Friday, July 19, 2019 Last Updated 22 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.28 AM

വിലക്കുറവിനൊപ്പം രോഗങ്ങളും: കേരകര്‍ഷകര്‍ പ്രതിസന്ധിയില്‍

uploads/news/2019/07/322966/4.jpg

മലയാളക്കരയ്‌ക്ക്‌ കേരളം എന്ന തലവാചകം ചാര്‍ത്തിക്കിട്ടാന്‍ കാരണമായ തെങ്ങു കൃഷി നാശത്തിന്റെ പാതയില്‍. പ്രളയവും വേരുചീയലും മണ്ഡരി അടക്കമുള്ള രോഗങ്ങളും മൂലം നാളികേര ഉല്‍പ്പാദനത്തില്‍ പിന്നാക്കംപോയ കേരളത്തിലെ കര്‍ഷകര്‍ തെങ്ങുകൃഷി ഉപേക്ഷിക്കുന്ന സ്‌ഥിതിയാണിപ്പോള്‍. പച്ചത്തേങ്ങയ്‌ക്കും കൊപ്രയ്‌ക്കും നേരിടുന്ന കനത്ത വിലയിടിവാണ്‌ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്‌. റബര്‍ വിലയിടിവിനെത്തുടര്‍ന്ന്‌ കൃഷി ഉപേക്ഷിക്കുകയും ടാപ്പിങ്‌ നടത്താതെ തോട്ടം തരിശിടുകയും ചെയ്യുന്ന റബര്‍ കര്‍ഷകരുടെ പാതയിലാണ്‌ സംസ്‌ഥാനത്തെ നാളികേര കര്‍ഷകരും.
1950 കളില്‍ രാജ്യത്തെ നാളികേര ഉല്‍പ്പാദനത്തിന്റെ 80 ശതമാനത്തിലധികവും കേരളത്തിലായിരുന്നു. എന്നാല്‍, അയല്‍ സംസ്‌ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകവും ആന്ധ്രാപ്രദേശും നാളികേര ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ കേരളത്തെ പിന്തള്ളുന്ന നാളുകള്‍ വിദൂരമല്ല. ഇപ്പോള്‍ രാജ്യത്തെ നാളികേര ഉല്‍പ്പാദനത്തില്‍ 27 ശതമാനത്തിനടുത്താണ്‌ കേരളത്തിന്റെ വിഹിതം. തമിഴ്‌നാട്‌ ഈ വര്‍ഷത്തോടെ 30 ശതമാനമായി ഉയരുമെന്നും സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മണ്ഡരിയും വേരുചീയല്‍ അടക്കമുള്ള രോഗങ്ങള്‍ക്കൊപ്പം നാളികേരത്തിന്റെ ഗണ്യമായ വിലയിടിവാണ്‌ കേരകര്‍ഷകരെ ദുരിതത്തിലാക്കുന്നത്‌. തെങ്ങിന്റെ ചുറ്റും തടമെടുത്ത്‌ പച്ചിലയും ചാണകവും എല്ലുപൊടിയും മറ്റു വളങ്ങളും ചേര്‍ത്ത്‌ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കേണ്ട മണ്‍സൂണ്‍ സീസണില്‍പ്പോലും മിക്ക കര്‍ഷകരും അക്കാര്യം മറന്ന മട്ടാണ്‌. പണിക്കാര്‍ക്ക്‌ ഉയര്‍ന്ന കൂലി നല്‍കി വളവും മറ്റും പ്രയോഗിച്ചാലും അതിന്‌ ആനുപാതികമായി വിളവ്‌ കിട്ടാത്ത സാഹചര്യത്തില്‍ ഇത്തരം കൃഷിപ്പണികള്‍ കര്‍ഷകര്‍ ഉപേക്ഷിക്കുകയാണ്‌. കേരകര്‍ഷകരുടെ നിരന്തര സമ്മര്‍ദഫലമായി, നാഫെഡ്‌ കൊപ്ര സംഭരിക്കുമെന്ന്‌ കൃഷിമന്ത്രി പ്രഖ്യാപിച്ചെങ്കിലും നാളികേര വിപണിയില്‍ ചലനമുണ്ടാക്കാനായിട്ടില്ല. നാഫെഡ്‌ പ്രഖ്യാപിച്ച കൊപ്രവില 95.21 രൂപയാണെങ്കിലും അതില്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ കൊപ്ര ലഭ്യമാണ്‌. കേരളത്തില്‍ നാമമാത്ര സംഭരണം തുടങ്ങിയെങ്കിലും തമിഴ്‌നാട്ടില്‍നിന്ന്‌ കേരളത്തിലേക്ക്‌ യഥേഷ്‌ടം കുറഞ്ഞവിലയില്‍ നാളികേരം എത്തുന്നുണ്ട്‌. തമിഴ്‌നാട്ടില്‍ കിലോഗ്രാമിന്‌ 78 മുതല്‍ 84 രൂപ നിരക്കില്‍ കൊപ്ര ലഭ്യമാണ്‌. പച്ചത്തേങ്ങയ്‌ക്ക്‌ 22 മുതല്‍ 24 വരെയാണ്‌ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും വില. ലഭിക്കുന്ന വില കുറവാണെങ്കിലും തമിഴ്‌നാട്ടിലെ കര്‍ഷകര്‍ പിടിച്ചുനില്‍ക്കുന്നത്‌ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുടെ പിന്‍ബലത്തിലാണ്‌. തമിഴ്‌നാട്ടിലെ കേരകര്‍ഷകര്‍ ഒരു ഹെക്‌ടറില്‍നിന്ന്‌ 14000 തേങ്ങവരെ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ കേരളത്തില്‍ അത്‌ 6000 മുതല്‍ 8000 വരെയാണ്‌. കര്‍ണാടകത്തിലും ആന്ധ്രയിലും ഉല്‍പ്പാദനക്ഷമത 113000-ത്തിന്‌ മുകളിലാണ്‌.
കരിക്കിന്‌ ഉപയോഗിക്കാവുന്ന പ്രത്യേകയിനങ്ങള്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും വ്യാപകമായി കൃഷി ചെയ്യുന്നതും അവിടത്തെ കേരകര്‍ഷകര്‍ക്ക്‌ ആശ്വാസം പകരുന്നു. കേരളത്തില്‍ വിറ്റഴിക്കുന്ന കരിക്കിന്റെ 70 ശതമാനവും അയല്‍സംസ്‌ഥാനങ്ങളില്‍നിന്ന്‌ കൊണ്ടുവരുന്നവയാണ്‌. 30 മുതല്‍ 50 രൂപവരെ ലഭിക്കുന്ന കരിക്ക്‌ അക്കൂട്ടത്തിലുണ്ട്‌. നാഫെഡിന്റെ മലബാറിലെ മേഖലാ ഓഫീസ്‌ അടച്ചുപൂട്ടിയതിനാല്‍ കൊച്ചിയിലെ ഓഫീസാണ്‌ മലബാര്‍ മേഖലയിലും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌. കേരളത്തിലെ ഏറ്റവും കൂടുതല്‍ നാളികേരം ഉല്‍പ്പാദിപ്പിക്കുന്ന കോഴിക്കോട്‌, മലപ്പുറം, ഇടുക്കി, കോട്ടയം, തൃശൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പടരുന്ന മുരടിപ്പ്‌ കേരളത്തെ മറ്റൊരു ദുരന്തത്തിലേക്ക്‌ നയിക്കുമെന്ന്‌ കാര്‍ഷിക വിദഗ്‌ധര്‍ പറയുന്നു.
കേരസമൃദ്ധി സമൃദ്ധ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്‌ഥാന കൃഷിവകുപ്പ്‌ രണ്ടുകോടി പുതിയ തെങ്ങിന്‍തൈകള്‍ വച്ചുപിടിപ്പിക്കാനുള്ള പദ്ധതി ഒരുവശത്ത്‌ ആരംഭിച്ചിട്ടുണ്ട്‌. ആദ്യഘട്ടത്തില്‍ അഞ്ചുലക്ഷം തൈകളാണു നടുന്നത്‌. അത്യുല്‍പ്പാദനശേഷിയുള്ള പുതിയ തെങ്ങിന്‍തൈ വച്ചുപിടിപ്പിക്കുന്നതിനൊപ്പം നാളികേരത്തിനും കൊപ്രയ്‌ക്കും ഉയര്‍ന്ന താങ്ങുവില ഉറപ്പുവരുത്താനുള്ള നടപടികളാണ്‌ ആദ്യം വേണ്ടതെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കില്‍ കേരംതിങ്ങും കേരളനാട്‌ എന്ന പ്രയോഗം പഴഞ്ചൊല്ലു മാത്രമായിപ്പോകും.

ജോയ്‌ എം. മണ്ണൂര്‍

Ads by Google
Friday 19 Jul 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW