ചിരിക്കുകയാണ്‌. പണ്ടൊക്കെ അമേരിക്കയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ ഒരിടത്തും രക്ഷയില്ല. ലോകം മുഴുവന്‍ ഇതല്ലേ...
ഇത്‌ കൂടിയ വട്ടു തന്നെ, ഇന്റര്‍നാഷണല്‍ കാര്യങ്ങളാണല്ലോ സംസാരിക്കുന്നത്‌ എന്നു ചിന്തിച്ചു കൊണ്ട്‌ അവള്‍ എല്ലാം മനസ്സിലായതു പോലെ തലകുലുക്കി. അയാള്‍ വ്യസനത്തോടെ തുടര്‍ന്നു. ദൈവം വരുന്നതു കൊടുങ്കാറ്റിലൂടെയാണെന്ന്‌ അവര്‍ മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നു... അവന്‍ വരുന്ന ഇളംകാറ്റുകളെ അവഗണിച്ചു കൊണ്ട്‌!
അയാള്‍ നെടുവീര്‍പ്പിട്ടു കൊണ്ട്‌ ആകാശത്തിലേക്കു മിഴികളുയര്‍ത്തി എന്തൊക്കെയോ പിറുപിറുത്തു. അവളും മുകളിലേക്ക്‌ നോക്കിയെങ്കിലും ഇരുവശങ്ങളിലൂടെയും വെള്ളപ്പുക ചീറ്റിപ്പോകുന്ന ഒരു വിമാനവും കൂട്ടമായി പറക്കുന്ന ഒരുപറ്റം പക്ഷികളെയും മാത്രം കണ്ട്‌ സഹതാപത്തോടെ വീണ്ടും അയാളെ നോക്കി. അയാള്‍ തുടര്‍ന്നു. നീ രോഗംമാറാന്‍ ഒരുപാട്‌ ആഗ്രഹിച്ചു വന്നതല്ലേ? നിന്റെ മൈഗ്രേയ്‌ന്‍ കൂടി ഇങ്ങുതന്നേയ്‌ക്കൂ. എന്റെ പണി ഇതൊക്കെത്തന്നെയാണ്‌. പക്ഷെ നിനക്കൊരുപാട്‌ പണികളുള്ളതല്ലേ?
സംശയിച്ചു നിന്ന മെറീനയുടെ നെറ്റിയില്‍ അയാള്‍ കൈകള്‍ വച്ചു. ഓടാനൊരുങ്ങിയ അവള്‍ തലകുനിച്ച്‌ ഒരു ശിലപോലെ നിന്നുപോയി. വര്‍ഷങ്ങള്‍ കൂടി അന്നവള്‍ തലവേദനയില്ലാതെ സുഖമായി ഉറങ്ങി.
പിറ്റേന്നു രാവിലെ വലിയ സന്തോഷത്തോടെ കൈവേദനകളും കാല്‍വേദനകളും മാറിയവര്‍ക്കൊപ്പം മെറീനയും സാക്ഷ്യം പറയാനായി ക്യു നിന്നു. തലേന്ന്‌ വാതിലില്‍ കൈമുട്ടിടിച്ച വേദന നന്നായി മാറിയെന്ന്‌ ഒരു ചേച്ചിയും ധ്യാനത്തിനു വരുന്നവഴിക്ക്‌ റോഡിലെ കുഴിയില്‍ ചവിട്ടി കാല്‍ ഇടറിയതിന്റെ വേദന നിശ്ശേഷം മാറിയെന്ന്‌ ഒരു ചേട്ടനും സാക്ഷ്യം പറഞ്ഞപ്പോള്‍ സദസ്സ്‌ കയ്യടിച്ച്‌ ദൈവത്തെ സ്‌തുതിച്ചു.
താന്‍ പറയാന്‍ പോകുന്ന സാക്ഷ്യം കേട്ട്‌ അത്ഭുതപ്പെടുന്ന സദസ്സിനെ അവള്‍ മനക്കണ്ണില്‍ കണ്ടു. പക്ഷേ, പറഞ്ഞു പകുതിയായപ്പോള്‍ തന്നെ അവളുടെ മൈക്കിന്റെ ശബ്‌ദം നിലയ്‌ക്കുകയും സ്‌റ്റേജിലേക്കോടിക്കയറിവന്ന ചുള്ളനച്ചന്‍ ബാക്കി തുടരുകയും ചെയ്‌തു. അച്ചന്റെ കഴിവിനെ സദസ്സ്‌ നിര്‍ത്താതെ കയ്യടിച്ചനുമോദിച്ചമ്പോള്‍ മെറീന മെല്ലെ ഇറങ്ങി നടന്നു. തല കയ്യില്‍ താങ്ങിയിരിക്കുന്ന ആ താടിക്കാരനു നന്ദി പറയാന്‍.

ലിന്‍സി വര്‍ക്കി, ലണ്ടന്‍

Ads by Google
Saturday 20 Jul 2019 11.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW