Saturday, July 20, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.20 AM

വിശ്വാസ'വിക്ഷേപണ'വും തിങ്കളാഴ്‌ച

uploads/news/2019/07/323139/d1.jpg

ബംഗളുരു: വിശ്വാസവോട്ടിനു കര്‍ണാടക ഗവര്‍ണര്‍ നിര്‍ദേശിച്ച രണ്ടാം സമയപരിധിയും കടന്ന്‌ നിയമസഭയിലെ ചര്‍ച്ച മുന്നോട്ട്‌. രണ്ടു ദിവസത്തെ ഇടവേളയ്‌ക്കു ശേഷം തിങ്കളാഴ്‌ച ചേര്‍ന്ന്‌ ചര്‍ച്ച തുടരും. വിശ്വാസപ്രമേയത്തില്‍ അന്നു വോട്ടെടുപ്പ്‌ നടത്തുമെന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ അറിയിച്ചു.
"14 മാസത്തിനു ശേഷം നമ്മള്‍ അവസാനഘട്ടത്തില്‍ എത്തിയിരിക്കുന്നു. ചര്‍ച്ച നടക്കട്ടെ. നിങ്ങള്‍ക്കു സര്‍ക്കാരുണ്ടാക്കാം. ധൃതി വേണ്ട. തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ അതു ചെയ്യാം. ഞാന്‍ അധികാര ദുര്‍വിനിയോഗം നടത്തില്ല." അയോഗ്യരാക്കുമെന്ന ഭീഷണിക്കും ഭരണപക്ഷത്തെ വിമതരെ നിയമസഭയില്‍ എത്തിക്കാനാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി ഇന്നലെ നിയമസഭയില്‍ നടത്തിയ വികാരഭരിതമായ പ്രസംഗം വരാനിരിക്കുന്നതിന്റെ സൂചനയായി കണക്കാക്കുന്നു. 'ഒരു ദിവസം വരും. അന്നു ദൈവത്തിനു മുന്നില്‍ കണക്കുകള്‍ ബോധിപ്പിക്കേണ്ടിവരും' എന്ന ബൈബിള്‍ വാക്യം കടമെടുത്തുള്ള കുമാരസ്വാമിയുടെ പരാമര്‍ശവും പ്രവചനസ്വഭാവത്തിലായിരുന്നു. മുഖ്യമന്ത്രി വ്യാഴാഴ്‌ച അവതരിപ്പിച്ച വിശ്വാസപ്രമേയം ചര്‍ച്ച ചെയ്‌തു നീട്ടുക, അതിനൊപ്പം വിമതരെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുക എന്ന തന്ത്രമായിരുന്നു ജെ.ഡി.എസ്‌-കോണ്‍ഗ്രസ്‌ ഭരണസഖ്യത്തിന്റേത്‌. സഭയില്‍ ഹാജരാകാന്‍ വിമതരെ നിര്‍ബന്ധിക്കാനാകില്ലെന്ന സുപ്രീം കോടതിയുടെ ഇടക്കാലവിധി എം.എല്‍.എമാര്‍ക്കു വിപ്പ്‌ നല്‍കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി വീണ്ടും ഹര്‍ജി നല്‍കിയതും ഇതിനു വേണ്ടിയാണ്‌.
ഇതിനിടെയാണു ഗവര്‍ണര്‍ വാജുഭായ്‌ വാലയുടെ ഇടപെടലുണ്ടായത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നരയ്‌ക്കകം വിശ്വാസവോട്ട്‌ നടപടി പൂര്‍ത്തിയാക്കണമെന്ന ആദ്യ നിര്‍ദേശം നിയമസഭാ സ്‌പീക്കറോടായിരുന്നു. സഭാ നടത്തിപ്പില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക്‌ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി അതു മറികടന്നു. തുടര്‍ന്ന്‌, വൈകിട്ട്‌ ആറിനകം ഭൂരിപക്ഷം തെളിയിക്കണമെന്നു ഗവര്‍ണര്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. ചര്‍ച്ചയുടെ ദൈര്‍ഘ്യം നിശ്‌ചയിക്കാന്‍ ഗവര്‍ണര്‍ക്കു കഴിയില്ലെന്നു വ്യക്‌തമാക്കി 'രണ്ടാം പ്രണയലേഖനം' എന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ച കത്തും തള്ളി.
ചര്‍ച്ച വലിച്ചുനീട്ടാന്‍ അനുവദിച്ചെന്ന ആക്ഷേപത്തിന്റെ നിഴലില്‍ ജീവിക്കാന്‍ താല്‍പര്യമില്ലെന്നും ഇന്നലെത്തന്നെ നടപടി പൂര്‍ത്തിയാക്കാനാണ്‌ ആഗ്രഹമെന്നും വൈകിട്ട്‌ ആറരയോടെ സ്‌പീക്കര്‍ കെ.ആര്‍. രമേഷ്‌ കുമാര്‍ നിലപാടെടുത്തു. തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ചേംബറില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ തിങ്കളാഴ്‌ച വരെ സമ്മേളനം നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനമായത്‌. ഭൂരിപക്ഷം തികയ്‌ക്കാനുള്ള അവസാനശ്രമവും വിജയിച്ചില്ലെങ്കില്‍ വോട്ടെടുപ്പിനു കാക്കാതെ കുമാരസ്വാമി രാജി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്‌.

Ads by Google
Saturday 20 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW