Friday, July 19, 2019 Last Updated 22 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.27 AM

ബാങ്ക്‌ ദേശസാല്‍ക്കരണത്തിന്‌ ഇന്ന്‌ അമ്പത്‌ വയസ്‌ നമ്മുടെ യാത്ര ഏതു ദിശയിലേക്ക്‌ ?

uploads/news/2019/07/322965/3.jpg

"ധനമൂലധനത്തിന്റെ ആധിപത്യം നിയന്ത്രണാതീതമാകുമ്പോള്‍, അതൊരു ആഗോള ആത്മഹത്യയായി പരിണമിക്കാം." നോബല്‍ സമ്മാനിതനായ വിശ്വവിഖ്യാത ധനതത്വശാസ്‌ത്രജ്‌ഞന്‍ ഡോ. ജോസഫ്‌ സ്‌റ്റിഗ്‌ളിറ്റ്‌സിന്റേതാണ്‌ ഈ ഉദ്ധരണി. അനുഭവങ്ങളില്‍നിന്നുള്ള തിരിച്ചറിവാണ്‌ മുതലാളിത്ത ദര്‍ശനത്തിന്റെ വക്‌താവായ സ്‌റ്റിഗ്‌ളിറ്റ്‌സിനെക്കൊണ്ട്‌ ഇതു പറയിപ്പിച്ചത്‌.
അരനൂറ്റാണ്ടു മുമ്പ്‌ നടന്ന ബാങ്ക്‌ ദേശസാല്‍ക്കരണം രാജ്യമൊട്ടുക്കും വന്‍പ്രകമ്പനങ്ങള്‍ സൃഷ്‌ടിച്ചു. ജനങ്ങളുടെ മിച്ചസമ്പാദ്യം സമാഹരിക്കുകയും അങ്ങനെ കേന്ദ്രീകരിക്കപ്പെടുന്ന ധനവിഭവത്തെ വികേന്ദ്രീകൃതമായി വായ്‌പ നല്‍കി വിന്യസിപ്പിച്ചു സമ്പദ്‌ഘടനയെ ഉത്തേജിപ്പിക്കുകയും ചെയ്‌തു എന്നതാണ്‌ ഇന്ത്യയിലെ മാസ്‌ ബാങ്കിങ്ങിന്റെ സുപ്രധാന മികവ്‌. എന്നാല്‍, 1990 കളില്‍ സ്വകാര്യവല്‍ക്കരണവും വിദേശവല്‍ക്കരണവും പിടിമുറുക്കിയതോടെ സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍പോലും നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ക്കൊപ്പമായി.

അക്ഷയപാത്രങ്ങള്‍ വില്‍പ്പനയ്‌ക്ക്‌

നാടിന്റേയും ജനങ്ങളുടേയും ദൈനംദിന ജീവിതാഭിവൃദ്ധി നിര്‍ണയിക്കുന്ന സുപ്രധാന സംരംഭങ്ങളാണ്‌ ബാങ്കുകള്‍. ഇന്ത്യന്‍ ബാങ്കുകളുടെ ശക്‌തമായ പൊതുമേഖലാ സാന്നിദ്ധ്യം കൊണ്ടാണ്‌ 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനായത്‌. ഇതെല്ലാം മറന്നുകൊണ്ടാണ്‌ സ്വകാര്യ മേഖലയില്‍ പേമെന്റ്‌ ബാങ്കുകളും സ്‌മോള്‍ ബാങ്കുകളും അനുവദിക്കുന്നത്‌. മറുവശത്ത്‌, പൊതുമേഖലാ ബാങ്ക്‌ ഓഹരികള്‍ വിറ്റഴിച്ചും ബാങ്കുകള്‍ ലയിപ്പിച്ചും ദേശസാല്‍കൃത ബാങ്കുകളുടെ ബാഹ്യസാന്നിദ്ധ്യവും ആന്തരിക വിശുദ്ധിയും ക്ഷയിപ്പിക്കുന്നു. ന്യൂജെന്‍ ധനകാര്യ സ്‌ഥാപനങ്ങളാകട്ടെ സ്വകാര്യമേഖലയില്‍ മാത്രമാണുള്ളത്‌.

ടെക്‌നോളജി മനുഷ്യനെ നിയന്ത്രിക്കുന്നു

നിക്ഷേപം സ്വീകരിച്ച്‌, വായ്‌പകള്‍ നല്‍കി സമ്പദ്‌ഘടനയുടെ ചാലകശക്‌തിയായി വര്‍ത്തിക്കുന്ന സാമ്പ്രദായിക രീതിയില്‍ നിന്നുമാറി പണം കൈമാറാന്‍ ബാങ്കുകള്‍ തന്നെ ആവശ്യമില്ല എന്ന വിധത്തിലേക്ക്‌ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ബാങ്കിങ്‌ പ്രവൃത്തികളില്‍ ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ പ്രയോഗം ഉച്ചസ്‌ഥായിയിലെത്തി. ഫിനാന്‍സും ശാസ്‌ത്രസാങ്കേതിക വിദ്യയും ചേര്‍ന്നു രൂപം കൊടുത്തിട്ടുള്ള "ഫിന്‍ടെക്‌" കമ്പനികള്‍ ബാങ്കിങ്‌ പ്രവൃത്തികള്‍ ഒന്നൊന്നായി സ്വന്തമാക്കി. ഗൂഗിളും യൂബറും ആമസോണും നിത്യജീവിതത്തിലെ പരിചിത പ്രയോഗങ്ങളായിമാറുന്നത്‌ തികച്ചും യാന്ത്രികമായിട്ടാണ്‌ എന്ന പരിമിതിയും നിലനില്‍ക്കുന്നു. ഈ സ്‌ഥാപനങ്ങളൊന്നും റിസര്‍വ്‌ ബാങ്കിന്റെ നിയന്ത്രണത്തിലുമല്ല. മൊബൈലും ഇന്റര്‍നെറ്റും മുഖാന്തിരം പണകൈമാറ്റം നടത്തുന്ന 1218 കമ്പനികളിലൂടെ 1,10,000 കോടി രൂപയുടെ ഇടപാടുകളാണ്‌ 2017-18 ല്‍ മാത്രം നടന്നത്‌.
കറന്‍സി ഉപയോഗം കുറയ്‌ക്കാനുള്ള ഉപാധിയെന്ന നിലയ്‌ക്കാണ്‌ ഇത്തരം നൂതന സങ്കേതങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്‌. ബാങ്ക്‌ അക്കൗണ്ടില്‍ നിന്ന്‌ വര്‍ഷത്തില്‍ ഒരു കോടിയിലധികം തുക പണമായി പിന്‍വലിച്ചാല്‍ രണ്ടു ശതമാനം തത്സമയ നികുതി (ഒരു കോടി രൂപയ്‌ക്ക്‌ രണ്ടു ലക്ഷം രൂപ വീതം) ഏര്‍പ്പെടുത്തിയിട്ടുള്ള കേന്ദ്ര ബജറ്റ്‌ നിര്‍ദേശം "ഫിന്‍ടെക്‌" കമ്പനികള്‍ക്ക്‌ ആവേശമുണ്ടാക്കുന്നതാണ്‌. സാമ്പത്തിക രംഗത്ത്‌ തികഞ്ഞ അരാജകത്വം ഉരുണ്ടുകൂടുമെന്നും തീര്‍ച്ച. പാസ്‌വേര്‍ഡ്‌ ക്രമക്കേടുകള്‍, എ.ടി.എം. തട്ടിപ്പുകള്‍, ഇന്റര്‍നെറ്റ്‌ തിരിമറികള്‍ തുടങ്ങിയ ദുരനുഭവങ്ങളുടെ ആധിക്യവും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. നാടിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ വായിക്കാതെ വളരെ ചെറിയ ന്യൂനപക്ഷത്തിന്റെ ജീവിത സൗകര്യങ്ങളും സുഖലോലുപതയും മാത്രം കേന്ദ്രലക്ഷ്യമായി തീരുന്നതിനു നാം വലിയ വിലകൊടുക്കേണ്ടി വരും.

കിട്ടാക്കടം പിരിച്ചെടുത്തതിന്റെ പിന്നാമ്പുറം

ബാങ്ക്‌ കിട്ടാക്കടത്തിലെ 88 ശതമാനവും അഞ്ചു കോടിക്കു മുകളിലുള്ളവരുടേതാണ്‌. 95 വന്‍കിട വായ്‌പക്കാരുടെ കിട്ടാക്കടം 5,57,110 കോടി രൂപയാണ്‌. അവരുടെ ആസ്‌തികള്‍ പിടിച്ചെടുക്കാന്‍ നിയമമുണ്ടെങ്കിലും അധികൃതര്‍ക്ക്‌ ആത്മാര്‍ഥതയില്ല. എന്നാല്‍, ചെറുകിട വായ്‌പക്കാരോട്‌ ഈ നയമല്ല. 2017 ല്‍ 2.53 ലക്ഷം കോടി രൂപ കുടിശികയുള്ള 12 കുത്തകളുടെ പേരു വിവരം റിസര്‍വ്‌ ബാങ്ക്‌ പുറത്തുവിടുകയുണ്ടായി.
അതിശക്‌തമായ പാപ്പര്‍ നിയമപ്രകാരം (ണ്ടന്ഥഗ്നത്മനു്യത്ന ങ്ങന്റത്സഗ്മണ്മന്ധ്യത്ന ങ്കഗ്നനു്രണ്ടങ്ങങ്ക) ഒരു ലക്ഷം കോടി രൂപയുടെ കിട്ടാക്കടം കുറയ്‌ക്കാനായി എന്നുള്ളതാണല്ലോ കേന്ദ്ര ബജറ്റിലെ അവകാശവാദം. എന്നാല്‍, ഒരു ലക്ഷം കോടി രൂപ കുറഞ്ഞപ്പോള്‍ ബാങ്കുകള്‍ക്കുണ്ടായ നഷ്‌ടത്തെക്കുറിച്ചു പരാമര്‍ശിക്കാത്തതാണ്‌ ഇതിലെ കാപട്യം. ഐ.ബി.സി. നിയമപ്രകാരം കുടിശിക പിടിച്ചെടുക്കുമ്പോള്‍ കുത്തകകള്‍ക്ക്‌ വമ്പന്‍ ആനുകൂല്യങ്ങളും ഇളവുകളുമാണ്‌ നല്‍കുന്നത്‌. ഇതു ബാങ്കുകളുടെ വയറ്റത്തടിക്കുന്നതാണ്‌. അലോക്‌ ഇന്‍ഡസ്‌ട്രീസ്‌ എന്ന കമ്പനിയുടെ ബാധ്യത, 22075 കോടി രൂപയായിരുന്നു. പക്ഷേ, അവര്‍ 3755 കോടി രൂപ അടച്ച്‌ വായ്‌പ ഇല്ലാതാക്കി. ഈ ഇടപാടില്‍ ബാങ്കിന്‌ വന്ന നഷ്‌ടം 18,320 കോടി രൂപയാണ്‌. കഴിഞ്ഞ മേയില്‍ "ഡിഗി പോര്‍ട്ട്‌" എന്ന ഭീമന്‍ കമ്പനിയുടെ 3075 കോടിയുടെ വായ്‌പ 854 കോടി അടച്ച്‌ തീര്‍പ്പാക്കി. ബാങ്കിന്‌ നഷ്‌ടം 2221 കോടി രൂപ! ഇത്തരത്തില്‍ വന്‍ തുകകള്‍ ബാങ്കുകള്‍ക്ക്‌ നഷ്‌ടം വരുത്തിക്കൊണ്ട്‌ ഐ.ബി.സി. നിയമപ്രകാരം ഇളവുകള്‍ നല്‍കുന്ന പ്രവണതയ്‌ക്ക്‌ നല്‍കിയിട്ടുള്ള ഓമനപ്പേരാണ്‌ ഹെയര്‍ കട്ടിങ്‌. 2016 മുതല്‍ തുടര്‍ച്ചയായി ബാങ്കുകള്‍ നഷ്‌ടത്തിലേക്ക്‌ കൂപ്പുകുത്തിയതിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്‌. വായ്‌പാ നയത്തില്‍ ചെറുകിട വായ്‌പകളുടെ അനുപാതം നിര്‍ബന്ധിതമായി ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണു പരിഹാര മാര്‍ഗം.

ഇന്ത്യന്‍ ബാങ്കിങ്‌ വ്യവസ്‌ഥ
പരിധിക്കു പുറത്ത്‌

128 ലക്ഷം കോടി രൂപ നിക്ഷേപവും 96 ലക്ഷം കോടി രൂപ വായ്‌പയുമുള്ള ഇന്ത്യന്‍ ബാങ്കിങ്‌ വ്യവസ്‌ഥ അനന്യമായ വിഭവസ്രോതസിന്റെ മഹാപര്‍വതമാണ്‌. 1969 ലെ ബാങ്ക്‌ ദേശസാല്‍ക്കരണ കാഴ്‌ചപ്പാട്‌ പ്രദാനം ചെയ്‌ത വിശ്വസനീയതയും സര്‍ക്കാര്‍ പരിരക്ഷയുമാണ്‌ ബാങ്കിങ്‌ സ്‌ഥാപനങ്ങള്‍ക്ക്‌ ജനമനസുകളില്‍ സ്‌ഥിരപ്രതിഷ്‌ഠ നേടിക്കൊടുത്തത്‌. എന്നാല്‍, പൊതുമേഖലയെ തള്ളിപ്പറഞ്ഞ്‌ സമ്പത്തിന്റെ നിറകുടങ്ങളെ വിദേശ കരങ്ങളിലേക്ക്‌ കൈമാറുകയാണിപ്പോള്‍.
ചെറുകിട വായ്‌പകള്‍ ഇല്ലാതായതും സര്‍വീസ്‌ ചാര്‍ജുകള്‍ പെരുകുന്നതും ദുര്‍ബലരോടുള്ള അസഹിഷ്‌ണുതയും ഈ മനോഭാവമാറ്റത്തിന്റെ പ്രതിഫലനമാണ്‌. ബാങ്കുകളുടെ സമീപനത്തില്‍ വന്ന മാറ്റം റിസര്‍വ്‌ ബാങ്ക്‌ ചട്ടങ്ങളെ ലംഘിക്കുന്നതിലേക്ക്‌ പോലും നീങ്ങിയിരിക്കുന്നു. ന്നണ്‍ങ്ക മാനദണ്ഡങ്ങളും കിട്ടാക്കട നിര്‍ദേശങ്ങളും പരസ്യമായി ലംഘിച്ചുകൊണ്ട്‌ ബാലന്‍സ്‌ ഷീറ്റുകളെ സൗന്ദര്യമുള്ളതാക്കുന്ന സമ്പ്രദായം വ്യാപകമാണ്‌. റിസര്‍വ്‌ ബാങ്ക്‌ പിടികൂടുകയാണെങ്കില്‍ പിഴയടച്ച്‌ തടിയൂരുകയും തട്ടിപ്പ്‌ തുടരുകയുമാണ്‌ പുതിയ രീതി.
നേരത്തേ നവസ്വകാര്യ ബാങ്കുകളായിരുന്നു ഈ വിധം നിയമലംഘനം നടത്തിയിരുന്നെങ്കില്‍, മത്സരരംഗത്ത്‌ പിടിച്ചു നില്‍ക്കാന്‍ പൊതുമേഖലാ ബാങ്കുകളും വളയമില്ലാത്ത ചാട്ടത്തിന്‌ സന്നദ്ധമായിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഏഴു കോടി രൂപ പിഴയടച്ചത്‌ കിട്ടാക്കട തുക അവതരിപ്പിച്ചതിലെ തിരിമറികളുടെ പേരിലാണ്‌.

ടി. നരേന്ദ്രന്‍

(ബെഫി സംസ്‌ഥാന പ്രസിഡന്റാണ്‌
ലേഖകന്‍. ഫോണ്‍: 94472 68172)

Ads by Google
Friday 19 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW