Saturday, July 20, 2019 Last Updated 23 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 11.26 PM

സഹനത്തിന്റെ ശ്രീഗീതം

uploads/news/2019/07/323433/sun5.jpg

സമര്‍പ്പിത ജീവിതം എന്ന പ്രയോഗം അന്വര്‍ത്ഥ്വമാക്കിയ കഥയാണ്‌ ശ്രീഗീതയ്‌ക്ക് പറയുവാനുള്ളത്‌. ഏതൊരു പെണ്‍കുട്ടിയേയും പോലെ തന്നെ മോഹങ്ങളും പ്രതീക്ഷകളും ശ്രീഗീതയ്‌ക്കുമുണ്ടായിരുന്നു. ജീവിതത്തെക്കുറിച്ചുള്ള വര്‍ണക്കിനാവുകളുമായാണ്‌ ശ്രീഗീതയും കതിര്‍മണ്ഡപത്തില്‍ വരന്റെ കരം പിടിച്ചത്‌. പക്ഷേ, കാത്തിരിക്കുന്നത്‌ വന്‍ ദുരന്തമാണെന്ന്‌ അവരറിഞ്ഞിരുന്നില്ല.
12 വര്‍ഷം മുന്‍പ്‌ വിവാഹിതയാകുമ്പോള്‍ അവര്‍ക്ക്‌ മനസിലായത്‌ ഭര്‍ത്താവിന്‌ വിഷാദരോഗമുണ്ട്‌, അതിനുള്ള മരുന്ന്‌ ആയുഷ്‌കാലം കഴിക്കണമെന്നാണ്‌. ചെന്നെയിലെ പ്രശസ്‌തനായ ഒരു ഡോക്‌ടറായിരുന്നു ചികിത്സിച്ചുകൊണ്ടിരുന്നത്‌. മരുന്ന്‌ എല്ലാ മാസവും കൊറിയര്‍ വഴി നാട്ടിലെത്തും. ആദ്യം ശ്രീഗീതയ്‌ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ കഴിക്കുന്ന മരുന്നുകളുടെ അളവില്‍ വ്യത്യാസം വന്നപ്പോള്‍ അവര്‍ ഡോക്‌ടറുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. തനിക്ക്‌ ഡോക്‌ടറെ നേരിട്ട്‌ കാണണമെന്നും അസുഖത്തെക്കുറിച്ച്‌ സംസാരിക്കണമെന്നും ശ്രീഗീത ആവശ്യപ്പെട്ടു. ഡോക്‌ടര്‍ അനുമതി നല്‍കിയില്ല എന്നു മാത്രമല്ല ചികിത്സ അവസാനിപ്പിക്കുകയും ചെയ്‌തു. പിന്നീട്‌ ഭര്‍ത്താവിനെ ചികിത്സയ്‌ക്കായി കൊണ്ടുപോയത്‌ ബംഗളുരുവിലെ പ്രശസ്‌തമായ ആശുപത്രിയിലായിരുന്നു. അവിടെയുള്ള ഡോക്‌ടര്‍മാര്‍ മരുന്നിന്റെ ഡോസ്‌ കുറയ്‌ക്കാന്‍ ശ്രമിച്ചപ്പോള്‍ രോഗത്തിന്റെ തീവ്രത കൂടിത്തുടങ്ങി. നിരാശയായിരുന്നു ഫലം. അവസാനം തൃശൂരിലെ ഡോക്‌ടര്‍ മോഹന്‍ദാസിന്റെ അടുത്തെത്തി. അദ്ദേഹമാണ്‌ രോഗം കൃത്യമായി നിര്‍ണയിച്ചത്‌. ''സ്‌കിസോഫ്രീനിയ''.
സ്വന്തമായി ചിന്തിക്കുവാനും കൈകാര്യം ചെയ്യുവാനും മറ്റു വ്യക്‌തികളോട്‌ ഇടപഴകാനുള്ള മനുഷ്യന്റെ കഴിവിനെ ഇല്ലാതാക്കുന്ന ഗുരുതരമായ മാനസികരോഗം.
തുടര്‍ച്ചയായ മരുന്നിന്റെ ഉപയോഗം ശ്രീഗീതയുടെ ഭര്‍ത്താവിന്റെ ആരോഗ്യത്തെ താറുമാറാക്കി. ഇതിനിടെ അടുത്ത ബന്ധുക്കള്‍ രോഗിയെ മാനസിക ശരണാലയത്തിലേക്ക്‌ നടതള്ളാനും ശ്രമിച്ചു. പക്ഷേ, ഡോക്‌ടര്‍ അതിന്‌ അനുവദിക്കാന്‍ തന്നെ കിട്ടില്ലെന്ന്‌ ഉറച്ചുനിന്നു. അന്ന്‌ ശ്രീഗീത സമാനതകളില്ലാത്ത ഒരു സഹജീവിതത്തിന്‌ തുടക്കമിടുകയായിരുന്നു. അതിന്‌ അവരെ സഹായിച്ചതാകട്ടെ ബാല്യകൗമാരങ്ങളില്‍ കേട്ട സ്വാമി ആധ്യാത്മാനന്ദ സരസ്വതിയുടെ പ്രഭാഷണങ്ങള്‍! ഭാഗവത പ്രഭാഷകരായ ശ്രീ. ചെറുവള്ളി രാമചന്ദ്രന്റെയും സരസ്വതിയുടെയും മകളായി പിറന്നത്‌ ജീവിതത്തിലെ കൊടുങ്കാറ്റുകളെ തരണം ചെയ്യാനുള്ള കരുത്തു നല്‍കി.
ഒരു യഥാര്‍ഥ ഭാര്യയ്‌ക്കു മാത്രമേ ഭര്‍ത്താവിനെ മകനെപ്പോലെയും കാണാനാകൂ എന്ന്‌ കുട്ടിക്കാലത്ത്‌ സ്വാമി ആധ്യാത്മാനന്ദ സരസ്വതിയുടെ പ്രഭാഷണത്തില്‍ കേട്ടപ്പോള്‍ ശ്രീഗീത ഒരിക്കലും വിചാരിച്ചിരുന്നില്ല അത്‌ സ്വന്തം ജീവിതത്തില്‍ സംഭവിക്കുമെന്ന്‌. ഇപ്പോഴും ഡോ. മോഹന്‍ദാസ്‌ തന്നെയാണ്‌ ചികിത്സിക്കുന്നത്‌. പലപ്പോഴും മറവിയിലേക്ക്‌ ഊളിയിട്ടുപോകുന്ന ഭര്‍ത്താവ്‌ പൂര്‍ണ ബോധത്തോടെയുള്ള നിമിഷങ്ങളില്‍ എപ്പോഴും ഓര്‍മിപ്പിക്കുന്ന ഒരു കാര്യം ഞാന്‍ നിന്നില്‍ സുരക്ഷിതനാണ്‌. പക്ഷേ, നീ എന്നില്‍ സുരക്ഷിത അല്ല. കാരണം സമൂഹത്തില്‍ ഇതുപോലെ നിസഹായരായ പല സ്‌ത്രീകളും ചൂഷണങ്ങള്‍ക്ക്‌ ഇരയാകുന്നുണ്ട്‌. പാലക്കാട്‌ സ്വദേശിയായ ശ്രീഗീത എറണാകുളത്ത്‌ സ്‌ഥിരതാമസമാക്കിയത്‌ ഭര്‍ത്താവിന്റെ ജോലിയോടനുബന്ധിച്ചായിരുന്നു. ബന്ധുക്കളും അയല്‍വാസികളും കൈയൊഴിഞ്ഞ ഇവര്‍ക്ക്‌ എന്തു സഹായത്തിനും ഓടി എത്തുന്നത്‌ രണ്ടു കുടുംബ സുഹൃത്തുക്കള്‍ മാത്രം.
ചില പ്രത്യേക കാരണങ്ങളാല്‍ ശ്രീഗീത ഭര്‍ത്താവിന്റെ പേരും ഫോട്ടോയും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. വര്‍ഷങ്ങളായി സ്വന്തം കുഞ്ഞിനെപ്പോലെ ഭര്‍ത്താവിനെ പരിചരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന അവര്‍ സമൂഹത്തിനു നല്‍കുന്ന സന്ദേശം പലതാണ്‌. വെറുക്കപ്പെടേണ്ടവരോ തെരുവിലെറിയപ്പെടേണ്ടവരോ അല്ല മാനസികരോഗികള്‍. മനസെന്ന നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന നമുക്ക്‌ ശ്രീഗീത ഒരോര്‍മപ്പെടുത്തലാണ്‌.

ഉമാ ആനന്ദ്‌

Ads by Google
Saturday 20 Jul 2019 11.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW