Friday, July 19, 2019 Last Updated 25 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.26 AM

ജാദവിന്റെ തടങ്കല്‍: ഇന്ത്യ സമ്മര്‍ദം ശക്‌തമാക്കണം

uploads/news/2019/07/322963/1.jpg

ഇന്ത്യക്കാരനായ കുല്‍ഭൂഷണ്‍ ജാദവിനു പാകിസ്‌താന്‍ സൈനിക കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി (ഐ.സി.ജെ.) മരവിപ്പിച്ചത്‌ ഇന്ത്യക്ക്‌ നയതന്ത്രപരമായി നേട്ടമാണ്‌. ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അനുവദിക്കപ്പെട്ടില്ലെങ്കിലും ഇന്ത്യ ഉന്നയിച്ച രണ്ട്‌ പ്രധാന കാര്യങ്ങള്‍ക്ക്‌ ഐ.സി.ജെ. പച്ചക്കൊടി കാട്ടുകയായിരുന്നു. ജാദവിനു നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കണമെന്നും ഇന്ത്യന്‍ പ്രതിനിധിക്ക്‌ ജാദവിനെ കാണാന്‍ അനുമതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുള്ളത്‌ ഇന്ത്യയ്‌ക്ക്‌ ആത്മവിശ്വാസമേകുന്നതും ജാദവിന്‌ ആശ്വാസം നല്‍കുന്നതുമാണ്‌. ഐ.സി.ജെയിലെ 16 ജഡ്‌ജിമാരില്‍ 15 പേരും ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ചു എന്നതും ശ്രദ്ധേയമാണ്‌. എതിര്‍ത്ത ഏകയാള്‍ പാകിസ്‌താന്റെ പ്രതിനിധിയാണ്‌.
ആഭ്യന്തരകലാപം രൂക്ഷമായ ബലൂചിസ്‌താനില്‍നിന്നു ചാരപ്രവൃത്തിക്കിടെ ജാദവിനെ അറസ്‌റ്റ്‌ ചെയ്‌തു എന്നാണ്‌ പാകിസ്‌താന്റെ വാദം. ബലൂചിസ്‌താനിലെ വിഘടനവാദത്തിനു പിന്നില്‍ ഇന്ത്യയാണെന്നു പാകിസ്‌താന്‍ കാലങ്ങളായി ആരോപിക്കുന്നതാണ്‌. എന്നാല്‍, ജാദവിനെ 2016-ല്‍ കസ്‌റ്റഡിയിലെടുത്തിട്ടും ഇന്ത്യയെ അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തത്‌ ബലൂചിസ്‌താനില്‍നിന്നാണെന്ന വാദത്തില്‍ കഴമ്പില്ലെന്നാണ്‌ ഇന്ത്യയുടെ നിലപാട്‌. നാവികസേനയില്‍നിന്നു വിരമിച്ച ജാദവ്‌ വ്യാപാര ആവശ്യത്തിനായി ഇറാനിലെ ഛബഹാര്‍ തീരത്ത്‌ പോയിരുന്നതാണെന്ന്‌ ഇന്ത്യ ഉന്നയിക്കുന്നു. ഇവിടെനിന്നു പാക്‌ ചാരന്മാര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതാണെന്നും ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം വഷളാക്കാനും പാകിസ്‌താന്‍ ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നുമാണ്‌ ഇന്ത്യയുടെ നിലപാട്‌. പക്ഷേ, വിയന്നാ കരാര്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാകിസ്‌താന്‍ പാലിച്ചില്ല. അറസ്‌റ്റ്‌ ചെയ്യപ്പെട്ടയാളുടെ രാജ്യത്തെ വിവരം അറിയിക്കണം, അറസ്‌റ്റ്‌ ചെയ്യപ്പെട്ടയാളെ അയാള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ച്‌ ബോധ്യപ്പെടുത്തണം, മാതൃരാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിക്ക്‌ അറസ്‌റ്റിലായയാളെ കാണാന്‍ അവസരം നല്‍കണം തുടങ്ങിയ നിബന്ധനകള്‍ പാലിക്കാതിരുന്നതാണ്‌ പാകിസ്‌താന്‌ കുരുക്കായത്‌. ഇതൊന്നും ചെയ്യാതെ സൈനിക കോടതിയില്‍ നടത്തിയ വിചാരണ ഏകപക്ഷീയമായിരുന്നുവെന്ന ഇന്ത്യയുടെ വാദം വിജയം വരിക്കുകയായിരുന്നു.
എന്നാല്‍, ഇത്‌ അന്തിമ വിജയമാകുന്നില്ല. കുല്‍ഭൂഷണ്‍ ജാദവ്‌ ഇപ്പോഴും തടങ്കലിലാണ്‌. തങ്ങളുടെ നിയമം അനുശാസിക്കുന്ന എല്ലാ തുടര്‍നടപടിയും ജാദവിന്റെ കാര്യത്തിലുണ്ടാകുമെന്ന്‌ പാകിസ്‌താന്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. ജാദവ്‌ ചാരവൃത്തി നടത്തിയെന്നു സമ്മതിച്ചിട്ടുള്ളതാണെന്നും രാജ്യാന്തര കോടതിക്ക്‌ ഒരു ക്രിമിനല്‍ കേസില്‍ ഇടപെടാന്‍ കഴിയില്ലെന്നും അവര്‍ വാദിക്കുന്നു. പാകിസ്‌താനെ സംബന്ധിച്ചിടത്തോളം ബലൂചിസ്‌താനില്‍ ഇന്ത്യ ഇടപെടുന്നുവെന്ന തങ്ങളുടെ ആരോപണം തെളിയിക്കാനുള്ള അവസരമായതിനാല്‍ അവര്‍ തങ്ങളുടെ നിലപാട്‌ സാധൂകരിക്കാനുള്ള എല്ലാ തന്ത്രവും പയറ്റും. ആ സ്‌ഥിതിക്ക്‌ ഇന്ത്യക്ക്‌ ഇനിയും ഒട്ടും വിശ്രമിക്കാനുള്ള സാവകാശമില്ല. രാജ്യാന്തര കോടതിയിലേതു പോലെയുള്ള നിയമനടപടികള്‍ തുടരുന്നതിനൊപ്പം രാജ്യാന്തര തലത്തിലുള്ള നയതന്ത്ര സമ്മര്‍ദവും ശക്‌തമാക്കിയാലേ കുല്‍ഭൂഷണ്‍ ജാദവിനെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാനാകൂ.

Ads by Google
Friday 19 Jul 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW